Thursday
20
July 2017

ഹൃദ്യം പുഞ്ചിരിക്കട്ടെ

ഷീന ഹാഷിം

വിരല്‍ത്തുമ്പിത്ര ചുവപ്പിക്കാന്‍
പെരുന്നാളിത്ര കാലം വന്നില്ല പോലും!
പിന്നെയിപ്പോള്‍ ചുവപ്പിന്റെയാകാശങ്ങളൊക്കെയും
പെയ്‌തൊഴിയുന്നതീ-
അടച്ചുറപ്പില്ലാത്ത വീടകങ്ങളിലാകുമ്പോള്‍,
തണുപ്പില്‍ വിറയ്ക്കുന്ന പിഞ്ചുടലുകള്‍ക്ക്
ശമനത്തിന്റെ പുതപ്പു നെയ്യാന്‍
വഴിയില്ലാതിരിക്കെ…
പെരുന്നാളെങ്ങനെയീ വഴി വരും, വരാതിരിക്കും?
പിടയുന്നയുള്ളില്‍ വ്രതശുദ്ധിയേറ്റു ചൊല്ലിയ
തക്്ബീറിന്റെ ധ്വനികളില്‍,
അനുഗ്രഹത്തിന്റെ മഴക്കാടുകള്‍ പെയ്യാതിരിക്കുമോ?

റമദാനിന്റെയിരവുകള്‍, പകലുകള്‍
ചെയ്തുതീര്‍ത്ത സുജൂദുകളില്‍,
നേര്‍ത്തുചൊല്ലിയ വിശുദ്ധ സൂക്തങ്ങളില്‍,
കനിവിന്റെ നാഥനേകും പ്രതിഫലമോര്‍ത്ത്
ഉറങ്ങാതെ, മിഴികള്‍ക്ക്
കനം തൂങ്ങുമ്പോള്‍…

ചുമരുകള്‍ക്കപ്പുറം-
നിലവിളികള്‍, രോഗാതുരത,
വേദനയുടെ വേര്‍പ്പിടലുകള്‍…
എങ്ങനെയീ പെരുന്നാള്‍ കുപ്പായത്തിന്റെ
പുത്തന്‍ മണം നുകരും?
വേവുന്നകം, നാഥാ…!
നിലാവുപോലെ നിന്റെ സ്‌നേഹത്തിന്റെയിളം ചൂട്-
ചേര്‍ന്നീ ലോകത്തെയാകെ മുകരണേ…
ഞാനീ പെരുന്നാളിലൊന്നു ഹൃദ്യം പുഞ്ചിരിക്കട്ടെ,
മതിവരുവോളം…!