Sunday
21
January 2018

യുഗപ്പിറവി

ചെറിയമുണ്ടം അബ്ദുര്‍റസ്സാഖ്

‘ഹറം’ ചുറ്റിപ്പറക്കും വെണ്‍-
പിറാക്കളെ കാണുന്നുവോ
അകലത്തു കാനല്‍ജലം
തിളയ്ക്കും ദിക്കില്‍
ഒരു മരുക്കപ്പല്‍ അതിന്‍
മുതുകില്‍ രണ്ടുപേര്‍, ഒരാള്‍
മടിയിലുണ്ടൊരു പൈതല്‍
ഉറക്കംപൂണ്ട്

അവരടുത്തടുത്തതാ
‘ഹറം’ നടുവിലെ ശിലാ
ത്തറക്കരുകിലായി നില
ത്തിറങ്ങിടുന്നു
ഒരു ബോധോദയം പോലാ-
ഗതന്‍ ചെന്നാ തറയേറി
ഇരുകരങ്ങളും പൊക്കി-
യിരവോതുന്നു
കനത്ത മൂകത തെല്ലു-
സമയം… പിന്നതാ ശബ്ദം
കരുത്തോടെ മുഖരം, കണ്‍-
കളില്‍ തെളിച്ചം.

ഉടയോനെ വസിപ്പിച്ചു-
കഴിഞ്ഞു ഞാനിണയെയും
മകനെയുമീ മേടുകള്‍-
ക്കിടെ മരുവില്‍
ജലം, ജീവി, ഫലങ്ങളി-
ല്ലിരവായാലിരുള്‍, പകല്‍
തെളിഞ്ഞാലോ പൊടിമണല്‍
ചുടുമരുത്തും
ഇവിടെ, നിന്‍ ഭവനത്തിന്‍
സവിധേ നീ ജനങ്ങള്‍ തന്‍
ഹൃദയങ്ങളിലവര്‍ക്കായ്
ദയ ചൊരിയൂ!
ഇവിടമെത്തുവോര്‍ക്കേറെ
ഫലമൂലാദികളാലെ
വിഭവവൃദ്ധിയേകി നീ
യനുഗ്രഹിക്കൂ!!!
ഝടുതിയിലെഴുന്നേറ്റാ-
പഥികന്‍ തന്‍ മരുക്കപ്പല്‍
പുറമേറി പുറപ്പെടാ-
നൊരുങ്ങീടവെ,
അടക്കത്തോടെ കാന്തന്റെ-
യടുത്തു കുഞ്ഞുമായ് ചെന്നു
നടുക്കമൊട്ടുമേയില്ലാ-
മഹതി ചൊല്‍വൂ:

”ജലമില്ല, ഫലമില്ല
തുണക്കു ജീവിയൊന്നില്ല
സ്ഥലമിവിടെ ഞങ്ങളെ
തനിച്ചുവിട്ടു
നടകൊള്ളുമവിടുത്തോ-
ടിതിനെല്ലാം ഉടയവന്‍
അരുളപ്പാടതുണ്ടെങ്കില്‍
ഭയമേ കെട്ടു!”
”അതെ, പ്രിയതമാ അവന്‍
വിധികല്‍പ്പനയാണെല്ലാം”
”ശരി, മനം കുളിര്‍കൊണ്ടു
ഗമിച്ചുകൊള്ളൂ!”

*  *  *
അരുമക്കുഞ്ഞിനെ മാറോ-
ടണച്ചവള്‍ മണല്‍തിട്ടില്‍
ഇറയോനില്‍ മനംചേര്‍ത്തു
കിടപ്പോളായി
ഉഡുക്കളോരോന്നും കനല്‍-
കരുക്കളായി വാനംവിട്ടു
തനിക്കുമേല്‍ പതിക്കുന്നോ…
നടുക്കമായി!!

പുലര്‍വെട്ടം തെളിഞ്ഞില്ല
കരയും കുഞ്ഞിനായി തന്റെ
വരണ്ട മാറിടം ഞെക്കി-
പ്പിഴുതുനോക്കി
ചുരത്തിയില്ലൊരിറ്റും, പൊന്‍-
കുടത്തെയോരിടം വെച്ചു
തിരച്ചിലായിരു കുന്നി-
ന്നിടയിലോടി
വരുന്നുണ്ടോ, പഥികരാ-
വഴിയാരെങ്കിലും… ”നാഥാ
തരൂ കുമ്പിള്‍ജലം കുഞ്ഞിന്‍
പിപാസം തീര്‍ക്കാന്‍!”
പലവട്ടം കിതച്ചിടം-
വലമോടിത്തളര്‍ന്നവള്‍
കരയും കുഞ്ഞിനെ വാരി-
പ്പുണരാനുന്നേ
കളകളം അവന്‍ പാദ-
ദ്വയങ്ങള്‍ തന്നിടെ നിന്നും
തെൡനീര്‍ച്ചാല്‍ മണല്‍ നന-
ച്ചൊഴുകീടുന്നു!
അവള്‍ മണല്‍ത്തടകെട്ടി
തടുത്തിരു കരങ്ങളാ-
ലൊഴുക്കിനെ ”സം,സം! മതി”
മൊഴിഞ്ഞു ശാന്തം
ഇലാഹിനെ സ്തുതിച്ചു, കല്‍-
ത്തറ സവിധത്തില്‍ ചെന്നു
വലംവെച്ചു, മകന്‍ മാറില്‍
കൊഞ്ചിച്ചിരിച്ചു!

*   *   *
ഇലകളോരോന്നും കൊഴി-
ഞ്ഞിടെ, കാലവൃക്ഷത്തിന്റെ
തണലില്‍ കായ്കനികളൊ-
ട്ടടര്‍ന്നുവീണു.
ഒരു പുതുയുഗപ്പിറ-
വിയൊരരുവി സൃഷ്ടിച്ച
കഥകേട്ടു ലോകം കോരി-
ത്തരിച്ചുനിന്നു.
അതൊരേകാരാധ്യന്‍ സന്ദേ-
ശവാഹകന്‍ ദുആയെന്നു
ഹൃദയംകൊണ്ടറിഞ്ഞവര്‍
ജയിച്ചുപോയി!

*   *   *
അകലെ നിന്നതാ മരീ-
ചിക കീറിയൊരൊട്ടകം
”അതെന്‍ പൊന്നുപിതാവു താന്‍”
കുസൃതി ബാലന്‍
അവന്‍ ചാരെ നിലകൊണ്ടാ-
മഹതിയും പറഞ്ഞു: ”തന്‍
ഭവാന്‍ തന്നെ” ഹൃദയംകൊ-
ണ്ടതേ തുടിപ്പില്‍

നിമിഷങ്ങളരിച്ചരി-
ച്ചകന്നുപോയിടെ യാനം
നിലംപതിഞ്ഞവര്‍ മുന്നില്‍
കഴുത്തുയര്‍ത്തി
തക്ബീറിന്‍ ധ്വനിക്കിടെ-
യാശ്ലേഷത്തിന്‍ നെടുവീര്‍പ്പാല്‍
തരിച്ചേ നില്‍ക്കുന്നു ‘ഹറം’
പുലരിക്കാറ്റില്‍

അന്തിച്ചുനില്‍ക്കുന്നാഗതന്‍
ഇടം മാറിപ്പോയോ, ഫല-
സമൃദ്ധമായി മരുപ്പച്ച
ചിരിച്ചീടുന്നു!
അടയാളം മാറാതൊന്നു-
ണ്ടതാ തീര്‍ഥാടക പാദ-
ചലനങ്ങള്‍ തെളിഞ്ഞുംകൊ-
ണ്ടരുകില്‍ തന്നെ
ശിലാച്ചുമരുകള്‍ക്കിടെ
സുജൂദില്‍ വീണാപുംഗവന്‍
ഇലാഹിനെ പുകഴ്ത്തി കണ്‍-
തുടച്ചിടുന്നു.

*   *   *
പുലരികള്‍ പലതുവ-
ന്നിരവുകള്‍ പലതു വ-
‘ന്നുലകിന്നുള്‍ത്തടം’ ബക്ക
പുളകംകൊണ്ടു
പഥികര്‍, തീര്‍ഥാടകര്‍, വാ-
ഹനവ്യൂഹങ്ങളാരുമാ-
ഫല-ജല സുഭിക്ഷത
നുകര്‍ന്നിടുന്നു.

ഒരു ദിനം കുമാരന്റെ
കരം ഗ്രഹിച്ചോതി താതന്‍
”വരൂ, നാഥന്‍ അരുളൊന്നു-
ണ്ടുടനെ തീര്‍ക്കാന്‍
അതാ ഇളംകരങ്ങള്‍ ക-
ല്ലെടുത്തുയര്‍ത്തുന്നു, വൃദ്ധന്‍
അടുക്കിവെക്കുന്നു ഗേഹം
പടുത്തീടുന്നു
ഭവനത്തില്‍ പ്രഥമമാം
പരന്‍ ഭവനമൊട്ടേറെ
ഉയരത്തില്‍ പുതുജീവന്‍
വരിച്ചീടുന്നു.
വലംവെച്ചും നമസ്‌കാര-
ക്രിയചെയ്തും ഇലാഹിനെ
സ്തുതിച്ചുമപ്പിതാ – പുത്ര
കളത്രം നില്‍പ്പൂ!

”പ്രിയതമാ, പരന്‍വിധി-
യുടന്‍ തിരിച്ചിടൂ, തവ
പിതാ ജനസമൂഹത്തെ
വിളിച്ചുണര്‍ത്തൂ!
ഇലാഹല്ലാഹു മാത്രമ-
വനെയാരാധന ചെയ്ക
ഇത് സത്യം നരകത്തെ
ഭയന്നുകൊള്‍ക!”
പ്രിയകാന്തന്‍മൊഴി കേട്ടാ-
മഹതിയും മകനും ചൊ-
”ന്നതിനെന്താ, പുറപ്പാടി
ന്നൊരുങ്ങിക്കൊള്ളൂ!
ഇവിടത്തെപ്പറ്റി വിചാ-
രമേ വേണ്ട ഞങ്ങള്‍ നാഥന്‍
ഭവനത്തിങ്കലല്ലെയോ
ഗമിച്ചുകൊള്ളൂ!”

*   *   *
ഇമവെട്ടാതിരുജോടി
നയനങ്ങള്‍ മരീചിക-
ക്കകലെയാരൂപം മായും-
വരെ നിലയായ്‌