Sunday
21
January 2018

മൂല്യങ്ങള്‍ക്കുവേണ്ടി ഒരു കാവ്യ സൗഗന്ധികം

പി മുഹമ്മദ് കുട്ടശ്ശേരി

അറബി, ഇംഗ്ലീഷ് എന്നീ രണ്ടു ഭാഷകളിലും ഒരേ സമയം കവിതയെഴുതുന്ന ഖലീല്‍ ജിബ്രാന്റെ മാതൃകയില്‍ അറബിയിലും മലയാളത്തിലും എഴുതിയ മനോഹരമായ കവിതകള്‍ കൈരളിക്ക് കാഴ്ചവെച്ച ഒരു അനുഗൃഹീത കവിയുണ്ടിവിടെ – ഫാറൂഖ് ട്രെയിനിംഗ് കോളെജില്‍ നിന്ന് അധ്യാപകനായി വിരമിച്ച പി കെ അബ്ദുല്ല മാസ്റ്റര്‍. പ്രസിദ്ധ സാഹിത്യ നിരൂപകനായ എം ആര്‍ ചന്ദ്രശേഖരന്‍ അവതാരിക എഴുതിയ സൗഗന്ധികവും പ്രൊഫ. ഇബ്‌റാഹീം ബേവിഞ്ചയുടെ അവതാരികയോടെ പുറത്തിറങ്ങിയ വസന്തവും അദ്ദേഹത്തിന്റെ കവിതാ രചനയിലുള്ള പാടവത്തിന്റെ വ്യക്തമായ നിദര്‍ശനമത്രെ. ആന്തരിക ശില്പം പദ സമുച്ചയത്തോടെ സാക്ഷാത്ക്കരിക്കുകയാണല്ലോ കവിത. തന്റെ ഉള്ളിലുള്ള വികാരവിചാരങ്ങള്‍ പുറത്ത് പ്രകാശിപ്പിക്കുന്നതിന് കവിക്ക് ഏത് ഭാഷയും തെരഞ്ഞെടുക്കാം. കമലാ സുരയ്യ മലയാളത്തിലും ഇംഗ്ലീഷിലും കവിത എഴുതുന്നതുപോലെ, അബ്ദുല്ല മാസ്റ്റര്‍ കവിതക്ക് ചിലപ്പോള്‍ അറബിയും മറ്റു ചിലപ്പോള്‍ മലയാളവുമാണ് തെരഞ്ഞെടുക്കുന്നത്. അടുത്ത കാലത്ത് അദ്ദേഹത്തിന്റെ കവിഹൃദയത്തെ അഗാധമായി സ്പര്‍ശിച്ച സംഭവമാണ് ചുംബന സമരം. മാനുഷികതക്ക് നിരക്കാത്ത സംസ്‌കാര ശൂന്യമായ ഈ പ്രവൃത്തിയില്‍ ദു:ഖവും രോഷവും പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പാടി:
ഇദാ ഗാബല്‍ ഹയാഉ അനിന്നുഫൂസി
ഫ തഅ്തീഹാ ശയാത്വീനു ന്നുഹൂസി
(മനുഷ്യന്റെ മനസ്സില്‍ നിന്ന് ലജ്ജ അപ്രത്യക്ഷമായാല്‍ പിന്നെ അവിടെ കുടിയിരിക്കുക ദുര്‍ഭൂതങ്ങളാണ്)
പുതിയ വസ്ത്ര സംസ്‌കാരത്തെ പരിഹസിച്ചുകൊണ്ട് കവി പാടിയതിങ്ങനെ:
ഇദാ സുഇലൂ അനില്‍ ഔറാത്തി ഖാലൂ
ലിമാദാ തുന്‍ഫിഖൂന അലല്ലബൂസി
(നഗ്‌നതയെപ്പറ്റി ചോദിച്ചാല്‍ അവരുടെ മറുപടി: നിങ്ങള്‍ വസ്ത്രത്തിന് എന്തിനിത്ര പണം ചെലവഴിക്കുന്നു)
കവിതാപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ കണ്ണിയാണ് ഈ കൊടിയത്തൂര്‍കാരന്‍. കവി ബീരാന്‍കുട്ടി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പിതാമഹന്‍ പാട്ടുകെട്ടി കല്യാണ സദസ്സുകളില്‍ പാടുമായിരുന്നു. ജനിച്ച നാട്ടില്‍ നിന്ന് പ്രാഥമിക സ്‌കൂള്‍ -മദ്‌റസാ പഠനവും പള്ളി ദര്‍സിലെ കിതാബ് ഓത്തും പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം വാഴക്കാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് ഹയര്‍ സെക്കന്ററി പാസ്സായി. ദാറുല്‍ ഉലൂമില്‍ നിന്ന് അറബി പഠനവും നിര്‍വഹിച്ചു. തുടര്‍ന്ന് കോഴിക്കോട് ബേസിക് ട്രെയിനിംഗ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ വലിയ ഖാദി സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങളുടെ കീഴില്‍ ഉയര്‍ന്ന അറബി ഗ്രന്ഥങ്ങള്‍ വായിച്ചു. പിന്നെ സര്‍ക്കാര്‍ സര്‍വീസില്‍ അധ്യാപകനായിരിക്കെ അറബിയില്‍ ഡിഗ്രിയും പി ജിയും പാസ്സായി. ബി എഡും, എം എഡും നേടിയ ശേഷം ഫാറൂഖ് ട്രെയിനിംഗ് കോളെജില്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ അധ്യാപകനായി ചേര്‍ന്നു. സുഊദിയില്‍ ജോലി സ്വീകരിച്ചപ്പോള്‍ ധാരാളം അറബി ഗ്രന്ഥങ്ങള്‍ വായിക്കാനും അറബി കവിതകള്‍ ഹൃദിസ്ഥമാക്കാനും അവസരം ലഭിച്ചു. അധ്യാപക ജോലിയും നിരന്തരമായ സാഹിത്യ പഠനവും അബ്ദുല്ല മാസ്റ്ററില്‍ ഭാഷാപരമായ കഴിവ് വളര്‍ത്തി.
ജീവിതത്തില്‍ തന്റെ മനസ്സില്‍ കടുത്ത വേദന സൃഷ്ടിച്ച അനുഭവങ്ങളും ദൃശ്യങ്ങളുമാണ് മാസ്റ്ററുടെ കവിതകളില്‍ പ്രതിബിംബിക്കുന്നത്. സമൂഹത്തില്‍ തേരോട്ടം നടത്തുന്ന തിന്മകളില്‍ അസഹ്യമായ വ്യഥ പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നു:
തോറ്റുപോയ് സിദ്ധാന്തങ്ങളഖിലം പിശാചിന്റെ
തേറ്റക്ക് മുമ്പില്‍ പൊലിഞ്ഞക്ഷയ
ജ്യോതിസ്സുകള്‍.
നൂറ്റാണ്ടുകളായ് കാത്തുസൂക്ഷിച്ച മയില്‍പ്പീലി-
കാറ്റത്ത് പറന്നുപോയ്, കൈതവം കിരാതമായ്.
ഭാരതത്തിലെ വിഭവങ്ങള്‍ തട്ടിയെടുക്കാനും സ്വന്തം  സംസ്‌കാരം ഇവിടെ അടിച്ചേല്പിക്കാനും കൊതിപൂണ്ടു കഴിയുന്ന വിദേശ ശക്തികളെ അപലപിച്ചുകൊണ്ട് കവി പാടുന്നു:
അക്കരെ മരപ്പൊത്തിലിരിക്കും കൊക്കിപ്രാവി-
നിക്കരെ പയര്‍മണി, പാടത്ത് പുഞ്ചക്കതിര്‍
ചില്ലകള്‍ ചേക്കേറുവാന്‍ കൂടുകെട്ടുവാന്‍ വെണ്ണ
ക്കല്ലിന്റെ കൊട്ടാരത്തിനുള്ളിലെ മണിപ്പൊത്ത്.
ആശയ സമ്പുഷ്ടവും സംഭവ സൂചകങ്ങളുമാണ് മാസ്റ്ററുടെ കവിതകളധികവും. ഇബ്‌റാഹീം ബേവിഞ്ച ‘പാവന സുന്ദര സംഗീതം’ എന്ന ലേഖനത്തില്‍ മാസ്റ്ററുടെ പാട്ടുകളെ ഇങ്ങനെ വിലയിരുത്തുന്നു: ”ഒരു മതവിശ്വാസിയുടെ ഉള്ളില്‍ നിന്നും ഒഴുകി വരുന്ന ഭക്തിമയമായ വൈകാരിക വൈചാരികതകളുടെ താളപ്പെടലാണ് ഈ കവിയുടെ പാട്ടുകളില്‍ കാണുന്നത്.”
ഖുര്‍ആന്‍ കൈവെടിഞ്ഞ് പാശ്ചാത്യര്‍ മുഴക്കിയ ചിലമ്പൊലിയുടെ പിറകില്‍ പോയി പാപത്തിന്റെ പാനപാത്രം മോന്തുന്നതിനെ സൂചിപ്പിച്ചുകൊണ്ട് കവി പാടുന്നു:
സമിഅ്‌നാ അനീനല്‍ ഗര്‍ബി
ഖുംനാ ബി അംറിഹിം.
ശരിബ്‌നാ കുഊസല്‍ ഖ്വാതി
ഈന ബി ഖല്‍ബിനാ
പ്രാസവൃത്ത നിബന്ധനകള്‍ പാലിച്ചു അറബിക്കവിതയുടെ ഗാനാത്മകത നിലനിര്‍ത്തി തന്നെ ആശയ സമ്പുഷ്ടതയുടെ മേന്മ പുലര്‍ത്താന്‍ കവിക്ക് കഴിഞ്ഞിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലായി എഴുതിയ അറബി കവിതകള്‍ സമാഹരിച്ച് ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ഈ കവി. മാസ്റ്ററുടെ അറബി കവിതകളില്‍ പലതും ‘അത്തൗഹീദ്’ മാസികയില്‍ പ്രകാശിതമായിട്ടുണ്ട്.