Sunday
19
November 2017

അന്ത്യദിനവും സ്വര്‍ഗവും നരകവും

admin


നിലവിലുള്ള ആകാശങ്ങള്‍ക്കും ഭൂമിക്കും മാറ്റം വരുത്തിയിട്ടാണ് അന്ത്യദിനത്തില്‍ സ്വര്‍ഗവും നരകവും ഉണ്ടാക്കുന്നതെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടോ? സ്വര്‍ഗവും നരകവും ഇപ്പോള്‍ നിലവിലുണ്ടെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ?

അബ്ദുല്‍ബഷീര്‍ കൊച്ചി

‘സ്വര്‍ഗം ധര്‍മനിഷ്ഠയുള്ളവര്‍ക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു’ എന്ന് ഖുര്‍ആനിലെ 3:133 സൂക്തത്തില്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തിന്റെ വിസ്തൃതി ആകാശത്തിന്റെയും ഭൂമിയുടെയും വിസ്തൃതി പോലെയാണെന്നും അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കുവേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നുവെന്നും 57:21 സൂക്തത്തില്‍ കാണാം. ‘നരകം സത്യനിഷേധികള്‍ക്ക് വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു’ എന്ന് 2:24, 3:131 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ഗവും നരകവും ഇപ്പോള്‍ നിലവിലുണ്ടെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്നാല്‍ മനുഷ്യരെല്ലാം അന്ത്യദിനത്തില്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെട്ടതിനു ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില സൂക്തങ്ങളിലും ഭൂതകാല ക്രിയകള്‍ പ്രയോഗിച്ചിട്ടുള്ളതിനാല്‍ ‘ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു’ എന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം സ്വര്‍ഗവും നരകവും ഇപ്പോള്‍ നിലവിലുണ്ടെന്ന് ഉറപ്പിച്ചു പറയാവുന്നതല്ല. ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലങ്ങളെക്കുറിച്ചെല്ലാം സൂക്ഷ്മായി അറിയുന്ന അല്ലാഹുവിന്റെ വാക്കുകള്‍ കാലവുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതിരിക്കാനും സാധ്യതയുണ്ട്. ആദിപിതാവ് ആദമി(അ)നെയും ഇണയെയും അല്ലാഹു അധിവസിപ്പിച്ചിരുന്ന അല്‍ജന്ന (സ്വര്‍ഗം/ഉദ്യാനം) പരലോകത്ത് സത്യവിശ്വാസികളെ പ്രവേശിപ്പിക്കുന്ന സ്വര്‍ഗം തന്നെയാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല. അവരില്‍ ആ സ്വര്‍ഗം ഇപ്പോഴും നിലവിലുണ്ടെന്ന് കരുതുന്നവരുണ്ട്. അന്ത്യദിനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: ”ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അതുപോലെ ആകാശങ്ങളും മാറ്റപ്പെടുകയും, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ടുവരികയും ചെയ്യുന്ന ദിവസം.” (വി.ഖു 14:48)