Saturday
21
July 2018

ഓര്‍മയുടെ താരാപഥങ്ങളില്‍

സി പി ഉമര്‍ സുല്ലമി /സി കെ റജീഷ്

കേരളത്തില്‍ തൗഹീദി ആദര്‍ശ പ്രബോധനരംഗത്ത് അര നൂറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമാണ് സി പി ഉമര്‍ സുല്ലമി. കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും മുഖ്യ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റാണ്. ആദര്‍ശ പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച സാത്വികരായ പണ്ഡിതരുടെയും നേതാക്കളുടെയും ജീവിതങ്ങള്‍ അനന്യമാതൃകയാണ്. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ സ്വീകരിച്ച് കൂടുതല്‍ ഉണര്‍വോടെ മുന്നോട്ടുപോവാനുള്ള ആവേശവും പ്രതിസന്ധികളെ തൃണവത്ഗണിച്ച് പുതിയ ചുവടുകള്‍ വെക്കാനുള്ള ആവേഗവും പ്രദാനം ചെയ്യുന്ന അനുഭവങ്ങളാണ് ആദ്യകാല നേതാക്കള്‍ക്ക് പങ്കുവെക്കാനുള്ളത്. പ്രസ്ഥാന പ്രവര്‍ത്തനരംഗത്ത് വിശ്രമമില്ലാതെ കര്‍മനിരതനായി ഇന്നും നേതൃത്വം നല്കിവരുന്ന സി പി ഉമര്‍ സുല്ലമി തന്റെ ജീവിതത്തിന്റെ ഇന്നലെകള്‍ ഓര്‍ത്തെടുക്കുന്നു. ആദര്‍ശവഴിയില്‍ പച്ചപിടിച്ച തന്റെ ജീവിത പരിസരത്തിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

കുടുംബവും
ജീവിത സാഹചര്യങ്ങളും

പാലക്കാട് ജില്ലയിലെ പഴയ വള്ളുവനാട് താലൂക്കില്‍ പെട്ട നെല്ലായ അംശം എഴുവന്തല പേങ്ങാട്ടിരി എന്ന സ്ഥലത്ത് 1939 സപ്തംബര്‍ 15-നാണ് ജനനം. ചെട്ടിത്തൊടി എന്ന കുവത്തിന്‍ കുഴിയില്‍ സി പി കോയക്കുട്ടിയാണ് പിതാവ്. മാതാവ് വല്ലപ്പുഴ സ്വദേശിനി വെളുത്താക്കതൊടിയില്‍ ഫാത്വിമ. പിതാവിന്റെ ഉപ്പ സൈതലവി ഹാജി. മാതാവിന്റെ ഉപ്പ അഹമ്മദ് കബീര്‍ മൊല്ല. ഞാനുള്‍പ്പെടെ എട്ട് ആണ്‍കുട്ടികളായിരുന്നു എന്റെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നത്. ജ്യേഷ്ഠന്മാരായ അഞ്ചില്‍ മൂന്നു പേരും ഞാന്‍ ജനിക്കുന്നതിന് മുമ്പു തന്നെ മരണപ്പെട്ടു. മൂത്ത ജ്യേഷ്ഠന്‍ മുഹമ്മദ് കുട്ടിയും ഇളയ സഹോദരന്‍ ഉസ്മാനും പിന്നീട് മരണപ്പെട്ടു. മറ്റൊരു ജ്യേഷ്ഠനായ അബൂബക്കറും അനുജനായ സൈനുല്‍ ആബിദീനുമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത്. എന്റെ മാതാവിനെ കൂടാതെ ഉപ്പ വിവാഹം ചെയ്ത കുട്ടീമ്മു എന്ന എളേമയില്‍ ജനിച്ച മറിയം എന്ന സഹോദരിയും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. മാതാപിതാക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
ചെമ്മന്‍കുഴി സ്ഥലവാസികളായിരുന്നു എന്റെ പിതാവിന്റെ കുടുംബക്കാര്‍. മൂന്ന് നാഴിക പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ചെമ്മന്‍കുഴിയില്‍ നിന്ന് കച്ചവടാവശ്യാര്‍ഥം ഈ കര്‍ഷക കുടുംബം പേങ്ങാട്ടിരി എന്ന സ്ഥലത്തേക്ക് താമസം മാറുകയാണുണ്ടായത്. കര്‍ഷക കുടുംബത്തില്‍ ജനിച്ചെങ്കിലും പിതാവ് പല തരത്തിലുള്ള കച്ചവടത്തില്‍ വ്യാപൃതനായിരുന്നു. വലിയ വിദ്യാഭ്യാസം നേടാനായില്ലെങ്കിലും നല്ല വിദ്യാഭ്യാസ തല്പരനായിരുന്നു അദ്ദേഹം. മതപരവും ലൗകികവുമായ വിദ്യാഭ്യാസത്തിന് അദ്ദേഹം വലിയ പ്രോത്സാഹനങ്ങള്‍ നല്കി. പേങ്ങാട്ടിരിയിലെ വീടിനടുത്തുള്ള നമസ്‌കാര പള്ളിയില്‍ സ്വന്തം ചെലവില്‍ മുദരിസ്സുമാരെ നിയമിച്ച് ദര്‍സ് നടത്തി. ഏലംകുളം ബുഖാരി മുസ്‌ലിയാരും ആനക്കര കുഞ്ഞഹമ്മദ് മുസ്‌ലിയാരുമാണ് ദര്‍സിലെ മുദരിസ്സുമാരായിട്ടുണ്ടായിരുന്നത്. കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ അനുജന്‍ കോയ മുസ്‌ലിയാര്‍ അന്ന് എന്റെ കൂടെ ദര്‍സിലെ സഹപാഠിയായിരുന്നു. കോയ മുസ്‌ലിയാര്‍ പിന്നീട് സമസ്തയുടെ മുഫത്തിശ്ശും ഇപ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റുമായി.

വിദ്യാഭ്യാസ തല്പരനായ
പിതാവ്

ഭൗതികവും മതപരവുമായ വിദ്യാഭ്യാസ രീതിയിലൂടെ പുതിയ തലമുറ വളര്‍ന്നുവരണമെന്ന പുരോഗമന കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു പിതാവ്. ഒരേ സമയം എട്ട് സ്‌കൂളുകളുടെ മാനേജരായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തോട് പൊതുവെ സമൂഹം പുറംതിരിഞ്ഞുനിന്ന ഒരു കാലഘട്ടത്തില്‍ സ്‌കൂളുകള്‍ സ്ഥാപിച്ച് സ്വന്തം ചെലവില്‍ അധ്യാപകരെ നിയമിച്ച് അത് നടത്തിക്കൊണ്ടുപോവാന്‍ പിതാവ് ശ്രദ്ധിച്ചുപോന്നു. ഈ സ്‌കൂളുകളില്‍ ദരിദ്ര കുടുംബത്തില്‍ പെട്ട അധ്യാപകരായിരുന്നു ജോലി ചെയ്യാറുണ്ടായിരുന്നത്. സര്‍ക്കാറില്‍ നിന്ന് ഇവര്‍ക്ക് തുച്ഛമായ തുക മാത്രമേ ഗ്രാന്റായി വല്ലപ്പോഴും ലഭിച്ചിരുന്നുള്ളൂ. ഉപ്പയുടെ കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഈ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാറുണ്ടായിരുന്നു. അവര്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നതിന് മുമ്പെ സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്കി അവരെ തൃപ്തിപ്പെടുത്താന്‍ ഉപ്പ ശ്രദ്ധിച്ചുപോന്നു. സര്‍ക്കാറില്‍ നിന്ന് കിട്ടുമ്പോള്‍ അധ്യാപകര്‍ ഈ തുക ഉപ്പക്ക് തിരിച്ചുനല്‍കുകയും ചെയ്യും. ചെമ്മക്കുഴി മാപ്പിള എല്‍ പി സ്‌കൂള്‍, കിഴക്കുപറമ്പില്‍ എല്‍ പി സ്‌കൂള്‍, മോട്ടൂര്‍ മാപ്പിള എല്‍ പി സ്‌കൂള്‍ എന്നിവ ഉപ്പ സ്ഥാപിച്ച് നടത്തിപ്പോന്ന സ്ഥാപനങ്ങളില്‍ ചിലതാണ്. എട്ട് സ്‌കൂളുകളില്‍ രണ്ട് സ്‌കൂളുകളുടെ ഉടമസ്ഥാവകാശം ഇപ്പോഴും ഞങ്ങളുടെ കുടുംബത്തിനാണ്. എളാപ്പയുടെയും മൂത്താപ്പയുടെയും മാനേജ്‌മെന്റിലാണ് ഉപ്പയുടെ മരണശേഷം ഈ സ്‌കൂളുകള്‍ നടന്നത്. ഇപ്പോള്‍ അവരുടെ മക്കളാണ് സ്‌കൂളിന്റെ നടത്തിപ്പ് നിര്‍വഹിച്ചുപോരുന്നത്.
ഉപ്പ നല്ലൊരു കച്ചവടക്കാരനായിരുന്നു. പലചരക്ക്, വസ്ത്രം, മലഞ്ചരക്ക് എന്നിവയുടെയൊക്കെ വ്യാപാരം ഉപ്പക്കുണ്ടായിരുന്നു. കച്ചവടക്കാര്‍ക്കും വ്യവസായ പ്രമുഖര്‍ക്കുമെല്ലാം അക്കാലഘട്ടത്തില്‍ കോഴിക്കോട് പട്ടണവുമായി നല്ല ബന്ധമുണ്ടായിരുന്നു. ഉപ്പയും കച്ചവടാവശ്യാര്‍ഥം പലപ്പോഴായി കോഴിക്കോട് വരാറുണ്ടായിരുന്നു. പട്ടണത്തിലെ ആളുകളുമായി നല്ല ബന്ധമായിരുന്നു ഉപ്പക്കുണ്ടായിരുന്നത്. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആദര്‍ശമുള്‍ക്കൊണ്ട ആദ്യകാല നേതാക്കളുമായിട്ട് ഉപ്പക്ക് അടുപ്പമുണ്ടാകാന്‍ കോഴിക്കോട് പട്ടണവുമായിട്ടുള്ള ഹൃദയബന്ധം കാരണമായി. ഉപ്പയുടെ മനസ്സില്‍ നവോത്ഥാനാശയങ്ങള്‍ക്ക് ചിറക് മുളയ്ക്കാന്‍ നിമിത്തമായതും ഉയര്‍ന്ന ചിന്താഗതിയും രാഷ്ട്രീയ ബോധവുമൊക്കെ രൂപപ്പെടാന്‍ സാഹചര്യമൊരുക്കിയതും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെപ്പോലുള്ള നേതാക്കളുമായിട്ടുള്ള സഹവാസവും സൗഹൃദവും മുഖേനയാണ്. ‘മുസ്‌ലിം മജ്‌ലിസ്’ എന്ന പേരില്‍ മുസ്‌ലിംകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നിരുന്ന അക്കാലഘട്ടത്തില്‍ ഉപ്പ ഞങ്ങളുടെ നാട്ടിലെ ഒരു രാഷ്ട്രീയ പൊതുയോഗത്തിലേക്ക് പ്രസംഗിക്കാനായി അബ്ദുറഹ്മാന്‍ സാഹിബിനെ ക്ഷണിച്ചു. മുസ്‌ലിം മജ്‌ലിസുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ച ഉപ്പയുടെ ക്ഷണം സ്വീകരിച്ച് അബ്ദുര്‍റഹ്മാന്‍ സാഹിബ് നാട്ടിലെത്തി പ്രസംഗിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്.
ഉപ്പ ഒരു കച്ചവടക്കാരനായതുപോലെ ഒരേസമയം മൂന്ന് ബസ്സുകളുടെ ഉടമയുമായിരുന്നു. ഞങ്ങളുടെ വീടിനു സമീപത്തെ റോഡിലൂടെ ആദ്യമായി ഓടിയ ബസ് ഉപ്പയുടേതായിരുന്നു. ആ ബസുകളുടെ പല അവശിഷ്ടങ്ങളും വീട്ടില്‍ കണ്ടതായി മാത്രമേ എന്റെ ബാല്യകാലത്തെ ഓര്‍മകളില്‍ തങ്ങിനില്ക്കുന്നുള്ളൂ.
മതപരമായും ഭൗതികമായും ഉയര്‍ന്നുപഠിക്കാന്‍ അക്കാലത്ത് ഉപ്പയെപ്പോലെയുള്ളവര്‍ക്ക് അവസരങ്ങള്‍ കുറവായിരുന്നു. എങ്കിലും ബന്ധങ്ങളും വിദ്യാഭ്യാസചിന്തയും രാഷ്ട്രീയ കാഴ്ചപ്പാടും മതബോധമുള്ളവരാക്കി മക്കളെ വളര്‍ത്താനും ഭൗതിക വിദ്യാഭ്യാസത്തിന് ആവുന്നത്ര പ്രോത്സാഹനങ്ങള്‍ നല്കാനും അവര്‍ക്ക് പ്രേരണ നല്കിയിട്ടുണ്ട്. മതത്തിന്റെ പേരില്‍ നടന്നിരുന്ന അന്ധവിശ്വാസ അനാചാരങ്ങളില്‍ ഇഴുകിച്ചേരാതെ മാറി ചിന്തിക്കാന്‍ പര്യാപ്തമായ ഉത്ബുദ്ധ സമൂഹത്തെ പാകപ്പെടത്തിയെടുക്കുന്നതില്‍ ഉപ്പയുടെ തലമുറയില്‍ പെട്ടവര്‍ കാണിച്ച തല്പരത എടുത്തുപറയേണ്ടതാണ്. അക്ഷരങ്ങളോട് അപ്രിയം വെച്ചുപുലര്‍ത്തുന്ന ഒരു സാമൂഹിക സാഹചര്യത്തില്‍ വിശേഷിച്ചും. അക്ഷരങ്ങള്‍ക്കപ്പുറം ആശയങ്ങളുടെ വിശാലാര്‍ഥങ്ങളിലേക്ക് വിശ്വാസത്തെയും അനുഷ്ഠാന രീതിയെയുമൊക്കെ പഠനവിധേയമാക്കാന്‍ പ്രചോദനമായി വര്‍ത്തിച്ചത് ഉപ്പയടക്കമുള്ളവരുടെ വിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹനങ്ങള്‍ തന്നെയായിരുന്നു.

അന്ധവിശ്വാസങ്ങള്‍
അനാചാരങ്ങള്‍

എന്റെ ജന്മനാടായ, ഇപ്പോള്‍ ഒറ്റപ്പാലം താലൂക്കില്‍ പെട്ട എഴുവന്തല പേങ്ങാട്ടിരിയിലും പരിസര പ്രദേശങ്ങളിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്നു. മുസ്‌ലിംകള്‍ പൊതുവില്‍ സുന്നികള്‍ ആയിരുന്നുവെങ്കിലും കൊണ്ടോട്ടിക്കൈക്കാര്‍, പൊന്നാനിക്കൈക്കാര്‍ എന്നിങ്ങനെ വേര്‍തിരിഞ്ഞായിരുന്നു അവരുടെ പ്രവര്‍ത്തനം. കൊണ്ടോട്ടി തങ്ങളുടെ പേരിലുള്ള ത്വരീഖത്തിനെ പിന്തുടര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കൊണ്ടോട്ടിക്കൈക്കാരുടെ കൊടികുത്ത് നേര്‍ച്ച അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു. വളരെ ആഘോഷപൂര്‍വം കൊണ്ടാടിയിരുന്ന കൊടികുത്തു നേര്‍ച്ചയില്‍ കൊണ്ടോട്ടി തങ്ങളുടെ ത്വരീഖത്തിനെ പിന്‍പറ്റുന്ന വലിയ ആള്‍ക്കൂട്ടം പങ്കെടുത്തിരുന്നു. കൊണ്ടോട്ടി തങ്ങളുടെ മുരീദന്മാര്‍ക്ക് ഭൂരിപക്ഷമുള്ള പട്ടിശ്ശേരി പ്രദേശത്തുനിന്ന് നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവര്‍ പോകുമ്പോള്‍ ആവര്‍ത്തിച്ച് ഉറക്കെ ഉരുവിട്ടിരുന്ന വാക്യങ്ങള്‍ (തോറ്റങ്ങള്‍) ഇന്നും എനിക്ക് ഓര്‍മവരുന്നു.
‘അത്യാവശ്യാ (ശൈഖിന്റെ പേര്) വലിയുല്ലാഹ്, മുരീദന്മാര്‍ക്ക് അദാബ് ഇല്ല’ എന്നിങ്ങനെ പലതവണ അവര്‍ ഒന്നിച്ച് ചൊല്ലിയിട്ടാണ് നേര്‍ച്ച സ്ഥലത്തേക്ക് പോയിരുന്നത്. കൊണ്ടോട്ടി കൈക്കാരുടെ ആദര്‍ശവും ആചാരവും മനസ്സിലാക്കാന്‍ വഴിയെ കൂടുതല്‍ അവസരം ലഭിച്ചപ്പോള്‍ അവര്‍ തനി ശീഅകളാണെന്ന കാര്യം എനിക്ക് ബോധ്യപ്പെട്ടു.
അന്നത്തെ സുന്നി ആശയക്കാരായ സൈനുദ്ദീന്‍ മഖ്ദൂമിന്റെ അനുയായികളായിരുന്നു പൊന്നാനി കൈക്കാര്‍. പൊന്നാനി കൈക്കാരും കൊണ്ടോട്ടി കൈക്കാരും എന്റെ നാടിന്റെ സമീപ മഹല്ലായ നെല്ലായ ദേശത്ത് ഉണ്ടായിരുന്നു. വെവ്വേറെ പള്ളികള്‍ കേന്ദ്രീകരിച്ചാണ് അവരുടെ പ്രവര്‍ത്തനം. പിന്നീട് എങ്ങനെയോ ഈ രണ്ട് വിഭാഗങ്ങളും യോജിപ്പോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നെല്ലായ മഹല്ലിലെ രണ്ട് പള്ളികളിലും അവര്‍ ഇരുവരും മാറി മാറി ജുമുഅ നിര്‍വഹിക്കുകയും ചെയ്തു.
പട്ടിശ്ശേരി പള്ളിയില്‍ ജുമുഅക്ക് പോകുന്ന അവസരത്തില്‍ കൊണ്ടോട്ടി തങ്ങളുടെ ജാറാവശിഷ്ടങ്ങള്‍ കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. നെല്ലായ മഹല്ലില്‍ പെട്ട പൊന്നാനിക്കൈക്കാര്‍ കൊണ്ടോട്ടികൈക്കാരെ പരിഹസിച്ച് ചൊല്ലിയിരുന്ന തോറ്റവും ഞാനോര്‍ക്കുന്നു: ‘അത്യാവശ്യാ വലിയല്ലാ, മുരീദന്മാര്‍ക്ക് അദാബ് അല്ല’ എന്നിങ്ങനെയാണ് ചൊല്ലിയിരുന്നത്. കൊണ്ടോട്ടി കൈക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ഉറൂസുകളും നേര്‍ച്ചകളുമാണ് അക്കാലഘട്ടത്തിലെ പ്രാധാന അനാചാരങ്ങള്‍. ഹദ്ദാദുകള്‍, കുത്‌റാത്തിബുകള്‍, ദബ്ബൂസ് പോലുള്ള ആയുധ പ്രയോഗങ്ങള്‍ എന്നിങ്ങനെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ നിരവധി അനാചാരങ്ങള്‍ അക്കാലഘട്ടത്തില്‍ നിലനിന്നിരുന്നു.
‘യാ ശൈഖ് മുഹ്‌യുദ്ദീന്‍’ എന്ന് ഉറക്കെ വിളിച്ചിട്ട് ദബ്ബുസ് കൊണ്ട് ഹാലിളകി വയറ്റില്‍ കുത്തുന്നു. ശൈഖ് ആയുധം കൊടുക്കുന്ന വ്യക്തി ‘ശൈഖേ’ എന്ന് ഉറഞ്ഞ് തുള്ളി വിളിച്ച് നടത്തുന്ന ഒരു അഭ്യാസ പ്രകടനമായിരുന്നു ഇത്. മാജിക്‌ഷോപോലുള്ള ഈ അഭ്യാസ പ്രകടനം കാണാന്‍ ആളുകള്‍ കൂട്ടമായി നില്ക്കുകയും ചെയ്യും. കൊണ്ടോട്ടി കൈക്കാരുടെ നേതൃത്വത്തില്‍ നടത്തിയ ഇത്തരം ഉറൂസുകളും കുത്തുറാത്തിബ് പോലുള്ള അനാചാരങ്ങളും തനി അന്ധവിശ്വാസങ്ങളാണെന്ന് ഉപ്പ പരസ്യമായി പറഞ്ഞിരുന്നു. മരിച്ചുപോയ മുഹ്‌യുദ്ദീന്‍ ശൈഖിനെ വിളിച്ചു പ്രാര്‍ഥിക്കുന്നതിനെ നിശിതമായി എതിര്‍ത്ത് ഉപ്പ സംസാരിക്കുന്നത് ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. ഇത്തരം അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും തീര്‍ത്തും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ഉപ്പയെന്ന് നാട്ടിലെയും കുടുംബത്തിലെ കാരണവന്മാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ഉപ്പ ശൈഖിനെ എതിര്‍ത്തതിന്റെ പേരില്‍ ഒരിക്കല്‍ രാത്രിയില്‍ ശൈഖ് പച്ചക്കുതിരപ്പുറത്ത് വന്ന് ഉപ്പയെ അടിച്ചുവെന്ന കെട്ടുകഥ പ്രചരിച്ചിരുന്നു. അബദ്ധജഡിലവും അത്യാചാരങ്ങള്‍ നിറഞ്ഞതുമായ അന്ധവിശ്വാസങ്ങളെയെല്ലാം എതിര്‍ത്ത് സംസാരിച്ചിരുന്ന ഉപ്പയുടെ വഴിയില്‍ തന്നെ മകനും ആയിത്തീര്‍ന്നുവെന്ന് പില്‍ക്കാലത്ത് എന്നെ കുറിച്ച് നാട്ടിലെ കാരണവന്മാരും ചില ബന്ധുക്കളും പറഞ്ഞിരുന്നു. അരീക്കോട് സുല്ലമുസ്സലാമില്‍ പഠിക്കുന്ന കാലത്താണിത്. ഉപ്പയുടെ ആദര്‍ശത്തില്‍ ഉറച്ചുനിന്ന മകന്റെ പ്രവര്‍ത്തനങ്ങളെ കാണാന്‍ ഉപ്പക്ക് സാധിച്ചില്ല എന്നും അവര്‍ പറയാറുണ്ടായിരുന്നു.
സുന്നത്ത് കല്യാണം, കാതുകുത്ത് കല്യാണം എന്നിവ വളരെ ആഘോഷപൂര്‍വം അക്കാലഘട്ടത്തില്‍ നടത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് മൊല്ലമാര്‍ വന്ന് മൗലീദ് പാരായണം ചെയ്യുകയും കാരണവന്മാരും ബന്ധുക്കളും വീട്ടില്‍ അതിഥികളായെത്തി നല്ല ഭക്ഷണം വിളമ്പി കഴിച്ച് പിരിഞ്ഞുപോവുകയും ചെയ്യും. ഞാന്‍ ദര്‍സില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് എന്റെയും അനുജന്റെയും സുന്നത്ത് കല്യാണം നടക്കുന്നത്. ഇതോടനുബന്ധിച്ച് വീട്ടില്‍ മൗലീദ് പാരായണം നടത്തിയതായി എന്റെ ഓര്‍മയിലില്ല.
എല്ലാ വീടുകളിലും ‘കുടിയോത്ത്’ സമ്പ്രദായം നിലനിന്നിരുന്നു. മൊല്ലാക്ക എല്ലാ ദിവസവും വീട്ടില്‍ വന്ന് നിശ്ചിത സമയം  ഖുര്‍ആനിലെ ഏതാനും പേജുകള്‍ പാരായണം ചെയ്ത് പോവുന്നു. മാസത്തിലൊരിക്കല്‍ വ്യാഴാഴ്ചകളില്‍ മൊല്ലാക്കക്കുള്ള പ്രതിഫലം നെല്ലോ അരിയോ ഒക്കെ ആയിട്ട് നല്കും. ഇങ്ങനെ മൊല്ലാക്ക വന്ന് എന്റെ വീട്ടിലും കുടിയോത്ത് നടത്തിയതായി ഓര്‍മയിലുണ്ട്. സ്ത്രീകളുടെ ഇരു കാതും കുത്തുക എന്നത് അക്കാലത്ത് സാര്‍വത്രികമായിരുന്നു. കാത് കുത്തുന്നതിനോടനുബന്ധിച്ച് ആഘോഷപൂര്‍വം വീടുകളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. മൊല്ലമാരുടെയും കാരണവന്മാരുടെയും സാന്നിധ്യം വീടുകളില്‍ നടക്കുന്ന സല്‍ക്കാരങ്ങളില്‍ ഉണ്ടാവുമായിരുന്നു.

സ്ത്രീ വിദ്യാഭ്യാസം

സ്ത്രീകള്‍ക്ക് അക്കാലഘട്ടത്തില്‍ വിദ്യാഭ്യാസം പൊതുവെ കുറവായിരുന്നു. അവര്‍ പഠിക്കേണ്ടവരോ പഠിപ്പിക്കേണ്ടവരോ അല്ല എന്ന മട്ടില്‍ അതില്‍ നിന്നെല്ലാം ഉള്‍വലിഞ്ഞ് നില്ക്കുന്നവരായിരുന്നു. കിതാബുകള്‍ ഓതാനും മാലകള്‍ ഈണത്തില്‍ പാടാനും പഠിച്ചാല്‍ എല്ലാമായി എന്ന ധാരണയായിരുന്നു പരക്കെ ഉണ്ടായിരുന്നത്. രിഫാഇ മാല, മുഹ്‌യിദ്ദീന്‍ മാല തുടങ്ങിയവ സ്ത്രീകള്‍ ഈണത്തില്‍ പാടിയിരുന്നു. എന്നാല്‍ എന്റെ ഉമ്മ ആ കാലത്തെ സ്ത്രീകളില്‍ നിന്നും വ്യത്യസ്തയായി നല്ല മതവിദ്യാഭ്യാസവും ദീനിബോധവും ഉള്ള സ്ത്രീയായിരുന്നു. ഉമ്മയുടെ ഉപ്പയും അമ്മാവന്മാരും എല്ലാം നല്ല മതപണ്ഡിതരായതു കൊണ്ട് ഉമ്മക്കും മതപരമായി നല്ല ശിക്ഷണം ലഭിച്ചിരുന്നു. പത്തു കിതാബ്, ഉംദ പോലുള്ള ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ഉമ്മ പഠിച്ചിരുന്നു. ഞാന്‍ ജനിച്ചതിനു ശേഷം ഉമ്മക്ക് ഇടക്കിടെ മാനസിക അസ്വാസ്ഥ്യം അനുഭവപ്പെടാറുള്ള സന്ദര്‍ഭങ്ങളില്‍ നൂറുല്‍ അബ്‌സ്വാര്‍ പോലുള്ള പ്രസിദ്ധ ഗ്രന്ഥങ്ങളിലെ നീണ്ട ഇബാറത്തുകള്‍ (വാചകങ്ങള്‍) മനസ്സില്‍ നിന്നെടുത്ത് ചൊല്ലുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉമ്മ വായിച്ച് പഠിച്ച ഫിഖ്ഹ് കിത്താബുകളിലെ ഉദ്ധരണികള്‍ മിക്കതും അവര്‍ക്ക് മനപ്പാഠമായിരുന്നു. അറബി മലയാളത്തില്‍ നന്നായി എഴുതാനും വായിക്കാനും ഉമ്മക്ക് കഴിഞ്ഞിരുന്നു. മലയാള അക്ഷരങ്ങള്‍ തീരെ അറിഞ്ഞിരുന്നില്ല.

ഓത്തുപള്ളികളിലെ
വിദ്യാഭ്യാസം

സ്‌കൂളുകളോടനുബന്ധിച്ച് ഓത്തുപള്ളികള്‍ നിലനിന്നിരുന്നു. ഓത്തു പള്ളികളില്‍ ഓത്തു പലകകളിലായിരുന്നു മൊല്ലാക്കമാര്‍ ഓത്ത് പഠിപ്പിച്ചിരുന്നത്. സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുന്ന മൊല്ലാക്കമാര്‍ക്ക് സ്‌കൂളിലെ അധ്യാപകര്‍ വല്ലതും കാശായി നല്കും. വ്യാഴാഴ്ചകളില്‍ കുട്ടികളും മൊല്ലാക്കമാര്‍ക്ക് തുച്ഛമായ തുക നല്കും. വേതനമായി ഇങ്ങനെ കൈപ്പറ്റിയിരുന്ന തുക ‘വ്യാഴാഴ്ചക്കാശ്’ എന്ന പേരിലാണ് പറഞ്ഞിരുന്നത്. അറബി അക്ഷരങ്ങളെ ഈണത്തില്‍ ചൊല്ലി പഠിപ്പിക്കുന്ന രീതിയായിരുന്നു ഓത്തുപള്ളികളില്‍ സ്വീകരിച്ചിരുന്നത്. അലിഫ്, ബാ തുടങ്ങി ഇരുപത്തെട്ട് അക്ഷരങ്ങളെ പഠിച്ചതിനു ശേഷം അക്ഷരങ്ങളുടെ പുള്ളി വ്യത്യാസമനുസരിച്ച് അവ ഈണത്തില്‍ ചൊല്ലിക്കൊടുക്കും.
അലിഫിന് പുള്ളിയില്ല, ബാക്ക് ഒരു പുള്ളി താഴെ, താക്ക് രണ്ട് പുള്ളി മീതെ, സാക്ക് മൂന്ന് പുള്ളി മീതെ, ജീമിന് ഒരു പുള്ളി താഴെ, ഹാക്ക് പുള്ളിയില്ല… തുടങ്ങി പ്രത്യേക രീതിയിലും ഈണത്തിലും എല്ലാ അക്ഷരങ്ങളെയും ചൊല്ലിപ്പഠിപ്പിക്കും. അക്ഷരങ്ങള്‍ നീട്ടിച്ചൊല്ലാന്‍ പഠിപ്പിക്കുന്ന പാഠഭാഗമാണ് മൂന്നാമതായി ഓത്തുപള്ളികളില്‍ പറഞ്ഞുകൊടുത്തിരുന്നത്. അലിഫാലീഫ്, ബാആലിഫ്, താആലിഫ് (ആ, ബാ, താ…) എന്നിങ്ങനെയായിരുന്നു ചൊല്ലിക്കൊടുത്തിരുന്നത്. നാലാമതായി അറബിയിലെ ഇരുപത്തെട്ട് അക്ഷരങ്ങളും ചേര്‍ത്ത് പറഞ്ഞ് ചൊല്ലി പഠിപ്പിക്കും. അബ്തസു ജഹീന്‍ എന്നീ ക്രമത്തില്‍ അക്ഷരങ്ങള്‍ കുട്ടികള്‍ ചേര്‍ത്തു ചൊല്ലുന്നു. അബ്ജദ് ഹവ്വസ് എന്നീ അക്ഷരങ്ങളുടെ ക്രമത്തില്‍ ചേര്‍ത്തി പഠിപ്പിക്കുന്ന രീതിയാണ് അടുത്ത ഘട്ടം. അക്ഷരങ്ങള്‍ ആദ്യം കൂട്ടിയെഴുതി പഠിപ്പിക്കുന്ന ആയത്ത് ഫതബാറകല്ലാഹു അഹ്‌സനുല്‍ ഖാലിഖീന്‍ എന്നതാണ്. വിശുദ്ധ ഖുര്‍ആനിലെ ആ ആയത്ത് എടുത്തു പറഞ്ഞാല്‍ ഓത്തുപള്ളിയിലെ കുട്ടി ഇപ്പോള്‍ അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ പഠിക്കുന്ന പാഠഭാഗമാണ് ചൊല്ലുന്നതെന്ന് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയും.
ഓത്തുപള്ളിയില്‍ പ്രചാരം നേടിയ ഇങ്ങനെയൊരു പഠന സമ്പ്രദായം അന്ന് നിലനിന്നപ്പോഴും ഞാന്‍ പ്രസ്തുത ശൈലിയില്‍ പഠിച്ചിരുന്നില്ല. കോഴിക്കോട് നിന്ന് ഉപ്പ കൊണ്ടുവന്നിരുന്ന അക്ഷരങ്ങള്‍ ചൊല്ലി പഠിപ്പിക്കുന്ന പാഠപുസ്തകത്തില്‍ നിന്ന് ദര്‍സിലെ ഉസ്താദുമാരാണ് എനിക്ക് അക്ഷരങ്ങള്‍ പഠിപ്പിച്ചുതന്നത്. മലയാള വാക്ക് ഉപയോഗിച്ച് അറബി അക്ഷരങ്ങള്‍ പുസ്തകങ്ങളുടെ സഹായത്താല്‍ അവര്‍ എനിക്ക് പഠിപ്പിച്ചുതന്നു. അറ, ഉറി, തറ, ഇല, വല തുടങ്ങി മലയാളത്തില്‍ സുപരിചിത പദങ്ങള്‍ അറബിയില്‍ എഴുതി പഠിപ്പിക്കുകയായിരുന്നു. എന്നാല്‍ സൂറത്തുയാസീന്‍ ഉള്‍പ്പെടെയുള്ള ഖുര്‍ആനിലെ ചില സൂറത്തുകള്‍ ഞാന്‍ പഠിച്ചത് ഓത്തുപലകയില്‍ എഴുതിയിട്ടാണ്. എഴുതാനായി അന്ന് ഉപയോഗിച്ചിരുന്നത് വലിയ മരപ്പലകയായിരുന്നു.
ചകിടിമണ്ണ് ഉപയോഗിച്ച് മരപ്പലക ആദ്യം വെളുപ്പിക്കുന്നു. മുള കൊണ്ട് ചെത്തി ഉണക്കിയ ഖലം (പേന) തന്നെയാണ് എഴുതാന്‍ ഉപയോഗിച്ചിരുന്നത്. അരി വറുത്ത് കരിച്ച് പൊടിച്ച് അതില്‍ വെള്ളം ചേര്‍ത്ത് സ്വല്പം കടുക്ക പോലുള്ളത് അതില്‍ കറ ലഭിക്കാനായി കലര്‍ത്തിയാല്‍ മഷിയായി. മഷി കുപ്പിയിലാക്കി ശീല നനച്ച് അതിലിട്ട് വെക്കുകയും ചെയ്യും. ഖലം ശീലമേല്‍ ഒപ്പിയിട്ട് എഴുതി തുടങ്ങും. ആ പലക തന്നെ മായ്ച്ച് മഷിയില്‍ മുക്കി വീണ്ടും ഉപയോഗിക്കും. ഒരാഴ്ച പഠിച്ചത് ചൊല്ലിക്കൊടുക്കുകയും ഉസ്താദ് വ്യാഴാഴ്ച ദിവസം മനപ്പാഠം പരിശോധിക്കുകയും ചെയ്യും. പഠിച്ചത് പൂര്‍ത്തിയാക്കി മനപ്പാഠമാക്കാനുള്ള സൂറത്തുകള്‍ പറഞ്ഞുകൊടുക്കും. ഖുര്‍ആന്‍ പാരായണത്തിന്റെ അടിസ്ഥാന നിയമാവലികള്‍ (തജ്‌വീദ്), ദീനിയാത്ത് എന്നീ വിഷയങ്ങള്‍ മരക്കാര്‍ മൊല്ല എന്ന ഉസ്താദാണ് എനിക്ക് പഠിപ്പിച്ചുതന്നത്. ഒരു കാലിന് വൈകല്യമുള്ള അദ്ദേഹം രണ്ട് കൈകളും ഒരു കാലും ഉപയോഗിച്ച് ക്ലേശിച്ച് നടക്കുന്നത് ഞാന്‍ ഇപ്പോഴും മനസ്സില്‍ കാണുന്നു. നല്ല ഈണത്തില്‍ ഖുര്‍ആന്‍പാരായണം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ശൈലി നീട്ടിവലിച്ച് ഓതുക എന്നതായിരുന്നു. പാരായണം ചെയ്തിരുന്ന സൂക്തങ്ങളുടെ അര്‍ഥമറിയാതെയായിരുന്നു അദ്ദേഹം ശിഷ്യര്‍ക്ക് ഓതിക്കൊടുത്തിരുന്നത്.
വഫീദാദാ… ലിക ഫല്‍യതനാനാനാ ഫസില്‍ മുതനാനാഫിസൂന്‍ എന്ന ഖുര്‍ആന്‍ വാക്യം അദ്ദേഹം നീട്ടിവലിച്ച് പാരായണം ചെയ്യുന്നത് പലപ്പോഴായി കേട്ടിട്ടുണ്ട്. പള്ളി ദര്‍സിലെ ഉസ്താദുമാരുടെ ശിക്ഷണത്തില്‍ അറബി അക്ഷരങ്ങളും ഖുര്‍ആന്‍ പാഠങ്ങളും നന്നായി എനിക്ക് പഠിക്കാന്‍ സാധിച്ചത് എന്റെ മാതാപിതാക്കള്‍ അതിന് മതിയായ പ്രോത്സാഹനങ്ങളും വേണ്ട സഹകരണങ്ങളും നല്കിയതുകൊണ്ടാണ്. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ഹദീസ് ഗ്രന്ഥങ്ങളും കൂടുതല്‍ വായിച്ച് പഠിക്കാനുള്ള ഭാഷിസിദ്ധി കൈവരാന്‍ അറബി ഭാഷാ പഠനത്തില്‍ ഊന്നിയുള്ള ദര്‍സിലെ ഖുര്‍ആന്‍ പഠനരീതിയാണ് സഹായകമായി വര്‍ത്തിച്ചത്.