Sunday
21
January 2018

മുമ്പേ മരിച്ച മകളുടെ മക്കള്‍ അവകാശികളാകുമോ?

admin

ഒരു പിതാവിന് നാലു പെണ്‍മക്കള്‍ മാത്രമാണുണ്ടായിരുന്നത്. അതിലൊരുവള്‍ പിതാവ് ജീവിച്ചിരിക്കെത്തന്നെ മരിച്ചു. അവള്‍ക്ക് അനാഥരായ രണ്ടു മക്കളുണ്ട്. ഇപ്പോള്‍ പിതാവ് മരിച്ചു. അദ്ദേഹത്തിന്റെ സ്വത്തില്‍ ഈ പേരക്കുട്ടികള്‍ക്ക് അവകാശമുണ്ടാകുമോ?

മൈമൂന്‍ മലപ്പുറം

പിതാവ് മരിക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന പെണ്‍മക്കള്‍ക്കെല്ലാം കൂടിയുള്ള അന്തരാവകാശ വിഹിതം അദ്ദേഹം വിട്ടുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമാണ്. മകളുടെ മക്കള്‍ അനന്തരാവകാശ നിയമപ്രകാരം നിശ്ചിത വിഹിതം ലഭിക്കുന്ന അവകാശികളല്ല. ബാക്കിയുള്ള മൂന്നിലൊരു ഭാഗം പ്രവാചക നിര്‍ദേശ പ്രകാരം താരതമ്യേന അടുത്ത പുരുഷ ബന്ധുവിന്/ ബന്ധുക്കള്‍ക്കാണ് നല്‌കേണ്ടത്. മരിച്ചയാളുടെ പിതൃവ്യന്‍, സഹോദരപുത്രന്‍, പിതൃവ്യപുത്രന്‍ എന്നിവര്‍ ആ വകുപ്പില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെയുള്ള അവകാശികള്‍ക്ക് അസബഃ എന്ന് പറയുന്നു. മകളുടെ ആണ്‍മക്കള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുകയില്ലെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. അസബഃ എന്ന വിഭാഗത്തില്‍ പെടുന്ന പുരുഷ ബന്ധുക്കളില്ലെങ്കില്‍ അവശേഷിക്കുന്ന മൂന്നിലൊരു ഭാഗവും കൂടി പരേതന്റെ പെണ്‍മക്കള്‍ക്ക് തന്നെ നല്കണമെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം.
ഈ പേരക്കുട്ടികള്‍ നിരാലംബരാകാതിരിക്കാന്‍ വേണ്ടി ആ പിതാമഹന് വസ്വിയ്യത്ത് ചെയ്യാമായിരുന്നു; തന്റെ മരണശേഷം തന്റെ സ്വത്തില്‍ നിന്ന് ഒരു നിശ്ചിത ഭാഗം അവര്‍ക്ക് നല്കണമെന്ന്. അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ സ്വത്ത് ഭാഗിക്കുമ്പോള്‍ അവര്‍ക്ക് ഉപജീവനത്തിന് അതില്‍ നിന്ന് ഒരു വിഹിതം നല്കാന്‍ അനന്തരാവാശികള്‍ക്ക് ബാധ്യതയുണ്ട്. വിശുദ്ധ ഖുര്‍ആനിലെ 4:8 സൂക്തത്തില്‍ ഇത് സംബന്ധിച്ച നിര്‍ദേശമുണ്ട്. ”(സ്വത്ത്) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ അനാഥകളോ പാവപ്പെട്ടവരോ ഹാജരുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് ഉപജീവനത്തിന് നിങ്ങള്‍ വല്ലതും നല്കുകയും അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു.”