Saturday
21
July 2018

മാനം നോക്കി ആയിരം കണ്ണുകള്‍

പി കെ ശബീബ്

2015 ലെ നൊബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. പ്രപഞ്ചത്തിലെ അടിസ്ഥാന കണങ്ങളിലൊന്നായ ന്യൂട്രിനോകളെക്കുറിച്ചുള്ള പഠനത്തിനാണ് ഇത്തവണ ഭൗതികശാസ്ത്ര സമ്മാനം. കോടികള്‍ മുടക്കുള്ള അതി ഭീമന്‍ പരീക്ഷണശാലകളില്‍ പ്രപഞ്ചത്തിന്റെ അടിസ്ഥാന കണങ്ങളെക്കുറിച്ചുള്ള സങ്കീര്‍ണ ഗവേഷണങ്ങള്‍ പുതിയ ലോകത്തെ സവിശേഷതയാണ്. നമുക്ക് ദര്‍ശിക്കാനാകാത്ത വിധം പ്രപഞ്ച വിവരങ്ങളുമായി നമ്മിലൂടെ ചരിക്കുന്ന കോടിക്കണക്കിന് വരുന്ന ന്യൂട്രിനോകള്‍ രഹസ്യങ്ങളുടെ കലവറയാണ്. നമ്മുടെ ശരീരത്തിലൂടെ ഓരോ നിമിഷവും കോടാനുകൂടി ന്യൂട്രിനോകള്‍ കടന്നുപോകുന്നുണ്ടത്രെ!
ന്യൂട്രിനോകള്‍ അത്ഭുത കണങ്ങളാണ്. സൂര്യനിലെ ന്യൂക്ലിയാര്‍ പ്രവര്‍ത്തനങ്ങളിലൂടെ, കോസ്മിക് വികിരണങ്ങളും ഭൗമാന്തരീക്ഷവും തമ്മിലുള്ള കണികാ പ്രവര്‍ത്തനങ്ങളിലൂടെ അവ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. മറ്റ് വസ്തുക്കളുമായി കാര്യമായ പ്രതിപ്രവര്‍ത്തനമില്ലാതെ അവ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തില്‍ പ്രകാശകണം കഴിഞ്ഞാല്‍ ഏറ്റവുമധികമുള്ള കണികകളും ന്യൂട്രിനോകളാണെന്ന് വിശ്വസിക്കപ്പെടുന്നു.
കാലങ്ങളായി ന്യൂട്രിനോകള്‍ നമ്മിലൂടെ തലങ്ങും വിലങ്ങും ചരിക്കുന്നുണ്ടെങ്കിലും ന്യൂട്രിനോ ഭൗതികം ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രശാഖ മാത്രമാണ്. 1930-ലാണ് ഈ കണികയുടെ സാന്നിധ്യം ആദ്യമായി പ്രവചിക്കപ്പെട്ടത്. ന്യൂട്രിനോ എന്ന പദം തന്നെ രൂപപ്പെടുന്നത് പോസിറ്റീവോ നെഗറ്റീവോ ചാര്‍ജില്ലാത്ത കുഞ്ഞു നിഷ്പക്ഷക്കാരന്‍ എന്ന അര്‍ഥത്തിലാണ്. ചാര്‍ജില്ലാത്തതിനാല്‍ വൈദ്യുത കാന്തിക വികിരണങ്ങളുമായി പ്രവര്‍ത്തനം ഇല്ല തന്നെ. കാലങ്ങളോളം ഇവ ഭാരമൊട്ടുമില്ലാത്ത കണങ്ങളാണെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. 1956-ലാണ് ഈ കണികയുടെ സാന്നിധ്യം പരീക്ഷണ വിധേയമായി സ്ഥിരീകരിച്ചത്. ന്യൂട്രിനോ കണങ്ങള്‍ ഒരു രൂപത്തില്‍ നിന്ന് മറ്റൊന്നിലേക്ക് രൂപാന്തരം ചെയ്യപ്പെടുന്നുണ്ട്, ഇത് അവക്ക് ഭാരമുണ്ട് എന്നതിന് തെളിവാണ് തുടങ്ങിയ അതിപ്രധാനമായ പരീക്ഷണ നിഗമനങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം.
ന്യൂട്രിനോകള്‍ വാനലോകത്തെ വിജ്ഞാനവുമായി നമ്മിലൂടെ സഞ്ചരിക്കുന്ന കണങ്ങളാണ്. പ്രകാശ കണങ്ങള്‍ മുതല്‍ ന്യൂട്രിനോ കണങ്ങള്‍ വരെയുള്ള ഇത്തരം സ്രോതസ്സുകളാണ് പ്രപഞ്ച രഹസ്യങ്ങളുടെ വാതിലുകള്‍ നമുക്കായി തുറന്നുതരുന്നത്. അനന്തമായ പ്രപഞ്ചത്തിലെ നിസ്സാരമായ ദൃശ്യപ്രപഞ്ചത്തിലെ ‘അതിസൂക്ഷ്മ കണികയായ’ ഭൂമിയില്‍ നിന്ന് നാം നമ്മുടെ കൗതുകച്ചെപ്പ് തുറക്കുകയാണ്. ആകാശലോകത്തുനിന്ന് മിനിട്ടുകള്‍ മുതല്‍ നൂറ്റാണ്ടുകള്‍ വരെ താണ്ടി നമ്മുടെ അടുത്തെത്തുന്ന പ്രകാശകണങ്ങളും മറ്റു കണികകളുമാണ് നാം നിരീക്ഷണവിധേയമാക്കുന്നത്. ദൂരദര്‍ശിനികളിലൂടെ ദൃശ്യപ്രകാശവും ഗാമാ വികിരണങ്ങളും എക്‌സ് വികിരണങ്ങളുമെല്ലാം ശേഖരിച്ച് പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ നാം ശ്രമിക്കുന്നു. ആകാശ ദര്‍ശിനികളും ഉപഗ്രഹങ്ങളും ദൗത്യപേടകങ്ങളും വിവരങ്ങള്‍ തന്നുകൊണ്ടിരിക്കുന്നു. ന്യൂട്രിനോ കണങ്ങളെയും ഗുരുത്വാകര്‍ഷണ തരംഗങ്ങളെയുമെല്ലാം കൃത്യതയോടെ അളന്ന് തിട്ടപ്പെടുത്താന്‍ അതിവിശാലവും അതിലേറെ സങ്കീര്‍ണവുമായ പരീക്ഷണശാലകളില്‍ രാപ്പകലുകള്‍ വ്യത്യാസമില്ലാതെ നാം അധ്വാനിക്കുന്നു. പ്രപഞ്ചം നമുക്കായി തുറന്നിട്ട ചെറുജാലകങ്ങളിലൂടെ രഹസ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ ആയിരം ‘കണ്ണുകള്‍’ സദാ തുറന്നുകിടക്കുന്നു.
നമ്മുടെ കൗതുകച്ചെപ്പിലെ ചോദ്യങ്ങള്‍ ഏറെ ലളിതമാണ്. ഉത്തരങ്ങളോ അതി സങ്കീര്‍ണവും. പ്രപഞ്ചം എത്ര വലുതാണ്? പ്രപഞ്ചത്തിന് അതിരുകളുണ്ടോ? പ്രപഞ്ചം ഒന്നു മാത്രമാണോ അതല്ല അനേകം പ്രപഞ്ചങ്ങള്‍ നിലനില്ക്കുന്നുണ്ടോ? പ്രപഞ്ചാരംഭം ഒരു മഹാവിസ്‌ഫോടനത്തോടെയാണെങ്കില്‍ അതിന് മുമ്പ് എന്തായിരുന്നു? ഭൂമിയല്ലാതെ എവിടെയെങ്കിലും ജീവനുണ്ടോ? ജീവന്റെ തിരിനാളമായ വെള്ളമുണ്ടോ? ചോദ്യങ്ങളുടെ പട്ടിക നീളുകയാണ്. നമ്മുടെ സാങ്കേതിക വിദ്യയുടെ പരിധിയിലും പരിമിതിയിലും നിന്നുകൊണ്ട്, ലഭ്യമായ കണങ്ങളുടെയും വികിരണങ്ങളുടെയും ജ്ഞാനമുപയോഗിച്ച്, ഉത്തരം മനുഷ്യന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അറിവ് നേടാനായി മനുഷ്യന്‍ കാണിക്കുന്ന ഈ സാഹസങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരികയില്ല.
പക്ഷേ, പല ചോദ്യങ്ങളും പരിപൂര്‍ണമായ ഉത്തരം ലഭ്യമല്ലാത്തതാണ്. നമുക്ക് ‘ദൃശ്യ’മായ പ്രപഞ്ചത്തിന് ഒരു പരിധിയുണ്ട് എന്നതത്രെ അതിന്റെ കാരണം. പ്രാപഞ്ചിക രഹസ്യം നമുക്ക് എത്തിച്ചുതരുന്നത് വിവിധ ഗോളങ്ങളില്‍ നിന്നുള്ള കണങ്ങളാണല്ലോ? പ്രകാശകണങ്ങളോ അല്ലെങ്കില്‍ മറ്റു കണികകളോ അതിവിദൂരതയില്‍ നിന്ന് സഞ്ചരിച്ച് നമ്മിലേക്ക് എത്തുമ്പോഴാണല്ലോ വിവരം ലഭ്യമാകുന്നത്. ഏകദേശം 13 ബില്യണ്‍ പ്രകാശവര്‍ഷം അകലെ നിന്നുള്ള പ്രകാശകണങ്ങള്‍ മാത്രമേ നമുക്ക് ദൃശ്യമാകൂ! (പ്രകാശം ഒരു വര്‍ഷം സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശ വര്‍ഷം). ഇതാണ് നമുക്ക് നിരീക്ഷണ വിധേയമാക്കാന്‍ കഴിയുന്ന പ്രപഞ്ചത്തിന്റെ പരിധി. ഇതിനെ ദൃശ്യപ്രപഞ്ചം (ീയലെൃ്മയഹല ൗിശ്‌ലൃലെ) എന്നാണ് പറയുക. ഇതിനപ്പുറത്തേക്ക് നമുക്ക് അദൃശ്യമാണെന്നിരിക്കേ, മേല്‍പറഞ്ഞ ചോദ്യങ്ങള്‍ പലതും നമ്മുടെ കഴിവിനപ്പുറത്തേക്ക് പോകുന്നു. മഹാവിസ്‌ഫോടന സമയമോ അതിനു മുമ്പോ നമ്മുടെ ഭൗതിക ശാസ്ത്ര നിയമങ്ങള്‍ക്ക് അപ്രാപ്യമാണ്. നമുക്ക് പ്രാപ്യമായ പ്രപഞ്ച വിജ്ഞാനം എത്രയോ നിസ്സാരം മാത്രം! ”അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടില്ല”(വി.ഖു 17:85). എന്ന ദൈവിക വചനം മനുഷ്യരെ ബോധ്യപ്പെടുത്തുന്നതും അതു തന്നെയാണ്.
പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് അതിസൂക്ഷ്മമായി അറിയുന്നവന്‍ പ്രപഞ്ചനാഥന്‍ മാത്രമാണ്. അവന്‍ മാനവര്‍ക്കായി അവതരിപ്പിച്ച ദിവ്യസന്ദേശത്തിലെ പ്രപഞ്ച വിജ്ഞാനവുമായി ബന്ധപ്പെട്ട സൂചനകള്‍ നമ്മുടെ പരിമിതമായ വിജ്ഞാനീയങ്ങളില്‍ നിന്ന് വിശദീകരിക്കുക അസാധ്യമായിരിക്കും. പക്ഷേ, കാലപരിധികള്‍ക്കപ്പുറം അവ മനുഷ്യനുമായി, അവന്‍ ആര്‍ജിച്ചെടുത്ത വിജ്ഞാനീയങ്ങളുമായി ആശയ സംവേദനം നടത്തുന്നു എന്നത് വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയാണ്.
1929-ല്‍ എഡ്‌വിന്‍ ഹബ്ള്‍ എന്ന ശാസ്ത്രജ്ഞനാണ് പ്രപഞ്ച വികാസവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. അതോടെ സുസ്ഥിര പ്രപഞ്ചം (േെമശേര ൗിശ്‌ലൃലെ) എന്ന നിഗമനം നിരാകരിക്കപ്പെട്ടു. വികസിക്കുന്ന പ്രപഞ്ചം അനിവാര്യമായ ഒരു തുടക്കത്തിലേക്കും അതുവഴി മഹാവിസ്‌ഫോടന (ആശഴ ആമിഴ) സിദ്ധാന്തത്തിലേക്കും ശാസ്ത്ര ലോകത്തെ എത്തിച്ചു. ഏകദേശം 13 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം രൂപപ്പെട്ടു എന്നതാണ് ഈ സിദ്ധാന്തം. ”ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാമവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?” (21:30), ”നിശ്ചയമായും നാം അതിനെ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു”(51:47) തുടങ്ങിയ പ്രയോഗങ്ങള്‍ പ്രപഞ്ച ശാസ്ത്രജ്ഞനെയും സാധാരണക്കാരനെയും ഒരുപോലെ ചിന്തിപ്പിക്കുന്നു.
പ്രപഞ്ച സൃഷ്ടിയുമായി ബന്ധപ്പെട്ട് 41-ാം അധ്യായത്തിലെ 11-ാം വചനത്തില്‍ ഇപ്രകാരം കാണാം: ”പിന്നെ അവന്‍ ഉപരിലോകത്തേക്ക് തിരിഞ്ഞു. അത് ഒരു പുക ആയിരുന്നു.” നക്ഷത്രങ്ങളെല്ലാം ഹൈഡ്രജനും (90 ശതമാനം) ഹീലിയവും (10 ശതമാനം) ചേര്‍ന്ന ചുടുവാതക പടലമാണ് എന്ന് ചേര്‍ത്തു വായിക്കുക.
വാതക പൊടിപടലങ്ങള്‍ എപ്പോഴാണ് ഒരു ഗോളമായി ഒതുങ്ങിനില്ക്കുക? അവയുടെ ഉള്ളിലേക്കുള്ള ഗുരുത്വാകര്‍ഷണ ബലവും ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഉല്പാദിപ്പിക്കുന്ന ഊര്‍ജം പുറത്തേക്ക് തള്ളുന്ന ബലവും തുല്യമാവുമ്പോള്‍ നക്ഷത്രം പ്രകാശിച്ചുകൊണ്ടിരിക്കും. ഹൈഡ്രജനെല്ലാം കത്തിത്തീര്‍ന്നാല്‍, ഹീലിയവും പിന്നീട് കാര്‍ബണും ശേഷം നിയോണും സിലിക്കണും ഓക്‌സിജനുമെല്ലാം കത്തി അവസാനം അണുസംയോജനം സാധ്യമല്ലാത്ത ഘട്ടത്തിലെത്തുന്നു. അവിടെ അവസാനമായി രൂപപ്പെടുന്നത് ഇരുമ്പ് ആണ്. സാധാരണഗതിയില്‍ അണുസംയോജനമോ അണു വിഘടനമോ സാധ്യമല്ലാത്ത ഒരു മൂലകമാണ് ഇരുമ്പ്. ഇരുമ്പിന്റെ അണുകേന്ദ്രം അഥവാ ന്യൂക്ലിയസ് ഏറ്റവും സ്ഥിരതയുള്ളതാണ്. അതുകൊണ്ടാണ് പിന്നീട് വിഭജനം സാധ്യമല്ലാത്തത്. വിശുദ്ധ ഖുര്‍ആനിലെ ഇരുമ്പ് (ഹദീദ്) എന്ന അധ്യായത്തില്‍ ‘ഇരുമ്പും നാം ഇറക്കിക്കൊടുത്തു’ എന്ന പ്രയോഗമുണ്ട്. മറ്റ് മൂലകങ്ങളില്‍ നിന്ന് രൂപപ്പെടാന്‍ സാധ്യമല്ലാത്ത, നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളില്‍ കാണുന്ന ഇരുമ്പ് ഭൂമിയിലേക്ക് ഇറക്കി എന്ന് വായിക്കുമ്പോള്‍ ഏറെ കൗതുകം തോന്നുന്നു!
വലിയ നക്ഷത്രങ്ങളിലെ ഇന്ധനം കത്തിത്തീര്‍ന്നാല്‍, അവ അതിഭീകരമായ ഒരു പൊട്ടിത്തെറിക്ക് വിധേയമാകുന്നു. സൂപ്പര്‍നോവ വിസ്‌ഫോടനം (ൗെുലൃിീ്മ ലഃുഹീശെീി) എന്നാണ് അതിന് പറയുക. സ്‌ഫോടന ശേഷം ബാക്കിയാവുന്ന അകക്കാമ്പിന് (രീൃല) രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകില്‍ ന്യൂട്രോണ്‍ നക്ഷത്രം (ചലൗൃേീി േെമൃ) അല്ലെങ്കില്‍ തമോഗര്‍ത്തം (ആഹമരസ വീഹല).
നമുക്ക് നിരീക്ഷണ വിധേയമാക്കാവുന്ന അതിസാന്ദ്രമായ നക്ഷത്രങ്ങളാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍. ഒരു ‘ടീസ്പൂണ്‍’ ന്യൂട്രോണ്‍ നക്ഷത്രത്തിന് ഒരു പര്‍വതത്തോളം ഭാരമുണ്ടാകും. ശക്തമായ കാന്തിക വലയമുള്ള, കറങ്ങിക്കൊണ്ടിരിക്കുന്ന ന്യൂട്രോണ്‍ നക്ഷത്രങ്ങളാണ് പള്‍സാറുകള്‍. ഇവക്ക് കാന്തിക ധ്രുവങ്ങളുണ്ട്. ഈ കാന്തിക ധ്രുവങ്ങളിലൂടെ അവ റേഡിയോ തരംഗങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നു. അവ കറങ്ങുന്നതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഈ റേഡിയോ തരംഗങ്ങള്‍ ഭൂമിയിലെത്തുന്നു. 1967-ലാണ് ഇത് ആദ്യമായി നിരീക്ഷണ വിധേയമാക്കിയത്. ആദ്യം കരുതിയത്, കൃത്യമായ ഇടവേളകളില്‍ അന്യഗ്രഹ ജീവികള്‍ സന്ദേശമയക്കുകയാണ് എന്നത്രെ!~പിന്നീടവ പള്‍സാറുകള്‍ ആണെന്ന് മനസ്സിലായി. ഖുര്‍ആനിലെ 86-ാം അധ്യായം തുടങ്ങുന്നത് ഇപ്രകാരമാണ്: ”ആകാശം സാക്ഷി; അതിലെ മുട്ടുകാരനും സാക്ഷി. ആരാണീ മുട്ടുകാരന്‍. തുളച്ചുകയറാനുള്ള നക്ഷത്രമാണത്.”(86:1-3)
സൂപ്പര്‍ നോവ വിസ്‌ഫോടനത്തിലെ മറ്റൊരു സാധ്യത തമോഗര്‍ത്തങ്ങളാണല്ലോ? പ്രകാശം പോലും പുറത്തുപോകാന്‍ കഴിയാത്തത്ര ശക്തമായ ഗുരുത്വാകര്‍ഷണബലമുള്ള ഈ നക്ഷത്രങ്ങളെ നമുക്ക് നേരിട്ട് നിരീക്ഷണ വിധേയമാക്കാനാവില്ല. അവ ഒളിവില്‍ പോകുന്ന നക്ഷത്രങ്ങളാണ്. ”എന്നാല്‍ ഒളിവില്‍ പോകുന്ന (നക്ഷത്രങ്ങളെ) കൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു. സഞ്ചരിച്ചുകൊണ്ടിരിക്കുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നവ.”(81:15,16)
ദിവ്യവെളിപാടുകള്‍ മനുഷ്യരാശിക്ക് മുമ്പില്‍ തുറന്നുകിടക്കുന്നു. നഗ്നനേത്രങ്ങള്‍ കൊണ്ട് മാത്രം ആകാശലോകത്തെ പഠിച്ച പൂര്‍വകാലത്തും അതിസങ്കീര്‍ണമായ സാങ്കേതിക വിദ്യകളുള്ള ആധുനിക കാലത്തും അത് നാമുമായി സംവദിക്കുന്നു. ഓരോ കാലത്തും പുതിയ പുതിയ വായനകളുടെ സാധ്യതകള്‍ തുറന്നിട്ടുകൊണ്ട് അത് മാനവരാശിയെ അറിവിലേക്കും പരമമായ സത്യത്തിലേക്കും വിളിക്കുന്നു. ”തീര്‍ച്ചയായും ദൈവദാസന്‍മാരില്‍ അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍ മാത്രമാണ്.” നാം നടത്തുന്ന അതി ബൃഹത്തായ ഗവേഷണങ്ങള്‍ ഉപകാരപ്രദമായ അറിവ് നമുക്ക് സമ്മാനിക്കട്ടെ!