Saturday
21
July 2018

രണ്ടര പതിറ്റാണ്ട് പിന്നിട്ട മുബാഹല

പി അബ്ദുര്‍റഹ്മാന്‍ സലഫി

1989 മെയ് 28 ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഒരു ചരിത്രസംഭവം നടന്നു. മുസ്‌ലിംകളും ഖാദിയാനികളും തമ്മിലുള്ള മുബാഹല. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി നടന്ന ആ മുബാഹല ഇരുപത്തിയാറ് വര്‍ഷം പിന്നിട്ടു.
മുബാഹലയെ പറ്റി വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദ്യമുണ്ട്. അതിന്റെ പശ്ചാത്തലം ഇപ്രകാരമാണ്: ഒരിക്കല്‍ നജ്‌റാനില്‍ നിന്നുള്ള ക്രൈസ്തവ സംഘം പ്രവാചകനെ(സ) സന്ദര്‍ശിച്ചു. ക്രൈസ്തവ പുരോഹിത സംഘവുമായി നബി(സ) ഏറെ നേരം സംസാരിക്കുകയും അല്ലാഹുവിന്റെ ഏകത്വത്തിനും പ്രവാചകത്വത്തിനുമുള്ള തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അവരത് സ്വീകരിക്കാന്‍ തയ്യാറായില്ല. ഈ സന്ദര്‍ഭത്തില്‍ വിശുദ്ധ വചനം അവതീര്‍ണമായി: ‘ഇനി നിനക്ക് അറിവ് വന്നു കിട്ടിയതിനു ശേഷം അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ നിന്നോട് ആരെങ്കിലും തര്‍ക്കിക്കുകയാണെങ്കില്‍ നീ പറയുക: നിങ്ങള്‍ വരൂ, ഞങ്ങളുടെ മക്കളെയും നിങ്ങളുടെ മക്കളെയും ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക് വിളിച്ചുകൂട്ടാം. ഞങ്ങളും നിങ്ങളും (കൂടുകയും ചെയ്യാം.) എന്നിട്ട് കള്ളം പറയുന്ന കക്ഷിയുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കാന്‍ നമുക്ക് ഉള്ളഴിഞ്ഞ് പ്രാര്‍ഥിക്കാം (ആലു ഇംറാന്‍ 61). ക്രിസ്ത്യന്‍ സംഘം മുബാഹലക്ക് തയ്യാറാവാതെ സ്ഥലം വിടുകയാണുണ്ടായത്. പിന്നീട് ഇസ്‌ലാമിക ചരിത്രത്തില്‍ മുബാഹല നടന്നതായി അറിവില്ല.

ഖാദിയാനികളും മുബാഹലയും
ഖാദിയാനി പ്രവാചകന്‍ മീര്‍സാ സാഹിബ് മുബാഹലക്ക് വെല്ലുവിളിക്കുക പതിവായിരുന്നു. അങ്ങനെയാണ് അബ്ദുല്‍ഹഖ് ഗസ്‌നവിയെ മീര്‍സാ സാഹിബ് മുബാഹലക്ക് വെല്ലുവിളിച്ചത്. 1893 മെയ് 27-ന് മുബാഹല നടന്നു. ഗസ്‌നവിക്ക് ഒന്നും സംഭവിച്ചില്ല. ഗസ്‌നവിക്കു മുമ്പു തന്നെ (1908 മെയ് 20) മീര്‍സാ സാഹിബ് മരിച്ചു. ഗസ്‌നവി 1917 മെയ് 16 വരെ ജീവിച്ചിരുന്നു.
കൊടിയത്തൂര്‍ മുബാഹലക്കുള്ള സാഹചര്യം ഇപ്രകാരമായിരുന്നു: 1988 ജൂണ്‍ 10-ന് ലണ്ടനിലെ ഖാദിയാനി പള്ളിയില്‍ ജുമുഅ പ്രഭാഷണം നടത്തിക്കൊണ്ട് ഖാദിയാനി ഖലീഫ മീര്‍സാ താഹിര്‍ അഹമ്മദ് ലോകമുസ്‌ലിംകളെ മുബാഹലക്കു വെല്ലുവിളിച്ചു. മുസ്‌ലിം ലോകത്തിനെതിരെ നടത്തിയ വെല്ലുവിളി വന്‍ പ്രചാരണം നല്കുന്നതിന്റെ ഭാഗമായി ലോകത്തുടനീളം ലഘുലേഖകള്‍ വിതരണം ചെയ്തു. കേരളത്തില്‍ ഇതു സംബന്ധിച്ച ലഘുലേഖയുടെ രണ്ടു ലക്ഷത്തിലേറെ കോപ്പികള്‍ വിതരണം ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ അന്‍ജുമന്‍ ഇശാഅത്തെ ഇസ്‌ലാം മുബാഹല വെല്ലുവിളി സ്വീകരിച്ചു. മുബാഹല നടത്താന്‍ കേരളത്തിലെ അഹ്മദികള്‍ക്ക് അവരുടെ ഖലീഫ അനുവാദം നല്കി. ഓരോ വിഭാഗത്തിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 40 പേര്‍ വീതം പങ്കെടുത്തു.
മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി നബിയോ റസൂലോ അല്ലെന്നും മുഹമ്മദ് നബി(സ)ക്ക് ശേഷം യാതൊരു പ്രവാചകത്വവുമില്ലെന്നും ഖാദിയാനിയുടെ വഹ്‌യ് വാദം കള്ളമാണെന്നും അദ്ദേഹത്തെ നിഷേധിച്ചവര്‍ കാഫിറുകളല്ലെന്നുമുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് ‘ഇത് കളവാണെങ്കില്‍ നിന്റെ ശാപം ഞങ്ങളില്‍ വര്‍ഷിക്കുമാറാകട്ടെ. മറിച്ച് സത്യമാണെങ്കില്‍ അനുഗ്രഹങ്ങള്‍ ചൊരിയുകയും ദൃഷ്ടാന്തങ്ങള്‍ ഇറക്കുകയും ചെയ്യണമേ’ എന്ന് മുസ്‌ലിം വിഭാഗം പ്രാര്‍ഥിച്ചു.
മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി മഹ്ദിയും മസീഹും ശരീഅത്തില്ലാത്ത ഉമ്മത്തീ നബിയും റസൂലുമാണെന്നും അദ്ദേഹം സമര്‍പ്പിച്ച ഇല്‍ഹാമുകളും വഹ്‌യുകളും അല്ലാഹുവില്‍ നിന്നാണെന്നും അദ്ദേഹത്തെ നിഷേധിച്ചവര്‍ക്ക് ശിക്ഷയുണ്ടാവുന്നതാണെന്നുമുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് ഇത് കളവാണെങ്കില്‍ കഠോര ശിക്ഷ ഇറങ്ങണമേയെന്നും സത്യമാണെങ്കില്‍ അനുഗ്രഹം ചൊരിയുകയും ദൃഷ്ടാന്തങ്ങള്‍ ഇറക്കുകയും ചെയ്യേണമേ എന്നും ഖാദിയാനീ വിഭാഗവും പ്രാര്‍ഥിച്ചു.
പ്രാര്‍ഥനാ വാക്യം ചൊല്ലിക്കൊടുക്കുമ്പോള്‍ തന്നെ ഖാദിയാനികളുടെ നേതാവിന് സ്വന്തം വിശ്വാസത്തിന്നെതിരായി സത്യം പറയാന്‍ അല്ലാഹു അവസരമൊരുക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞതിപ്രകാരമായിരുന്നു: ”അദ്ദേഹം സമര്‍പ്പിച്ച വഹ്‌യുകളും ഇല്‍ഹാമുകളും അദ്ദേഹത്തില്‍ നിന്നുള്ളതാണെന്നും (വിശ്വസിക്കുന്നു).”
അന്‍ജുമന്‍ ഇശാഅത്തെ
ഇസ്‌ലാം
1981 സപ്തംബര്‍ 5-നാണ് അന്‍ജുമന്‍ ഇശാഅത്തെ ഇസ്‌ലാം എന്ന സംഘം രൂപീകൃതമായത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിഭാഗം മുസ്‌ലിം സംഘടനകളുടെയും പ്രാതിനിധ്യം ഇശാഅത്തിലുണ്ട്. തുടക്കത്തില്‍ ലഘുലേഖകള്‍ പ്രസിദ്ധീകിച്ച് ദഅ്‌വത്തു നടത്തുകയാണ് ഇശാഅത്ത് പ്രവര്‍ത്തകര്‍ ചെയ്തിരുന്നത്. 1982 ജനുവരിയില്‍ മീര്‍സാ സാഹിബ് സ്വന്തം കൃതികളില്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇത് ഖാദിയാനികള്‍ക്ക് കനത്ത പ്രഹരമായി. 1983-ല്‍ മീര്‍സാ ഗുലാം അഹ്മദ് വ്യാജനാണെന്ന് സ്ഥാപിക്കുന്ന മീര്‍സാ ഖാദിയാനി പ്രവാചകനോ? എന്ന പുസ്തകം പുറത്തിറക്കി.
പ്രൊഫ. എന്‍ വി ബീരാന്‍ സാഹിബ് എഴുതിയ ഖാദിയാനി പ്രവാചകനും ഗ്രഹണങ്ങളും അഹ്മദികളുടെ ചില വാദങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു. അഹ്മദിയ്യത്തിന്റെ അടിവേരു തന്നെ മാന്തുന്ന കൃതിയാണ് കെ സി അബ്ദുല്ല മൗലവിയുടെ ഖാദിയാനിസത്തിന്റെ വേരുകള്‍’ ഖാദിയാനി നേതാവ് ബി അബ്ദുല്ല മൗലവി എച്ച് എ എഴുതിയ പ്രവാചകത്വം ഖുര്‍ആനില്‍ എന്ന പുസ്തകത്തിനു അക്കമിട്ടു മറുപടി പറയുന്ന കൃതിയാണ് ഇ എന്‍ ഇബ്‌റാഹീം മൗലവിയുടെ പ്രവാചകത്വ സമാപ്തി. അഹ്മദിയ്യാ പ്രവര്‍ത്തകര്‍ക്ക് ശക്തമായ പ്രഹരമേല്പിച്ച ഗ്രന്ഥമാണ് അബ്ദുറഹ്മാന്‍ കൊടിയത്തൂരിന്റെ ഖാദിയാനിസത്തിനെതിരെ 96 രേഖകള്‍. മീര്‍സാ സാഹിബിന്റെ കൃതികളിലെ പേജുകള്‍ അതേപോലെ ഉള്‍പ്പെടുത്തി അതിന്റെ പരിഭാഷ കൊടുത്ത് ആശയ പാപ്പരത്തത്തിന്റെ അടിത്തറയിലാണ് ഖാദിയാനിസം പടുത്തുയര്‍ത്തിയതെന്ന് വ്യക്തമായി തെളിയിക്കുന്നതാണ് ഈ കൃതി.
കേരളത്തിലങ്ങോളമിങ്ങോളം അന്‍ജുമന്‍ ഇശാഅത്തെ ഇസ്‌ലാം പ്രഭാഷണങ്ങളും ചര്‍ച്ചകളും ആവശ്യാനുസരണം സംഘടിപ്പിക്കുന്നു. ഖാദിയാനീ ബാധയേല്ക്കുന്നവരെ നേരിട്ടു കണ്ട് സൗഹൃദ സംഭാഷണം നടത്തുന്നു. തദ്ഫലമായി നിരവധി പേര്‍ ഖാദിയാനിസം വിട്ടു ഇസ്‌ലാമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
പി പി അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍ രചിച്ച പുതിയ പുസ്തകമാണ് മുബാഹല: ഒരു ചരിത്ര സംഭവം. മുബാഹലയുടെ ചരിത്രവും അനന്തരഫലങ്ങളും വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഈ പുസ്തകം അഹ്മദിയ്യാ വിഭാഗത്തിന്റെ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. മുബാഹലയുടെ പശ്ചാത്തലവും മുബാഹലയുടെ ഫലവും, മുബാഹലയെപ്പറ്റി മുസ്‌ലിം ലോകത്തിന്റെ പ്രതികരണവും കുറിക്കുന്ന പുസ്തകത്തില്‍ മുബാഹലയില്‍ പങ്കെടുത്ത വ്യക്തികളുടെ പേരുകളും കൊടുത്തിരിക്കുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ അപൂര്‍വ സംഭവമായ മുബാഹലക്കു ശേഷം ഖാദിയാനികളിലുണ്ടായ അങ്കലാപ്പ് നിരത്തിവെക്കുന്നുണ്ട് ഗ്രന്ഥകാരന്‍.
ഖാദിയാനീ പ്രവാചകന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ബല നിമിഷത്തില്‍ തോന്നിയ മുബാഹലാ വെല്ലുവിളി ഖലീഫക്കു പറ്റിയ ഭീമാബദ്ധമായാണ് ഖാദിയാനീ പ്രവര്‍ത്തകര്‍ മുബാഹലയെ ഇപ്പോള്‍ വീക്ഷിക്കുന്നത്. വ്യാജ വാദിയെ എഴുന്നള്ളിക്കുമ്പോള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഒരു നാഥന്‍ ഉണ്ടെന്ന ബോധം അഹ്മദികള്‍ മറന്നു പോയതായിരിക്കാം.