Thursday
19
October 2017

ഇന്ത്യയുടെ തൊഴില്‍, വാണിജ്യ രംഗത്തെ വളര്‍ച്ചക്ക് അറബ് രാജ്യങ്ങളുമായുള്ള ബന്ധം അനിവാര്യം ലീഗ് ഓഫ് ഇന്‍ഡോ-അറബ് റിലേഷന്‍സ

admin

കോഴിക്കോട്: ഇന്ത്യയുടെ തൊഴില്‍ – വാണിജ്യ രംഗങ്ങളിലെ വളര്‍ച്ചക്കും അഭിവൃദ്ധിക്കും അറബ് രാജ്യങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് കോഴിക്കോട്ട് നടന്ന ലീഗ് ഓഫ് ഇന്‍ഡോ – അറബ് റിലേഷന്‍സ് പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്‍ഡോ – അറബ് മേഖലയില്‍ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന വാണിജ്യബന്ധം സാംസ്‌കാരിക കൈമാറ്റത്തിന് നിമിത്തമായിട്ടുണ്ട്. ഈ വിനിമയത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഉഭയ കക്ഷി ബന്ധങ്ങളില്‍ കൂടുതല്‍ ദൃഢത ഉറപ്പു വരുത്തണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ചെന്നൈ വി എസ്  അബ്ദുറഹ്മാന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. വി എം പെരിയസാമി പ്രഖ്യാപനം നിര്‍വഹിച്ചു. ലീഗ് ഓഫ് ഇന്‍ഡോ – അറബ് റിലേഷന്‍സ് സെക്രട്ടറി ജനറല്‍ ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിച്ചു. അറബി കവിതാ  രംഗത്ത് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്കിയ കോട്ടൂര്‍ അലവിക്കുട്ടി മൗലവി, അറബി ഭാഷാ അധ്യയന രംഗത്ത് ദീര്‍ഘ കാല സേവനമനുഷ്ഠിച്ച ഗോപാലിക അന്തര്‍ജനം എന്നിവരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ആദരിച്ചു. കന്യാകുമാരി നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റിയിലെ ഡോ. ഷബ്‌നം, ഹൈദരാബാദിലെ ഇന്‍ഡോ അറബ് ഫ്രന്റ്ഷിപ്പ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജാബിര്‍ പട്ടേല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി പഠനവകുപ്പ് മേധാവി ഡോ. എ ബി മൊയ്തീന്‍ കുട്ടി, മുട്ടില്‍ ഡബ്ല്യൂ എം ഒ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എം സ്വലാഹുദ്ദീന്‍ മദനി, ഡോ. ഇ കെ അഹ്മദ്കുട്ടി, പ്രൊഫ. യു പി യഹ്‌യാഖാന്‍, ജാബിര്‍ അമാനി എന്നിവര്‍ സംസാരിച്ചു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക വിദഗ്ധരും ഗവേഷണ വിദ്യാര്‍ഥികളും ഉള്‍ക്കൊള്ളുന്നതാണ് ലീഗ് ഓഫ് ഇന്‍ഡോ അറബ് റിലേഷന്‍സ്.