Sunday
21
January 2018

പഠനാര്‍ഹമായ രണ്ട് രചനകള്‍

admin

സമാധാനം സന്ദേശമായി ഉയര്‍ത്തുകയും അതിന്റെ സംസ്ഥാപനത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്യുന്ന മതമാണിസ്‌ലാം. നീതിയും ധര്‍മവും ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമൂഹിക ദൗത്യമാണ്. രക്തച്ചൊരിച്ചിലിനു വേദിയാകുന്ന യുദ്ധം ഇസ്‌ലാമിക ലോകത്ത് അനുവദനീയമാകുന്നത് നീതിയുടേയും ധര്‍മത്തിന്റേയും സംരക്ഷണം സാധ്യമാകാത്തപ്പോള്‍ മാത്രമാണ് എന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ചുരുക്കത്തില്‍, ഇസ്‌ലാം അക്രമങ്ങളെ ഒരു വിധേനയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നര്‍ഥം.
നിര്‍ഭാഗ്യവശാല്‍, ഇസ്‌ലാം എന്ന മതത്തെ നീതിനിഷേധത്തിന്റേയും അശാന്തിവാഹക ശക്തിയുടേയും പ്രതീകമെന്ന കണക്കാണ് ലോക സമൂഹം പലപ്പോഴും പരിഗണിച്ചു വരുന്നത്. അതിനു കാരണമായി വര്‍ത്തിക്കുന്നത് ഇസ്‌ലാം ഒട്ടും ഉള്‍ക്കൊണ്ടിട്ടില്ലാത്ത മുസ്‌ലിം നാമധാരികളായ(പറയപ്പെടുന്ന)  ചിലരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളും. ആ ഗണത്തില്‍ ഇന്ന് ഏറെ നാശം വിതച്ചുകൊണ്ടിരിക്കുന്ന ഒരു സംഘമാണ് ഐ എസ്. ഇസ്‌ലാം കുഴിച്ചുമൂടിയ ജാഹിലിയ്യാ സംസ്‌കാരത്തെ പുനരാനയിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അക്രമവും രക്തച്ചൊരിച്ചിലും മുഖമുദ്രയാക്കിയ ഈ നിഗൂഢ സംഘം ഇസ്‌ലാമിക വ്യവഹാരങ്ങളും ചിഹ്നങ്ങളും സമൃദ്ധമായി ഉപയോഗപ്പെടുത്തുന്നതിനാല്‍ അതിനെ ഇസ്‌ലാമിന്റെ പ്രതിനിധാനമായി പൊതുസമൂഹം തെറ്റിദ്ധരിച്ചു തുടങ്ങിയിരിക്കുന്നു.
ഐ എസ് തീര്‍ത്ത ദുരിതക്കയങ്ങളേയും അതിന്റെ പ്രത്യാഘാതങ്ങളേയും കാരണങ്ങളായി കരുതുന്ന സാഹചര്യങ്ങളേയും വിശകലനം ചെയ്യുകയാണ് അശ്‌റഫ് കീഴുപറമ്പ് ‘എന്തുകൊണ്ട് ഐ എസ് ഇസ്‌ലാമികമല്ല’ എന്ന കൃതിയിലൂടെ. ഐ എസിന്റെ ഉത്ഭവം, രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം, മത സൈദ്ധാന്തിക വ്യാഖ്യാനങ്ങള്‍, നേതാക്കള്‍ തുടങ്ങിയ വശങ്ങളെ സംക്ഷിപ്തമായെങ്കിലും വിവരിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ ചിന്ത ഐ എസ് വളര്‍ച്ചയ്ക്ക് ഇന്ധനമാണെന്ന വശത്തെ ന്യായീകരിച്ചത് വിമര്‍ശിക്കപ്പെടും. ഐ പി എച്ച് പുറത്തിറക്കിയ ഗ്രന്ഥം കാലികവും സാമൂഹ്യശ്രദ്ധ ക്ഷണിക്കുന്നതുമാണെന്ന് തീര്‍ച്ച.

*****
ഇസ്‌ലാമിക ചരിത്രം സമൂഹത്തിന് പകര്‍ന്നു നല്കുന്നത് ധൈഷണികമായ ഔന്നത്യവും വിശുദ്ധിയുമാണ്. പ്രവാചക കാലത്ത് പകര്‍ന്നു നല്കിയ വിശ്വാസ വെളിച്ചം ഒട്ടും മഹിമ ചോരാതെ നമ്മുടെ കാതുകളിലേക്കെത്തിച്ചേര്‍ന്നതില്‍ ചരിത്ര രചയിതാക്കള്‍ വഹിച്ച പങ്ക് ചെറുതല്ല. കേവല ചരിത്രം പറച്ചില്‍ എന്നതിലുപരി പ്രവാചകന്റേയും അനുചരന്മാരുടേയും ചരിത്രം നമുക്ക് പകര്‍ന്നു നല്കുന്നത് വ്യത്യസ്തമായ ചില അനുഭവങ്ങളാണ്.
ഓരോ സംഭവങ്ങളും ഭാവിയില്‍ സമുദായത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൈത്താങ്ങാവുന്ന അധ്യാപനങ്ങളായി മാറുകയായിരുന്നു. വിശ്വാസം ജീവിതത്തില്‍ എത്രത്തോളം പരിവര്‍ത്തനം സാധ്യമാക്കുമെന്നതിനുള്ള ഉത്തമോദാഹരണങ്ങള്‍ പ്രവാചകാനുചരന്മാരുടെ(സ്വഹാബികള്‍) ജീവിതങ്ങളില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. വ്യഭിചരിച്ചു എന്ന തെറ്റ് ഏറ്റുപറയുകയും ദൈവശിക്ഷ ചോദിച്ചു വാങ്ങുകയും ചെയ്ത സ്ത്രീയുടെ ചരിത്രം പശ്ചാത്താപത്തിന്റെ ഉന്നത ഭാവങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ പകര്‍ന്നു നല്കുന്നതായിരുന്നു. പാലില്‍ വെള്ളം ചേര്‍ക്കുന്നത് തടഞ്ഞ പെണ്‍കുട്ടി ചരിത്രത്തില്‍ തുല്യതയില്ലാത്ത നീതിനിര്‍വഹണത്തിന്റെ മാതൃകയാണ്.
ജീവിതത്തില്‍ നിലപാട് രൂപീകരണത്തിലും ധര്‍മ സംസ്ഥാപനത്തിലും എന്നും മാതൃക സൃഷ്ടിക്കാന്‍ കെല്പുള്ള 42 സ്വഹാബി വനിതകളുടെ ചരിത്രമാണ് ‘സ്വഹാബിയ്യാത്ത് കഥകള്‍’ എന്ന പുസ്തകം മുന്നോട്ട് വെക്കുന്നത്. ഗസ്സാലി ബുക്‌സ് പുറത്തിറക്കിയിട്ടുള്ള പുസ്തകം മുഹമ്മദ് ശമീം ഉമരിയുടെ ലളിതമായ ആഖ്യാനശൈലി കൊണ്ട് മനോഹരമാകുന്നു. പ്രസ്തുത കൃതിയുടെ രണ്ടാം പതിപ്പ് പുറത്തിറങ്ങിക്കഴിഞ്ഞു. 42 ചരിത്ര കഥകള്‍ക്കും പിന്‍ബലമേകുന്ന കുറിപ്പുകള്‍ പുസ്തകത്തിന്റെ അവസാന ഭാഗത്ത് രേഖപ്പെടുത്തിയത് വഴി കഥകളുടെ ആധികാരികത ഉറപ്പു വരുത്തിയിരിക്കുന്നു.