Thursday
20
July 2017

പെരുന്നാളിനു മഴ പെയ്യണം

നൂറ

പെരുന്നാളിനു മഴ പെയ്യണം;
ഈദ്ഗാഹ് കഴിഞ്ഞുമടങ്ങുമ്പോള്‍.
മഴയുടെ നൂലുകള്‍ പെരുന്നാള്‍ ഹൃദയത്തില്‍
ചിത്രപ്പണി ചെയ്യണം.
വരും വെയില്‍ക്കാലങ്ങള്‍ക്കായി
ഓര്‍മയുടെ നനവുചേര്‍ത്ത് തുന്നണം.

സുജൂദിലത്തറുകള്‍
കാലടുപ്പങ്ങളിലുമ്മവെച്ചത്
ചുമലടുപ്പങ്ങളാലാലിംഗനം ചെയ്തത്
ഒറ്റഗന്ധമായിത്തീരാനെന്നറിയണം.

എത്രകൊടുത്തിട്ടും തീരാത്ത
നിന്റെ പെരുന്നാളിഷ്ടങ്ങള്‍ക്ക്
ഞാനല്ലേ,
തോരാതിരുന്നിട്ടും തീരാത്ത
ഞാനല്ലേയുപമയെന്ന്
അലിവായ് വിതുമ്പണം.

നെയ്‌ച്ചോറിലോരോ വറ്റിലും
നിന്റെയോരോ നോമ്പിന്‍രുചിയുണ്ടെന്ന്
നോക്കണേ നോക്കണേയെന്ന്
വീടെത്തുവോളം ചെവിയില്‍ മന്ത്രിക്കണം.

മെയ്യോടണച്ചുനിര്‍ത്തി
ഈറന്‍തുടച്ചെടുത്തുമ്മയെങ്കിലും
ചെവിക്കടിയില്‍, മുടിച്ചോട്ടില്‍,
വിരലിടയില്‍, ഹൃദയത്തില്‍
ഒളിച്ചിരുന്ന് ഒരുമിച്ചുനിന്ന്
വിരുന്നിനു കൂട്ടുപോരണം.

തക്ബീറിന്റെ താളം കേട്ടുഭ്രമിച്ച്
കാറ്റിനെ കൂട്ടുപിടിച്ചാഞ്ഞുലഞ്ഞ്
ഇലക്കുടയൊഴിഞ്ഞ മൈലാഞ്ചിച്ചെടിയെ
ഇക്കിളിയിടണം,
അഴയില്‍ മറന്നുവെച്ച
പഴയ പെരുന്നാള്‍ തട്ടത്തിലത്
മുഖം പൂഴ്ത്തണം.

പെരുന്നാളെന്നത്
ഒരുനാളല്ലെന്ന്,
ഓര്‍മച്ചൂടുള്ള അനേകം
ദിനാനന്ദങ്ങളുടെ
വിസ്തൃതിയുണ്ടതിനെന്ന്
ഒരുമിച്ചനുഭവിക്കണം, കരയണം.

പെരുന്നാളിനു മഴ പെയ്യണം;
ഈദ്ഗാഹ് കഴിഞ്ഞുമടങ്ങുമ്പോള്‍…