Saturday
21
July 2018

ആധുനിക ശാസ്ത്രം അറബികളുടെ അനന്യ സംഭാവനകള്‍

admin

 

ജീവശാസ്ത്ര രംഗത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ക്ക് നിമിത്തമായ അല്‍ അജാഇബുല്‍ മഖ്‌ലൂഖ് (സൃഷ്ടികളിലെ മഹാത്ഭുതങ്ങള്‍) എന്ന കൃതി രചിച്ചത് ഹിജ്‌റ 500-ല്‍ മരണപ്പെട്ട അബൂയഹ്‌യ സക്കരിയ്യ അല്‍ ബസ്‌വീനിയാണ്. ബാഗ്ദാദില്‍ ജനിച്ച ഇദ്ദേഹത്തിന്റെ കൃതികള്‍ തൊട്ടടുത്ത നൂറ്റാണ്ടില്‍ തന്നെ ജര്‍മന്‍, ലാറ്റിന്‍, പേര്‍ഷ്യന്‍, ഫ്രഞ്ച്, തുര്‍ക്കി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. എ ഡി 1185-ല്‍ മരണപ്പെട്ട ഇബ്‌നു തുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്ദ്വാന്‍ എന്ന കൃതി ഈ വിഷയത്തില്‍ ലോക പ്രസിദ്ധമാണ്. ഹിജ്‌റ 159-255 കാലഘട്ടത്തില്‍ ജീവിച്ച ഇരുപതോളം കൃതികളെഴുതിയ അബൂ ഉസ്മാന്‍ അംറുബ്‌നു ബഹ്ര്‍ (ജാഇസ്) രചിച്ച അല്‍ഹയവാന്‍ (ജീവി) ജീവശാസ്ത്രരംഗത്തെ പൗരാണിക കൃതികളില്‍ ശ്രദ്ധേയമായ പഠനമാണ് ഇന്നും.
ജീവശാസ്ത്ര രംഗത്തെ മറ്റൊരു അമൂല്യ ഗ്രന്ഥമാണ് ഹിജ്‌റ 808-ല്‍ മരണപ്പെട്ട കമാലുദ്ദീന്‍ ദിംയരിയുടെ ഹയാത്തുല്‍ ഹയവാനില്‍ കുബ്‌റാ. ഇബ്‌നു ബൈത്വാര്‍ എന്ന പേരില്‍ വിഖ്യാതനായ ദ്വിയാഉദ്ദീന്‍ മുഹമ്മദ് അബ്ദുല്ല ഇബ്‌നു അഹമ്മദ് (എ ഡി 1196-ല്‍ ജനനം) രചിച്ച ഗ്രന്ഥങ്ങള്‍ ഔഷധ ചെടികള്‍, ഔഷധ നിര്‍മാണം, സസ്യവളര്‍ച്ച, രോഗനിര്‍ണയം, പ്രതിവിധികള്‍, ചികിത്സാ രീതികള്‍ തുടങ്ങി നിരവധി വിഷയങ്ങളിലുള്ള അമൂല്യ ഗ്രന്ഥങ്ങളാണ്. കിതാബു അഖ്‌രീ ബാദ്ദീന്‍, കിതാബുല്‍ മുഗ്‌നി ഫില്‍ അദ്‌വിയത്തുല്‍ മുഫ്‌റദാത്ത്, അല്‍ ജാമിഉല്‍ ലി മുഫ്‌റദാത്തുല്‍ അദ്‌വിയ്യത്തി വല്‍ അഅ്‌സിബത്ത് എന്നീ ഗ്രന്ഥങ്ങള്‍ ചികിത്സാരീതികളുടെ ആഴത്തിലുള്ള കണ്ടെത്തലുകള്‍ നടത്തിയ പഠനമാണ്. മീസാനു ത്വബീബ് മറ്റൊരു അമൂല്യ വൈദ്യശാസ്ത്ര ഗ്രന്ഥമാണ്.
എ ഡി 1160-ല്‍ അന്തരിച്ച അബൂജഅ്ഫര്‍ അല്‍ഗാഫിഖിന്റെ സസ്യശാസ്ത്ര ഗ്രന്ഥത്തില്‍ എല്ലാ സസ്യങ്ങളുടെയും അറബി പേരുകള്‍ക്ക് പുറമെ ലാറ്റിന്‍, ബര്‍ബറി നാമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ഈ ഗ്രന്ഥത്തെപ്പറ്റി വിവരിക്കുന്ന ചിത്രസഹിതമുള്ള കൈയ്യെഴുത്ത് രേഖയുണ്ട്.
കൃഷി, സസ്യശാസ്ത്ര വിദഗ്ധനായിരുന്നു എ ഡി 12-ാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ജീവിച്ച അബൂ സക്കരിയ്യാ ഇബ്‌നുല്‍അവ്വാം. ഇദ്ദേഹം രചിച്ച അല്‍ഫല്ലാഹ് (കൃഷി) എന്ന ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതി സ്‌പെയിനിലെ എസ്‌ക്കോറിയാല്‍ ലൈബ്രറിയിലുണ്ട്. 1853-ല്‍ ഇതിന്റെ സ്പാനിഷ് പരിഭാഷയും 1863-ല്‍ ഫ്രഞ്ച് പരിഭാഷയും പുറത്തിറങ്ങിയിട്ടുണ്ട്. നിലങ്ങള്‍, വിത്തുകള്‍, വെള്ളം, വളം, കൃഷിരീതികള്‍, ഇനങ്ങള്‍, തോട്ട സംരക്ഷണ മാര്‍ഗങ്ങള്‍, ഗ്രാഫ്റ്റിംഗ്, രോഗപ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങി ഒട്ടനേകം വിഷയങ്ങള്‍ കൃത്യമായി പ്രതിപാദിക്കുന്നു. ആധുനിക സുവോളജിക്കും ബോട്ടണിക്കും ഒട്ടേറെ അടിസ്ഥാന അറിവുകളാണ് ഈ ഗ്രന്ഥം പ്രദാനം ചെയ്തത്. പത്ത് നൂറ്റാണ്ട് കഴിഞ്ഞിട്ടും ആധുനിക കണ്ടെത്തലുകളെ വെല്ലുന്ന വസ്തുതകളാണ് ഇതില്‍ പ്രതിപാദിപ്പിക്കപ്പെടുന്നതെന്ന സവിശേഷതയുമുണ്ട്.
അബ്ബാസീ ഖലീഫ മഅ്മൂനിന്റെ (എ ഡി 786-833) കാലഘട്ടത്തില്‍ ബാഗ്ദാദിലെ ശാസ്ത്രജ്ഞരെ വിളിച്ച് ടോളമിയുടെ ഗ്രന്ഥത്തിലെ വസ്തുതകള്‍ പഠനനിരീക്ഷണത്തിനും പരിശോധനക്കും വിധേയമാക്കി. ഇതിന്റെ ഫലമായാണ് ജുഗ്‌റാഫി (ജിയോഗ്രഫി) എന്ന പഠന ശാഖ തന്നെ ലോകത്ത് പ്രചരിച്ചത്. ഇതിന് ശേഷമാണ് ജുഗ്‌റാഫിക്കും മജ്‌സ്മീക്കും ലോകത്ത് പരിഭാഷ ഉണ്ടായത്. ഹിജ്‌റ 290-ല്‍ അന്തരിച്ച ഇബ്‌നുറുസ്ത് രചിച്ച തഖ്‌വീമുല്‍ ബുല്‍ദാന്‍ എന്ന ഏഴു വാള്യങ്ങളുള്ള കൃതിയാണ് ആധുനിക ഭൂമിശാസ്ത്ര പഠനത്തിന്റെ അടിക്കല്ലായി മാറിയത്. ഇതിന്റെ കൈയെഴുത്തു പ്രതികള്‍ ലണ്ടന്‍ മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ ആകൃതിക്ക് ഏറ്റവും ശരിയായ രൂപം ഇബ്‌നു ഖര്‍ദ്ദാസ് ആണ് ലോകത്തിന് മുമ്പില്‍ വ്യക്തമാക്കിയത്. പ്രപഞ്ചത്തില്‍ ഭൂമി, കോഴിമുട്ടക്ക് ഉള്ളിലെ മഞ്ഞക്കരുവിനെ പോലെയാണ് എന്ന് അദ്ദേഹം വിവരിക്കുന്നു. ഭൂമി പരന്നതാണെന്ന വിശ്വാസത്തെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്യുന്നു. അല്‍മാസിക്ക് എന്ന അദ്ദേഹത്തിന്റെ കൃതി ഹിജ്‌റ 1306-ല്‍ ഹോളണ്ടിലെ ലീഡനില്‍ വെച്ച് ഫ്രഞ്ച് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പ്രമുഖ ഭൂമിശാസ്ത്രജ്ഞനും അറബി സഞ്ചാരിയുമായ യഅ്ഖൂബിയുടെ (എ ഡി 905) പ്രസിദ്ധ കൃതിയാണ് അല്‍ബുല്‍ദ്ദാന്‍ (രാജ്യങ്ങള്‍).
പ്രസിദ്ധ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ജാക്ക് റൈസല്ലര്‍, ഭൂമിശാസ്ത്രത്തിന്റെ യഥാര്‍ഥ ഗുരു ടോളമിയല്ലെന്നും എ ഡി 1099-ല്‍ ജനിച്ച അശ്ശരീഫുല്‍ ഇദ്‌രീസിയെന്ന അറബി ശാസ്ത്രജ്ഞനാണെന്നും തുറന്നെഴുതുന്നു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഈ പണ്ഡിതന്‍ സിസിലിയില്‍ എത്തിയപ്പോള്‍ അവിടുത്തെ രാജാവ് റോജര്‍ രണ്ടാമന്‍ ഈ മഹാശാസ്ത്രജ്ഞനെ തന്റെ നാട്ടില്‍ താമസിക്കാന്‍ ക്ഷണിക്കുകയും ലോകത്തിന്റെ ഗ്ലോബ് നിര്‍മിക്കാന്‍ നാല് ലക്ഷം ദിര്‍ഹം നല്‍കുകയും ചെയ്തു. ഈ അത്ഭുത നിര്‍മിതി കണ്ട റോജര്‍ രണ്ടാമന്‍ അദ്ദേഹത്തിന് ഇരട്ടി പാരിതോഷികം നല്കി. ഇതാണ് പിന്നീട് യൂറോപ്പ്യന്‍മാര്‍ക്ക് ലോകത്തിന്റെ നാനാഭാഗത്തേക്കുമുള്ള യാത്രാ മാര്‍ഗത്തിന് വെളിച്ചമായതെന്ന് പറയപ്പെടുന്നു.
ഇദ്‌രീസിയുടെ നുസ്ഹത്തുല്‍ മുശ്ത്താഖ് എന്ന കൃതി കഴിഞ്ഞ നൂറ്റാണ്ടുവരെ യുറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഭൂമിശാസ്ത്ര പഠനത്തിന്റെ മുഖ്യ അവലംബമായി. ഭൗതിക ഭൂമിശാസ്ത്രം, മാനവിക ഭൂമി ശാസ്ത്രം എന്നിവ പ്രതിപാദിക്കുമ്പോള്‍ ഗ്രീക്കുകാര്‍ക്കും ടോളമിക്കും പറ്റിയ ഭീമാബദ്ധങ്ങള്‍ തെളിവുസഹിതം അല്‍ ഇദ്‌രീസി തുറന്നടിക്കുന്നു. ലോകത്തെ ഏഴ് വന്‍കര ഇഖ്‌ലീം മേഖലകളാക്കി തിരിക്കുന്നത് ആദ്യമായി ഇദ്‌രീസിയാണ്. വന്‍കര (ഖാര്‍റാത്ത്) എന്ന പ്രയോഗം പിന്നീടാണ് ഭാഷയില്‍ ഉണ്ടായത്.
ഇദ്‌രീസിയുടെ ഏഴ് ഇഖ്‌ലീം (വന്‍കര-ഖാര്‍റാത്ത്) പ്രത്യേക മാപ്പും, കൈയെഴുത്ത് പ്രതികളും പാരീസിലെ നാഷണല്‍ ലൈബ്രറി, ഇസ്തംബുളിലെ അയാസോഫിയ്യ ലൈബ്രറി എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഇതിന്റെ പരിഭാഷകളും ഉണ്ട്. ആധുനിക ഭൂമിശാസ്ത്ര പഠനത്തിന് വികാസം നല്കിയ യാഖൂത്തുല്‍ ഹമവിയ്യയുടെ മുഅ്ജമുല്‍ ബുല്‍ദാന്‍ (രാജ്യങ്ങളുടെ വിജ്ഞാനകോശം) എന്ന കൃതി പത്ത് വര്‍ഷത്തെ നിരന്തര പഠനത്തിനുശേഷം രചിച്ചതാണ്. എ ഡി 1331-ല്‍ ഇമാമുദ്ദീന്‍ ഇസ്മാഈലിന്റെ തയ്‌വീമുല്‍ ബുല്‍ദാന്‍ എന്ന കൃതി ഭൂമിശാസ്ത്ര പഠിതാക്കള്‍ക്ക് എന്നും അവലംബകൃതിയാണ്. ഹിജ്‌റ 614-ല്‍ ജനിച്ച ഇബ്‌നുജുബൈറിന്റെ രിഹ്‌ലത്തു ഇബ്‌നു ജുബൈര്‍ എന്ന സഞ്ചാരസാഹിത്യ ഗ്രന്ഥം അമൂല്യമാണ്. 1852-ല്‍ വില്യം റൈറ്റ് ഒരു മുഖവുര സഹിതവും 1907-ല്‍ എം ജെ ഡി ജോര്‍ജ് ഒരു വിശദീകരണ കുറിപ്പോടെയും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അല്‍ബീറൂനി, ഇബ്‌നു ബത്തൂത്ത തുടങ്ങിയവരുടെ എണ്ണമറ്റ അറബി ഭാഷയിലുള്ള ഭൂമിശാസ്ത്ര കൃതികള്‍ ഈ വിഷയങ്ങളിലുള്ള നിധികളാണെന്ന് പണ്ഡിതരും ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നു.
കൊളംബസ് അമേരിക്ക കണ്ടെത്തുന്നതിന്റെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബികള്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ അബൂസാനാ മഹ്മൂദ്ബ്‌നു അബില്‍ ഖാസിം അല്‍ ഇസ്ഫഹാനിയുടെ മസാലിക്കുല്‍ അബ്‌സ്വാര്‍ എന്ന കൃതി മാത്രം വായിച്ചാല്‍ മതിയാകും. പാശ്ചാത്യ പണ്ഡിതന്‍മാര്‍ ഭൂമി പരന്നതോ ഉരുണ്ടതോ എന്ന് ചര്‍ച്ച നടത്തുമ്പോള്‍ അറബി പണ്ഡിതന്‍മാര്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും ഭൂമിഗോളമാണെന്നതില്‍ യാതൊരു സംശയവുമില്ലായിരുന്നു. ഖലീഫ മഅ്മൂന്റെ കാലത്തു തന്നെ ഭൂമിയുടെ ചുറ്റളവ്, ഭൂമധ്യരേഖ, അക്ഷാംശ രേഖ, ധ്രുവാംശം എന്നിവ രേഖപ്പെടുത്തിയതു തന്നെ ഇതിന് തെളിവാണ്. ഈ കാലഘട്ടത്തില്‍ ഭൂമിയുടെ ചുറ്റളവ് 4128 കി.മീ എന്ന് ഗോളശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ കണക്കുമായി ഒത്തു നോക്കുമ്പോള്‍ വളരെ കുറഞ്ഞ ആപേക്ഷിക വ്യത്യാസം മാത്രമേ ഇതിനുള്ളൂ.
എ ഡി 994-ല്‍ കൊര്‍ദോവയില്‍ ജനിച്ച ഇബ്‌നുഹസ്മ്, കവി, ദാര്‍ശനികന്‍, ശാസ്ത്രജ്ഞന്‍, ചരിത്രകാരന്‍, മതപണ്ഡിതന്‍ എന്നീ മേഖലകളില്‍ പ്രസിദ്ധനാണ്. 72 വര്‍ഷത്തെ ജീവിതത്തില്‍ 80,000 പേജുകളിലായി 400 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. എല്ലാത്തിനും ലോകത്തിലെ പ്രധാന ഭാഷകളില്‍ പരിഭാഷകളും ഉണ്ടായിട്ടുണ്ട്.
പടിഞ്ഞാറന്‍ ലോകത്ത് റാസെസ് എന്ന പേരില്‍ അറിയപ്പെടുന്ന വൈദ്യനും രസതന്ത്രജ്ഞനും മതപണ്ഡിതനും തത്വചിന്തകനുമാണ് അബൂബക്കര്‍ ഇബ്‌നു സകരിയ്യ റാസി. ന്യൂറോ സര്‍ജറി, നേത്ര ചികിത്സ തുടങ്ങി ഒട്ടനേകം പ്രതിരോധ സംവിധാനങ്ങള്‍ കണ്ടെത്തിയത് ഇദ്ദേഹമാണ്. 184 കനപ്പെട്ട കൃതികള്‍ രചിച്ച ഇദ്ദേഹമാണ് വസൂരി നിര്‍മാര്‍ജനം ചെയ്യാന്‍ വൈദ്യവിവരണം നല്കിയത്. റാസിയുടെ വിവരണം ലോകം മുഴുവന്‍ പ്രയോഗവത്കരിച്ചത് ഇംഗ്ലീഷുകാരായിരുന്നു. എ ഡി 865-ല്‍ ഇറാനില്‍ ജനിച്ച ഇദ്ദേഹത്തിന്റെ കണ്ടെത്തലുകളെ 1911-ലാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക അംഗീകരിച്ചത്.
10-ാം നൂറ്റാണ്ടില്‍ ജീവിച്ച അല്‍ സഹ്‌റാവി രൂപകല്പന ചെയ്ത ശസ്ത്രക്രിയാ ഉപകരണങ്ങളുടെ മാതൃകയിലുള്ളതാണ് ഇന്ന് നാം ഉപയോഗിക്കുന്നതെന്ന് പറഞ്ഞാല്‍ നാം അതിശയപ്പെടും. കത്തി, അസ്ഥി മുറിക്കാനുള്ള ഉപകരണം, കൊടില്‍, നേത്ര ശസ്ത്രക്രിയക്കുള്ള ചെറിയ കത്രിക കൂടാതെ 200-ലധികം ഉപകരണങ്ങള്‍ ഈ ശാസ്ത്രജ്ഞന്‍ വികസിപ്പിച്ചിട്ടുണ്ട്.
10-ാം നൂറ്റാണ്ടിലെ പ്രകൃതി, ഗണിത, ജ്യോതി ശാസ്ത്രജ്ഞനായ ഇബ്‌നുഹയ്ഥമിന്റെ കിത്താബുല്‍ മനാദ്വിര്‍ പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ആധുനിക ലോകം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ കൃതിയെ അനുസ്മരിച്ചാണ് 2015 അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ആധുനിക ക്യാമറകളുടെ യഥാര്‍ഥ ശില്പി ഇദ്ദേഹമത്രെ. ഖമറ എന്ന അറബി പദത്തിലെ ഇരുണ്ടമുറി എന്നര്‍ഥമുള്ള പദത്തില്‍ നിന്നാണ് ക്യാമറ എന്ന വാക്ക് ഉണ്ടായത്.
എഡ്വേര്‍ഡ് ജന്നര്‍, ലൂയി പാസ്റ്റര്‍ എന്നിവര്‍ പ്രതിരോധ കുത്തിവെപ്പിന്റെ രീതിശാസ്ത്രം യൂറോപ്പില്‍ പ്രചരിപ്പിക്കുന്നതിന്റെ എഴുപത് വര്‍ഷം മുമ്പെങ്കിലും തുര്‍ക്കിയില്‍ ഈ രീതി ഉണ്ടായിരുന്നു. തുര്‍ക്കി ഖിലാഫത്ത് തുടങ്ങുന്നതിന്റെ മുമ്പ് തന്നെ വസൂരി രോഗത്തിന് പശുവില്‍ നിന്നെടുക്കുന്ന ‘ഇപോക്ക്‌സ്’ എന്ന പ്രതിരോധ ദ്രാവകലായനി ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ ഇതറിയുന്നത് 1724-ല്‍ ഇസ്തംബൂളിലെ ബ്രിട്ടീഷ് അമ്പാസിഡറുടെ പത്‌നിക്ക് വസൂരിക്ക് ചികിത്സ ലഭിച്ചപ്പോഴാണ്. പിന്നീട് ഇത് ലണ്ടനില്‍ പ്രചരിച്ചു. തുടര്‍ന്ന് യൂറോപ്പില്‍ വ്യാപകമായി ഈ രീതി പിന്തുടര്‍ന്നു.
വിമാനം കണ്ടുപിടിച്ചത് റൈറ്റ് സോഹദരന്മാരെന്ന് പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ ഇന്നത്തെ ബഗ്ദാദ് ഉള്‍പ്പെടുന്ന നഗരത്തില്‍ എ ഡി 852-ല്‍ കവിയും എഞ്ചിനീയറും ജ്യോതിശാസ്ത്രജ്ഞനുമായ അബ്ബാസുബ്‌നു ഫിര്‍ന്നാസ് റൈറ്റ് സഹോദരന്മാരെക്കാള്‍ ആയിരം വര്‍ഷം മുമ്പുതന്നെ ബഗ്ദാദിലെ ഗ്രാന്റ് മസ്ജിദില്‍ നിന്ന് മരക്കഷ്ണങ്ങള്‍ ചേര്‍ത്ത് ആകാശ സഞ്ചാരം നടത്തിയിരുന്നു.
ഗണിത ശാസ്ത്രത്തിന് ചിഹ്നങ്ങളും അക്കങ്ങളും അടയാളങ്ങളും രൂപപ്പെടുത്തിയത് അല്‍ ഖവാരിസ്മിയും അല്‍ കിന്തിയുമാണ്. അല്‍ ഖവാരിസ്മിയാണ് ഗണിത ശാസ്ത്രത്തെ മൂന്ന് ഭാഗങ്ങളാക്കി മാറ്റിയത്. അല്‍ഹിസാബ് (അങ്കഗണിതം), അല്‍ജബ്ര്‍ (ബീജ ഗണിതം) അല്‍ ഹന്‍ദസ (ക്ഷേത്ര ഗണിതം) എന്നിവ വികസിപ്പിച്ചു. ഇന്ത്യന്‍ അക്കങ്ങളെ ആസ്പദമാക്കി അല്‍ഖവാരിസ്മി തയ്യാറാക്കിയ അല്‍ജംഉ വത്തഫ്‌രീഖു ബി ഹിസാബില്‍ ഹിന്ദ് (സങ്കലന വ്യവകലനങ്ങള്‍ ഇന്ത്യന്‍ അങ്ക ഗണിതത്തില്‍) എന്ന കൃതി പ്രസിദ്ധമാണ്.
ഭൂമിയില്‍ നിന്ന് നക്ഷത്രങ്ങളിലേക്കുള്ള ദൂരം കണക്കാക്കുന്ന വിധവും ആസ്‌ട്രോലാബിന്റെ ഉപയോഗവും വിവരിക്കുന്ന സീജുല്‍ ഖവാരിസ്മി, ടോളമിയുടെ (അറബിയില്‍ ബത്ത്‌ലീമൂസ്) അഭിപ്രായങ്ങളെ വ്യാഖ്യാനിച്ച് എഴുതിയ തഖ്‌വീവുല്‍ ബുര്‍ദാന്‍, അല്‍ ഖവാരിസ്, ആധുനിക ഗണിതശാസ്ത്ര ലോകത്തിന് മുതല്‍ക്കൂട്ടായ അല്‍ജബ്ര്‍ വല്‍ മുഖാബല എന്ന പേരില്‍ അറിയപ്പെടുന്ന അല്‍ജിബ്ര തുടങ്ങിയ പഠന മേഖലകളിലെല്ലാം അല്‍ഖവാരിസ്മി മൗലികമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ ജോമട്രി, മാത്തമാറ്റിക്‌സ്, അസ്‌ട്രോണമി, സംഗീതം തുടങ്ങിയ ഒട്ടനേകം വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ കൃതികള്‍ അറബി ഭാഷയില്‍ നിന്ന് മൊഴിമാറ്റം നടന്നിട്ടുണ്ട്.
അബ്ബാസിയ ഖലീഫ മഅ്മൂനിന്റെ (എ ഡി 813-833) കാലത്താണ് സിന്ദ്-ഹിന്ദ്-സഗീര്‍ എന്ന ജ്യോതിഷ പഞ്ചാംഗം നിര്‍മിച്ചത്. എ ഡി 1126-ല്‍ ഈ ഗ്രന്ഥം ലത്തീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 12-ാം നൂറ്റാണ്ടില്‍ തന്നെ അല്‍ജിബ്ര ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. എന്നാല്‍ 1831-ല്‍ എഫ് – റോസ് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചതോടെയാണ് എഞ്ചിനീയറിംഗ് ടെക്‌നോളജിയിലെ കുതിപ്പുകള്‍ക്ക് യൂറോപ്പിന് സഹായകമായത്.
അറബിഭാഷയിലെ ഈ വൈജ്ഞാനിക ധാര തിരിച്ചറിഞ്ഞാണ് 11-ാം നൂറ്റാണ്ടു മുതല്‍ അറബി ഭാഷ പഠനത്തിനായി തങ്ങളുടെ നാടുകളില്‍ മദ്‌റസകള്‍ (കലാലയം) സ്ഥാപിച്ചത്. ഇങ്ങനെ യൂറോപ്പിലും ജപ്പാനിലുമടക്കം കേവലം അറബി അക്ഷരം പഠിപ്പിക്കാന്‍ സ്ഥാപിതമായ മദ്‌റസകള്‍ കോളെജുകളും യൂണിവേഴ്‌സിറ്റികളുമായി മാറി. ഇതിന് ഉദാഹരണമാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി. ഇരുപതാം നൂറ്റാണ്ടിലെ വിശ്രുത ചരിത്രകാരനായി ഗണിക്കപ്പെടുന്ന മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവി എറിക്ക് ഹോബ്‌സ്ബാം, വിജ്ഞാന മേഖലയിലെ കുലപതി എന്ന് വിശേഷിപ്പിക്കുന്ന ഇബ്‌നു ഖല്‍ദൂന്റെ കൃതികള്‍ക്ക് സമാനതകളില്ലെന്ന് വ്യക്തമാക്കുകയുണ്ടായി.
അബൂസൈദ് അബ്ദുറഹ്മാന്‍ ഇബ്‌നു മുഹമ്മദുബ്‌നു ഖല്‍ദൂന്‍ എന്ന 14-ാം നൂറ്റാണ്ടുകാരന്റെ കൃതികളുടെ സ്വാധീനം, ആഗസ്റ്റെ കോംതെയുടെ സോഷ്യോളജി സിദ്ധാന്തങ്ങളിലും സ്‌പെന്‍ഷര്‍ എമിലി ഡര്‍ഫിന്‍, കാറല്‍ മാര്‍ക്‌സ്, സിഗ്മണ്ട് ഫ്രോയിഡ് തുടങ്ങി ഒട്ടനേകം ചരിത്ര, മനശ്ശാസ്ത്ര സാമ്പത്തിക പണ്ഡിതരുടെ കൃതികളിലും നേര്‍ക്കു നേരെ സ്വാധീനിച്ചതു കാണാന്‍ സാധിക്കും. റോബര്‍ട്ട് ഫഌന്റിനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ഇത്തരം വസ്തുതകള്‍ ആഴത്തില്‍ വ്യക്തമാക്കുന്നുണ്ട്. അല്‍ഇബ്ര്‍ വ ദീവാനുല്‍ മുബ്ത്തദഉവല്‍ ഖബര്‍ എന്ന ഏഴു വാള്യങ്ങളുള്ള കൃതിയുടെ ആമുഖമാണ് ‘മുഖവുര’ എന്നര്‍ഥമുള്ള മുഖദ്ദിമ എന്ന ഗ്രന്ഥം. (മലയാളത്തില്‍ 1984-ല്‍ മാതൃഭൂമിയും പിന്നീട് ഡി സി ബുക്‌സും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവിയാണ് ഭാഷാന്തരം നടത്തിയത്)
പ്ലാറ്റോ, അരിസ്റ്റോട്ടില്‍, അഗസ്റ്റയ്‌നോ തുടങ്ങിയവരുടെ കൃതികള്‍ ഖല്‍ദൂനിന്റെ കൃതികള്‍ക്ക് മുമ്പില്‍ നിഷ്പ്രഭമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. സാമൂഹ്യ ശാസ്ത്രജ്ഞനും ഫിലോസഫറുമായ ഇബ്‌നു ഖല്‍ദൂന്‍ എന്ന കൃതിയില്‍ ഡോ. സ്മിത്ത് ഇതിന് അടിവരയിടുന്നു. ഈ പ്രസ്താവനക്ക് ശക്തി പകരുന്നതാണ് ഇടതുപക്ഷ ചിന്തകന്‍  1997-ല്‍ എഴുതിയ ഓണ്‍ ഹിസ്റ്ററി എന്ന കൃതിയുടെ മുഖവുര. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലായി മുഖദ്ദിമ പരിഭാഷപ്പെടുത്താത്ത യൂറോപ്യന്‍ ഭാഷകളില്ല. അറബി ഭാഷയിലുള്ള ഈ കൃതിയുടെ വിവര്‍ത്തനത്തെ തുടര്‍ന്ന് ഏറ്റവും ചുരുങ്ങിയത് 430-ലധികം പഠന ഗ്രന്ഥങ്ങള്‍ ലോക ഭാഷകളില്‍ ഉണ്ടായിട്ടുണ്ട്. ആധുനിക ജര്‍മന്‍ ശാസ്ത്രജ്ഞനായ എസ് വാര്‍ഡന്‍ മുഖദ്ദിമയിലെ ഒരു അധ്യായത്തെ അധികരിച്ച് നടത്തിയ പഠനത്തിലാണ് ഡോക്ടറേറ്റ് നേടിയത്.
ആധുനിക സാഹിത്യത്തിന് അറബി ഭാഷ നല്കിയ സേവനങ്ങള്‍ ചെറുതല്ല. അറബി ഭാഷയുടെ സ്വാധീനമില്ലാത്ത ഭാഷകള്‍ കുറവാണെന്ന് പറയപ്പെടുന്നു. അറബി സാഹിത്യത്തിലെ മഖാമാത്തുകളാണ് ഇംഗ്ലീഷ് സാഹിത്യത്തിലെ ചെറുകഥ പ്രസ്ഥാനമായി വികസിച്ചത്. മഖാമാത്തിന്റെ തുടക്കക്കാര്‍ ഹരീരിയും അബുല്‍ഹര്‍ജുല്‍ അസ്ഫഹാനിയെ പോലുള്ളവരുമായിരുന്നു.  എ ഡി 1039-ല്‍ ജനിച്ച ഗിയാസുദ്ദീന്‍ അബുല്‍ഫത്താഹ് ഉമര്‍ ഖയ്യാം രചിച്ച റുബാഇയ്യാത്ത് ചങ്ങമ്പുഴ മലയാളത്തില്‍ മദിരോത്സവം എന്ന പേരിലും കെ എം പണിക്കര്‍ രസികരാസായനം എന്ന പേരിലും ജി ശങ്കരക്കുറുപ്പ് വിലാസലഹരി എന്ന പേരിലും എം പി അപ്പന്‍ ജീവിതോത്സവം എന്ന പേരിലും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
അറബി ഭാഷാ സ്വാധീനം ആധുനികവും പൗരാണികവുമായ ഭാഷകളില്‍ കാണാം. ഭാഷകളെ മാത്രമല്ല, ജീവിത വിതാനങ്ങളെ ഉയര്‍ത്തുന്നതിലും മാനവിക സമുദ്ധാരണത്തിലും ശാസ്ത്രീയ ബോധം വളര്‍ത്തുന്നതിലും അറബി ഭാഷ വഹിച്ച പങ്ക് വളരെ കൂടുതലാണ്. മാതൃഭൂമി ബുക്‌സ് 2013-ല്‍ പ്രസിദ്ധീകരിച്ച എം പി വീരേന്ദ്ര കുമാറിന്റെ ഡാന്യൂബ് സാക്ഷി എന്ന കൃതിയില്‍ ചിലത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഡോ. സി കെ രാമചന്ദ്രന്‍ ഇസ്‌ലാമിന്റെ ചരിത്ര പാതയിലൂടെ പതിനാല് നൂറ്റാണ്ട് എന്ന പ്രഫ. മുഹമ്മദ് കുട്ടശ്ശേരി രചിച്ച കൃതിയുടെ അവതാരികയില്‍ റോബര്‍ട്ട് ബ്രിഹാര്‍ട്ടിനെ ഉദ്ധരിക്കുന്നത് കാണുക: ”നമ്മുടെ ശാസ്ത്രത്തിന് അറബികളോടുള്ള കടപ്പാട് അവര്‍ നടത്തിയ അത്ഭുതകരങ്ങളായ കണ്ടുപിടുത്തങ്ങളും അവരാവിഷ്‌ക്കരിച്ച തത്വങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെ അസ്തിത്വം തന്നെ ഇസ്‌ലാമിനോട് കടപ്പെട്ടിരിക്കുന്നു.