Sunday
19
November 2017

പ്ലാസ്റ്ററിട്ട വിരലില്‍ മാത്രം തയമ്മം ചെയ്യാമോ?

admin


കാല്‍വിരലില്‍ മുറിവുണ്ടായി പ്ലാസ്റ്ററിട്ടതിനാല്‍ നനയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വുദ്വൂ എടുക്കുമ്പോള്‍, മറ്റു ഭാഗങ്ങളൊക്കെ കഴുകി പ്ലാസ്റ്ററിന്റെ മുകള്‍ ഭാഗം (ഷൂസിടുന്നവര്‍ സോക്‌സിന്റെ മുകള്‍ ഭാഗം തടവുന്ന പോലെ) തടവാമോ? അതോ, സാധാരണ മണ്ണിലോ ചുമരിലോ അടിച്ച് തയമ്മം ചെയ്യുകയാണോ വേണ്ടത്?

സുബൈദ ഉമര്‍
 തയ്യില്‍, മങ്കട

ഈ വിഷയകമായി അബൂദാവൂദ്, ദാറഖുത്‌നി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസിന്റെ അടിസ്ഥാനത്തില്‍ കൈയിലോ കാലിലോ പ്ലാസ്റ്ററിടുകയോ മുറിവ് ഡ്രസ് ചെയ്തു കെട്ടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ വുദ്വൂവിന് പകരം തയമ്മും ചെയ്യുകയും പ്ലാസ്റ്റര്‍ ഇല്ലാത്ത ഭാഗങ്ങള്‍ കഴുകുകയും ചെയ്യണമെന്നാണ് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് പ്രബലമാണോ എന്ന കാര്യത്തില്‍ പൂര്‍വികരായ ഹദീസ് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
പാദരക്ഷകളിന്മേല്‍ തടവുന്നതിന് ചില വ്യവസ്ഥകളുണ്ട്. ശുദ്ധിയുള്ള അവസ്ഥയിലായിരിക്കണം പാദരക്ഷ കാലിലിട്ടത്. ഒരിക്കല്‍ പാദരക്ഷ ധരിച്ചാല്‍ യാത്രക്കാരന് മൂന്നു ദിവസവും, നാട്ടില്‍ താമസിക്കുന്നവന് ഒരു ദിവസവുമാണ് വുദ്വു ചെയ്യുമ്പോള്‍ കാല്‍ കഴുകുന്നതിന് പകരം പാദരക്ഷകളില്‍ തടവാന്‍ നബി(സ) അനുവാദം നല്കിയിട്ടുള്ളത്. ഈ സമയപരിധി കഴിഞ്ഞാല്‍ കാല്‍ കഴുകിക്കൊണ്ട് വുദ്വു ചെയ്ത ശേഷം പാദരക്ഷ ധരിച്ചാലേ പിന്നെ മൂന്ന് ദിവസത്തേക്കോ ഒരു ദിവസത്തേക്കോ വുദ്വൂഇന്റെ സന്ദര്‍ഭത്തില്‍ പാദരക്ഷകളിന്മേല്‍ തടവാന്‍ അനുവാദമുള്ളൂ.
പ്ലാസ്റ്ററിട്ട കാലിന്റെ കാര്യത്തില്‍ ഈ വ്യവസ്ഥ പാലിക്കാന്‍ സാധിക്കുകയില്ല. രോഗം/പരിക്ക് ഉള്ളവന്‍ തയമ്മും ചെയ്യുന്നതിന് പുറമെ കേടുപാടില്ലാത്ത അവയവങ്ങള്‍ കഴുകുകയും കൂടെ വേണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. അതിനാല്‍ കാലില്‍ പഌസ്റ്ററിട്ട വ്യക്തി തയമ്മും മാത്രം ചെയ്ത് (അവയവങ്ങള്‍ കഴുകാതെ) നമസ്‌കരിച്ചാല്‍ അത് സാധുവാകുമെന്ന് കരുതാന്‍ ന്യായമുണ്ട്. എന്നാലും സൂക്ഷ്മത പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത് ആദ്യം പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയാണ്. വൃത്തിയുള്ള നിലത്തോ ചുമരിലോ കൈ അടിച്ചുകൊണ്ട് മുഖവും കൈപ്പടങ്ങളും തടവുന്നതിനാണ് തയമ്മും എന്ന് പറയുന്നത്. രോഗിക്ക് ഇതാണ് ഖുര്‍ആനിലും ഹദീസിലും നിര്‍ദേശിച്ചിട്ടുള്ളത്.