Thursday
19
October 2017

തക്ബീര്‍ തുമ്പി

admin

കാത്തുകാത്തിരുന്ന് വന്നെത്തുന്നതിന്റെ
ഒരു കൊതിപ്പിക്കലുണ്ട് പെരുന്നാളിന്.
നോമ്പു നോറ്റ് സുബര്‍ക്കമാക്കിയ
മനസ്സും വീടും പള്ളിയും
തക്ബീറിന്റെ ആകാശലോകത്തേക്ക്
തുമ്പിയെപ്പോലെ ചിറകടിച്ചുയരും.
പടച്ചോന്റെ പെരുമയോര്‍ത്ത് ഉള്ളു പിടയ്ക്കും.
പാത്തുവെച്ച നല്ല കുപ്പായം
ഈദ്ഗാഹിന്റെ പൊലിമയില്‍ പൂത്തുലയുന്നത്
കിനാവിലാകെ നിറയും.
തലേന്നരച്ചിട്ട മൈലാഞ്ചി കൈവെള്ളയിലും
പിന്നെ കരളിലും ചുവന്നു തുടുക്കും.
കുടുംബക്കാരും ഇഷ്ടക്കാരും
പട്ടിണിയില്ലാത്ത പെരുന്നാളിന്റെ അടുക്കളയിലേക്ക്
വിളിക്കാതെ വന്നുകയറും.
അകന്നുപോയവര്‍ ഓടിയെത്തി
എല്ലാം മറന്ന് കെട്ടിപ്പിടിക്കും.

അപ്പോഴും
എല്ലായിടത്തും ആകാശത്ത്
തക്ബീറിന്റെ അലകള്‍ ഉയരങ്ങളിലേക്കുയരും