Sunday
21
January 2018

പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ഒരു ജ്ഞാനയോഗി

മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

”ഒരിക്കല്‍ ഒരു അര്‍ധരാത്രി സി എച്ചും സീതിഹാജിയും ചന്ദ്രികയില്‍ കയറി വന്നു. സി എച്ച് അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഒരു ലീഗ് സമ്മേളനത്തില്‍ പ്രസംഗിച്ച ശേഷമാണ് സ്റ്റേറ്റ് കാറില്‍ അദ്ദേഹം ചന്ദ്രികയില്‍ എത്തിയത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന എന്നെ വിളിച്ച് സി എച്ച് യോഗത്തിന്റെ വാര്‍ത്ത തന്നു. അബ്ദുസ്സലാം മൗലവിയുടെ പ്രസംഗം സ്വന്തം കൈപ്പടയില്‍ കേരള വിദ്യാഭ്യാസമന്ത്രി എഴുതി തയ്യാറാക്കി പ്രസിദ്ധീകരണത്തിനുവേണ്ടി കൊണ്ടുവന്നതാണ്. ആദര്‍ശ വിശുദ്ധമായ ആ ആത്മബന്ധം എത്ര ദൃഢമായിരുന്നു എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി.” ചന്ദ്രിക പത്രാധിപരായിരുന്ന റഹീം മേച്ചേരി, മര്‍ഹൂം എന്‍ വി അബ്ദുസ്സലാം മൗലവിയെ അനുസ്മരിച്ചുകൊണ്ട് എഴുതിയതാണ് ഈ വരികള്‍.
ഇന്നത്തെ തലമുറയെ സംബന്ധിച്ച് അവിശ്വസനീയമാണ് ഇത്തരമൊരു സംഭവം. എന്നാല്‍ നമ്മുടെ പൂര്‍വിക നേതാക്കളുടെ സത്യസന്ധതയും വിനയവും ഔന്നത്യവും സങ്കല്പാതീതമായിരുന്നു. ആ മഹത്തുക്കളുടെ ഓര്‍മകളും ചരിത്രവും നിരന്തരം ഓര്‍ത്തും ഓര്‍മിപ്പിച്ചും കൊണ്ടുമാത്രമേ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന നമ്മുടെ കാലത്തെ അല്പമെങ്കിലും ശുദ്ധീകരിക്കാന്‍ സാധിക്കൂ. മാതൃകാധന്യരായ പൂര്‍വസൂരികളുടെ ചരിത്ര സ്മൃതികള്‍ക്ക് നവോത്ഥാനത്തിന്റെ ഉത്തേജന മൂല്യമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരി രചിച്ച ‘എന്‍ വി അബദുസ്സലാം മൗലവി’യുടെ ജീവചരിത്രം. കേരളത്തിലെ വിശിഷ്യാ മലബാറിലെ മുസ്‌ലിം സാമൂഹ്യ ജീവിതത്തിന് ഭദ്രമായ അടിത്തറ പാകിയ നേതാക്കളില്‍ എന്തുകൊണ്ടും മുന്‍നിരയില്‍ നില്ക്കുന്ന എന്‍ വി അബ്ദുസ്സലാം മൗലവിയുടെ ജീവചരിത്രം, ആ മഹാനായ നേതാവിന്റെ ദീര്‍ഘദര്‍ശിത്വവും പാണ്ഡിത്യ ഗരിമയും വളരെ കുറഞ്ഞ വാക്കുകളില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.
അരീക്കോട് നൊട്ടന്‍വീടന്‍ മമ്മദിന്റെയും ഒഴുകൂര്‍ സ്വദേശി ബീരാന്‍ മുസ്‌ലിയാരുടെ മകള്‍ താച്ചുമ്മയുടെയും പുത്രനായി 1913-ലാണ് എന്‍ വി അബ്ദുസ്സലാം മൗലവി ജനിച്ചത്. പരമ്പരാഗത മതപഠനത്തോടൊപ്പം അക്കാലത്ത് ലഭ്യമായ മികച്ച ഭൗതിക വിദ്യാഭ്യാസം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. മലപ്പുറം ഗവ. മുസ്‌ലിം ഹൈസ്‌കൂള്‍, കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം, തലശ്ശേരി ബ്രണ്ണന്‍ കോളെജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ലഭിച്ച അവസരത്തിലൂടെ, ഭൗതിക വിജ്ഞാനീയങ്ങളിലും അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലും വ്യുല്‍പത്തി നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1935-ല്‍ അരീക്കോട് ബ്രാഞ്ച് പോസ്റ്റ്മാസ്റ്ററായും 1941-ല്‍ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ഗുമസ്തനായും സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചിരുന്നുവെങ്കിലും തന്റെ വഴി അതല്ലെന്ന് തിരിച്ചറിഞ്ഞ് ജോലി രാജിവെച്ച് സമുദായ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുകയായിരുന്നു.
മലബാറിലെ ഏറ്റവും വിദ്യാസമ്പന്നരുടെ പ്രദേശമാണ് അരീക്കോട്. ഈ വിദ്യാഭ്യാസ വിപ്ലവത്തിലേക്ക് നയിച്ച സാമൂഹിക പ്രബുദ്ധത സൃഷ്ടിച്ചത് മഹാനായ അബ്ദുസ്സലാം മൗലവിയുടെ കാഴ്ചപ്പാടും കര്‍മകുശലതയുമാണ്. അതിന് അദ്ദേഹം വെളിച്ചം സ്വീകരിച്ചതാകട്ടെ, വിശുദ്ധ ഖുര്‍ആനില്‍ നിന്നും. കേരളത്തില്‍ ‘ഖുര്‍ആന്‍ ക്ലാസ്’ ഒരു പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുകയും ജനകീയമാക്കുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. സ്വന്തം നാട്ടില്‍ മാത്രമല്ല, കോഴിക്കോട്ടും തുടര്‍ച്ചയായ ഖുര്‍ആന്‍ ക്ലാസുകളിലൂടെ ഒരു വിപ്ലവപ്രസ്ഥാനം അദ്ദേഹം നിര്‍മിച്ചെടുത്തു. സാമൂഹ്യ നിബദ്ധമല്ലാത്തതും ആധുനിക വിജ്ഞാനങ്ങളുടെ അകമ്പടിയില്ലാത്തതും യുക്തി ശൂന്യവുമായ വ്യാഖ്യാനങ്ങളില്‍ തളച്ചിട്ട്, പലപ്പോഴും കേവല പാരായണ ഗ്രന്ഥമാക്കി ഖുര്‍ആനെ പരിമിതപ്പെടുത്തിയ പാരമ്പര്യവാദികളില്‍ നിന്ന് മോചിപ്പിച്ച് അദ്ദേഹം ഖുര്‍ആനിനെ ജനങ്ങള്‍ക്ക് നല്കി. പല ആവര്‍ത്തികളിലായി പലേടത്തും അദ്ദേഹം പഠിപ്പിച്ച ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്കു ആലേഖനം ചെയ്യാന്‍ സാധിച്ചിരുന്നുവെങ്കില്‍ മഹത്തായ ഒരു ആധുനിക ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം നമുക്ക് ലഭിച്ചേനെ! അദ്ദേഹം ഖുര്‍ആനെ സമീപിച്ചത് ആഴത്തിലുള്ള വൈജ്ഞാനികമായ ഉള്‍ക്കാഴ്ചയോടെയാണ്. ആ ഉള്‍ക്കാഴ്ച പ്രസരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ കര്‍മ മണ്ഡലങ്ങള്‍. മൗലവി സ്ഥാപിച്ചു വളര്‍ത്തിയ അരീക്കോട്ടെ ജംഇയ്യത്തുല്‍ മുജാഹിദീനാണ് പില്ക്കാലത്ത് കേരളമാകെ മാറ്റത്തിന്റെ തിരയിളക്കം സൃഷ്ടിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ മാതൃക എന്ന് വിശേഷിപ്പിച്ചാല്‍ ഒട്ടും അതിശയോക്തിയാകില്ല. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍, അതിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി എന്‍ വി അബ്ദുസ്സലാം മൗലവി തെരഞ്ഞെടുക്കപ്പെട്ടത് ആ സംഘാടന പരിചയത്തിന്റെ കൂടി ബലത്തിലായിരുന്നു.
എന്‍ വി അബ്ദുസ്സലാം മൗലവിയുടെ കര്‍മ മണ്ഡലത്തിന്റെ ഒരു ഭാഗം സമുദായത്തിന്റെ മതപരവും സാമൂഹ്യവുമായ ഉത്ഥാനത്തിനുവേണ്ടിയായിരുന്നു. ഖുര്‍ആന്‍ ക്ലാസുകളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മുജാഹിദ് സംഘടനാ പ്രവര്‍ത്തനങ്ങളും ആ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നു. എന്നാല്‍ അതില്‍ നിന്ന് ഒട്ടും പ്രാധാന്യം കുറയാതെ തന്നെ രാഷ്ട്രീയ രംഗത്തും അദ്ദേഹം സജീവമായി. വിഭജനാനന്തരം ഇന്ത്യയില്‍ മുസ്‌ലിംലീഗിന്റെ പ്രസക്തിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ പുറപ്പെട്ട സന്ദര്‍ഭത്തില്‍, സൈദ്ധാന്തികവും പ്രായോഗികവുമായ ന്യായവാദങ്ങള്‍ നിരത്തി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ അവകാശ സംരക്ഷണത്തിന് ലീഗ് പുനസ്സംഘടിപ്പിക്കണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ച ചേരിയുടെ അമരത്ത് അബ്ദുസ്സലാം മൗലവി ഉണ്ടായിരുന്നു. ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബ്, കെ എം സീതി സാഹിബ് തുടങ്ങിയ സമുന്നത നേതാക്കളുമായി അദ്ദേഹം തന്റെ ആശയങ്ങള്‍ പങ്കിട്ടു. തുടര്‍ന്ന് ഇന്ത്യയില്‍ മുസ്‌ലിംലീഗ് പുനസ്സംഘടിപ്പിക്കപ്പെട്ടപ്പോള്‍, കേരളത്തില്‍ അതിന് ബുദ്ധിപരവും മതപരവുമായ മാര്‍ഗനിര്‍ദേശം നല്കാന്‍ സര്‍വാംഗീകൃതനായി അബ്ദുസ്സലാം മൗലവിയാണ് ഉണ്ടായിരുന്നത്. ബാഫഖി തങ്ങള്‍ പ്രസിഡന്റായിരുന്നപ്പോള്‍ മലബാര്‍ മുസ്‌ലിം ലീഗിന്റെയും സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റിയുടെയും ഉപാധ്യക്ഷന്‍ മൗലവി ആയിരുന്നു.
മുജാഹിദ് പ്രസ്ഥാനത്തിന്റെ ധീരനായ നേതാവും പണ്ഡിതനുമായിരിക്കുമ്പോള്‍ തന്നെ, മുസ്‌ലിംലീഗിന്റെ നേതാവായിരിക്കുന്നതില്‍ മൗലവി അസാംഗത്യം കണ്ടില്ലെന്നു മാത്രമല്ല, പരസ്പരം പൂരകമായി ആ പ്രവര്‍ത്തന മേഖലകളെ അദ്ദേഹം സ്വജീവിതത്തില്‍ സമന്വയിപ്പിക്കുകയും ചെയ്തു. സമുദായത്തിനകത്തെ മതസംഘടനകള്‍, വെവ്വേറെ സംഘടിച്ച് അകന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, അബ്ദുസ്സലാം മൗലവിയും സുന്നി വിശ്വാസാചാരങ്ങളില്‍ ഉറച്ചുനില്ക്കുന്ന മുസ്‌ലിംലീഗിലെ സഹപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത വിസ്മയിപ്പിക്കുന്നതാണ്. മുസ്‌ലിംലീഗിന്റെ നേതൃയോഗങ്ങളില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ള അബ്ദുസ്സലാം മൗലവിയുടെ നിലപാട് വിശദീകരണത്തെ എല്ലാവരും ആദരവോടെ അംഗീകരിച്ചു. ഹൈദരാബാദ് ആക്ഷന്‍ കാലത്ത് ലീഗ് നേതാക്കള്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ ആ കൂട്ടത്തില്‍ മൗലവിയുമുണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ ജയിലിലും മൗലവി ഖുര്‍ആന്‍ ക്ലാസ് മുടക്കിയില്ല. സഹതടവുകാരനായ പൂക്കോയ തങ്ങള്‍ ആ ക്ലാസില്‍ പഠിതാവായിരുന്നു.
മതത്തെ യുക്തിപൂര്‍വം സമീപിക്കുകയും വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളെ അതിന്റെ സന്ദര്‍ഭത്തെ അടിസ്ഥാനപ്പെടുത്തി വ്യാഖ്യാനിക്കുകയും ചെയ്യണമെന്ന പക്ഷക്കാരനായിരുന്നു മൗലവി. പ്രമാണങ്ങളെ കേവലം അക്ഷരങ്ങളില്‍ ഒതുക്കി നിര്‍ത്തി, വ്യാഖ്യാന സാധ്യതകളെ നിഷേധിക്കുന്ന സമകാലിക പ്രവണത മൗലവിയുടെ ചിന്തയുമായി യോജിക്കുന്നതല്ല. അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍, താന്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്ന പണ്ഡിതരില്‍ ഒന്നാമനായി സയ്യിദ് റശീദ് രിദായെയാണ് എടുത്തുപറഞ്ഞത്. രിദായുടെ യുക്തിഭദ്രമായ ഖുര്‍ആന്‍ വ്യാഖ്യാന സമ്പ്രദായമാണ് മൗലവിയും തന്റേതായ രീതിയില്‍ വിപുലീകരിക്കാന്‍ ശ്രമിച്ചത്. സമൂഹത്തെ മുന്നോട്ട് നയിക്കാനും പ്രബുദ്ധമായി വളര്‍ത്താനും ഒട്ടും ഉതകാത്ത അനാവശ്യ വിവാദങ്ങള്‍ക്കു പിന്നാലെ പോകാന്‍ മൗലവി ഉദ്യുക്തനായിരുന്നില്ല.
എന്‍ വി അബ്ദുസ്സലാം മൗലവി എന്ന മഹാനായ ധിഷണാശാലി 1997-ലാണ് ഇഹലോകവാസം വെടിഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ഒന്നര പതിറ്റാണ്ട് പിന്നിട്ടെങ്കിലും മൗലവിയുടെ സമ്പൂര്‍ണമായ ഒരു ജീവചരിത്രം ഇനിയും വിരചിതമായിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ ശൂന്യതയെ തെല്ലെങ്കിലും നികത്തുന്നതാണ് പി മുഹമ്മദ് കുട്ടശ്ശേരിയുടെ ഈ ലഘുകൃതി. ഗ്രന്ഥകാരന്‍ തന്നെ ആമുഖത്തില്‍ സൂചിപ്പിച്ച പോലെ, ഈ കൃതി എന്‍ വി അബ്ദുസ്സലാം മൗലവിയുടെ അനുഭവ സാഗരത്തിന്റെ ഒരു മേല്‍പ്പരപ്പ് മാത്രമാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും കര്‍മമണ്ഡലത്തിന്റെയും ചിന്തയുടെയും ദര്‍ശനങ്ങളുടെയും ആഴക്കടലിലേക്ക് വിപുലമായ സഞ്ചാരങ്ങള്‍ ഇനിയും ആവശ്യമുണ്ട്. ഗ്രേസ് ബുക്‌സിന്റെ ‘നേതൃസ്മൃതി’ പരമ്പരയില്‍ ഉള്‍പ്പെടുത്തി, ഈ ലഘു ജീവചരിത്രം പുറത്തുകൊണ്ടുവന്നതില്‍ പ്രസാധകരെ അഭിനന്ദിക്കാതെ വയ്യ. വെറും പത്ത് അധ്യായങ്ങളില്‍ 120 പേജുകള്‍ മാത്രം വരുന്ന ഈ ലഘുജീവചരിത്രം ഒറ്റയിരിപ്പിന് വായിക്കാം. എന്‍ വി അബ്ദുസ്സലാം മൗലവിയെക്കുറിച്ച് ഒരു സാമാന്യ ധാരണ നല്കാന്‍ ഈ പുസ്തകം ധാരാളം മതി. ജീവചരിത്രത്തിനു പുറമെ, മൗലവിയുടെ വിലപ്പെട്ട ചില ലേഖനങ്ങളും അദ്ദേഹത്തെ കുറിച്ച് എഴുതപ്പെട്ട അനുസ്മരണങ്ങളും മറ്റു ചില രേഖകളും കൂടി അനുബന്ധമായി ചേര്‍ത്തത് ഉചിതമായി. ഈ കൃതിയുടെ ചുവട് പിടിച്ച്, എന്‍ വി അബ്ദുസ്സലാം മൗലവിയുടെ ഒരു വിപുലമായ ജീവചരിത്രം എഴുതപ്പെട്ടെങ്കില്‍ എന്നാശിക്കുന്നു.