Sunday
19
November 2017

ഹിജാമഃ ചികിത്സയും ഹദീസുകളും

admin

ഒരു ചികിത്സാരീതി എന്ന നിലയില്‍ പ്രവാചകന്‍(സ) ഹിജാമയെ (കൊമ്പുവക്കല്‍) പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ? ഹിജാമയുമായി ബന്ധപ്പെട്ട് സ്വഹീഹായ ഹദീസുകള്‍ ഏതെല്ലാമാണ്?

അബ്ദുല്‍ജലീല്‍
ആമയൂര്‍

ഇത് സംബന്ധമായി ബുഖാരിയും മുസ്‌ലിമും ജാബിറില്‍(റ) നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസിലുള്ളത് ഇപ്രകാരമാണ്: നബി(സ) പറഞ്ഞു: ”നിങ്ങളുടെ മരുന്നുകളില്‍ (ചികിത്സകളില്‍) വല്ല നന്മയും ഉണ്ടെങ്കില്‍ അത് തേന്‍ കുടിക്കുന്നതിലും കൊമ്പ് വെക്കുന്നതിലും തീ കൊണ്ട് ചൂട് വെക്കുന്നതിലുമാണ്. ചൂട് വെക്കുന്ന ചികിത്സ ഞാന്‍ ചെയ്യുകയില്ല.” ഇതേകാര്യം സംബന്ധിച്ച് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ബുഖാരി റിപ്പോര്‍ട്ടു ചെയ്ത ഹദീസിലുള്ളത് ‘ഈ മൂന്ന് കാര്യങ്ങളിലാണ് ശമനമുള്ളത്. എന്നാല്‍ ചൂടു വെക്കുന്നത് ഞാന്‍ വിലക്കുന്നു’ എന്ന് നബി(സ) പറഞ്ഞുവെന്നാണ്.
നബി(സ) തലവേദന ശമിക്കുന്നതിന് വേണ്ടി ഹിജാമഃ ചെയ്യിച്ചുവെന്ന് ഇബ്‌നുഅബ്ബാസ് പറഞ്ഞതായി ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. അബൂതൈ്വബ എന്ന വ്യക്തിയെക്കൊണ്ട് നബി(സ) ഹിജാമഃ ചെയ്യിച്ചുവെന്നും അതിന് പ്രതിഫലം നല്കിയെന്നും അനസ്(റ) പറഞ്ഞതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രക്തം ദുഷിക്കുകയോ, ശരീരത്തില്‍ എവിടെയെങ്കിലും രക്തത്തിന്റെ അളവ് കൂടുകയോ ചെയ്താല്‍ ഏതെങ്കിലും ഉപകരണം മുഖേന രക്തം വലിച്ചെടുക്കുന്ന ഈ ചികിത്സാസമ്പ്രദായം പല നാടുകളിലും നിലവിലുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ ചില ആയുര്‍വേദ വൈദ്യന്മാര്‍ ദുഷിച്ച രക്തമുള്ള ഭാഗത്ത് അട്ട എന്ന ജീവിയെ കടിപ്പിച്ച് രക്തം ഒഴിവാക്കിക്കളയാറുണ്ട്. രക്തം, ചലം, കഫം എന്നിവ രോഗിയുടെ ശരീരത്തില്‍ നിന്ന് ഉപകരണം കൊണ്ട് വലിച്ചെടുത്ത് ഒഴിവാക്കുന്ന രീതി ആധുനിക ചികിത്സയിലുമുണ്ട്. ഹിജാമഃ നബി(സ) അംഗീകരിച്ചു എന്നല്ലാതെ ഈ ചികിത്സ സ്വീകരിക്കാന്‍ വിശ്വാസികളെ അദ്ദേഹം പൊതുവായി ആഹ്വാനം ചെയ്തുവെന്ന് ഹദീസുകളില്‍ കാണുന്നില്ല.