Saturday
21
July 2018

ഇസ്‌ലാം എന്തുകൊണ്ട് പന്നിമാംസവും രക്തവും വിലക്കുന്നു?

ടി പി എം റാഫി

ഇസ്‌ലാം ഇടപെടലുകള്‍ നടത്താത്ത ജീവിതമേഖലകള്‍ ഇല്ലെന്നതാണ് സത്യം. വിശ്വാസാനുഷ്ഠാന രംഗത്ത് മാത്രം ഒതുങ്ങിനില്‍ക്കാതെ, മനുഷ്യന്‍ വ്യവഹരിക്കുന്ന മുഴുവന്‍ മണ്ഡലങ്ങളിലും അത് സ്വന്തം കൈമുദ്ര ചാര്‍ത്തുന്നതുകാണാം. ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും വരെ ഇസ്‌ലാമിനു നിയമനിര്‍ദേശങ്ങളുണ്ട്. ആ മതത്തിന്റെ ഔന്നത്യവും സൗന്ദര്യവും യുക്തിഭദ്രമായ ഈ വ്യതിരിക്തതയാണ്. ഭക്ഷണരംഗത്ത്, ജൂതമതക്കാരെപ്പോലെ, ഒരുപാട് വിലക്കുകളൊന്നും ഇസ്‌ലാം ഏര്‍പ്പെടുത്തുന്നില്ല. വൃത്തിയുള്ളതും കലര്‍പ്പില്ലാത്തതും (ത്വയ്യിബ്) ധാര്‍മികമായി അനുവദനീയമായതുമായ (ഹലാല്‍) എല്ലാ ഭക്ഷണവും ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്.
പന്നിമാംസവും എല്ലാ മൃഗങ്ങളുടെയും രക്തവും ഭക്ഷിക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ വിലക്കുന്നുണ്ടെന്ന വസ്തുത സുവിദിതമാണ്. അതിന് ഖുര്‍ആന്‍ പറയുന്ന ഒരു കാരണം, ‘അത് ഏറ്റവും വൃത്തികെട്ടതാണ്’ എന്നാണ്. ചുവടെ ചേര്‍ത്ത ഖുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധിക്കുക: ”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി നേര്‍ച്ചയാക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ.” (2:173)
”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റു ചത്തത്, വന്യമൃഗം കടിച്ചുകൊന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് (അനുവദനീയ മൃഗങ്ങള്‍) ഇതില്‍നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കു മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും അമ്പുകളുപയോഗിച്ച് ഭാഗ്യം പരീക്ഷിക്കുന്നതും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു)” (5:3)
”(നബിയേ) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍, ഭക്ഷിക്കുന്നവന് കഴിക്കാന്‍ പാടില്ലാത്ത യാതൊന്നും ഞാന്‍ കാണുന്നില്ല- അത് ശവമോ ഒഴുക്കപ്പെട്ട രക്തമോ പന്നിമാംസമോ ആണെങ്കിലല്ലാതെ. കാരണം, അവ വൃത്തികെട്ടതത്രെ.” (6:145). വൈദ്യശാസ്ത്രപരമായി പന്നിമാംസവും രക്തവും ശരീരത്തിന് ദോഷകരമായി ബാധിക്കുന്നുണ്ടോ എന്നറിയണമെങ്കില്‍ സൂക്ഷ്മരോഗാണുക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കണം.
ഇരുനൂറു വര്‍ഷം മുമ്പുവരെയും മനുഷ്യര്‍ക്ക് സൂക്ഷ്മ രോഗാണുക്കളെക്കുറിച്ച് അറിവില്ലായിരുന്നു. ചീഞ്ഞളിഞ്ഞ ജൈവഘടകങ്ങള്‍ വിഘടിക്കുമ്പോഴുണ്ടാകുന്ന ‘വിഷവാതകങ്ങള്‍’ ശ്വസിച്ചാണ് രോഗമുണ്ടാകുന്നതെന്ന് മനുഷ്യര്‍ കരുതി. ഭാരതത്തിലാണെങ്കില്‍, ആയുര്‍വേദത്തിലെ ‘ത്രിദോഷങ്ങളാ’യ വാതം, പിത്തം, കഫം എന്നിവയുടെ ‘കോപ’മാണ് രോഗഹേതുവെന്ന് ധരിച്ചുവെച്ചു.
1800-ന്റെ രണ്ടാംപാതിയില്‍ ഫ്രഞ്ച് സൂക്ഷ്മജീവി ശാസ്ത്രജ്ഞനായ ലൂയിസ് പാസ്റ്ററും പിന്നീട് ജര്‍മന്‍ ഭിഷഗ്വരനായ റോബര്‍ട്ട് കോക്കും നടത്തിയ പഠനങ്ങളാണ് ‘രോഗാണുസിദ്ധാന്തം’ മുന്നോട്ടുവെച്ചത്. കോക്കിനെ 1905-ലെ നൊബേല്‍ സമ്മാനം തേടിയെത്തിയെന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ ആദ്യ നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് ആറുവര്‍ഷം മുമ്പ്, 1895-ല്‍, പാസ്റ്റര്‍ മരിച്ചുപോയതിനാല്‍ നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയ അദ്ദേഹത്തിന് ആ ഭാഗ്യമുണ്ടായില്ലെന്നുമാത്രം.
ആധുനിക വൈറോളജിസ്റ്റുകള്‍ പറയുന്നത്, പന്നികളാണ് മനുഷ്യരില്‍ മാരകമായ ജ്വരം പരത്തുന്ന പ്രധാന ജന്തുവെന്നാണ്. സൂക്ഷ്മജീവി ശാസ്ത്രജ്ഞനും രോഗപ്രതിരോധശാസ്ത്ര വിദഗ്ധനുമായ ഡോ. ഗ്രഹാം ബര്‍ഗസ് പറയുന്നു: ”കോഴികളില്‍ സാധാരണപോലെ വളരുന്ന വൈറസുകള്‍ പന്നികളിലെത്തുമ്പോള്‍ മാരകമായ തോതില്‍ പെരുകുന്നു. മനുഷ്യരില്‍ വളരുന്ന വൈറസുകളെ ഉഗ്രരൂപത്തില്‍ പടച്ചുവിടുന്നതും പന്നികളാണ്. വ്യത്യസ്ത വൈറസുകളെ ഇടകലര്‍ത്തി അപകടകരമായ അവസ്ഥയിലേക്ക് വളര്‍ത്തിയെടുക്കുന്നതും അതുവഴി പുതിയ വൈറസുകളെ പടച്ചുവിടുന്നതുമായ കൃഷിയിടമാണ് പന്നികളുടെ ശരീരം.”
പന്നികളുടെ ശരീരത്തില്‍ ബാക്ടീരിയകളും വൈറസുകളും കുടിയിരിക്കുന്നതിനുപുറമെ ഒട്ടേറെ പാരസൈറ്റുകളും താമസിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തുന്നു. ടേപ്പ്‌വേം, റൗണ്ട് വേം, പിന്‍വേം, ഹൂക്ക്‌വേം എന്നിവ ഇതില്‍ പെടും. എഴുപതില്‍ പരം രോഗങ്ങളെ പന്നി പരത്തുന്നുണ്ടത്രെ. മനുഷ്യരില്‍ സിസ്റ്റിസെര്‍ക്കോസിസ് (ര്യേെശരലൃരീശെ)െ എന്ന അണുബാധയുണ്ടാകുന്നത് പന്നികളിലെ ടാനിയ സോളിയം (ഠമലിശമ ീെഹശൗാ) എന്ന ടൈപ്പ് വിരകളില്‍ നിന്നാണ്. ഈ വിരകളുടെ ലാര്‍വകള്‍ മനുഷ്യശരീരത്തില്‍ കയറി സിസ്റ്റുകള്‍ ആയിത്തീരുന്നതോടു കൂടി രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.
സിസ്റ്റിസെര്‍സി ടൈപ്പ് വേം മസ്തിഷ്‌കത്തിലെത്തുമ്പോള്‍ ആ രോഗത്തെ ന്യൂറോ സിസ്റ്റിസെര്‍ക്കോസിസ് എന്നു വിളിക്കുന്നു. ഓര്‍മ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയിലേക്ക് ഇതെത്തിക്കുന്നതായി ഗവേഷകര്‍ വെളിപ്പെടുത്തുന്നു. ഹൃദയത്തിലാണ് പന്നികളിലെ വിരകള്‍ കയറിക്കൂടുന്നതെങ്കില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. ചിലപ്പോള്‍ ഹൃദയാഘാതത്തിനും ഇത് വഴിയൊരുക്കാറുണ്ട്. നേത്രനാഡികളില്‍ ചേക്കേറിയാല്‍ അന്ധതയും കരളില്‍ കുടിയിരുന്നാല്‍ കരള്‍വീക്കവും ഇവ ഉണ്ടാക്കുമത്രെ.
പന്നിമാംസം ഭക്ഷിക്കുന്നതിലൂടെ മനുഷ്യര്‍ക്ക് കിട്ടുന്ന മറ്റൊരു മാരകരോഗമാണ് ട്രിച്ചിനോസിസ് (ഠൃശരവശിീശെ)െ. ഈ രോഗം ട്രിച്ചിനെല്ലോസിസ്, ട്രിച്ചിനിയാസിസ് എന്നീ പേരുകളിലും  അറിയപ്പെടുന്നു. പന്നികളില്‍ വളരുന്ന ട്രിച്ചിനെല്ല ജനുസ്സില്‍ പെടുന്ന റൗണ്ട് വിരകളാണ് ഈ രോഗമുണ്ടാക്കുന്നത്. മനുഷ്യരില്‍ രോഗമുണ്ടാക്കുന്ന ഒട്ടേറെ ട്രിച്ചിനെല്ല സ്പീഷിസുകളുണ്ട്. ടി സ്‌പൈറലിസ് ഇനവും ടി ബ്രിറ്റോവി ഇനവും മാരകമാണ്. പന്നികളുടെ ശരീരത്തിലാണ് ഇവ തഴച്ചുവളരുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തുന്നു. ഈ രോഗാണുബാധയേറ്റാല്‍ ചിലപ്പോള്‍ പെട്ടെന്നൊന്നും രോഗലക്ഷണം കണ്ടെന്നുവരില്ല. ട്രിച്ചിനെല്ലി വിരകള്‍ കുടല്‍ഭിത്തിയെ ആക്രമിച്ചുതുടങ്ങുമ്പോള്‍ അതിസാരവും വയറുകടിയും ഛര്‍ദിയും അനുഭവപ്പെടാറുണ്ട്. അണുബാധയേറ്റ് ഒരാഴ്ച കഴിയുമ്പോള്‍ കണ്‍തടം വീര്‍ക്കുകയും കണ്ണുകള്‍ ചുവക്കുകയും പേശികളില്‍ കടുത്ത വേദന തോന്നുകയും ചെയ്യും.
ദരിദ്രരാജ്യങ്ങളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ ഇത് നന്നായി കുറഞ്ഞിട്ടൊന്നുമില്ല. അമേരിക്കയിലും കാനഡയിലും ആറിലൊന്നു പേരും ട്രിച്ചിനോസിസ് ബാധിതരാണെന്നാണ് കണക്ക്. പന്നിമാംസം നിരോധിച്ച മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഒരുകിലോ പന്നിമാംസത്തില്‍ 400 മില്യണ്‍ എണ്ണം വരെ ട്രിച്ചിനെല്ല വിരകള്‍ തിളക്കാറുണ്ട്. ഈ വിരകളുടെ സിസ്റ്റുകളെ പൂര്‍ണമായും കൊന്നൊടുക്കാന്‍ പാകത്തിലുള്ള ഊഷ്മാവില്‍ ഭക്ഷണം പാചകം ചെയ്‌തെടുക്കുക എന്നത് ശ്രമകരമായ ഏര്‍പ്പാടാണ്. പന്നിമാംസത്തിലെ നശിച്ചുപോകാതെ കിടക്കുന്ന ട്രിച്ചിനെല്ലാ സിസ്റ്റുകള്‍ മനുഷ്യരുടെ കുടലിലെത്തുമ്പോള്‍ പെപ്‌സിനിലും മറ്റ് ഉദരാമ്ലങ്ങളിലും കിടന്ന് ഈ സിസ്റ്റുകളുടെ പുറന്തോട് പൊട്ടുന്നു. അതോടെ സ്വതന്ത്രരാകുന്ന ലാര്‍വകള്‍ ചെറുകുടല്‍ഭിത്തിയെ ആക്രമിച്ചുതുടങ്ങുന്നു. ദിവസങ്ങള്‍ക്കകം അവ പൂര്‍ണ വളര്‍ച്ചയെത്തിയ വിരകളായിത്തീരുന്നു. പെണ്‍വിരകള്‍ക്ക് 2.2 മില്ലിമീറ്ററും ആണ്‍വിരകള്‍ക്ക് 1.2 മില്ലിമീറ്ററും വലിപ്പം കാണും.
ഒന്നുരണ്ടു ദിവസത്തിനകം പ്രായപൂര്‍ത്തിയാകുന്ന വിരകള്‍ ആണ്‍വിരകളുമായി ഇണചേര്‍ന്ന് മുട്ടയിട്ടുപെരുകുന്നു. നാലാഴ്ചയോളം ഇവ ചെറുകുടലില്‍ കഴിയുമത്രെ. മുട്ടവിരിഞ്ഞ ലാര്‍വകള്‍ രക്തത്തിലൂടെ പേശികളിലേക്ക് യാത്രയാകുന്നു. അവിടെ അവ വീണ്ടും സിസ്റ്റുകളായി കുടിയിരിക്കുന്നു. അതോടെയാണ് പേശികളില്‍ കടുത്ത വേദനയും മറ്റ് രോഗലക്ഷണങ്ങളും പ്രകടമാവുന്നത്. പന്നിമാംസം ഭക്ഷിക്കണമെന്നില്ല, പന്നിഫാമുകളില്‍ ജോലി ചെയ്യുന്നതിലൂടെയും പന്നികളുമായി സഹവാസമുണ്ടാകുന്നതിലൂടെയും പല മാരകരോഗങ്ങളും മനുഷ്യരിലേക്ക് പകരുന്നുണ്ടെന്ന് അമേരിക്കയിലും കാനഡയിലും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പന്നികളുടെ ശ്വാസകോശങ്ങളില്‍ ഉഷ്ണകാലത്ത് വളരുന്ന ഒരുതരം ഇന്‍ഫഌവന്‍സ വൈറസുകള്‍ ശൈത്യകാലത്ത് മഹാമാരിയായി മനുഷ്യലേക്കും മറ്റു പന്നികളിലേക്കും സംക്രമിക്കാറുണ്ട്. അമേരിക്കയിലും കാനഡയിലും ജര്‍മനിയിലും ഓരോ വര്‍ഷവും പതിനെട്ടായിരം പേരെയെങ്കിലും ഈ ഇന്‍ഫഌവന്‍സ കൊന്നൊടുക്കാറുണ്ടെന്നതാണ് വസ്തുത. ഈ അടുത്തകാലത്ത് മെക്‌സിക്കോയിലും നോര്‍ത്ത് അമേരിക്കയിലും അനേകായിരങ്ങളുടെ ജീവന്‍ കവര്‍ന്നത് ‘പന്നിപ്പനി’യായിരുന്നുവെന്ന പത്രവാര്‍ത്ത നാം മറന്നിരിക്കില്ല.
പന്നിമാംസം നിറയെ അരുതാത്ത കൊഴുപ്പാണ്. ഈ മാംസം ധാരാളമായി കഴിക്കുന്നത് രക്തസമ്മര്‍ദം വര്‍ധിക്കാനും ഹൃദയാഘാതത്തിന് വഴിയൊരുക്കാനും ഇടയാക്കും. പന്നിമാംസം കഴിക്കുമ്പോള്‍ മറ്റു മാംസങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ വളരെ കൂടുതല്‍ എല്‍.ഡി.എല്‍ (ഘീം ഉലിേെശ്യ ഘശുശറ)െ വര്‍ധിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്മാരുള്ളത് അമേരിക്കയിലാകാന്‍ കാരണം പന്നിമാംസത്തിന്റെ അമിതമായ ഉപയോഗമാണെന്ന് ഗവേഷകര്‍ കണ്ടെത്തുന്നു.
പ്രകൃതിപരമായി ഏറ്റവും വൃത്തിഹീനമായ ഭക്ഷണം കഴിക്കുന്ന ജീവിയാണ് പന്നി. അതു തിന്നാത്തതൊന്നുമില്ല. മനുഷ്യരുടെ മലമൂത്രങ്ങളും മറ്റു ജന്തുക്കളുടെ വിസര്‍ജ്യങ്ങളും സ്വന്തം വിസര്‍ജ്യങ്ങളും ശവങ്ങളും വിരകളും ചീഞ്ഞളിഞ്ഞ ജന്തുക്കളും സ്വന്തം കുഞ്ഞുങ്ങളെയും മറ്റു പന്നിക്കുഞ്ഞുങ്ങളെയും പന്നികള്‍ ഭക്ഷിക്കുന്നു. മറ്റു പന്നികളിലുണ്ടാകുന്ന പഴുപ്പും, എന്തിന്, അര്‍ബുദ വളര്‍ച്ചകള്‍ പോലും പന്നികള്‍ അകത്താക്കുന്നു. ഇനി പന്നികളെ വൃത്തിയുള്ള ഫാമുകളില്‍ വളര്‍ത്തിയാലും സ്വന്തം വിസര്‍ജ്യങ്ങളും മറ്റു പന്നികളുടെ വിസര്‍ജ്യങ്ങളും തിന്നുന്നതില്‍ നിന്ന് അവയെ തടയാനാവില്ല. പന്നിമാംസം എല്ലാ വിഷാംശങ്ങളെയും സ്‌പോഞ്ചുപോലെ വലിച്ചെടുക്കുന്നു.
പശുവിന്റെ മാംസം മനുഷ്യര്‍ ഭക്ഷിച്ചാല്‍ എട്ടൊമ്പത് മണിക്കൂറെടുക്കും അതു ദഹിപ്പിക്കാന്‍. ഈ സാവധാനത്തിലുള്ള ദഹനപ്രക്രിയ വഴി കരളിന് അതിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ കഴിയുന്നു. എന്നാല്‍ പന്നിമാംസം നാലുമണിക്കൂര്‍ കൊണ്ട് ദഹിക്കുന്നതിനാല്‍ അതിലെ കടുത്ത വിഷാംശങ്ങളെ കരളിന് അരിച്ചെടുക്കാന്‍ കഴിയാതെപോകുന്നു. മറ്റു സസ്തനികളില്‍നിന്നു വ്യത്യസ്തമായി, പന്നികളില്‍ സ്വേദഗ്രന്ഥികള്‍ ഇല്ല. അതുകൊണ്ടുതന്നെ പന്നികള്‍ വിയര്‍ക്കാറില്ല. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്ന നല്ലൊരു മാര്‍ഗമാണ് വിയര്‍പ്പ്. പന്നിമാംസത്തില്‍ വിഷം കലര്‍ന്നുകിടക്കാന്‍ കാരണം അതിന്റെ വിയര്‍പ്പില്ലായ്മയാണ്.
ഒരുവിധം മാരകവിഷമൊന്നും  ഭക്ഷണത്തില്‍ കലര്‍ത്തിക്കൊടുത്താലും പന്നികള്‍ ചാവാറില്ലത്രെ. അവയുടെ ശരീരത്തില്‍ അതിലും വലിയ വിഷമുണ്ടെന്നു സാരം. എല്ലാ ഇഴജന്തുക്കളെയും പന്നികള്‍ പിടിച്ചുതിന്നാറുണ്ട്; പാമ്പുകളെയടക്കം. ഇതിനിടയ്ക്ക് പാമ്പുകളുടെ കടിയേറ്റാലും പന്നികള്‍ ചാവാറില്ലെന്ന് ഗവേഷകര്‍ കണ്ടെത്തുന്നു. ‘അത്രയ്ക്കും  മാരകവിഷം പേറുന്നതാണ് അവയുടെ ശരീരം’ -ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
പശുക്കളില്‍ ദഹനപ്രക്രിയ നടക്കുന്നത് ഉദരത്തിലെ നാല് അറകളില്‍ അരങ്ങേറുന്ന സങ്കീര്‍ണ മാര്‍ഗങ്ങളിലൂടെയാണ്. പശുക്കള്‍ ഭക്ഷിക്കുന്ന സസ്യാഹാരം 24 മണിക്കൂറെടുത്താണ് ദഹിപ്പിക്കപ്പെടുന്നത്. എന്നാല്‍ പന്നികളുടെ ഉദരത്തിന് ഒരൊറ്റ അറയേയുള്ളൂ. എന്നുമാത്രമല്ല, നാലുമണിക്കൂര്‍ കൊണ്ട് പന്നികള്‍ കഴിക്കുന്നതെന്തും ദഹിപ്പിക്കപ്പെടുന്നു. അതുകൊണ്ടാണ് ഭക്ഷണത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളപ്പെടാതെ അവയുടെ ശരീരത്തില്‍തന്നെ നിക്ഷേപിക്കപ്പെടുന്നത്. പന്നികള്‍ വെറും 2% യൂറിക് ആസിഡ് ആണ് പുറന്തള്ളുന്നത്. ബാക്കിയുള്ളതെല്ലാം അതിന്റെ ശരീരത്തില്‍ തളംകെട്ടിക്കിടക്കുകയാണ്. അതുകൊണ്ടാണ് പന്നിമാംസം കഴിക്കുന്നവരില്‍ യൂറിക് ആസിഡ് കൂടി ശരീരമാസകലം വേദന അനുഭവപ്പെടുന്നത്.
രക്തം ഭക്ഷണമാക്കാമോ?
ബലിമൃഗങ്ങളുടെ ചുടുചോര കുടിക്കുന്നത് അസാധാരണമായ ശക്തിവിശേഷം ആവാഹിച്ചെടുക്കാന്‍ സഹായിക്കുമെന്ന വിശ്വാസം ഭാരതത്തില്‍ പണ്ടുമുതല്‍ക്കേ നിലനിന്നിരുന്നു. മനുഷ്യരില്‍ രൗദ്രഭാവം വളര്‍ത്താന്‍ ‘രക്തദാഹം’ നിമിത്തമാകുന്നുണ്ടെന്ന് നരവംശശാസ്ത്രം പറയുന്നു. പാശ്ചാത്യരാജ്യങ്ങളില്‍, രക്തംകൊണ്ടുണ്ടാക്കുന്ന ‘ബ്ലാക്ക് പുഡ്ഡിങ്ങു’കള്‍ മാര്‍ക്കറ്റില്‍ സുലഭവുമാണ്. ഇസ്‌ലാമിലാണെങ്കില്‍, മൃഗങ്ങളെ ശരീഅത്ത് നിയമപ്രകാരം അല്ലാഹുവിന്റെ നാമത്തില്‍ മാത്രം കഴുത്തറുത്ത് രക്തം പൂര്‍ണമായും വാര്‍ന്നതിനുശേഷമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന നിര്‍ദേശമാണുള്ളത്.
ശവങ്ങളെപ്പോലെ തന്നെ സൂക്ഷ്മരോഗാണുക്കളുടെ വിഹാരരംഗമാണ് രക്തമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. രോഗാണുക്കള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് രക്തത്തിലുള്ളത്. ഒരാള്‍ രക്തം കുടിക്കുന്നു എന്നിരിക്കട്ടെ, സ്വന്തം ശരീരത്തില്‍ രോഗാണുക്കളെ കുടിയിരുത്താന്‍ ഇതിലും വിശേഷപ്പെട്ടതൊന്നും അയാള്‍ക്ക് ചെയ്യാനില്ലെന്നു സാരം. രക്തം തിളപ്പിച്ചുകഴിഞ്ഞാല്‍ ബാക്ടീരിയകളും വൈറസുകളും നശിച്ചുപോവില്ലേ എന്ന് വാദിക്കാറുണ്ട്. അതൊരു പരിധി വരെ ശരിയാണ്. പക്ഷേ, ഈ സൂക്ഷ്മജീവികള്‍ രക്തത്തില്‍ നിക്ഷേപിക്കുന്ന വിഷാംശങ്ങള്‍ ഒരിക്കലും ഇല്ലാതാവുന്നില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. എന്നുമാത്രമല്ല, തിളപ്പിക്കുമ്പോള്‍ ഈ വിഷാംശങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമായ രാസഘടന പ്രാപിക്കുന്നതായും അവര്‍ പറയുന്നു.
രക്തം പോഷകാഹാരമേ അല്ലെന്നതാണ് സത്യം. രക്തത്തിലെ ഘടകങ്ങള്‍ പഠിക്കുകയാണെങ്കില്‍ ഈ വസ്തുത എളുപ്പം മനസ്സിലാകും. ഒരാള്‍ രക്തം പെട്ടെന്നു കുടിക്കുകയാണെന്നിരിക്കട്ടെ, ഒന്നുകില്‍ അയാള്‍ അതങ്ങനെത്തന്നെ ഛര്‍ദിക്കുന്നത് കാണാം. ഇനി ഛര്‍ദിച്ചില്ലെങ്കില്‍തന്നെ ദഹനക്കേടിന്റെ അസ്വസ്ഥത അയാള്‍ എന്തായാലും അനുഭവിക്കും. പിന്നീടത് ദഹിക്കാത്ത ‘കറുത്ത വസ്തു’വായി വിസര്‍ജിക്കും. രക്തത്തിലെ ചുവന്ന രക്താണുക്കളിലെ ‘ഹിമോഗ്ലോബിന്‍’ ആണ് ഇതിനു കാരണം. ചുവന്ന രക്താണുക്കളുടെ അടിസ്ഥാന ഘടകം ഇരുമ്പ് ആയതിനാലാണിത്.
രക്തം വേവിച്ചുകഴിച്ചാല്‍ പ്രശ്‌നം കൂറേക്കൂടി സങ്കീര്‍ണമാക്കാനേ ഉപകരിക്കൂ. രക്തത്തിലെ പ്രോട്ടീനുകള്‍ ഖരരൂപം പ്രാപിച്ച് ദഹനത്തെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നു. രക്തത്തില്‍ പ്രധാനമായും രണ്ടു ഘടകങ്ങളാണുള്ളത്. 90% വെള്ളവും ബാക്കി പ്ലാസ്മയും അതില്‍ നീന്തുന്ന ചുവന്ന രക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ പോലുള്ള രക്തകോശങ്ങളും അല്‍പ്പം ചില രാസവസ്തുക്കളും. ശരീരത്തിലെ ഗതാഗതമാധ്യമമാണ് രക്തം. കോശങ്ങളിലെയും കലകളിലെയും വിസര്‍ജ്യങ്ങളും കാര്‍ബണ്‍ ഡൈഓക്‌സൈഡും യൂറിയ, യൂറിക് ആസിഡ്, കിഡ്‌നിയിലെ കെരാറ്റിന്‍ വിസര്‍ജ്യങ്ങള്‍ തുടങ്ങിയവയും രക്തത്തിലൂടെയാണ് ഒഴുകുന്നത്. രക്തം കുടിക്കുമ്പോള്‍ ഈ വിഷങ്ങളെല്ലാം അകത്താക്കുകയാണ് സത്യത്തില്‍ ചെയ്യുന്നത്.
നല്ല പ്രോട്ടീനുകളായ ആല്‍ബുമിന്‍, ഫിബ്രിനോജിന്‍, ഗ്ലോബുലിന്‍ പോലുള്ളവ രക്തത്തില്‍ വളരെ കുറവാണ്. 100 മില്ലീലിറ്ററില്‍ വെറും എട്ടുഗ്രാം മാത്രം. എന്നാല്‍ ആമാശയത്തില്‍ ദഹിക്കാതെ കിടക്കുന്ന സങ്കീര്‍ണ പ്രോട്ടീനായ ഹിമോഗ്ലോബിനാകട്ടെ വളരെ കൂടുതലും. രക്തം ഭക്ഷ്യയോഗ്യമല്ലെന്ന് ശാസ്ത്രം വിധിയെഴുതുന്നത് ഇക്കാരണങ്ങളാലാണ്. ”താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു വിജ്ഞാനം നല്‍കുന്നു. ഏതൊരുവന് വിജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് ഉല്‍കൃഷ്ടമായ നേട്ടമാണ് കൈവരുന്നത്. പ്രതിഭാശാലികള്‍ മാത്രമേ കാര്യങ്ങള്‍ നിര്‍ധാരണം ചെയ്തു മനസ്സിലാക്കാറുള്ളൂ” (വി.ഖു 2:269)