Thursday
22
February 2018

പെരുന്നാളിന്റെ കുട്ടിക്കാലം

admin

വിശ്വാസിയെ അകവും പുറവും കഴുകി ശുദ്ധമാക്കി വ്രതകാലം കഴിയുമ്പോള്‍, പിന്നാലെയെത്തുന്ന ചെറിയ പെരുന്നാള്‍. ആകാശത്ത് ചന്ദ്രപിറവി കാണുന്നുണ്ടോ എന്ന് ഉത്കണ്ഠപ്പെട്ട് കാത്തു കാത്തു നില്‍ക്കുന്ന ഇരുപത്തി ഒന്‍പതാം നോമ്പ്. ചിലപ്പോള്‍ മുപ്പതു നോമ്പുകളുണ്ടാവില്ല. കുട്ടികള്‍ എപ്പോഴും ആഘോഷത്തെ കാത്തു നില്‍ക്കുന്നവരാണല്ലോ. നാളെ പെരുന്നാളാവും എന്ന് വല്ലാതങ്ങു കരുതി വച്ചാവും ഞങ്ങള്‍ കുട്ടിക്കൂട്ടത്തിന്റെ ക്ഷീണിച്ച കാത്തുനില്‍പ്പ്.
മുപ്പതു നോമ്പുകളുണ്ടെങ്കില്‍ പെരുന്നാളിന്റെ കാര്യത്തില്‍ പിന്നെ സംശയമൊന്നുമില്ലല്ലോ. മുപ്പതാം നാള്‍ പെരുന്നാളാണെങ്കില്‍ അറിയിപ്പുവണ്ടി വരും. നാളെ ചെറിയ പെരുന്നാളാണെന്ന് വിളിച്ചു പറഞ്ഞു പോകും. അതിനൊപ്പം കുട്ടി മനസ്സുകള്‍ തുള്ളിച്ചാടും. പുതിയ ഉടുപ്പുണ്ടാവും. ചിലപ്പോള്‍ ചെരിപ്പും. നിരന്തരം ഉടുപ്പുകളെടുക്കുന്ന പരിപാടിയൊന്നുമില്ല ആര്‍ക്കും. കൊല്ലത്തില്‍ രണ്ടോ മൂന്നോ മാത്രം. അതുകൊണ്ട് ഇടക്കിടക്ക് അതെടുത്തും തൊട്ടു നോക്കിയും ഇട്ടു നോക്കിയും കൊതി പൂണ്ടിരിപ്പാവും.
അറിയിപ്പ് വന്നുകഴിഞ്ഞാല്‍ മൈലാഞ്ചിയിടലായി. വീട്ടില്‍ ഇലയില്ല. കുറച്ചപ്പുറത്താണ് മൈലാഞ്ചിക്കൂട്ടം. ഇല നുള്ളും. എല്ലാവരും കൂടി അരച്ചെടുക്കും. കൈയിലിടും. ഉള്ളം കയ്യില്‍ മാത്രമല്ല. കൈ കാല്‍ നഖങ്ങളിലും. മൈലാഞ്ചി ഇട്ടു കഴിഞ്ഞാല്‍ അതുണങ്ങാനുള്ള കാത്തിരിപ്പാണ്. ചിലരുടെ കൈകളില്‍ വേഗം ചോക്കും. അപ്പോള്‍ വാശിയാവും വീണ്ടും ഇട്ടതിനു മീതെ മൈലാഞ്ചിയിടും. ആ ബഹളം ഒതുങ്ങുമ്പോഴേക്കും അരി കൊടുക്കാനുള്ള സമയമാകും.
ഒരാളും പട്ടിണിയാവരുതെന്നാണ്, പുണ്യമാസം കഴിഞ്ഞുള്ള ആഘോഷനാളില്‍. ഒരുപാടാളുകള്‍ വന്നുപോകും. ചിലരൊക്കെ മൈലാഞ്ചികൈ പ്ലാസ്റ്റിക് കവറില്‍ കെട്ടി ഉറങ്ങാന്‍ പോകും. ചുവപ്പിച്ചേ അടങ്ങൂ എന്നു വാശി പിടിച്ച് ഉറക്കം വരില്ല. പുതിയ ഉടുപ്പും ബന്ധു വീടുകളില്‍ പോകുന്നതിന്റെ, കളിക്കൂട്ടുകാര്‍ വരുന്നതിന്റെ, രുചികരമായ ബിരിയാണി കഴിക്കുന്നതിന്റെ, പിറ്റേന്നു കളിക്കേണ്ട കളികളുടെ സ്വപ്‌നങ്ങളാവും ഉള്ളില്‍. അങ്ങനെ ആ നീളന്‍ രാത്രി തീരും.
തക്ബീര്‍ മുഴങ്ങുന്നത് ഉണരുമ്പോഴേ വ്യക്തമായി കേള്‍ക്കും. നേരെ എണീറ്റ് പ്രഭാത പ്രാര്‍ഥനക്ക് ഓടും. തലേന്നിട്ട മൈലാഞ്ചി അപ്പോഴേക്കും ഒന്നുകൂടി ചുവന്നിരിക്കും. അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്നും കൂട്ടുകാര്‍ വന്നു കൊണ്ടിരിക്കും. പരസ്പരം കൈകള്‍ ചേര്‍ത്തുവച്ച് ഏതാണ് കൂടുതല്‍ ഭംഗിയെന്ന മത്സരമാവും.
ധൃതി വച്ചു കുളിക്കുമ്പോഴേക്കും പെരുന്നാള്‍ നമസ്‌കാരത്തിന്റെ സമയമാകുന്നുണ്ടാവും. അടുക്കളയില്‍ ബിരിയാണി പാതി പാകമായിത്തുടങ്ങുന്നുണ്ടാവും. മല്ലിയുടെയും ഉള്ളിയുടെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗരം മസാലയുടെയും കോഴിയിറച്ചിയുടെയുമൊക്കെ ഗന്ധം കൊതി പിടിപ്പിക്കുന്നുണ്ടാവും.
പുത്തനുടുപ്പിട്ടാല്‍ പള്ളിയില്‍ പോയ കാരണവന്മാര്‍ തിരിച്ചു വരുന്നതും കാത്തു നില്‍പ്പാകും പിന്നെ. എന്നിട്ടു വേണം അപ്പുറവും ഇപ്പുറവും പോവാന്‍. പോക്കറ്റ് മണി സംഘടിപ്പിക്കലാണ് ആ കാത്തു നില്‍പ്പിന്റെ പ്രധാന ലക്ഷ്യം.
അവരെത്തിയാല്‍ ചെറിയ ചെറിയ തുകകള്‍ കുട്ടിക്കൂട്ടത്തില്‍ എല്ലാവര്‍ക്കും തരും. അതു സൂക്ഷിച്ചു വക്കാനുള്ളതല്ല, ചെലവാക്കാന്‍ അനുമതിയുള്ള പണമാണ്. കുട്ടിക്കൂട്ടത്തിന്റെ നേതാവ് എല്ലാവരുടെയും പൈസയുമായി നേരെ മുന്നിലെ പെട്ടിക്കടയിലേക്കോടും. പല നിറങ്ങളില്‍ ഞങ്ങളെ കാത്തിരിപ്പുള്ള മിഠായികള്‍ക്കരികിലേക്ക്. ഗേറ്റിനരികെ നിന്ന് ഞങ്ങള്‍ ഏതേതു മിഠായികളാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടും. കൈ നിറയെ, പിന്നെ പോക്കറ്റില്‍ അങ്ങനെ പല വക മിഠായികളും കൊണ്ട് പോയ നേതാവ് തിരിച്ചെത്തും. അതു കൃത്യമായി വീതിയ്ക്കും.
മധുരം നിറയെ വായിലിട്ട് ഒളിച്ചു കളിയിലേക്കും തൊട്ടു കളിയിലേക്കും കക്കുകളിയിലേക്കും പായുമ്പോഴേക്കും വിശപ്പു വന്നിരിക്കും. വീടുകളില്‍ നിന്ന് കഴിക്കാനുള്ള വിളികളും. ഓരോരുത്തരും അവരവരുടെ വീടുകളില്‍ നിന്നു കഴിച്ച് പിന്നെ പരസ്പരം വീടുകളില്‍ പോയി ഒരു പിടി കൂടി ഉണ്ണും. പല വിധ ബിരിയാണിയുടെ, നെയ്‌ച്ചോറിന്റെ, തേങ്ങാച്ചോറിന്റെ രുചിയറിവുകള്‍ മാത്രമായിരുന്നില്ല അത്, സ്‌നേഹത്തിന്റെ കൂടിയായിരുന്നു.
ഉച്ച കഴിയുന്നതോടെ പുറത്തു നിന്നുള്ള ബന്ധുക്കള്‍ വന്നു തുടങ്ങും. കൈകളില്‍ ചെറിയ പലഹാരപ്പൊതികളുമായി. പറഞ്ഞും കേട്ടും ഒരു ദിവസം തീരുമ്പോള്‍, അവരോരുത്തരും യാത്ര പറഞ്ഞു പോകുമ്പോള്‍ വിശ്വാസവും ബന്ധങ്ങളും ഒന്നുകൂടി കെട്ടുറപ്പുള്ളതാകും. പിന്നെ കാത്തിരിപ്പാണ് അടുത്ത പെരുന്നാള്‍ വരവിന്.