Saturday
21
July 2018

ഇവിടെയെങ്ങനെ പെണ്‍ജീവിതം സുരക്ഷിതമാകും?

എ ജമീല ടീച്ചര്‍

പെണ്‍സുരക്ഷ എന്നത് ഇന്ന് നമ്മുടെ നാട്ടില്‍ ഒരു പ്രഹേളികയായി മാറുകയാണ്. ചിലരുടെയൊക്കെ നാക്കിന്‍തുമ്പത്തും എഴുതിപ്പിടിപ്പിച്ച അക്ഷരങ്ങളിലും നിറക്കൂട്ടുള്ള ബാനറുകളിലുമൊക്കെയായി ഒതുങ്ങിക്കൂടുകയാണത്. വടക്ക് ഡല്‍ഹിയില്‍നിന്ന് തൊട്ട് തെക്ക് കേരളം വരെ പെണ്‍സുരക്ഷയുടെ ദുരവസ്ഥ ഇതുതന്നെ. പണ്ട് അറേബ്യന്‍ ജാഹിലിയ്യത്തില്‍ പെണ്‍ജന്മം പിറന്ന പടി കുഴിച്ചുമൂടാനുള്ളതായിരുന്നുവെങ്കില്‍, ഇങ്ങ് കേരളത്തില്‍ അവള്‍ പിറന്ന് വീഴുന്നത് കാത്തിരിക്കുകയാണ് പുരുഷവേഷമണിഞ്ഞ കഴുകന്മാര്‍. അവളെ കൊത്തിവലിച്ച് പിച്ചിച്ചീന്തിയെറിയാന്‍.
അതുകൊണ്ടുതന്നെ, വേനല്‍ച്ചൂടില്‍ വിണ്ടുകീറിയ ഇവിടുത്തെ മണ്ണിലേക്കിന്ന് പെയ്ത് വീഴുന്നത് മഴമേഘങ്ങളല്ല. മറിച്ച്, പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ചുടുകണ്ണീര്‍ മാത്രം. ചോരപ്പാടുകളില്‍ ഏറിയപങ്കും പെണ്‍കുട്ടികളുടെ വ്രണിത ശരീരത്തില്‍ നിന്ന് തെറിച്ചുവീണവ. ഒന്ന് ചികഞ്ഞുനോക്കിയാല്‍ അമ്മിഞ്ഞപ്പാലിന്റെ മണംതൊട്ട് പ്രായാധിക്യത്തിന്റെ ആകുലത വരെ ആ ചോരപ്പാടുകളിലുണ്ടാകും. കാരണം ഒന്നരവയസ്സുകാരി മുതല്‍ 70കാരിവരെ ഇന്ന് കാമാന്ധത ബാധിച്ചവര്‍ക്ക് ഇരകളാണല്ലോ.
ഈ ചോരക്കറകളില്‍ നിന്നൊന്നും ഒരായിരം പോയിട്ട് ഒരൊറ്റ പെണ്ണും ഇതിന്നെതിരില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നില്ലെന്നത് മറ്റൊരു നേര്.ഇത്തരം പതിതര്‍ക്കുവേണ്ടി പകരം ചോദിക്കാന്‍ ഇവര്‍ക്കൊട്ട് പിന്‍തലമുറകളുമില്ല. വല്ലപ്പോഴും കേള്‍ക്കുന്ന എതിര്‍സ്വരങ്ങളും പെട്ടെന്ന് തണുത്തുറഞ്ഞു ഇല്ലാതായിപ്പോകുന്നു എന്നതാണ് മറ്റൊരു ശരി. പെരുമ്പാവൂരില്‍ ഇരയായ ജിഷക്കുവേണ്ടി ശബ്ദിക്കാന്‍ ദിവസങ്ങളോളമുള്ള മൗനവ്രതം വേണ്ടിവന്നത് അതുകൊണ്ടായിരിക്കാമല്ലോ. ഇളംകാറ്റ് വീശുമ്പോഴേക്ക് കൊടുംകാറ്റെന്ന് പറഞ്ഞു തെക്ക് വടക്ക് പാഞ്ഞുനടക്കുന്ന രാഷ്ട്രീയക്കാര്‍ക്കും പെട്ടെന്നൊന്നും അതൊരു വിഷയമായില്ല. ജനാധിപത്യത്തിനും പതിവ് മൗനം തന്നെയാണ് ഭൂഷണമായിത്തോന്നിയത്. അല്ലെങ്കിലും  തെരഞ്ഞെടുപ്പിന്റെ ഈ ചൂടിലും വേവിലും പെണ്‍സുരക്ഷക്കെന്ത് കാര്യം! പോരെങ്കില്‍ ജിഷ എന്ന പാവംപെണ്‍കുട്ടി ജനിച്ചുപോയതാകട്ടെ, സമൂഹത്തില്‍ നിറവും മണവും കെട്ട ഒരു കുടുംബത്തിലുമായിപ്പോയി. ജാതി ചോദിക്കരുത്, പറയരുത് എന്ന് പ്രമാണമുണ്ടെങ്കിലും അതൊക്കെ കടലാസിന് മാത്രമല്ലേ അലങ്കാരം? ചുരുക്കത്തില്‍ എല്ലാംകൊണ്ടും പെണ്‍ജന്മം കേരളത്തില്‍ ഇന്നൊരു ശാപമായിമാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഇവിടെയാണല്ലോ അവള്‍ പിച്ചവെക്കേണ്ടതും വളര്‍ന്നുവലുതാകേണ്ടതും. അതെങ്ങിനെ ആര് സുരക്ഷിതമാക്കും? എന്നുള്ളതാണ് പെണ്‍മക്കളെ നൊന്തുപെറ്റ് പോറ്റിവളര്‍ത്തുന്ന മാതാക്കളുടെ ഏറ്റവും വലിയ ഉത്കണ്ഠ.
അടുക്കളയിലൊതുക്കി നിര്‍ത്തമെന്നുവെച്ചാല്‍ അവിടെയും പെണ്ണിന് രക്ഷയുണ്ടോ? ചിലേടത്തെങ്കിലും പുറംലോകത്തേക്കാള്‍ മ്ലേച്ഛം അവിടെയായിരിക്കും. 8 വയസ്സുകാരിയൊരുത്തി ഈയിടെ നിര്‍ദ്ദയം പീഡിപ്പിക്കപ്പെട്ടത് സ്വന്തം പിതാവിനാല്‍ തന്നെയായിരുന്നു എന്ന് കേള്‍ക്കുന്നു. ശ്രീ വിവേകാനന്ദസ്വാമികളെങ്ങാനും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ നാട് ഒരു ഭ്രാന്താലയമോ, ഇവിടുത്തുകാര്‍ക്കൊക്കെ ഭ്രാന്തായോ” എന്ന് ഒരിക്കല്‍കൂടി ഉറക്കെയുറക്കെ വിളിച്ചു ചോദിച്ചേനേ. മറ്റൊന്നും ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി എന്നത് പോലെ പൗരോഹിത്യത്തിന്റെ ഒറ്റമൂലികയായ പെണ്ണിനെ പുറത്തിറക്കാതെ വീട്ടിനുള്ളില്‍ അടക്കിയിരുത്തുക എന്ന ചികിത്സയും ഇവിടെ ഫലിക്കാതെ പോകുന്നു എന്ന് സാരം.
പിറന്ന നാട്ടില്‍ സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമാണത്. അതവള്‍ക്ക് ലഭിച്ചേ മതിയാകൂ. ഒരു നാടിന്റെ സാംസ്‌കാരിക വികസനത്തില്‍ അതിപ്രധാനം അതാണുതാനും. അതിന് പ്രത്യേകിച്ച് മെയ്‌വഴക്കമൊന്നും വേണ്ട. നിലവിലുള്ള സ്ത്രീ സുരക്ഷാനിയമങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ കര്‍ക്കശമായി നടപ്പില്‍വരുത്തുകയേ വേണ്ടൂ. ജാതി-മത-സവര്‍ണ-അവര്‍ണ-തൊഴിലാളി-മുതലാളി പക്ഷഭേദങ്ങളൊന്നും നോക്കാതെ, അതിനിനി ഇവിടെ ഒരു മഹാബലി പുനര്‍ജനിക്കേണ്ട ആവശ്യവുമില്ല. വേണമെന്നുണ്ടെങ്കില്‍ ചക്ക വേരിന്മേലും കായ്ക്കാം. നിയമത്തിന്റെ കാര്‍ക്കശ്യം മാത്രം മതി അതിന്. ഇക്കാര്യത്തില്‍ മാതൃകാപരമായ ഒരു രാജ്യമാണ് അറബ് നാട്ടിലെ യു എ ഇ അഥവാ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്. ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും അവിടെ വിദേശികളാണ്. ജീവിതായോധനത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നായി കുടിയേറിയവര്‍. വിവിധ ഭാഷക്കാര്‍, വിവിധ ദേശക്കാര്‍. ബഹുഭൂരിഭാഗവും സ്ത്രീകള്‍. അതും പതിനെട്ടില്‍ നിന്ന് തുടങ്ങുന്ന ചെറുപ്പക്കാരികള്‍. എല്ലാവരും ഷോപ്പിംഗ് മാളുകളിലും റസ്റ്റോറന്റുകളിലും ഓഫീസുകളിലും മറ്റുമായി ജോലിയെടുത്ത് ജീവിക്കുന്നവര്‍. പലവിധ വേഷധാരികള്‍. എന്നിട്ടും നമ്മുടെ നാട്ടിലുള്ളതുപോലെ പെണ്‍പീഡനങ്ങള്‍ അവിടെയില്ല.
മാത്രമല്ല, ഒരു പുരുഷന് ദുഷ്ടലാക്ക് വെച്ച് ഒരു പെണ്ണിനെ നോക്കാന്‍പോലും ധൈര്യം കാണില്ല. അങ്ങിനെ വല്ല ദുര്‍ബുദ്ധിയും ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ ചെന്നെത്തിയ ജയില്‍ ഏതെന്നുപോലും ആര്‍ക്കും അറിഞ്ഞുകൊള്ളണമെന്നുമുണ്ടാകില്ല. അതുകൊണ്ടുതന്നെ ഏത് സ്ത്രീക്കും സ്വസ്ഥമായി ജോലി ചെയ്യാനും ഏത് അസമയത്തും പുറത്തിറങ്ങി നടക്കാനും അവിടെ ആരെയും പേടിക്കേണ്ടതുമില്ല. ആ രാജ്യത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാക്കിയ നിയമവും അത് നടപ്പിലാക്കുന്നതിന് ഉത്തരവാദപ്പെട്ട ഭരണകൂടം കാണിക്കുന്ന ജാഗ്രതയുമാണ് ഇതിനു കാരണം. ഇത്തരത്തില്‍ നടപ്പില്‍ വരുത്തേണ്ട ഒരു നിയമവ്യവസ്ഥിതിയാണ് നമ്മുടെ നാട്ടിലും സ്ത്രീ സുരക്ഷയ്ക്ക് അത്യാവശ്യം. പക്ഷേ സാന്ദര്‍ഭികമായി പരസ്പരം പഴിചാരുക, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുക എന്നതിനപ്പുറം നിലവിലുള്ള രാഷ്ട്രീയക്കാരില്‍ നിന്ന് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാനുണ്ടാകുമെന്ന് തോന്നുന്നില്ല.
ജനാധിപത്യ രാഷ്ട്രീയ സമവാക്യങ്ങള്‍ ഇതാണെങ്കില്‍ സമൂഹത്തിന്റെ മനസ്ഥിതിയും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ലിംഗഭേദത്തിലെ അനാവശ്യമായ അസമത്വങ്ങള്‍ വളര്‍ത്തിക്കൊണ്ട്‌വരുന്നതില്‍ കുടുംബസമൂഹങ്ങളുടെ പങ്ക് ഒട്ടും കുറവല്ല. വീടകങ്ങളില്‍ നിന്ന് തന്നെ തുടങ്ങിവെക്കുന്നുണ്ട് ഈ അസമത്വം. ജീവിത വിശുദ്ധിയുടേതായ സകലമാന ഗുണപാഠങ്ങളും പെണ്‍കുട്ടിയെ പഠിപ്പിച്ചെടുക്കുമ്പോള്‍ ആണ്‍മക്കളെ ഇവിടെയൊക്കെ സര്‍വസ്വതന്ത്രരാക്കി വിടുക എന്നതാണ് പതിവ്. ”നീ പെണ്ണാണ്, നീയവിടെ അടങ്ങിയിരിക്ക്, അവനെക്കണ്ട് നീ തുള്ളേണ്ട, അവന്‍ ആണ്‍കുട്ടിയാണ്. അവനതൊക്കെ ചേരും”. മിക്കവാറും കുടുംബങ്ങളിലെ വളര്‍ത്തലിന്റെ ഓരോ പടവുകളിലും മക്കള്‍ക്ക് വെച്ചുനീട്ടുന്ന തിരിച്ചറിവുകളിങ്ങനെയായിരിക്കും. അതുകൊണ്ടുതന്നെ തനിക്കെന്തുമാവാമെന്ന മനസ്ഥിതി ആണ്‍കുട്ടിയിലും തക്കം കിട്ടിയാല്‍ വേലിപൊട്ടിച്ച് പുറത്തുചാടാനുള്ള പ്രവണത പെണ്‍കുട്ടിയിലും വളര്‍ന്നുവരുന്നു. ധാര്‍മിക നിലവാരങ്ങള്‍ ഏറെ കര്‍ശനമായ മുസ്‌ലിം ഗൃഹാന്തരീക്ഷങ്ങളും ഇതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല. നിക്കാഹ് എന്ന കര്‍മത്തിലൂടെ പവിത്രീകരിക്കപ്പെടാത്ത ഒരുതരം ലൈംഗികബന്ധങ്ങള്‍ക്കും ഇസ്‌ലാം അനുകൂലമല്ല. മാത്രമല്ല, ഇസ്‌ലാമിക നിയമവ്യവസ്ഥയുണ്ടെങ്കില്‍ ഇഹലോകത്തും ഇല്ലെങ്കില്‍ പരലോകത്തും കഠിനമായി ശിക്ഷിക്കപ്പെടുന്ന ഒരു പാപകൃത്യവുമാണത്. സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള ഒരു വ്യത്യാസവും ശിക്ഷയുടെ നടത്തിപ്പിലുണ്ടാവാന്‍ പാടില്ലാത്തതാണ്.
”വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍(അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോട് യാതൊരു ദയയും കാണിക്കരുത്. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരുസംഘം സന്നിഹിതരാവുകയും ചെയ്തുകൊള്ളട്ടെ (വി.ഖു 24:2)
ജാഹിലിയ്യാ ജീവിതത്തില്‍ സദാചാരമൂല്യങ്ങള്‍ക്കോ സ്ത്രീ പുരുഷബന്ധങ്ങളിലെ പരിശുദ്ധിക്കോ വലിയ പ്രാധാന്യമൊന്നുമുണ്ടായിരുന്നില്ല. അവിഹിതവേഴ്ച മ്ലേച്ഛമാണെന്ന പൊതുബോധം അവര്‍ക്കുണ്ടായിരുന്നു.പക്ഷേ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോ ദൈവികശിക്ഷയെക്കുറിച്ചോ അവര്‍ ശ്രദ്ധാലുക്കളായിരുന്നില്ല. അതുകൊണ്ട് സൂറത്ത് അന്നിസാഅ് 15,16 സൂക്തങ്ങളിലൂടെ വ്യഭിചാരത്തിന് തടയണകള്‍ സൃഷ്ടിച്ചുകൊണ്ട് സദാചാരമൂല്യങ്ങളുടെ ഉദ്ദിഷ്ട മൂല്യങ്ങളിലേക്ക് ഖുര്‍ആന്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ശേഷം സൂറത്ത് അന്നൂറിലൂടെ ശിക്ഷയുടെ ഗൗരവം സമൂഹത്തെ ഉണര്‍ത്തുകയും ചെയ്തു. ഖുര്‍ആനിന്റെ വീക്ഷണത്തില്‍ വ്യഭിചാരമെന്നത് ഭര്‍ത്താവിന്റെ അവകാശത്തിന്മേലുള്ള സ്ത്രീയുടെ കൈകടത്തല്‍ മാത്രമല്ല, മറിച്ച് സ്ത്രീ പുരുഷഭേദമെന്യേ അത് സ്വയം തന്നെ ക്രിമിനല്‍ കുറ്റവും മഹാപാപവുമാകുന്നു. ഏതെങ്കിലും ഒരുകക്ഷിയില്‍ നിന്ന് സാമ്പത്തികനഷ്ടപരിഹാരം സ്വീകരിച്ച് ഒത്തുതീര്‍പ്പാക്കേണ്ട ഒരു കേസുമല്ല വ്യഭിചാരം.
പ്രവാചകന്‍(സ)യുടെ കാലത്ത് ഒരാളുടെ ജോലിക്കാരന്‍ യജമാനന്റെ ഭാര്യയെ വ്യഭിചരിച്ചു. സംഗതി പുറത്തായപ്പോള്‍ ജോലിക്കാരന്റെ പിതാവ് നൂറ് ആടുകളെയും ഒരു അടിമപ്പെണ്ണിനെയും അവളുടെ ഭര്‍ത്താവിന് നല്‍കിക്കൊണ്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ നബി(സ) ജോലിക്കാരന്റെ പിതാവിനോട് അവ തിരിച്ചെടുക്കാന്‍ കല്പിക്കുകയും യജമാനനും ഭാര്യയും ജോലിക്കാരനും കുറ്റം സമ്മതിക്കുകയാണെങ്കില്‍ അവരെ ശിക്ഷിക്കാന്‍ കല്പിക്കുകയും ചെയ്തതായി കാണാം. കുറ്റം സ്ഥിരീകരിക്കപ്പെട്ടാല്‍ ചാട്ടവാറുകൊണ്ടുള്ള പരസ്യമായ നൂറ് അടിയാണ് ശിക്ഷ. കുടുംബബന്ധം, സൗഹൃദബന്ധം ഇവയൊന്നും ശിക്ഷയില്‍ സ്വാധീനംചെലുത്തിക്കൂടാ. ദൈവകല്‍പിതമായ ബാധ്യത നിറവേറ്റുക എന്നതിനപ്പുറം മറ്റു വികാരങ്ങള്‍ക്കൊന്നും സ്ഥാനവുമില്ല. അതൊക്കെ ദൈവികനിയമങ്ങളിലുള്ള സ്വേച്ഛകളുടെ കൈകടത്തലായി മാറുകയും ചെയ്യും. കുറ്റവാളിയെ സംസ്‌കരിക്കുക എന്നതിനൊപ്പം മറ്റുള്ളവരെ ഈ മ്ലേച്ഛവൃത്തിയില്‍ നിന്നകറ്റുക എന്ന ലക്ഷ്യംകൂടി ഇതിലുണ്ട്.
ദൈവിക മതങ്ങളും മറ്റുമതങ്ങളുമെല്ലാം ഒരുപോലെ ശക്തിയുക്തംഎതിര്‍ക്കുന്ന ഒരു മ്ലേച്ഛവൃത്തിയാണ് വ്യഭിചാരം. കുടുംബ സാമൂഹിക ബന്ധങ്ങളുടെ ഭദ്രത മുന്നില്‍കണ്ടുകൊണ്ടാണ് ഇസ്‌ലാം മതം വ്യഭിചാരത്തെ ഒരു ക്രിമിനല്‍കുറ്റമായി കാണുന്നത്. വംശത്തിന്റെ നിലനില്‍പിന് ലൈംഗികത കൂടിയേ മതിയാകൂ. ജീവജാലങ്ങള്‍ അതിനെ ആകര്‍ഷകവും ആനന്ദകരവുമാക്കി നിര്‍വഹിച്ചിട്ടുണ്ട്. അതോടൊപ്പം ബുദ്ധിയും യുക്തിബോധവുമുള്ള മനുഷ്യന് ഇതിന് ചില വ്യവസ്ഥകളും ദൈവം നിശ്ചയിച്ചു. ദൈവഹിതത്തോടെ നിക്കാഹ് ചെയ്ത് സ്വീകരിച്ച രണ്ട് ഇണകള്‍ക്കിടയിലേ അതാകാവൂ എന്നതാണ് ആ നിയമം. കുടുംബം എന്ന യൂനിറ്റിന്റെ വളര്‍ച്ചയും പച്ചപ്പുമെല്ലാം അതാണുതാനും. അതിനപ്പുറം മനുഷ്യന്‍ കണ്ടെത്തുന്ന ലൈംഗികതയെ മുഴുവന്‍ അനാരോഗ്യകരവും കുറ്റകരവുമായി ഇസ്‌ലാം വിലയിരുത്തുന്നു. മാത്രമല്ല, ഈ മ്ലേച്ഛവൃത്തി മറ്റുള്ളവരില്‍ ആരോപിക്കുന്നതും അത് പാടിപ്പറഞ്ഞ് നടക്കുന്നതുമെല്ലാം ഇസ്‌ലാമില്‍ തികച്ചും ശിക്ഷാര്‍ഹം തന്നെ.
”സത്യവിശ്വാസികളുടെ കൂട്ടത്തില്‍ അശ്ലീലം പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരുണ്ടല്ലോ അവര്‍ക്കുള്ളത് വേദനയേറിയ ശിക്ഷയാകുന്നു ഇഹത്തിലും പരത്തിലും. അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല. (വി.ഖു…..)
അനാശാസ്യം ചെയ്യരുതെന്ന് മാത്രമല്ല, അത് സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതും സംസ്‌കാര ശൂന്യതയായിട്ടാണ് ഇസ്‌ലാം കാണുന്നത്. ഖേദകരമെന്നുപറയട്ടെ, അത്തരം ഒരു സംസ്‌കാര ശൂന്യതയുടെ ഭൂമികയായി മാറിയിരിക്കുകയാണ് ഇന്ന് കേരളം. ചെറിയ തലത്തില്‍ നിന്നുതൊട്ട് ഉന്നതങ്ങളില്‍ വരെ ഇത്തരം ആഭാസത്തരങ്ങളുടെ വിഴുപ്പലക്കലുകളാണ് നിത്യവും കണ്ടും കേട്ടും മടുക്കുന്നത്. കണ്ണ് മാത്രമല്ല, ചെവിയും വായയും ഒന്നിച്ച് പൊത്തിപ്പിടിക്കേണ്ടുന്ന വിധം മാലിന്യങ്ങളാണ് ഇത്തരം വാര്‍ത്താ പ്രചരണങ്ങളിലൂടെ നിത്യവും തെറിച്ചുവീഴുന്നത്. മതരംഗംപോലും ഇതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല. അപ്പോള്‍ പിന്നെ ആര് ആരെ പിടിച്ചുകെട്ടും. തെറ്റിലേക്ക് ചായുന്ന പുതുതലമുറയ്ക്ക് ആര് മൂക്കുകയറിടും? അവര്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയത്വത്തോടെ എങ്ങിനെ ജീവിച്ചു മുന്നോട്ടുപോകാനാകും?