Monday
25
September 2017

ലാഭവിഹിതം നിശ്ചിതവും അനിശ്ചിതവും

admin

 


ചിലര്‍ ജ്വല്ലറികളിലും മറ്റും ധാരാളം പേരെ ഷെയര്‍ ഹോള്‍ഡര്‍മാരായി ചേര്‍ക്കുന്നു. എന്നാല്‍ വ്യാപാരസ്ഥാപനത്തിന്റെ മൊത്തം ആസ്തികളില്‍ ഇവരെ പങ്കാളികളായി ചേര്‍ക്കാതെ മാസംതോറും ഒരു നിശ്ചിത സംഖ്യ ലാഭവിഹിതം എന്ന പേരില്‍ നല്കാമെന്നാണ് കരാര്‍ ചെയ്യുന്നത്. ഇത് പലിശ ഇടപാടിനോട് സാമ്യതയുള്ള, ഇസ്‌ലാമികമായി സാധുതയില്ലാത്ത സമ്പ്രദായമല്ലേ എന്ന് പലരും ചൂണ്ടിക്കാണിച്ചപ്പോള്‍ സ്ഥാപന ഉടമകള്‍ നല്കിയ മറുപടി, സ്ഥാപനത്തിന്റെ വരവ് ചെലവ് കണക്ക് പ്രകാരം പ്രതീക്ഷിക്കുന്ന വാര്‍ഷിക ലാഭത്തിലേക്ക് അഡ്വാന്‍സായിട്ടാണ് ഓരോ മാസവും നിശ്ചിത തുക നല്കുന്നത് എന്നായിരുന്നു. ഈ വ്യവസ്ഥ പ്രകാരം ഷെയര്‍ ചേരുന്നതും ചേര്‍ക്കുന്നതും ഹലാലാകുമോ?

മബ്‌റൂക്
കോഴിക്കോട്

ഒരു വ്യാപാരസ്ഥാപനത്തില്‍ അത് നടത്തുന്ന വര്‍ക്കിംഗ് പാര്‍ട്ണര്‍മാരും, മൂലധനം നല്കുക മാത്രം ചെയ്യുന്ന പാര്‍ട്ണര്‍മാരും ഉണ്ടാകുന്നതില്‍ അപാകതയില്ല. എന്നാല്‍ ഓരോ വിഭാഗത്തിനും ലാഭത്തിലും നഷ്ടത്തിലുമുള്ള പങ്ക് സംബന്ധിച്ച് ഉഭയ സമ്മതപ്രകാരമുള്ള കരാറുണ്ടാകണം. സ്ഥാപനത്തിന്റെ മൊത്തം ആസ്തികളില്‍ ഇരു വിഭാഗത്തിനും ആനുപാതികമായ ഉടമസ്ഥത ഉണ്ടായിരിക്കുകയും വേണം. ദൈനംദിന ബിസിനസ് നടത്തിപ്പ് വകയിലുള്ള വാര്‍ഷിക അറ്റാദായം മാത്രമല്ല, സ്ഥാപനത്തിന്റെ വാര്‍ഷിക അഭിവൃദ്ധി. സ്ഥാപനത്തിന്റെ മൊത്തം മൂല്യം കാലക്രമേണ വര്‍ധിച്ചുകൊണ്ടേയിരിക്കും. സ്ഥാപനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മൂല്യവും വര്‍ധിച്ചുകൊണ്ടിരിക്കും. ഇതിന്റെയെല്ലാം നേട്ടം പാര്‍ട്ണര്‍മാരില്‍ ചിലര്‍ക്ക് മാത്രം ലഭിക്കുകയും മറ്റു ചിലര്‍ക്ക് വര്‍ഷങ്ങള്‍ക്കുശേഷം പിരിഞ്ഞുപോകുമ്പോള്‍ ആദ്യം മുടക്കിയ തുകയല്ലാതെ മറ്റൊന്നും കിട്ടാതിരിക്കുകയും ചെയ്യുന്നത് നീതിയല്ല.
സ്ഥാപനം ലാഭത്തിലാണെങ്കില്‍ വാര്‍ഷിക വരവുചെലവ് കണക്കുപ്രകാരമുള്ള ലാഭവിഹിതമാണ് ഓരോ പാര്‍ട്ണര്‍ക്കും നല്‌കേണ്ടത്. അതിലേക്ക് അഡ്വാന്‍സായി മാസം തോറും തുക നല്കിക്കൊണ്ടിരിക്കുന്നതില്‍ തെറ്റില്ല. നഷ്ടത്തിലാണെങ്കില്‍ കരാര്‍ പ്രകാരമുള്ള ആനുപാതിക നഷ്ടമാണ് ഓരോരുത്തരും വഹിക്കേണ്ടത്. ലാഭനഷ്ട കണക്കൊന്നും നോക്കാതെ പത്ത് ലക്ഷത്തിന്റെ ഷെയറിന് മാസം തോറും പതിനായിരം വീതം ലാഭം കൊടുക്കുമെന്ന് കരാര്‍ ചെയ്യുന്നത് യഥാര്‍ഥത്തില്‍ പലിശ ഇടപാട് തന്നെയാണ്. ആ വ്യവസ്ഥയില്‍ ഷെയര്‍ ചേരുന്നതും ചേര്‍ക്കുന്നതും അനിസ്‌ലാമിക നടപടിയാകുന്നു. അത് ഹലാലാവുകയില്ല.