Sunday
19
November 2017

സിയാറത്ത് എന്ന സുന്നത്ത് വെടിയുന്നവരും മുടക്കുന്നവരും

admin


ഖബ്ര്‍ സിയാറത്ത് എന്ന സുന്നത്ത് പാടെ ഉപേക്ഷിക്കുകയും ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും അത് ചെയ്യുന്നവരെ ആക്ഷേപിക്കുകയുമാണ് മുജാഹിദുകള്‍ ചെയ്യുന്നത്. സമസ്ത മുസ്‌ലിയാന്മാരുടെ ഈ ആരോപണത്തെക്കുറിച്ച് എന്ത് പറയുന്നു?

മുനവ്വര്‍ കൊച്ചി

ഖബ്ര്‍ സിയാറത്തിന് ഗുണകരമായ വശവും ദോഷകരമായ വശവും ഉണ്ട്. ഇത് സംബന്ധിച്ച പ്രസിദ്ധമായ നബിവചനം ഇപ്രകാരമാകുന്നു: ”ഖബ്‌റുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഞാന്‍ നിങ്ങളെ വിലക്കിയിട്ടുണ്ടായിരുന്നു. ഇനി നിങ്ങള്‍ അത് ചെയ്തുകൊള്ളുക. നിങ്ങള്‍ക്ക് അത് പരലോകത്തെക്കുറിച്ച് ഓര്‍മയുണ്ടാക്കും.” എന്തുകൊണ്ടാണ് നബി(സ) ആദ്യം ഖബ്ര്‍ സിയാറത്ത് വിലക്കിയതെന്ന് മറ്റു ഹദീസുകളില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകന്മാരുടെ ഖബ്‌റുകള്‍ ആരാധനാലയങ്ങളാക്കിയ യഹൂദരെയും ക്രൈസ്തവരെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസില്‍ കാണാം. അതുപോലെ തന്നെ, എന്റെ ഖബ്ര്‍ നിങ്ങള്‍ ആഘോഷ സ്ഥലമാക്കരുത് എന്ന് നബി(സ) വിലക്കിയതായും പ്രാമാണികമായ ഹദീസിലുണ്ട്.
കണിശമായ ഏകദൈവ വിശ്വാസം മനസ്സില്‍ ഉറക്കാത്ത ആളുകളില്‍ നിന്ന് ഖബ്‌റാരാധനയും മരിച്ചവരോട് പ്രാര്‍ഥിക്കലും വന്നുപോകാനിടയുണ്ട് എന്നത് കൊണ്ടായിരിക്കാം നബി(സ) ആദ്യത്തില്‍ ഖബ്ര്‍ സന്ദര്‍ശനം വിലക്കിയത്. മരിച്ചവരെ ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്നത് തൗഹീദിന് വിരുദ്ധമാണെന്ന് സ്വഹാബികള്‍ക്ക് ബോധ്യമായിക്കഴിഞ്ഞ സാഹചര്യത്തിലാണ് നബി(സ) അവര്‍ക്ക് ഖബ്‌റുകള്‍ സന്ദര്‍ശിക്കാന്‍ അനുവാദം നല്കിയത്. പരലോകത്തെക്കുറിച്ച് ഓര്‍മയുണ്ടാക്കുന്ന കാര്യമായതുകൊണ്ടാണ് ഖബ്ര്‍ സന്ദര്‍ശനത്തിന് നബി(സ) പ്രോത്സാഹനം നല്കിയതെന്ന് ഹദീസില്‍ നിന്ന് വ്യക്തമാണ്.
ഇന്നവരുടെ ഖബ്ര്‍ സന്ദര്‍ശിക്കണം എന്ന് പ്രത്യേകം പറയാതെ ഖബ്‌റുകള്‍ സന്ദര്‍ശിച്ചുകൊള്ളുക എന്ന് പൊതുവായിട്ടാണ് നബി(സ) നിര്‍ദേശിക്കുന്നത്. ശ്മശാനത്തില്‍ മറവ് ചെയ്യപ്പെട്ടവര്‍ക്ക് മൊത്തമായി സലാം പറയാന്‍ നബി(സ) പഠിപ്പിച്ചതായാണ് ഹദീസുകളില്‍ കാണുന്നത്. ഇതൊക്കെ മുജാഹിദുകള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ജനാസകളില്‍ പങ്കെടുത്തുകൊണ്ട് ധാരാളം മുജാഹിദുകള്‍ ഖബ്‌റുകള്‍ സന്ദര്‍ശിക്കുകയും അവിടെ ഖബ്‌റടക്കപ്പെട്ടവര്‍ക്ക് സലാം പറയുകയും പരലോകത്തെയും ഖബ്‌റിലെ അവസ്ഥയെയും കുറിച്ച് ചിന്തിക്കുകയും ചെയ്യാറുണ്ട്. സമസ്ത സുന്നികള്‍ ജാറങ്ങളിലേക്ക് തീര്‍ഥാടനം നടത്തുന്നത് പരലോകത്തെക്കുറിച്ച് ഓര്‍മയുണ്ടാകാന്‍ വേണ്ടിയല്ല; ഈ ലോകത്തെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചുകൊടുക്കുന്നതിനുവേണ്ടി പരേതനോട് പ്രാര്‍ഥിക്കാനാണ്. ഇത് ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ അനാചാരമാകുന്നു.