Sunday
21
January 2018

മുറിഞ്ഞ ഹൃദയങ്ങളിലെ പെരുന്നാള്‍ ചുവപ്പ്

നൂറ

വീണ്ടും പെരുന്നാള്‍ വരുന്നു. ഭൂമിയുടെ വന്‍കരകളിലും ജനസമൃദ്ധികളിലും മനുഷ്യന്റെ അതിരുകളിലും പ്രകൃതിയുടെ വിശാലതയിലും ജീവിതോത്സവങ്ങള്‍ക്കിടയിലും സങ്കടക്കടല്‍ തീരങ്ങളിലും ആ വരവ് ഒരനിവാര്യതയാണ്. വേണ്ടെന്നു മാറ്റിനിര്‍ത്തിയാലും പ്രഭാതം മുതല്‍ ദിനാന്ത്യം വരെ ഇന്ന് പെരുന്നാളാണ്, ഇന്ന് പെരുന്നാളാണ് എന്ന് എല്ലാ വേദനക്കാടും വകഞ്ഞുമാറ്റി മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കും.
അതുകൊണ്ട് ഒന്നുറപ്പാണ്. കടലെടുത്തും മണ്ണെടുത്തും മനുഷ്യനെടുത്തും ബാക്കിയായി, ഈ നിമിഷത്തെ ശ്വസിക്കുന്നവര്‍ക്കിത് പെരുന്നാളാണ്. ജീവല്‍ഭയം പേറി മറ്റൊരനിശ്ചിതത്വത്തിലേക്ക് പുറപ്പെട്ടുപോകുന്ന അഭയാര്‍ഥിക്കിത് പെരുന്നാളാണ്. പിറന്ന മണ്ണില്‍ ഒരു കല്‍ബലത്തില്‍ പിടിച്ചുനില്‍ക്കാനൊരുമ്പെടുന്ന കുഞ്ഞിക്കൈകള്‍ക്കിത് പെരുന്നാളാണ്. കൂടെ പോയവര്‍ക്കും കൂട്ട് പിരിഞ്ഞവര്‍ക്കും കൂട്ടം തെറ്റിയവര്‍ക്കും ഇത് പെരുന്നാളാണ്. ഒരായിരം ഓര്‍മയുടെ പെരുന്നാള്‍, ഒരുകോടി പ്രതീക്ഷയുടെ പെരുന്നാള്‍…
ഈ പെരുന്നാള്‍ വിളിക്ക് ഹൃദയം മുഖം കൊടുത്തതുകൊണ്ടുതന്നെയാവണം കഴിഞ്ഞ പെരുന്നാളിന് അയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്നത്, ഉപ്പ കിടക്കുന്ന ജനലില്‍ മുട്ടിയത്. ലജ്ജ നിറഞ്ഞ ശബ്ദത്തില്‍ പതിയെ ഇന്നു പെരുന്നാളല്ലേ. ഒരുപിടി ചോറെങ്കിലും ഇല്ലാതിരിക്കില്ലല്ലോ എന്ന് ഉറക്കെ ആത്മഗതം ചെയ്തത്. പേരറിയാത്ത, ഒരിക്കല്‍ തൊടിയിലെ കാടുവെട്ടാന്‍ മാത്രം വീട്ടില്‍ വന്നിട്ടുള്ള മധ്യവയസ്‌കനായ നീണ്ടുമെലിഞ്ഞ ഒരാള്‍. ഒരു പെരുന്നാള്‍ വീട് സ്വന്തമായില്ലാതിരിക്കാന്‍ പോന്ന ഒരു ചരിത്രം അയാളെ ചുറ്റിവരിഞ്ഞിരിക്കുന്നു. ഒരുപക്ഷേ, ആഹ്ലാദം നിറഞ്ഞ കുറെ പെരുന്നാള്‍ ദിനങ്ങളുടെ ഓര്‍മകളും.
”ഹോട്ടലില്‍ പോയി. ചോറ് കിട്ടിയില്ല. ചായയും കടിയുമേയുള്ളൂ… പക്ഷേ, ഇന്ന് പെരുന്നാളല്ലേ….”
ഉമ്മയയാള്‍ക്ക് നെയ്‌ച്ചോറും ചിക്കന്‍ ഗ്രേവിയും വിളമ്പി. ഗ്രാമത്തിലെ ഉമ്മ കൊടുത്തയച്ച ബിരിയാണിയും വിളമ്പി. അയാള്‍ വിശപ്പില്ലാത്തവരെപ്പോലെ ഒരുപിടി ചോറുണ്ടു. കഴിഞ്ഞ തവണ തൊടിയിലെ കാടുവെട്ടിയപ്പോള്‍ അറുത്തുതന്ന അമ്പാഴങ്ങ അച്ചാര്‍ മാത്രം നിറയെ കൂട്ടി.
”നിങ്ങള്‍ കുറച്ചേ തിന്ന്വള്ളൂ”
ഒരു മൗനം. ‘ജീവന്‍ നിലനില്‍ക്കാന്‍ ഉള്ളതുമതി’. അയാള്‍ കൈകഴുകിപ്പോയി.
കൂട്ടത്തില്‍ എന്റെ ചില പെരുന്നാള്‍ അഹന്തകളും. ഇപ്പോള്‍ പെരുന്നാളിനെ കുറിച്ചോര്‍ക്കുമ്പോള്‍ കാണാം. അയാളുടെ മുഖം നല്ല കടുംമഷിയില്‍ തന്നെ തെളിയുന്നു.
ഇങ്ങനെ മനുഷ്യായുസ്സിന്റെ ഓര്‍മച്ചരടില്‍ ഒരേ ദിനസരി മുത്തുകള്‍ക്കിടയില്‍ കൃത്യമായ ഇടവേളകളില്‍ കോര്‍ക്കപ്പെടുന്ന തിളക്കക്കല്ലുമുത്തുകളാണ് പെരുന്നാള്‍. കഴിഞ്ഞ പെരുന്നാളിന്റെയെന്ന്, തൊണ്ണൂറ്റൊമ്പതിലെ ബലിപെരുന്നാള്‍ക്ക്, കുഞ്ഞിമോളെ കല്യാണം കഴിഞ്ഞ ആദ്യപെരുന്നാള്‍ക്ക്, ഉപ്പ ഇല്ലാത്ത ആദ്യത്തെ പെരുന്നാള്‍ക്ക്, ദുബായിലെ അവസാനത്തെ പെരുന്നാള്‍ക്ക് എന്നിങ്ങനെ ആയുസ്സിന്റെ പുസ്തകത്തില്‍ കടുത്തനിറം അടയാളപ്പെടുത്താന്‍ പെരുന്നാളിനാകുന്നു. എന്റെ കുട്ടിക്കാലത്തെ പെരുന്നാള്‍, യൗവനത്തിലെ പെരുന്നാള്‍, അവളുള്ള പെരുന്നാള്‍ എന്നിങ്ങനെ വാര്‍ധക്യം ഓര്‍മകളെ അടുക്കിപ്പെറുക്കുന്നു.
തക്ബീര്‍, മൈലാഞ്ചി, പുതുവസ്ത്രം, ഈദ്ഗാഹ്, ബലി, ഭക്ഷണം, പെരുന്നാള്‍ യാത്രകള്‍, സംഗമങ്ങള്‍ എന്നിങ്ങനെ ഓര്‍മയുടെ പിന്‍ബലമുള്ളതുകൊണ്ടുതന്നെ പെരുന്നാളിന്റെ പ്രതീക്ഷകള്‍ക്ക് മൈലാഞ്ചിച്ചോപ്പാണ്. കണ്ണീര്‍തോര്‍ച്ചയെകുറിച്ചുള്ള പ്രതീക്ഷകള്‍, വീടണയാമെന്ന പ്രതീക്ഷകള്‍, ശാന്തിയെ കുറിച്ചുള്ള പ്രതീക്ഷകള്‍, പുനസമാഗമത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍, എല്ലാത്തിനുമുപരിയായി സ്വവര്‍ഗത്തെക്കുറിച്ചുള്ള മധുരപ്രതീക്ഷകള്‍.
എന്തുകൊണ്ട് പെരുന്നാള്‍? അനിശ്ചിതത്വം നിറഞ്ഞ കോടാനുകോടി മനുഷ്യജന്മങ്ങള്‍ക്ക് സുനിശ്ചിതമായ, മാറ്റിനിര്‍ത്താനാവാത്ത, പട്ടിണി കിടക്കാതെ സന്തോഷിക്കെന്ന ആജ്ഞയോടുകൂടി രണ്ട് വലിയ സുദിനങ്ങള്‍. അടിമയ്ക്ക് ഒരിക്കലും ചിന്തിച്ചെത്താനാവാത്ത വിധം നിപുണനായ സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവത്തിന്റെ ദൃഷ്ടാന്തമാണ് അവ രണ്ടും. നമസ്‌കാരത്തെ കൊണ്ട് ദിവസത്തെ വീതം വെച്ചതുപോലെ, പെരുന്നാളുകൊണ്ട് ഓര്‍മയുടെ മധുരംകൊണ്ട് കൃത്യമായ ഇടവേളകളില്‍ ജീവല്‍പ്രതീക്ഷകളെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു അവന്‍.
വെറും ഉപരിപ്ലവാഹ്ലാദത്തിനപ്പുറത്ത് ആശയപിന്തുണ ശക്തിപ്പെടുത്തുന്ന മധുരം കൂടിയാണ് പെരുന്നാളിന്റേത്. സ്വേച്ഛകളോടുള്ള പോരാട്ടവിജയമാണ് ഈദുല്‍ഫിത്വ്ര്‍. വിശപ്പിനോടും വികാരത്തിനോടും യുദ്ധം ചെയ്തവനുകിട്ടുന്ന സമ്മാനമാണത്. ഈ മധുരപാനീയവും വിശിഷ്ട ഭോജ്യവും ജീവിതാനന്ദവും ഏതു നിമിഷവും വിട്ടുകളയാനൊരുക്കമാണെന്ന്, നശ്വര ജീവിതത്തില്‍ ബന്ധിതമല്ല തന്റെ ആത്മാവെന്ന് തെളിയിക്കാനുള്ള തലോടലാണത്.
ബലി പെരുന്നാളാകട്ടെ, ഈ നിശ്ചയത്തിന്റെ കുരുത്താര്‍ന്ന ആവര്‍ത്തനമാണ്. തന്റെ പ്രിയത്തില്‍ പ്രിയതരമായതിനെ, തന്റെ കരളിന്റെ കഷ്ണത്തെ തന്റെ ജീവന്റെയര്‍ഥത്തെ മുന്‍വിചാരങ്ങളില്ലാതെ, നിമിഷാര്‍ധത്തെ ആലോചനയില്ലാതെ സമര്‍പ്പിക്കുന്നവനാകുന്നു അടിമ. തന്റെ മാംസത്തേക്കാളും മജ്ജയെക്കാളും തന്നെയറിയുന്നവനേ നിന്നെക്കാള്‍ പ്രിയപ്പെട്ടതൊന്നും തനിക്കില്ലെന്ന് തന്നെത്തന്നെ ബലിക്കല്ലില്‍ ചേര്‍ത്തുവെക്കുന്നു അവന്‍. ആ ബലിക്കല്ലില്‍ കിടന്ന് ഭക്തിയെന്ന വിജയത്തിനുമപ്പുറത്ത് തമ്പുരാനിലേക്ക് പാലായനം ചെയ്തവന്റേതാണ് ബലിപെരുന്നാള്‍. ആ ദൈവപ്രണയത്തിന്റെ ചെറുപ്രതിഫലനമാണ് പെരുന്നാളില്‍ നിറയുന്ന ശുഭപ്രതീക്ഷ. ഒരു നല്‍പുലരി വരാതിരിക്കില്ല. നശ്വരതയിലില്ലെങ്കിലും അനശ്വരതയിലെങ്കിലും.
ബലിപെരുന്നാള്‍ ദിവസം മൃഗബലി കഴിഞ്ഞ് ചോരപുരണ്ട വസ്ത്രവും കൈകളുമായി വിയര്‍പ്പില്‍ കുളിച്ച് ഉപ്പയും മക്കളും വീട്ടിലേക്കൊരു വരവുണ്ട്. പുതുവസ്ത്രത്തിന്റെ മണമല്ല. ചോരയും വിയര്‍പ്പും നിറഞ്ഞ ജീവിത നൈരന്തര്യത്തിന്റെ മണമാണ് ബിരിയാണിയെ തോല്പിച്ച് അപ്പോള്‍ വീട്ടില്‍ നിറയുക. പൊടുന്നനെ വന്നുചേരുന്ന ഒരു ദിവസമല്ല. ചോരയും നീരും അടിത്തറപാകുന്ന മനുഷ്യജീവിതത്തിന്റെ ഉരുകലുകളാല്‍ സൃഷ്ടിക്കപ്പെട്ടതാണ് പെരുന്നാളെന്ന്, ഈ കാഴ്ച എന്നെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മുറിഞ്ഞ ഹൃദയങ്ങളിലാവും പെരുന്നാള്‍ ചുകപ്പിന്റെ മനോഹാരിതയെന്ന സത്യവും.
ലോകം വേദനയിലാണ്. അയ്‌ലന്‍ കുര്‍ദികള്‍ പ്രത്യാശയുടെ കടല്‍തീരത്ത് അടിഞ്ഞുതന്നെ കിടക്കുന്നു. തോക്കേന്തിയവര്‍, സംസ്‌കാരത്തെയും, സമാധാനത്തെയും തിന്നുവളരുന്നു. നമ്മളാഘോഷങ്ങളെ വീതംവെച്ച് അകന്നകന്നുപോകുന്നു. ഈ വിഹ്വലതകളിലേക്ക് പെരുന്നാള്‍ കടന്നുവരുന്നു… വേദനകളുടെ ചവിട്ടുപടികളില്‍ കയറിനിന്ന് നമുക്ക് തക്ബീര്‍ മുഴക്കേണ്ടതുണ്ട്. കൂടെയുള്ള മനുഷ്യജന്മങ്ങളെ കൂട്ടുപിടിച്ച് മുന്നോട്ടുനീങ്ങേണ്ടതുണ്ട്. ഇത്തിരി സന്തോഷത്തിന്റെയെങ്കിലും ഓര്‍മകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതുവഴി പ്രതീക്ഷകളുടെ വിളക്കുകള്‍ കെടാതിരിക്കേണ്ടതുമുണ്ട്. അതുകൊണ്ട് അന്യായത്തിന്റെ തടവറയില്‍ നരകിക്കുന്നവരേ ഭക്ഷണത്തെ കിനാവുകാണുന്നവരേ, നിലനില്പിനായി പോരാടുന്നവരേ, കോടാനുകോടി മനുഷ്യ സുഹൃത്തുക്കളേ, ഉണര്‍ന്നു തക്ബീര്‍ മുഴക്കിക്കൊള്‍വിന്‍, ഇതാ പെരുന്നാള്‍ സമാഗതമായിരിക്കുന്നു.