Sunday
19
November 2017

മൗലൂദും ഗൃഹപ്രവേശവും

admin

ഗൃഹപ്രവേശ സമയത്ത് ചില വീട്ടുകാര്‍ ‘മൗലൂദ്’ പാരായണം നടത്താറുണ്ടല്ലോ. രാവിലെ നടത്തുന്ന മൗലൂദ് പാരായണത്തിനു ശേഷം ഉച്ചക്കും രാത്രിയിലും നടക്കുന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതില്‍ തെറ്റുണ്ടോ? മൗലൂദ് പാരായണ സമയത്ത് നടക്കുന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മറ്റു സമയങ്ങളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല എന്ന് ചിലര്‍ പറയുന്നു. ഇതിന്റെ ശരിയായ വിധി എന്താണ്?

ഇ വി സക്കീന
പന്നിയങ്കര

മൗലൂദ് എന്ന പദത്തിന് ജനിച്ച കുട്ടി എന്നാണര്‍ഥം. മൗലിദ് എന്നാണെങ്കില്‍ ജന്മദിനം. ഗൃഹപ്രവേശം ഏതെങ്കിലും കുട്ടി ജനിച്ച വകയിലോ ജന്മദിനത്തിലോ നടത്തുന്ന കാര്യമല്ല. മുഹമ്മദ് നബി(സ) ജനിച്ചത് റബീഉല്‍ അവ്വല്‍ 12-ന് ആണെന്നല്ലേ ഇവിടത്തെ യാഥാസ്ഥിതികര്‍ വിശ്വസിക്കുന്നത്? മറ്റു ദിവസങ്ങളില്‍ നടത്തുന്ന ഗൃഹപ്രവേശത്തിന് അദ്ദേഹത്തിന്റെ ജന്മദിനവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്. എന്നിട്ടും മൊല്ലമാര്‍ ബഹുജനങ്ങളെ ചൂഷണം ചെയ്യാന്‍ ഇതുപോലെ പല അനാചാരങ്ങളും സംഘടിപ്പിക്കുന്നു. ജന്മദിനാചരണവും മൗലൂദ് എന്ന വാറോല പാരായണവും അനാചാരമാണ്. ഗൃഹപ്രവേശവേളയില്‍ അത് നടത്തുന്നത് അസംബന്ധവുമാണ്. ഒരു അനാചാരവുമായി ബന്ധപ്പെട്ട സദ്യയില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണ്.
ഗൃഹപ്രവേശത്തിന് ആളുകളെ വിളിച്ച് സദ്യ നടത്താന്‍ നബി(സ) മാതൃക കാണിച്ചിട്ടില്ല. അത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ അത് ഒരു മതാചാരമായിട്ടല്ല നടത്തുന്നത് എന്നതിനാല്‍ നിഷിദ്ധമാണെന്ന് പറയാവുന്നതല്ല. ഗൃഹപ്രവേശം വകയില്‍ നല്കുന്ന ഭക്ഷണം അനാചാരവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതല്ലെങ്കില്‍ അത് കഴിക്കുന്നതിന് വിരോധമില്ല. അല്ലാഹുവല്ലാത്തവരുടെ പേരില്‍ ബലിയായോ നേര്‍ച്ചയായോ പ്രഖ്യാപിക്കപ്പെട്ട ജന്തുവിന്റെ മാംസമാണ് സദ്യയില്‍ വിളമ്പുന്നതെങ്കില്‍ അത് കഴിക്കാന്‍ പാടില്ല.