Saturday
21
July 2018

പ്രപഞ്ചസൃഷ്ടി ഖുര്‍ആന്‍ ബൈബിളിനെ തിരുത്തുന്നു

ടി പി എം റാഫി

പ്രപഞ്ചം പിറന്നത് ഏതാണ്ട് 13.7 ബില്യണ്‍ വര്‍ഷം മുമ്പു നടന്ന മഹാവിസ്‌ഫോടനത്തിലൂടെയാണെന്ന് ആധുനികശാസ്ത്രം നിരീക്ഷിക്കുന്നു. അന്നുതൊട്ട് എന്നും പ്രപഞ്ചം അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. സമയത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍, പ്രാക്തനകാലത്ത് പ്രപഞ്ചത്തിന് ഇത്ര വികാസമുണ്ടായിരുന്നില്ലെന്നു മനസ്സിലാക്കാം. വീണ്ടും കാലത്തിന്റെ പിറകോട്ടുപോയി 13.7 ബില്യണ്‍ വര്‍ഷം മുമ്പ് പ്രപഞ്ചത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ആലോചിച്ചുനോക്കൂ. പദാര്‍ഥവും ഊര്‍ജവും സ്ഥലകാലങ്ങളുമെല്ലാം ഒരൊറ്റ സമുജ്ജ്വല പ്രാരംഭരാശിയായി നിന്നിരുന്നിരിക്കണം എന്ന ഒഴിച്ചുകൂടാനാവാത്ത നിഗമനത്തില്‍ നാം എത്തുന്നു. ഭാവിയില്‍ പ്രപഞ്ചം അതിന്റെ പ്രാഗ്‌രൂപത്തിലേക്ക് ചുരുട്ടപ്പെടാനുള്ള സാധ്യത (ആശഴ ഇൃൗിരവ) തള്ളിക്കളയാനാവില്ലെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം നേരത്തെതന്നെ ഇങ്ങനെ പറഞ്ഞുവെച്ചു: ”വാനലോകങ്ങളും ഭൂമിയുമെല്ലാം ഒട്ടിച്ചേര്‍ന്ന രൂപത്തിലായിരുന്നുവെന്നും പിന്നീട് നാം അവയെ വിടര്‍ത്തിയെടുക്കുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ നിരീക്ഷിക്കുന്നില്ലേ? വെള്ളത്തില്‍നിന്ന് എല്ലാ ജീവവസ്തുക്കളെയും അവന്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?” (21:30)
ഇതേ അധ്യായത്തില്‍ 104-ാം വചനത്തില്‍ പ്രപഞ്ചത്തിന്റെ പര്യവസാനം എങ്ങനെയായിരുക്കുമെന്നും ഖുര്‍ആന്‍ പ്രവചിക്കുന്നു: ”ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്നതുപോലെ വാനലോകത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം. ആദ്യമായി സൃഷ്ടിച്ചതുപോലെ നാമത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ വാഗ്ദാനമത്രെ അത്. നാം അത് നടപ്പിലാക്കുകതന്നെ ചെയ്യുന്നതാണ്” (21:104). എന്നാല്‍ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് വളരെ വിചിത്രമായ പരാമര്‍ശങ്ങളാണ് ബൈബിളില്‍ കാണുന്നത്. ”ആദിയില്‍ കര്‍ത്താവ് പറഞ്ഞു: പ്രകാശമുണ്ടാവട്ടെ” (ഏലിലശെ െ1:3)
ആദിയില്‍ ഫോട്ടോണുകള്‍ക്ക് (പ്രകാശകണികകള്‍) സഞ്ചരിക്കാന്‍ പാകത്തിലായിരുന്നില്ല പ്രപഞ്ചമെന്ന് ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. മഹാവിസ്‌ഫോടനത്തിനു തൊട്ടുശേഷം പ്രാഥമിക മൂലകങ്ങളായ ഹൈഡ്രജനും ഹീലിയവും അല്‍പ്പം ലിഥിയവുമാണ് പദാര്‍ഥികസത്തയായി വിശ്വം മുഴുവന്‍ വ്യാപിച്ചുകിടന്നത്. ബിഗ്ബാങ് നല്‍കിയ വന്‍ ഊഷ്മാവില്‍ ഈ വാതകങ്ങള്‍ അവിശ്വസനീയമാംവിധം തപ്തവുമായിരുന്നിരിക്കണം. ആ മൂലകങ്ങളുടെ ആറ്റങ്ങള്‍ കൊടുംചൂടില്‍ ഇലക്‌ട്രോണുകള്‍ നഷ്ടപ്പെട്ട് അയോണീകരിക്കപ്പെട്ടിട്ടുമുണ്ടാവും. അയോണീകരിക്കപ്പെട്ട ഈ വാതകങ്ങള്‍, നമ്മള്‍ക്ക് പരിചിതമായ പുകപോലെ കറുത്തിരുണ്ട് അതാര്യവുമായിരിക്കും. ആദിയില്‍ പ്രപഞ്ചം ദൃശ്യപ്രകാശത്തിന് അതാര്യമായിരുന്നു എന്നര്‍ഥം. ആ കറുത്തിരുണ്ട വാതകപടലം പുകപടലംപോലെ പ്രപഞ്ചശൂന്യതയില്‍ ഒഴുകിനടന്നു. മൂന്നുലക്ഷം വര്‍ഷം പിന്നിട്ടപ്പോള്‍ മാത്രമായിരുന്നു പ്രപഞ്ചം ദൃശ്യപ്രകാശത്തിന് സുതാര്യമായിത്തീര്‍ന്നത്. എന്നാല്‍ പ്രകാശത്തിലെ മറ്റു തരംഗദൈര്‍ഘ്യങ്ങള്‍ക്ക് പിന്നെയും ബില്യണ്‍ വര്‍ഷം കാത്തിരിക്കേണ്ടിവന്നു, പ്രപഞ്ചം സുതാര്യമായിക്കിട്ടാന്‍. ‘ആദിയില്‍ പ്രകാശമുണ്ടാവട്ടെ’ എന്ന ബൈബിളിലെ പരാമര്‍ശത്തിന് ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെന്നു മനസ്സിലാക്കാം.
എന്നാല്‍ മഹാവിസ്‌ഫോടനത്തിനുശേഷം പ്രപഞ്ചം പുകപടലത്തിന്റെ രൂപത്തിലായിരുന്നുവെന്ന വസ്തുതയും നമ്മെ അറിയിക്കാന്‍ ഖുര്‍ആന്‍ വിട്ടുപോകുന്നില്ല. ”അതിനു പുറമെ അവന്‍ വാനലോകത്തിന്റെ നേര്‍ക്കു തിരിഞ്ഞു. അതു പുകപടലമായിരുന്നു.” (41:11)
ഈ വിഷയം ഖുര്‍ആന്‍ വിശദീകരിക്കുന്നതിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്: ”നീ പറയുക: രണ്ടു ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന് നിങ്ങള്‍ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു പ്രപഞ്ചങ്ങളുടെ രക്ഷിതാവ്. അതില്‍ (ഭൂമിയില്‍) അതിന്റെ ഉപരിഭാഗത്ത് ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ അവന്‍ നാട്ടുകയും അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്തു. അതിലെ പോഷണങ്ങള്‍ അവിടെ സംവിധാനിച്ചൊരുക്കുകയുമുണ്ടായി- നാലുദിവസത്തിലുള്ളില്‍; പ്രാര്‍ഥിക്കുന്നവര്‍ക്കുവേണ്ടി ശരിയായ അനുപാതത്തില്‍. എന്നുമാത്രമല്ല, അവന്‍ വാനലോകത്തിനു നേര്‍ക്കു തിരിഞ്ഞു. അത് പുകപടലമായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ രണ്ടും അനുസരണപൂര്‍വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണയുള്ളവരായി വന്നിരിക്കുന്നു” (41: 9-11)
ഈ വചനത്തില്‍ പ്രയോഗിച്ച സവാഅ് എന്ന പദത്തിന് ശരിയായത്, പൂര്‍ണമായത്, തൃപ്തമായത് എന്നല്ലാം അര്‍ഥമുണ്ട്. സാഇലീന്‍ എന്ന പദത്തിന് പ്രാര്‍ഥിക്കുന്നവര്‍, ചോദിക്കുന്നവര്‍, തേടുന്നവര്‍ എന്നൊക്കെയാണ് അര്‍ഥം. ‘പിന്നെ’ എന്ന അര്‍ഥം വരുന്ന സുമ്മ എന്ന അവ്യയം സംഭവങ്ങളുടെ കാലക്രമത്തെ സൂചിപ്പിക്കാന്‍ മാത്രമല്ല, വിവരണത്തിലെ ക്രമാനുഗതികത്വത്തെ വെളിപ്പെടുത്താനും സ്വീകരിക്കാറുണ്ട്. ‘അനന്തരം’ എന്ന അര്‍ഥത്തിനപ്പുറം ‘എന്നു മാത്രമല്ല’, ‘അതിനു പുറമെ’ എന്ന അര്‍ഥവും ഈ വാക്കിനുണ്ട്. വാനലോകത്തിന്റെ സൃഷ്ടിപ്പിനും സംവിധാനത്തിനുമൊക്കെ ശേഷമുള്ള രണ്ടു ദിവസത്തിലാണ് ഭൂമി സൃഷ്ടിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ പലയിടങ്ങളിലും സന്ദേഹത്തിനു പഴുതില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്.
പ്രപഞ്ചസൃഷ്ടി നടന്ന് ആദ്യ നാലുദിവസം പിന്നിട്ടപ്പോഴും ഭൂമി പിറന്നിരുന്നില്ല. ഭൂമി പിറന്ന് വളരെയേറെക്കാലം പിന്നിട്ടപ്പോള്‍ മാത്രമായിരുന്നു മനുഷ്യന്‍ പിറന്നത്. ഭൂമി പിറക്കുന്നതിനു മുമ്പുതന്നെ ഭൂമിയില്‍ പിന്നീട് പിറക്കാനിരിക്കുന്ന മനുഷ്യന്റെ പ്രാര്‍ഥനയ്ക്ക് അല്ലാഹു ഉത്തരം തരികയായിരുന്നു എന്ന ഖുര്‍ആനിലെ വര്‍ണന ശ്രദ്ധേയമാണ്. അതുപോലെ, ഭൂമി ഉത്ഭൂതമാകുന്നതിനുമുമ്പ് ഭൂമിയോട് അനുസരണയോടെ വരാന്‍ കല്‍പ്പിക്കുന്നതും ഖുര്‍ആനിലെ കാല്‍പ്പനികസൗന്ദര്യത്തിന്റെ വശ്യതയില്‍ നിന്നുവേണം വായിച്ചെടുക്കാന്‍.

ഇരുണ്ട ഊര്‍ജം
ഇരുണ്ട ഊര്‍ജത്തിന്റെ (ഉമൃസ ഋിലൃഴ്യ) സാന്നിധ്യത്തെ ശാസ്ത്രലോകം ഇന്ന് അംഗീകരിക്കുന്നുണ്ട്. ജ്യോതിര്‍ഗോളങ്ങളുടെയും ആകാശഗംഗകളുടെയും നബുലകളുടെയും തമോദ്വാരങ്ങളുടെയും ക്വാസാറുകളുടെയും ഗുരുത്വബലത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഈ നിഗൂഢ ഊര്‍ജമാണ് പ്രപഞ്ചത്തെ വിടര്‍ത്തി വികസിപ്പിക്കുന്നത്. ഗാലക്‌സികളെ ബഹിരാകാശാന്തരാളങ്ങളിലേക്ക് തള്ളിമാറ്റുന്നതും ഇരുണ്ട ഊര്‍ജമാണ്. ദൂരം കൂടുന്നതനുസരിച്ച് ഈ വികര്‍ഷണബലം ശക്തമാകുന്നുണ്ട്. ഇത്രയും ദ്രുതഗതിയില്‍ പ്രപഞ്ചവികാസം നടക്കുന്നതിനു പുറകില്‍ ഇരുണ്ട ഊര്‍ജത്തിന്റെ സാന്നിധ്യമാണെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
ഒരു റോസാപ്പൂ വിരിയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ബാഹ്യ ഇതളുകള്‍ ഉള്ളിലെ ഇതളുകളെക്കാള്‍ വേഗത്തില്‍ വിരിയും. പ്രപഞ്ചവികാസം ഏതാണ്ടിതേപോലെയാണ്. ദൂരെയുള്ള ഗാലക്‌സികളും ക്ലസ്റ്ററുകളും നമ്മില്‍നിന്ന് അതിവേഗം പിന്‍വാങ്ങിക്കൊണ്ടിരിക്കും. പ്രപഞ്ചത്തിലെ ഏതൊരു ബിന്ദുവും പ്രപഞ്ചവികാസത്തിന്റെ കേന്ദ്രമായിത്തോന്നുംവിധമാണ് ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നത്.
ഗാലക്‌സികള്‍ പരസ്പരം ദ്രുതഗതിയില്‍ അകലുകയാണെന്ന് നാം മനസ്സിലാക്കി. വിദൂര ഗാലക്‌സികളില്‍ നിന്നുള്ള പ്രകാശത്തിന് ‘ചുവപ്പുനീക്കം’ സംഭവിക്കുന്നത് അതുകൊണ്ടാണ്. പ്രപഞ്ചസീമകളിലേക്ക് നിരീക്ഷണം നടത്തുന്ന ഗവേഷകര്‍ക്ക് ആ ചക്രവാളങ്ങള്‍ റോസ്‌വര്‍ണത്തിലുള്ള ചായംചിന്തിയപോലെ തോന്നുന്നതും അതുകൊണ്ടാണ്. ”വാനലോകത്തെ പിളര്‍ത്തുകയും അത് റോസ്‌വര്‍ണത്തിലുള്ള ചായക്കൂട്ടാവുകയും ചെയ്തത്” എന്ന ഖുര്‍ആന്‍ വചനത്തില്‍ പ്രയോഗിച്ച ശക്കന്‍ (പിളര്‍ത്തി) എന്ന പദത്തിന്റെ അതേ അര്‍ഥം കിട്ടുന്ന ൃശുുലറ എന്ന വാക്കാണ് ഗവേഷകര്‍ ഈ അവസ്ഥാവിശേഷത്തെ സൂചിപ്പിക്കാന്‍ പ്രയോഗിച്ചതെന്നത് കൗതുകമുണര്‍ത്തുന്ന കാര്യമാണ്.
പ്രപഞ്ചത്തിന്റെ പ്രായം
ആറു ദിവസംകൊണ്ടാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഏഴാം ദിവസം കര്‍ത്താവ് വിശ്രമിച്ചു എന്ന് ബൈബിള്‍ പറയുമ്പാള്‍, ആറ് ഭൗമദിനങ്ങളാണ് ഉദ്ദേശിച്ചതെന്നു വ്യക്തം. ‘ആഴ്ച’ എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഏഴാം ദിവസത്തെ വിശ്രമത്തിലൂടെ അതു പൂര്‍ത്തിയാക്കുന്നത്.
ഉറക്കമോ മയക്കമോ ക്ഷീണമോ വിശ്രമമോ ഇല്ലാത്ത സര്‍വേശ്വരനെയാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആറുദിവസംകൊണ്ടുതന്നെയാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ ഏഴാം ദിവസത്തെ ദൈവത്തിന്റെ വിശ്രമത്തെ അതു തള്ളിക്കളയുന്നു. ആറുദിവസത്തിലാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് ബൈബിളിലും ഖുര്‍ആനിലും ഒരുപോലെ കാണുന്നത്, അല്ലാഹുവില്‍നിന്നാണ് രണ്ടും അവതരിപ്പിക്കപ്പെട്ടതെന്നതിന് തെളിവാണ്. തുടര്‍ന്നുപറഞ്ഞ ബൈബിളിലെ അബദ്ധം തിരുത്താന്‍ ഖുര്‍ആന് കഴിയുന്നത് അതിന്റെ അമാനുഷഭാവം എക്കാലത്തും സംരക്ഷിക്കപ്പെടുന്നതുകൊണ്ടുമാണ്. ഖുര്‍ആന്‍ പറയുന്നു: ”നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി വാനലോകങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ അര്‍ശിന്മേല്‍ നിലകൊണ്ടു.” (7:54)

അര്‍ശ് എന്നാല്‍ ഭാഷാപരമായി സിംഹാസനം, അധികാരകേന്ദ്രം എന്നൊക്കെയാണ് അര്‍ഥം. ഇസ്തവാ എന്ന പദത്തിന് ആലങ്കാരികമായി ഉപവിഷ്ടനായി, ഇരുന്നു എന്നെല്ലാം അര്‍ഥം നല്‍കാറുണ്ട്. പുകപടലമായിരുന്ന ആകാശത്തിനു നേര്‍ക്ക് കല്‍പ്പനയിറക്കി, തിരിഞ്ഞു (41:11) എന്നു പറയുമ്പോഴും ഇസ്തവാ എന്നുതന്നെയാണ് ഖുര്‍ആന്‍ അര്‍ഥഗര്‍ഭമായി പ്രയോഗിച്ചത്. അവിടെ, ‘പുകപടലത്തില്‍ ഉപവിഷ്ടനായി’ എന്ന സങ്കല്‍പ്പം ഒരിക്കലും ചേരില്ല. അപ്പോള്‍ അര്‍ശ് എന്നത് ആധികാരികമായ ഒരു പ്രമാണം മാത്രമായി സ്വീകരിക്കുന്നതിനാണ് ഖുര്‍ആന്‍ വചനങ്ങളുടെ പിന്‍ബലമുള്ളത്.
പ്രപഞ്ചം ഉദ്ഭൂതമായത് ആറുദിവസം കൊണ്ടാണെന്നു പറയുന്ന ഖുര്‍ആന്‍, ആ കാലമളക്കുന്ന പ്രമാണമായി ‘സിംഹാസന’ത്തെ സ്വീകരിക്കുന്നതു കാണാം.  ”നീ പറയുക: രണ്ടു ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന് നിങ്ങള്‍ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്?” (41:9)
പ്രപഞ്ചത്തിന്റെ പ്രായം 13.7 ബില്യണ്‍ വര്‍ഷമാണെന്ന് ശാസ്ത്രം കണക്കാക്കുന്നത് ഭൂമിയെന്ന ചെറിയ ഗുരുത്വബലമുള്ള പ്രമാണത്തില്‍ വെച്ചാണ്. ഭൂമിയുടെ പ്രായം 4.567 ബില്യണ്‍ വര്‍ഷമായി തിട്ടപ്പെടുത്തുന്നതും ഭൂമിയില്‍ വെച്ചുതന്നെ. ഉദാഹരണത്തിന്, ഭൂമിയെക്കാള്‍ വളരെയധികം ഗുരുത്വബലം അനുഭവപ്പെടുന്ന ഒരു പ്രമാണത്തില്‍ വെച്ച് പ്രപഞ്ചത്തിന്റെ പ്രായം അളന്നപ്പോള്‍ പതിനഞ്ചുവര്‍ഷം എന്ന ഉത്തരമാണ് കിട്ടിയതെന്നിരിക്കട്ടെ. അതേ പ്രമാണത്തില്‍ വെച്ച് ഭൂമിയുടെ പ്രായമളന്നാലോ? സാപേക്ഷസമയപ്രകാരം 5 വര്‍ഷം എന്ന ഒഴിച്ചുകൂടാനാവാത്ത ഉത്തരത്തിലായിരിക്കും  ചെന്നെത്തുക. പ്രപഞ്ചത്തിന്റെ പ്രായത്തിന്റെ മൂന്നിലൊന്നാണ് ഭൂമിയുടെ ഇപ്പോഴത്തെ പ്രായം എന്ന അനുപാതം ഏതു പ്രമാണത്തില്‍ വെച്ച് അളന്നാലും കാത്തുസൂക്ഷിക്കപ്പെടുന്നതുകാണാം. പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും പ്രായം തമ്മിലുള്ള അനുപാതത്തിലേക്കും ഖുര്‍ആന്‍ സൂചന നല്കുന്നുവെന്നു കാണാം. പ്രമാണം നിര്‍വചിക്കാതെ പ്രായം പറയുന്നത് നിരര്‍ഥകമാണല്ലോ. പ്രപഞ്ചത്തിന്റെ പ്രായവും (6) ഭൂമിയുടെ പ്രായവും (2) തമ്മിലുള്ള അനുപാതം 2/6 = 1/3 ആണെന്നു കിട്ടുന്നു.
ഭൂമിയെ പ്രമാണമാക്കി അളക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ പ്രായം 13.7 ബില്യണ്‍ വര്‍ഷവും ഭൂമിയുടെ പ്രായം 4.567 ബില്യണ്‍ വര്‍ഷവും ആണല്ലോ. 4.567/13.7 എന്നത് 1/3 എന്ന അനുപാതത്തിലേക്ക് വിരല്‍ചൂണ്ടുന്നു. സിംഹാസനത്തില്‍ വെറും ആറുദിവസം പിന്നിടുന്നത് ഭൂമിയില്‍ 13.7 ബില്യണ്‍ വര്‍ഷമായി അനുഭവപ്പെടുന്നു എന്നര്‍ഥം. അര്‍ശ് എന്ന പ്രമാണത്തിലെ ഒരു ദിനത്തിന് ഭൂമിയില്‍ 2.28 ബില്യണ്‍ വര്‍ഷത്തിന്റെ ദൈര്‍ഘ്യമുണ്ടെന്ന് ഖുര്‍ആന്‍ വചനങ്ങളുടെ വെളിച്ചത്തില്‍ ഗ്രഹിച്ചെടുക്കാം. (13.7/6 = 2.28)
ദൈവസിംഹാസനമെന്നത് ഒരു റഫറന്‍സ് മാത്രമാണെന്ന് മനസ്സിലാകുന്നു. അല്ലാഹു പ്രമാണബദ്ധമല്ലെന്നും അവന്‍ ഏകനും നിരാശ്രയനും ഏറ്റവും വലിയവനുമാണെന്നും, സിംഹാസനമെന്നല്ല, എന്തും അവന്റെ പാദാരവിന്ദങ്ങളിലാണെന്നും ഖുര്‍ആനില്‍നിന്നു തന്നെ ഗ്രഹിക്കാം.
ഖുര്‍ആനിനെതിരെ ക്രിസ്ത്യാനികളടക്കം പലരും ഇങ്ങനെ വിമര്‍ശനമുന്നയിക്കാറുണ്ട്: വാനലോകങ്ങളും ഭൂമിയുമെല്ലാം ആറുദിനങ്ങളിലാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും ഭൂമി സൃഷ്ടിക്കപ്പെട്ടത് രണ്ടു ദിവസംകൊണ്ടാണെന്ന് വേറെ പ്രത്യേകമായി പറയുന്നതുകൂടി കൂട്ടുമ്പോള്‍ ആകെ എട്ടു ഘട്ടമായില്ലേ എന്നാണ് വിമര്‍ശനം. ഈ വിമര്‍ശനം വളരെ ബാലിശമാണെന്ന് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം: ഒരു പിതാവിന്റെ പ്രായം 40 വയസ്സും മകന്റെ പ്രായം 15 വയസ്സുമാണെന്നിരിക്കട്ടെ. ഇതു രണ്ടുംകൂടി കൂട്ടി ആകെ 55 വയസ്സ് എന്നു പറയാറില്ലല്ലോ. പിതാവിന് 25 വയസ്സ് ആകുന്നതുവരെ ആ മകന്‍ പിറന്നിരുന്നില്ലെന്നും അല്ലെങ്കില്‍ അദ്ദേഹത്തിന് 25 വയസ്സ് ആയപ്പോള്‍ മാത്രമാണ് മകന്‍ പിറന്നതെന്നും ഇതില്‍നിന്ന് ഊഹിക്കാം. അതുപോലെ, ഇപ്പോള്‍ പിതാവിന് 40 വയസ്സായെങ്കില്‍ മകന് 15 വയസ്സായിട്ടുണ്ടാകുമെന്നും മനസ്സിലാക്കാം. ഇവിടെ 55 വയസ്സിന് എന്തു പ്രസക്തിയാണുള്ളത്? പിതാവിനെ പ്രപഞ്ചമായും മകനെ ഭൂമിയായും സങ്കല്‍പ്പിച്ചുനോക്കൂ. കാര്യങ്ങള്‍ വ്യക്തമാകും. ഭൂമിയടക്കമുള്ള മൊത്തം പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് ആറുദിവസമാണെന്നും ഭൂമിയുടെ സൃഷ്ടിപ്പ് രണ്ടുദിവസമാണെന്നും ഏഴ് ആകാശങ്ങളെ ആദ്യത്തെ രണ്ടു ദിവസങ്ങളിലാണ് സൃഷ്ടിച്ചതെന്നുമൊക്കെ ഖുര്‍ആന്‍ പറയുമ്പോള്‍ അതില്‍ അബദ്ധം ‘കണ്ടെത്തുന്ന’വരോട് സഹതാപം തോന്നുന്നു.
കോടാനുകോടി നക്ഷത്രസമൂഹങ്ങളുള്ള മഹാപ്രപഞ്ചത്തെ വെറും ആറു ദിവസം കൊണ്ട് സൃഷ്ടിച്ചു എന്നു പറയുന്ന ഖുര്‍ആന്‍, സൗരയൂഥത്തിലെ ഒരു കൊച്ചുഗ്രഹമായ ഭൂമിയെ സൃഷ്ടിക്കാന്‍ രണ്ടു ദിവസമെടുത്തു എന്നു പറയുമ്പോള്‍ ആ സമയം ആനുപാതികമായി വളരെ കൂടിപ്പോയില്ലേ എന്ന് യുക്തിവാദികള്‍ പരിഹസിക്കാറുണ്ട്. പുതിയ അറിവുകളുടെ വെളിച്ചത്തില്‍ നിന്ന് വിലയിരുത്തുമ്പോള്‍ ആ വാദം മൂക്കുകുത്തുന്നത് കാണാം.
ഒന്നാംദിവസം തന്നെ വാനലോകങ്ങളോടൊപ്പം ഭൂമി സൃഷ്ടിക്കപ്പെട്ടിരുന്നു എന്നാണ് ബൈബിള്‍ പറയുന്നത്. അപ്പോള്‍ പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും പ്രായം ബൈബിള്‍ ഒന്നാക്കുകയല്ലേ സത്യത്തില്‍ ചെയ്യുന്നത്? ആറായിരം കൊല്ലം മുമ്പാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന, തീരെ യുക്തിക്ക് നിരക്കാത്ത പരാമര്‍ശവും ബൈബിളില്‍ കാണാം. 13 ബില്യണ്‍ വര്‍ഷം ദൂരെയുള്ള ഗാലക്‌സികള്‍ ഇന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവയില്‍നിന്ന് പ്രകാശം ഇവിടെ എത്തുന്നുണ്ട് എന്ന ഒരൊറ്റ തെളിവുമതി, ബൈബിളിലെ ആറായിരം കൊല്ലമെന്ന വാദം തകര്‍ന്നുപോകാന്‍. ഈ പ്രശ്‌നത്തില്‍നിന്നു രക്ഷപ്പെടാന്‍, പ്രകാശം പ്രകാശത്തേക്കാള്‍ വലിയ വേഗത്തില്‍ ഈ കാലയളവിനുള്ളില്‍ സഞ്ചരിച്ചതുകൊണ്ടാണ് വിദൂര ഗ്യാലക്‌സികളില്‍നിന്ന് ഇവിടെ പ്രകാശമെത്തിയതെന്ന് അവര്‍ വാദിക്കുന്നു. ഐന്‍സ്റ്റീനിന്റെ സാപേക്ഷതാവാദപ്രകാരം പ്രകാശപ്രവേഗം സ്ഥിരമായിരിക്കും. പ്രപഞ്ചത്തിലെ ഏറ്റവും വലിയ വേഗമാണത്. ലോക്കല്‍ ഇനേര്‍ഷ്യല്‍ ഫ്രെയിമില്‍ ഈ വേഗം 299792.458 കിലോമീറ്റര്‍/സെക്കന്‍ഡാണ്. അതില്‍ക്കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വസ്തുക്കള്‍ ശാസ്ത്രലോകത്ത് ഇന്നും പരിചിതമല്ല. ട്രാക്കിയോണ്‍ പോലുള്ള പല സൈദ്ധാന്തികകണങ്ങളും ഇടയ്ക്ക് കൗതുകവാര്‍ത്ത സൃഷ്ടിക്കാറുണ്ടെങ്കിലും ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഐന്‍സ്റ്റൈന്റെ സാപേക്ഷതാവാദം തെറ്റാണെന്നുപോലും പ്രചരിപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ നിര്‍ബന്ധിതരായി.
ആയിരം ചാന്ദ്രവര്‍ഷത്തില്‍ ചന്ദ്രന്‍ ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന അത്രയും ദൂരമാണ് പ്രകാശം ഒരു ഭൗമദിനത്തില്‍ സഞ്ചരിക്കുന്നതെന്നു വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തം (32:5) ബൈബിളില്‍നിന്നു കട്ടെടുത്തതാണെന്ന് ക്രിസ്ത്യാനികള്‍ വാദിക്കാറുണ്ട്. ആ ഖുര്‍ആന്‍ വചനം ഇങ്ങനെയാണ്: ”അവന്‍ വാനലോകത്തു നിന്നും ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയയ്ക്കുന്നു. പിന്നെ ഈ കാര്യങ്ങള്‍ അവങ്കലേക്ക് ആരോഹണം ചെയ്യുന്നത് നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ആയിരം വര്‍ഷത്തിനു തുല്യമായ ദൂരത്തിലാണ്.” (32:5)
സമാനമെന്നു തോന്നിക്കുന്ന ബൈബിള്‍ വചനം ഇതാണ്: ”കര്‍ത്താവിന്റെ അടുത്ത് ഒരു ദിവസമെന്നത് ആയിരംവര്‍ഷം പോലെയാണ്; ആയിരം വര്‍ഷമെന്നതോ ഒരുദിവസം പോലെയും” (2 പീറ്റര്‍ 3:8)
ഈ ബൈബിള്‍ വചനത്തിലെ ഒന്നാമത്തെ വൈരുധ്യം എന്തെന്നുവെച്ചാല്‍, ഖുര്‍ആന്‍ ‘കാര്യങ്ങളുടെ’ (പ്രകാശത്തിന്റെയെന്നോ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട മലക്കുകളുടെയെന്നോ പറയാം) സഞ്ചാരമാണ് ഉദ്ദേശിക്കുന്നത്. ബൈബിളാകട്ടെ സമയവും സമയവും തമ്മില്‍ താരതമ്യം ചെയ്യുകയാണ് ചെയ്യുന്നത്. ഒരുവേള കര്‍ത്താവാണ് സഞ്ചരിക്കുന്നത് എന്നു വായനക്കാരനു തോന്നിപ്പോകുന്നതിലും തെറ്റില്ല. കര്‍ത്താവാണ് സഞ്ചരിക്കുന്നത് എന്നു സങ്കല്‍പ്പിച്ചാല്‍ തന്നെ ഇതില്‍ ഖുര്‍ആനിലെപ്പോലെ ദൂരവും സമയവും താരതമ്യം ചെയ്യുന്നതെവിടെ? ഖുര്‍ആന്‍ മുന്‍ചൊന്ന വചനത്തില്‍ യഅ്‌റുജു എന്നു പ്രയോഗിച്ചത് സൂക്ഷ്മമായാണ്. മനുഷ്യന്റെ കാല്‍വെപ്പ് ഈ പ്രയോഗം വ്യക്തമാക്കുന്നു. മലക്കുകള്‍ സഞ്ചരിക്കുന്ന (പ്രകാശത്തിന്റെയും) ദൂരത്തെക്കുറിക്കാനാണ് ഖുര്‍ആന്‍ ഈ പദം സ്വീകരിച്ചതെന്നു കാണാം. പഴയ പ്രമുഖ ഇംഗ്ലീഷ് തഫ്‌സീറുകളില്‍ ടുമരലനോടാണ് ഈ വചനത്തിലെ താരതമ്യമെന്നു പറയുന്നത് ഇതേ ആശയത്തിലേക്ക് വിരല്‍ചൂണ്ടുന്നു.
പ്രകാശം ഒരു ഭൗമദിനത്തില്‍ പിന്നിടുന്ന അത്രയും ദൂരമാണ് 1000 ചാന്ദ്രവര്‍ഷത്തില്‍ ചന്ദ്രന്‍ ഭൂമിക്കു ചുറ്റും കൃത്യമായി സഞ്ചരിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തുകയാണ്. ശാസ്ത്രീയമായി ഇത് തെളിയിക്കപ്പെട്ടതുമാണ്. ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ നമ്പറിലും (32:5) അമാനുഷികതയുണ്ട്. ഒരു ചാന്ദ്രവര്‍ഷവും ഒരു സൗരവര്‍ഷവും തമ്മിലുള്ള ദിവസവ്യത്യാസത്തെ 32.5 എന്ന ഈ സൂക്തത്തിന്റെ നമ്പര്‍കൊണ്ട് ഗുണിച്ചാല്‍ ഒരു ചാന്ദ്രവര്‍ഷത്തിലെ ആകെ ദിവസമെത്രയെന്നു കിട്ടുമെന്നതാണത്. (ശരിയായ വില 32.5707. എന്നാണ്. എന്നാല്‍ 32-ാമത്തെ അധ്യായത്തില്‍ 30 വചനം മാത്രമുള്ളതിനാല്‍ 32:5 എന്നതായിരിക്കുമല്ലോ ഏറ്റവും ചേരുന്നത്.)
ദൈവസിംഹാസനമെന്ന റഫറന്‍സില്‍ പോലും ഒരുദിവസമെന്നത് ഇവിടത്തെ 2.28 ബില്യണ്‍ വര്‍ഷമാണെന്ന് നാം മനസ്സിലാക്കി. ”കര്‍ത്താവിന്റെ അടുത്ത് ഒരു ദിവസമെന്നത് ആയിരംവര്‍ഷ”മായി ബൈബിള്‍ ചുരുക്കിക്കളഞ്ഞു. ഈ വചനത്തില്‍ തുടര്‍ന്നുവന്ന ”ആയിരം വര്‍ഷമെന്നതോ ഒരുദിവസംപോലെയും” എന്നു പറഞ്ഞാലോ? കര്‍ത്താവിന്റെ അടുത്ത് ആയിരം വര്‍ഷം പിന്നിടുമ്പോള്‍ ഭൂമിയില്‍ ഒരു ദിവസമേ ആകുന്നുള്ളൂ എന്നല്ലേ അര്‍ഥമാക്കുന്നത്? ബൈബിള്‍ ഇങ്ങനെ തിരിച്ചുപ്രയോഗിച്ചപ്പോള്‍ ദൈവസിംഹാസനം ഭൂമിയേക്കാള്‍ വളരെ ചെറുതായിപ്പോവുകയും ചെയ്തു! ബൈബിള്‍ പകര്‍ത്തിയെഴുതുമ്പോഴോ മറ്റോ പറ്റിയ തെറ്റ് ഖുര്‍ആന്‍ തിരുത്തുകയായിരുന്നില്ലേ സത്യത്തില്‍ ചെയ്തത്?
പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ രാത്രിയും പകലുമായി സൂര്യന്‍ എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്നും ബൈബിള്‍ പറയുന്നുണ്ട് (ഏലിലശെ െ1:131).  ഒന്നാം ദിവസം കര്‍ത്താവ് ഭൂമിയില്‍ പ്രകാശവും ഇരുട്ടും സൃഷ്ടിച്ചു. അങ്ങനെ ആദ്യത്തെ സായന്തനം വന്നു. അനന്തരം ആദ്യപ്രഭാതവും. എന്നാല്‍ നാലാംദിവസമാകുന്നതുവരെ കര്‍ത്താവ് സൂര്യനെ സൃഷ്ടിച്ചിരുന്നില്ല. അതായത്, മൂന്ന് സായന്തനവും മൂന്ന് പ്രഭാതവും ഭൂമിയില്‍ ഉണ്ടായത് ബൈബിള്‍പ്രകാരം സൂര്യനില്ലാതെയെന്ന്!
ബൈബിളിലെ നക്ഷത്രസങ്കല്‍പ്പവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. സൂര്യന്‍ ഒരു ശരാശരി നക്ഷത്രം മാത്രമാണ്. സൂര്യന്റെ അനേകം മടങ്ങ് പിണ്ഡമുള്ളവയാണ് ഒട്ടുമിക്ക നക്ഷത്രങ്ങളും. എന്നാല്‍ ബൈബിളിന്റെ ധാരണ നക്ഷത്രങ്ങള്‍ ചെറിയ വസ്തുക്കളാണെന്നാണ്. തന്റെ ഭൂമിയിലേക്കുള്ള രണ്ടാമത്തെ വരവിനു മുമ്പ് ഭൂമിയിലേക്ക് നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുമെന്ന് യേശു പറയുന്നതായി ബൈബിളില്‍ കാണാം (മാര്‍ക്ക് 13:24-30).
ഏതെങ്കിലും നക്ഷത്രം ഭൂമിയിലേക്ക് വീഴുന്നതുപോകട്ടെ, അതിന്റെ സമീപത്തുപോലും എത്തുന്നതിനുമുമ്പ് ഭൂമി ബാഷ്പമായിപ്പോകും. അപ്പോള്‍ യേശുവിന്റെ രണ്ടാംവരവിന് ഭൂമിയുണ്ടാവില്ലെന്നര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ പക്ഷേ, നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നത് മഹാപ്രതിഭാസമായാണ്. ”നക്ഷത്രങ്ങളുടെ പതനസ്ഥാനങ്ങളെക്കൊണ്ട് ഞാന്‍ സത്യം ചെയ്തുപറയുന്നു: തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, വമ്പിച്ച യാഥാര്‍ഥ്യംതന്നെയാണത്.” (56:75,76)
(കണ്ണൂരില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ സെമിനാര്‍ ‘വെളിച്ച’ത്തില്‍ അവതരിപ്പിച്ച പ്രബന്ധം)