Saturday
21
July 2018

തൃക്കാക്കര ദര്‍സും റാത്തീബും

admin

ചെമ്മങ്കുഴി പള്ളിദര്‍സില്‍ ഓതിയ സമയത്ത് കര്‍ഷകനായ മൂത്താപ്പയുടെ വീട്ടിലെ കന്നുകാലികളെ പരിചരിക്കുന്ന ജോലിയും ഞാന്‍ ചെയ്തിരുന്നു. കന്നുകാലികളെ നോക്കാനായി കുറെ ജോലിക്കാര്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ക്കുള്ള ഭക്ഷണവും താമസസൗകര്യവും മൂത്താപ്പ വീട്ടില്‍ തന്നെ ഏര്‍പ്പാടാക്കി. ആ പണിക്കാരോടൊപ്പമായിരുന്നു എന്റെയും താമസം.
ശക്തമായ മഴയുള്ള ഒരു ദിവസം. ഞാന്‍ കാലികളെ നോക്കുകയാണ്. അകന്ന ബന്ധത്തിലുള്ള മൂത്താപ്പയുടെ മകന്‍ ചാത്തന്‍കുളം ബാപ്പുട്ടി മുസ്‌ലിയാര്‍ ആ വഴി കടന്നുവന്നു. ഞാന്‍ പള്ളിയില്‍ ഓതുന്ന വിവരം അദ്ദേഹത്തിന്നറിയാമായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു: ”കുട്ടീ, നീ ഇങ്ങനെ നില്‌ക്കേണ്ടവനല്ലല്ലോ? ഞാന്‍ നിന്നെ ദൂരെ ഒരു ദര്‍സില്‍ കൊണ്ടുപോയി ചേര്‍ത്തിക്കൊള്ളാം.” ചേരാമെന്ന് ഞാന്‍ സമ്മതിക്കുകയും ചെയ്തു. നാട്ടില്‍ നിന്ന് വിട്ട് എന്റെ ആദ്യത്തെ ദര്‍സ് പഠനത്തിനുള്ള വാതില്‍ അവിടെ തുറക്കപ്പെടുകയായിരുന്നു.
മലപ്പുറം ജില്ലയിലെ മഞ്ചേരി ആനക്കയത്തിനടുത്തുള്ള പെരിമ്പലം പള്ളിയിലും മദ്‌റസയിലും ഓതുകയും അവിടെ ജോലി ചെയ്യുകയും ചെയ്തിരുന്നു അദ്ദേഹം. അതിനടുത്തുള്ള ആമക്കാട് പള്ളിയിലെ ചെറിയ ഒരു ദര്‍സിലാണ് എന്നെ ചേര്‍ത്തത്. പെരിമ്പലം പള്ളിയിലെ ദര്‍സ് അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു. പെരിമ്പലം പ്രദേശം പ്രഗത്ഭരായ മതപണ്ഡിതന്മാരുടെ ജന്മനാടായിരുന്നു. ജവാഹിറുല്‍ അശ്ആര്‍ എന്ന പ്രസിദ്ധ അറബി കാവ്യസമാഹാരത്തിന്റെ കര്‍ത്താവായ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ ജന്മദേശം പെരിമ്പലമാണ്. അലവി മുസ്‌ലിയാരായിരുന്നു ആമക്കാട് പള്ളിദര്‍സില്‍ എന്നെ പഠിപ്പിച്ചിരുന്നത്. നല്ല പ്രായമുള്ളയാളായിരുന്നു അദ്ദേഹം. കുറച്ചു കാലം മാത്രമേ ഞാന്‍ ആമക്കാട് ദര്‍സില്‍ ഓതിയുള്ളൂ. പിന്നീട് ചെമ്മങ്കുഴി ദര്‍സിലേക്കു തന്നെ മടങ്ങി.
അക്കാലത്ത് ചെമ്മങ്കുഴി ദര്‍സില്‍ എന്റെ കൂടെയുണ്ടായിരുന്നത് കോട്ടേപാടം കുഞ്ഞലവി മുസ്‌ലിയാര്‍, ഏനു മുസ്‌ലിയാര്‍, കൊടുമുണ്ട മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു. ദര്‍സിലെ ഒരു മുദര്‍രിസായിരുന്ന ഉമര്‍ മുസ്‌ലിയാരുടെ സഹോദരന്റെ മകന്‍ ഉണ്ണീന്‍കുട്ടി മുസ്‌ലിയാരും അന്ന് അവിടെ വലിയ കിതാബുകള്‍ ഓതിയിരുന്നു. നല്ലൊരു വാഗ്മി കൂടിയായിരുന്ന ഉണ്ണീന്‍കുട്ടി മുസ്‌ലിയാരുടെ ശബ്ദമാധുര്യത്തോടെയുള്ള വഅ്ദുകള്‍ ശ്രവിക്കാന്‍ ദൂരെ ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ വരാറുണ്ടായിരുന്നു. എന്നെപ്പോലുള്ള ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് കിതാബുകള്‍ അന്ന് ഓതിത്തന്നിരുന്നത് ഉണ്ണീന്‍കുട്ടി മുസ്‌ലിയാരായിരുന്നു.
ദര്‍സില്‍ ഉപയോഗിച്ചിരുന്ന ശൈലിയില്‍ പഠിപ്പിക്കുന്നതിന് ചൊല്ലിക്കൊടുക്കുക എന്നും ചൊല്ലിക്കൊടുത്ത പാഠങ്ങള്‍ വീണ്ടും വായിച്ചുകൊടുക്കുന്നതിന് വായിച്ചോതിക്കൊടുക്കുക എന്നും പറയാറുണ്ടായിരുന്നു. ചെമ്മങ്കുഴി ദര്‍സില്‍ എനിക്ക് കിതാബ് ചൊല്ലിത്തന്ന ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. വായിച്ച് ഓതിതന്നിരുന്ന കൊടുമുണ്ട മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇപ്പോള്‍ വലിയ ഒരു സൂഫിയായി കഴിഞ്ഞുകൂടുകയാണ്.

വടക്കേ മലബാറിലേക്കുള്ള
യാത്ര

റമദാനില്‍ ദര്‍സ് പഠനത്തിന് അവധിയായിരിക്കും. ഇക്കാലയളവില്‍ തെക്കെ മലബാറിലെ മുസ്‌ലിയാക്കള്‍ വടക്കോട്ടുള്ള പ്രദേശങ്ങളിലേക്ക് വഅ്ദ് പരിപാടികള്‍ക്കായി (ഉറുദി) പോവുക പതിവാണ്. ചെമ്മങ്കുഴിയില്‍ ഓതുന്ന കാലത്ത് ഞാന്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ കൂടെ വടക്കേ മലബാറിലെ തലശ്ശേരി, കണ്ണൂര്‍ പ്രദേശങ്ങളിലേക്ക് റമദാനില്‍ യാത്ര പോയത് ഓര്‍മയിലുണ്ട്. എന്നെക്കാള്‍ പാണ്ഡിത്യവും പ്രാഗത്ഭ്യവുമുള്ള ആളാണ് മുഹമ്മദ് കുട്ടി മുസ്‌ലിയാരെങ്കിലും അദ്ദേഹം സദസ്സുകളില്‍ പ്രഭാഷണം നടത്താറുണ്ടായിരുന്നില്ല. ഞാന്‍ ചെറുപ്പത്തിലേ സദസ്സിനെ അഭിമുഖീകരിച്ച് പ്രസംഗങ്ങള്‍ നടത്തിയിരുന്നു. റമദാനില്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷം, പ്രത്യേകിച്ച് ദുഹ്‌റിനും തറാവീഹിനും ശേഷം എല്ലാ പള്ളികളിലും വഅ്ദ് പറയാന്‍ തെക്കെ മലബാറില്‍ നിന്നും മുസ്‌ലിയാക്കള്‍ എത്തിയിരുന്നു. നല്ല ഭക്ഷണവും കുറെ പണവുമൊക്കെ അവര്‍ക്ക് ലഭിച്ചിരുന്നു. പെരുന്നാളാവു മ്പോഴേക്ക് നാട്ടിലേക്ക് മടങ്ങും.

തൃക്കാക്കര ദര്‍സ്

മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ അദ്ദേഹത്തിന്റെ നാടിനടുത്ത് കൊടുമുണ്ടയിലെ ദര്‍സില്‍ എന്നെ കൊണ്ടുപോയി ചേര്‍ത്തി. യൂസുഫ് മുസ്‌ലിയാരായിരുന്നു ഉസ്താദ്. അദ്ദേഹം സമീപത്തെ മറ്റൊരു പള്ളിയിലെ വലിയ ദര്‍സിലെ വിദ്യാര്‍ഥിയുമായിരുന്നു. ചെമ്മലങ്ങാടായിരുന്നു ആ ദര്‍സ് എന്നാണെന്റെ ഓര്‍മ. കുറച്ചു കാലം മാത്രമാണ് കൊടുമുണ്ടയില്‍ പഠിച്ചത്. അതിനു ശേഷം ആലുവക്കടുത്തുള്ള തൃക്കാക്കര ദര്‍സിലേക്കു പോയി.
മുമ്പ് പേങ്ങാട്ടിരിയില്‍ മുദര്‍രിസായിരുന്ന ബുഖാരി മുസ്‌ലിയാരായിരുന്നു തൃക്കാക്കരയില്‍ ഉസ്താദ്. ചെറിയ ക്ലാസ് മുതല്‍ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ പഠിച്ച അദ്ദേഹം മികച്ച പണ്ഡിതനായിരുന്നു. വെല്ലൂരിലെ പഠനത്തിന് ശേഷം അദ്ദേഹം പേങ്ങാട്ടിരിയിലാണ് ആദ്യം ദര്‍സ് തുടങ്ങിയത്. പിന്നീട് അവിടെ നിന്ന് ഏലങ്കുളത്തേക്ക് പോയി. കുറേക്കാലം അവിടെ ദര്‍സ് നടത്തിയ ശേഷം വിവാഹം ചെയ്തു. അദ്ദേഹം കോക്കൂര്‍ സ്വദേശിയായിരുന്നു. പിന്നീട് തൃക്കാക്കരയില്‍ മുദര്‍രിസായി ജോലി ചെയ്തതിനു ശേഷം അവിടെ താമസമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കീഴില്‍ അല്‍ഫിയ ഓതി പഠിച്ചത് എനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവമാണ്. നഹ്‌വും സ്വര്‍ഫും പഠിപ്പിക്കാന്‍ കഴിവുറ്റ പണ്ഡിതനായിരുന്നു അദ്ദേഹം. ദര്‍സിലെ പഴയ പഠനശൈലിയില്‍ നിന്ന് വ്യത്യസ്തമായി പുതിയ ശൈലിയില്‍ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. പാഠം എടുത്ത് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്വന്തം വകയായി ഏതാനും അഭ്യാസങ്ങള്‍ ചെയ്ത് പരിശീലിപ്പിക്കും. മുസ്ഹഫ് നോക്കി തഫ്‌സീറ് ഇല്ലാതെ ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഞാന്‍ ആദ്യം കേട്ടത് അദ്ദേഹത്തില്‍ നിന്നാണ്. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസ് ഉണ്ടാകുമായിരുന്നു. മുസ്ഹഫ് നോക്കി ദീര്‍ഘനേരം ക്ലാസെടുക്കും. നല്ലൊരു വിഭാഗം ആളുകള്‍ ശ്രോതാക്കളായിട്ട് ഉണ്ടാകുമായിരുന്നു. രാത്രിയില്‍ കിതാബ് മുമ്പില്‍ വെച്ച് അതിന്റെ അടിസ്ഥാനത്തില്‍ വഅദ് പരമ്പരകള്‍ക്ക് നേതൃത്വം നല്കുന്നത് ഞാന്‍ ആദ്യം കേട്ടത് അദ്ദേഹത്തില്‍ നിന്നാണ്. മരിച്ചുപോയ അദ്ദേഹത്തിന്റെ മക്കളില്‍ പലരും ജീവിച്ചിരിപ്പുണ്ട്. അവരില്‍ ഒരാള്‍ ഡോക്ടറായി ജോലി ചെയ്തുവരികയാണ്.
ഏകദേശം ഒരു വര്‍ഷം തൃക്കാക്കര ദര്‍സില്‍ അല്‍ഫിയയും ഫത്ഹുല്‍ മുഈനും ഞാന്‍ ഓതി. എന്റെ കൂടെ അന്നുണ്ടായിരുന്ന നാട്ടുകാരന്‍ അബ്ദു എന്ന അബ്ദുറഹീം ഇപ്പോള്‍ നല്ലൊരു മുജാഹിദ് പ്രവര്‍ത്തകനാണ്. പ്രായത്തില്‍ ചെറുപ്പമായ അബ്ദുറഹീം ചെറിയ കിതാബുകളായിരുന്നു അന്ന് ഓതിയിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് പാറക്കാട്ട് ഉണ്ണീന്‍കുട്ടി പേങ്ങാട്ടിരിയില പൗരപ്രധാനിയായിരുന്നു. അവസാന കാലത്ത് തൗഹീദി ആദര്‍ശമുള്‍ക്കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹവും അനുജന്‍ മൊയ്തീന്‍കുട്ടി ഹാജിയും. മൊയ്തീന്‍ കുട്ടി ഹാജിയുടെ മകന്‍ അബ്ദുല്‍അലിയെ പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ കൊണ്ടുപോയി ചേര്‍ത്തത് ഞാനാണ്. (അബ്ദുല്‍അലി മദനി ഇപ്പോള്‍ പാലക്കാട് ജില്ല കെ എന്‍ എം പ്രസിഡന്റാണ്.) എന്റെ കൂടെ തൃക്കാക്കര ദര്‍സില്‍ ഓതിയിരുന്ന അബ്ദു ഇപ്പോള്‍ പേങ്ങാട്ടിരി മുജാഹിദ് പള്ളിക്കമ്മിറ്റിയിലെ ഉത്തരവാദപ്പെട്ട ഭാരവാഹിയാണ്.

ചാവക്കാട് ദര്‍സിലേക്ക്

തൃക്കാക്കര ദര്‍സില്‍ നിന്ന് ഞാന്‍ ചാവക്കാട് ദര്‍സിലേക്കാണ് പോയത്. പുതിയ കടപ്പുറത്ത് ഉപ്പാപ്പാന്റെ പള്ളിയിലെ ദര്‍സിലായിരുന്നു തുടര്‍പഠനം. അമ്മായിയുടെ മകന്‍ ഖാലിദ് മുസ്‌ലിയാരായിരുന്നു അന്ന് അവിടെ ദര്‍സ് നടത്തിയിരുന്നത്. ആദ്യകാലത്ത് അദ്ദേഹം പൊന്നാനി ദര്‍സിലായിരുന്നു. അല്‍ഫിയയും ഫത്ഹുല്‍ മുഈനും ഓതിക്കഴിഞ്ഞ ശേഷമായിരുന്നു ഞാന്‍ ചാവക്കാട്ടെത്തിയത്. അതുകൊണ്ടു തന്നെ ഉസ്താദിന് എന്നെ വലിയ കാര്യമായിരുന്നു. ചെറിയ വിദ്യാര്‍ഥികള്‍ക്ക് കിതാബുകള്‍ ഓതിക്കൊടുക്കാന്‍ അദ്ദേഹം എന്നെ ചുമതലപ്പെടുത്തി.
ചാവക്കാട്ടെ പള്ളി ഉപ്പാപ്പന്റെ പള്ളി എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനടുത്ത് ഒരു ജാറം ഉള്ളതുകൊണ്ടാണ് അത് അങ്ങനെ അറിയപ്പെടാന്‍ കാരണം. കൊട്ടും കുഴലൂത്തുമായി വാദ്യാഘോഷങ്ങള്‍ ഉള്ള നേര്‍ച്ച അവിടെ നടക്കാറുണ്ട്. ആനയും അമ്പാരിയും കൊണ്ട് ആര്‍ഭാടമായിട്ടാണ് നേര്‍ച്ച നടക്കാറുള്ളത്. എന്നാല്‍ ദര്‍സിലെ ഉസ്താദും വിദ്യാര്‍ഥികളും നേര്‍ച്ചയില്‍ പങ്കെടുക്കാറില്ല. പങ്കെടുക്കാനുള്ള അനുവാദം ആര്‍ക്കും നല്കാറുമില്ല. ഒരു ദിവസം തഫ്‌സീറ് ഓതിക്കൊണ്ടിരിക്കുമ്പോള്‍ വമാ കാന സ്വലാത്തുഹും ഇന്‍ദല്‍ ബൈത്തി ഇല്ലാ മുകാഅന്‍ വ തസ്ദിയത്തന്‍ എന്ന ആയത്ത് ഓതുന്ന സന്ദര്‍ഭം. വിശുദ്ധ കഅ്ബാലയത്തില്‍ മുശ്‌രിക്കുകള്‍ നടത്തിപ്പോന്ന ബഹളമയമായ ഉത്സവങ്ങളെ പരാമര്‍ശിക്കുന്ന ആയത്തായിരുന്നു ഇത്. ഈ സമയത്ത് ദര്‍സിന്റെ പുറത്ത് കൊട്ടും വാദ്യവുമായി ഒരു ഘോഷയാത്ര വന്നു. ഉസ്താദ് ഈ ഘോഷയാത്രയെ ഖുര്‍ആന്‍ സൂചിപ്പിച്ച ഉത്സവങ്ങളോട് ചേര്‍ത്തുപറയുകയുണ്ടായി. പക്ഷേ, ദര്‍സിലെ മുതഅല്ലിമീങ്ങളോട് മാത്രമേ അദ്ദേഹം ഇത് പറയാറുണ്ടായിരുന്നുള്ളൂ.
ദര്‍സിലെ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം വേണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത് ഖാലിദ് മുസ്‌ലിയാരായിരുന്നു. വിദ്യാര്‍ഥികള്‍ കിതാബുകള്‍ ഓതുന്നതോടൊപ്പം സദസ്സിനെ അഭിമുഖീകരിക്കാനും പ്രസംഗകലയില്‍ പരിചയമുള്ളവരാകാനും സാഹിത്യസമാജ വേദികള്‍ക്ക് അദ്ദേഹം രൂപം നല്കി. ദര്‍സ് പഠനം ആകര്‍ഷകമാക്കാനുള്ള നിരവധി ശ്രമങ്ങള്‍ അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്. ഖാലിദ് മുസ്‌ലിയാര്‍ വിവാഹം ചെയ്തത് ഒരു ജമാഅത്ത് കുടുംബത്തില്‍ നിന്നായിരുന്നു. പരേതനായ ഡോ. സഈദു മരക്കാര്‍ അദ്ദേഹത്തിന്റെ ഭാര്യാസഹോദരനായിരുന്നു. മറ്റൊരു ഭാര്യാസഹോദരനായ കുഞ്ഞഹമ്മദ് മൗലവി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

തൗഹീദിന്റെ വെളിച്ചം
വന്ന വഴി

പുതിയ കടപ്പുറം ദര്‍സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മദീനയില്‍ താമസക്കാരനായ സഅദുദ്ദീന്‍ മൗലവിയും വെളിയങ്കോട് ഉമര്‍ മൗലവിയും കൂടി ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. ആദ്യം അറബി മലയാളത്തിലും പിന്നീട് മലയാളത്തിലും പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ രണ്ട് ശഹാദത്ത് കലിമയുടെ അര്‍ഥം ലളിതമായി പ്രതിപാദിച്ചിരുന്നു. ഇലാഹ് എന്താണെന്ന് വളരെ സമര്‍ഥമായി അതില്‍ വിശദീകരിച്ചു. ഒടുവില്‍ നമ്മള്‍ നേര്‍ച്ചക്കാര്‍ എന്ന് പറയുന്നത് തന്നെയാണ് അന്നത്തെ ഇലാഹുകള്‍ എന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുമ്പോള്‍ അല്ലാഹു അല്ലാതെ നേര്‍ച്ചക്കാരില്ല എന്നുകൂടി അതില്‍ വ്യക്തമാക്കിയിരിക്കുന്നു.
സൗജന്യമായി വിതരണം ചെയ്ത ഈ ലഘുലേഖ മുസ്‌ലിയാക്കളുടെ കൈയില്‍ കിട്ടിയപ്പോള്‍ അവരെയത് വിറളി പിടിപ്പിച്ചു. ഞങ്ങളുടെ ദര്‍സിലേക്കും ഈ ലഘുകൃതി എങ്ങനെയോ വന്നുപെട്ടു. ഉസ്താദിന്റെ ശ്രദ്ധയില്‍ ഇത് പെട്ടെങ്കിലും അദ്ദേഹം കാര്യമായി ഒന്നും പ്രതികരിച്ചില്ല. എന്നാല്‍ ദര്‍സിലെ മുതിര്‍ന്ന വിദ്യാര്‍ഥികളെ പലരെയും പ്രകോപിതരാക്കാന്‍ ഈ ലഘുലേഖ കാരണമായി. ആ ലഘുലേഖ അവര്‍ പരസ്യമായി തീ കൊളുത്തി നശിപ്പിച്ചു. അത് ശരിയല്ല എന്ന് പറഞ്ഞ് ഞാന്‍ തുറന്നെതിര്‍ത്തു. ആ ലഘുലേഖയും അതിലെ പ്രതിപാദ്യ വിഷയമായ തൗഹീദിനെ സുവ്യക്തമായി ഗ്രഹിക്കാന്‍ കഴിഞ്ഞതും എന്നില്‍ ആശയ പരിവര്‍ത്തനത്തിന് ഒരു നിമിത്തമായിത്തീര്‍ന്നു. വസ്തുതകളെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാനുള്ള അവസരം നല്കിയ സംഭവമായിരുന്നു അത്.
പിന്നീട് ഈ വിഷയകമായിട്ടുള്ള പുസ്തകങ്ങളും പഴയ അല്‍മനാറുകളും ഞാന്‍ തേടിപ്പിടിച്ച് വായിച്ചു. അതുമായി ബന്ധപ്പെട്ട ഒരാള്‍ ഞങ്ങളുടെ പള്ളിയുടെ അടുത്ത് താമസിച്ചിരുന്നു. ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നതില്‍ എന്നെക്കുറിച്ച് ഉസ്താദിനോട് പലരും പരാതി പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ എതിര്‍പ്പുകളൊന്നുമുണ്ടായില്ല. പള്ളിയില്‍ ഇത്തരത്തിലുള്ള പുസ്തകങ്ങളോ ലഘുകൃതികളോ ഒന്നും ഞാന്‍ വെക്കാറുണ്ടായിരുന്നില്ല. ദര്‍സില്‍ സമാന ചിന്താഗതിക്കാരായ രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. അതില്‍ ഒരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുള്ള കോക്കൂരിലെ എം പി മൊയ്തുണ്ണി മൗലവിയും മറ്റൊരാള്‍ പരേതനായ ഇബ്‌റാഹീമുമാണ്. ആദര്‍ശപരമായി അന്നുതന്നെ എന്നെക്കാള്‍ കൂടുതല്‍ പഠിച്ചറിഞ്ഞ മൊയ്തുണ്ണി മൗലവി എന്നെ തൗഹീദി ആദര്‍ശത്തിലേക്ക് കൊണ്ടുവരാന്‍ കാര്യമായി ശ്രമിച്ച വ്യക്തികൂടിയായിരുന്നു.

മൊയ്തുണ്ണി ഹാജിയുടെ
വീട്ടിലെ റാത്തീബ്

തൗഹീദീ ആദര്‍ശ മഹിമ ഉള്‍ക്കൊണ്ട ശേഷം പള്ളിയില്‍ നടത്താറുണ്ടായിരുന്ന റാത്തീബ് സദസ്സുകളില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് വൈമനസ്യമുണ്ടായി. റാത്തീബിന്റെ മജ്‌ലിസിന്റെ മധ്യത്തിലായി ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ മെഴുകുതിരി കത്തിച്ചുവെച്ച് ദിക്‌റുകള്‍ ചൊല്ലിക്കൊണ്ടിരിക്കും. അവസരം കിട്ടിയാല്‍ ദിക്‌റുകള്‍ ചൊല്ലുന്നതിനിടയില്‍ മെഴുകുതിരി ഞങ്ങള്‍ ഊതിക്കെടുത്താറുണ്ടായിരുന്നു. നാട്ടിലെ ഏറ്റവും വലിയ റാത്തീബ് സദസ്സ് നടന്നിരുന്നത് പള്ളിയുടെ ദര്‍സിന്റെ പ്രധാന ചെലവ് വഹിച്ചിരുന്ന മൊയ്തുണ്ണി ഹാജിയുടെ വീട്ടിലായിരുന്നു.
സാധാരണ ഗതിയില്‍ മഗ്‌രിബിനും ഇശാഇനും ഇടയിലുള്ള ദര്‍സ് കഴിഞ്ഞാണ് മൗലീദിനും റാത്തീബിനു ഖുതുബിയത്തിനുമൊക്കെ വീടുകളിലേക്ക് പോകാറുണ്ടായിരുന്നത്. മഗ്‌രിബ് കഴിഞ്ഞ് ഇശാ വരെ വട്ടമിട്ടിരുന്ന് ഉസ്താദ് പഠിപ്പിച്ചുതന്ന പാഠങ്ങള്‍ വായിച്ചുകൊണ്ടിരിക്കും. ഇതിന് ദര്‍സ് എന്നാണ് പറഞ്ഞിരുന്നത്. ദര്‍സുകളുടെ തുടക്കം പ്രാര്‍ഥനകള്‍ അടങ്ങിയ അറബി ബൈത്തുകള്‍ ചൊല്ലിക്കാണ്ടാണ്. ആദ്യമായി ദര്‍സില്‍ ചൊല്ലുന്ന പ്രാര്‍ഥനാ ബൈത്ത് ഇങ്ങനെയാണ്:
യാറബ്ബി ലാ തുഅ്തീനാ
കസ്‌ലന്‍ വ ലാ ളജ്‌റാ
ഇന്‍ദ ഥിലാഇ ഉലൂമില്‍
ഖാലിഖില്‍ ബശറാ…
”ഞങ്ങള്‍ക്ക് അലസതയും
മടിയും നീ പ്രദാനം ചെയ്യരുതേ,
മനുഷ്യ സ്രഷ്ടാവായ
അല്ലാഹുവിന്റെ വിജ്ഞാനം
തേടുമ്പോള്‍
ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക്
നീ പ്രകാശം നല്‌കേണമേ”

എന്നിങ്ങനെ അര്‍ഥമുള്ള വരികള്‍ ചൊല്ലിക്കഴിഞ്ഞശേഷം ഇശാ നമസ്‌കാരം വരെ പഠിച്ച കിതാബുകളെല്ലാം വായിച്ചുനോക്കും. ഇശാ നമസ്‌കാര ശേഷം ഭക്ഷണത്തിനും മറ്റുമായി വീടുകളിലേക്ക് പോവും.
മൊയ്തുണ്ണി ഹാജിയുടെ വീട്ടിലെ റാത്തീബ് ഉണ്ടാകുമ്പോള്‍ ഇശാക്ക് മുമ്പ് തന്നെ പതിവ് ദര്‍സ് നിര്‍ത്തിവെച്ച് മഗ്‌രിബിനു ശേഷം അദ്ദേഹത്തിന്റെ വീട്ടിലേക്ക് പെട്രോ മാക്‌സും കത്തിച്ച് പോവും. ദര്‍സിന്റെ നടത്തിപ്പ് ചുമതലയുള്ള പ്രധാനിയും നാട്ടിലെ കാരണവരുമായതിനാല്‍ ദര്‍സ് നിര്‍ത്തിവെച്ചതിനെ ചൊല്ലി ആരും പരാതിപ്പെടുകയോ ചോദ്യം ചെയ്യുകയോ ഇല്ലതാനും. വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന പ്രധാന റാത്തീബാണ് മൊയ്തുണ്ണി ഹാജിയുടെ വീട്ടിലേത്. ഞങ്ങള്‍ മൂന്നു പേര്‍ക്ക് ആശയ പരിവര്‍ത്തനമുണ്ടായി എന്ന് ദര്‍സില്‍ പരക്കെ സംസാരമുണ്ടായതിനു ശേഷം ഹാജിയുടെ വീട്ടില്‍ ഒരു റാത്തീബ് നടക്കുകയുണ്ടായി. ഞങ്ങള്‍ അതില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു. ഇബ്‌റാഹിം അന്ന് നാട്ടിലേക്ക് പോയി. ഞാനും മൊയ്തുണ്ണിയും റാത്തീബിനു പോകാനുള്ള സമയമായപ്പോള്‍ പള്ളിയുടെ മുകളിലെ നിലയില്‍ കയറി ദര്‍സിലെ ബൈത്ത് ചൊല്ലിയിരുന്നു. ബൈത്ത് ചൊല്ലുന്ന ശബ്ദം കേട്ട് ഉസ്താദ് ആരാണതെന്ന് അന്വേഷിച്ചിരുന്നു. ഉസ്താദും മറ്റു വിദ്യാര്‍ഥികളും റാത്തീബിനു പോയി.
ഇശാ ബാങ്ക് കൊടുത്ത ഉടനെ നമസ്‌കാരത്തിനായി ഉസ്താദ് പള്ളിയിലേക്ക് തിരിച്ചുവന്നു. ഞങ്ങളെ അടുത്തു വിളിച്ച് സൗമ്യമായി ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍ റാത്തീബില്‍ പങ്കെടുക്കാത്തത്? ഞങ്ങള്‍ പറഞ്ഞു: ചെലവിന് പോകുന്ന വീട്ടിലേക്ക് ഇന്ന് ചെല്ലുകയില്ല എന്ന വിവരം പറഞ്ഞിട്ടില്ല. ഇതുകേട്ട് ഉസ്താദ് നിര്‍ബന്ധ സ്വരത്തില്‍ പറഞ്ഞു: ”ചെലവിന് പോകുന്ന വീട്ടിലെ കാര്യം ഞാന്‍ പരിഹരിക്കാം. ദര്‍സിലെ പ്രധാന ചെലവ് നടത്തുന്ന മൊയ്തുണ്ണി ഹാജിയുടെ വീട്ടിലെ റാത്തീബിന് പോകാതിരിക്കാന്‍ പറ്റുകയില്ല.” ഇതും പറഞ്ഞ് ഉസ്താദ് ഞങ്ങളെ ഹാജിയാരുടെ വീട്ടിലേക്ക് കൊണ്ടുപോയി.
ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ റാത്തീബ് കഴിഞ്ഞ് ഭക്ഷണം കഴിക്കാനുള്ള ഒരുക്കമായിരുന്നു. റാത്തീബില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരുറുപ്പിക കൈമടക്കായി ഹാജിയാര്‍ നല്കിയിരുന്നു. അവിടെയില്ലാത്തതിനാല്‍ ഞങ്ങള്‍ക്കത് ലഭിച്ചിരുന്നില്ല. അത് പിന്നീട് പള്ളിയിലേക്ക് കൊടുത്തയക്കുകയായിരുന്നു. ഞാന്‍ പങ്കെടുത്ത അവസാനത്തെ റാത്തീബും അതിന്റെ പേരിലുള്ള ഭക്ഷണപരിപാടിയുമായിരുന്നു അത്.
ദര്‍സിലെ പഠിതാക്കള്‍ക്കിടയില്‍ ഞങ്ങള്‍ ഒറ്റപ്പെടാന്‍ തുടങ്ങി. അവര്‍ ഞങ്ങളെ വഹ്ഹാബികള്‍ എന്ന് പരിഹസിക്കാന്‍ തുടങ്ങി. ദര്‍സില്‍ നിന്ന് ഞങ്ങളെ പുറത്താക്കാനുള്ള സമ്മര്‍ദവുമുണ്ടായി. പരിഹാസങ്ങളും ഭീഷണിയും ഒരു ഭാഗത്ത് ഉണ്ടായപ്പോഴും ഖാലിദ് മുസ്‌ല്യാര്‍ സൗമ്യമായിട്ടാണ് അതിനോടെല്ലാം പ്രതികരിച്ചത്. ദര്‍സില്‍ ഇങ്ങനെയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കൃതികളോ പുസ്തകങ്ങളോ ഉണ്ടാകരുതെന്ന് അദ്ദേഹം കര്‍ശനമായി നിര്‍ദേശിച്ചു. റമദാനില്‍ ദര്‍സ് അടയ്ക്കുന്നതുവരെ ഞങ്ങള്‍ അവിടെ പഠനം തുടര്‍ന്നു. അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഞങ്ങള്‍ മൂന്നുപേരും ഒന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നു: ഇനി ദര്‍സിലേക്ക് മടങ്ങിവരാതെ അറബിക്കോളെജില്‍ ചേര്‍ന്ന് പഠനം തുടരണമെന്നായിരുന്നു അത്.