Saturday
21
July 2018

കുട്ടികളുടെ പെരുന്നാള്‍

ചെറിയമുണ്ടം അബ്ദുര്‍റസ്സാഖ്

പണ്ട് പെരുന്നാളിന്റെ ആവേശവും ആരവങ്ങളും ഏറെ ജ്വലിച്ചു നിന്നിരുന്നത് കുട്ടികള്‍ക്കിടയിലായിരുന്നു. ഇല്ലായ്മകള്‍ക്കിടയിലേക്ക് മാനത്തുനിന്നും ഞെട്ടറ്റുവീഴുന്ന ഒരു തേന്‍കനി തന്നെയായിരുന്നു അന്നു പെരുന്നാള്‍ സുദിനം.
ഇരുട്ടിയാല്‍ മാസംകണ്ട കൂക്കുവിളി ചെകിടോര്‍ത്തിരിപ്പായി. അത് കേട്ടുകഴിഞ്ഞാല്‍ ചൂട്ടുകള്‍ കെട്ടി ‘കുത്തല്ലരി’ (ഫിത്വ്ര്‍സകാത്ത് അരി) ശേഖരിക്കാനായി സ്ത്രീകളുടെ ഓട്ടവും ബഹളവും. കൂട്ടത്തില്‍ സഞ്ചിയുമെടുത്ത് ഉമ്മയും ചേരും. പെരുന്നാള്‍ ചോറിനു ‘കുത്തല്ലരി’ കിട്ടീട്ടുവേണമായിരുന്നു.
പുത്തന്‍കുപ്പായം. പുത്തന്‍ തുണി. പട്ടുറുമ്മാല്‍. പൂവെണ്ണ (ഹെയര്‍ ഓയില്‍)യും അത്തറും.
27-ാം രാവിന് ഊരുചുറ്റി സകാത്ത് വകയില്‍ കിട്ടിയ ഓട്ടമുക്കാലുകള്‍ അരയിലെ സ്ഥിരം ചരടില്‍ കോര്‍ത്തിട്ടു സൂക്ഷിക്കാറാണ് പതിവ്. ആ മുക്കാലുകള്‍ കൊടുത്ത് മെത്താപ്പും പൂത്തിരിയും പടക്കങ്ങളും ബലൂണും തലേന്നു തന്നെ വാങ്ങി സൂക്ഷിച്ചിരിക്കും. രാത്രി ഏറെ വൈകുംവരെ അവ തരംതിരിച്ചും മണത്തും എണ്ണിയും ഉറക്കെ പാടും:
”നാളെപ്പെരുന്നാളാണല്ലോ-ന്റല്ലാ
നേരം വെളുക്ക്ണ്‌ല്യല്ലോ…”
അപ്പോഴാകും തക്ബീര്‍ ചൊല്ലാത്തതിന് വല്യുമ്മയുടെ കലമ്പല്‍. പിന്നെ കൂട്ടത്തോടെ:
”അല്ലാഹു അക്ബറുല്ലാഹു
അക്ബറുല്ലാഹു അക്ബര്‍
…… വലില്ലാഹില്‍ഹംദ്….”
കണ്ണുകളെ എപ്പോഴാണ് ഉറക്കം അടച്ചത് എന്നറിയില്ല. കത്തുന്ന പൂത്തിരിയുടെ സ്വപ്‌നങ്ങളെ കെടുത്തി സുബ്ഹിബാങ്ക് കാതുകളില്‍ മുഴങ്ങുമ്പോള്‍ ഇടതു കൈവെള്ളയില്‍ ഉമിക്കരിയും വലതുകയ്യില്‍ കിണ്ടിയുമായി കോലായത്തിണ്ടില്‍ എത്തിയിരിക്കും. സുബ്ഹി നമസ്‌കാരം കഴിഞ്ഞ് പതിവ് ഖുര്‍ആന്‍ പാരായണം അന്നില്ല. പകരം:
”അല്ലാഹു അക്ബറുല്ലാഹു
അക്ബറുല്ലാഹു അക്ബര്‍
…….. വലില്ലാഹില്‍ഹംദ്!”
”എടാ, ഇങ്ങട്ട് ബരീന്‍!” എണ്ണക്കുപ്പിയും ചെറു കവടിപ്പിപ്പിഞ്ഞാണവുമായി ഉമ്മ കോലായില്‍. പെരുന്നാളിന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തേച്ചുകുളി നിര്‍ബന്ധമാണ്. എട്ടും പത്തും വയസ്സായെങ്കിലും ‘മാര്‍ക്കം’ (സുന്നത്ത്കര്‍മം) ചെയ്തിട്ടില്ലാത്ത ഞങ്ങള്‍ മേലാസകലം എണ്ണതേച്ച് പൂര്‍ണ്ണനഗ്നരായി ഓട്ടം; അപ്പോഴും കിടന്നുപുകയുന്ന ഐനിത്തോക്കയുമായി വീണ്ടും പടക്കത്തിനു തീകൊളുത്താന്‍. ചെറുപയര്‍പൊടി തേച്ച് മെഴുക്കിളക്കി ഇളം ചൂടുവെള്ളത്തില്‍ വിസ്തരിച്ചു കുളി.
ഉമ്മാന്റെ ചകിരിയിട്ടുള്ള പെരുന്നാള്‍ ഉരസല്‍ ഇന്നും തൊലിയില്‍ നീറ്റലായി അവശേഷിക്കുന്നു. കുളികഴിഞ്ഞ്, അലക്കാത്ത, കോടിമണമുള്ള കുപ്പായവും കൊച്ചു കള്ളിത്തുണിയും (അല്ലെങ്കില്‍ ചുവന്ന ചീനായിത്തുണി) ഉടുത്ത്, അത്തര്‍ പുരട്ടിയ പഞ്ഞിത്തുണ്ട് ചെവിയിടുക്കില്‍ തിരുകി പട്ടുറുമാലും വീശി പള്ളിയിലേക്ക് പുറപ്പെടുന്നത് ഞങ്ങള്‍ ഒന്നോ രണ്ടോ പേരല്ല; അയല്‍പക്കത്തെ മുഴുവന്‍ കുട്ടികളും. ഇടുങ്ങിയ ഇടവഴിയിലൂടെ ഉച്ചത്തില്‍ തക്ബീര്‍ മുഴക്കി ജാഥയായി പള്ളിയിലെത്തുമ്പോള്‍ സമയം ചുരുങ്ങിയത് പത്തുമണി. നമസ്‌കാരം തുടങ്ങാന്‍ ഇനിയും അര-മുക്കാല്‍ മണിക്കൂര്‍. അതുവരെയ്ക്കും കൂട്ടായ തക്ബീര്‍. മൈക്കും ക്യാബിനും കേട്ടുകേള്‍വിപോലുമില്ല. എന്നാല്‍ തക്ബീര്‍ ചൊല്ലിക്കൊടുക്കുന്ന മുഅദ്ദിന്റെ ശബ്ദത്തിന് ക്യാബിനിനേക്കാള്‍ മുഴക്കം. തക്ബീറില്‍ വിറക്കുന്ന പള്ളിയും പരിസരവും. ഭക്തി തളംകെട്ടിയ അന്തരീക്ഷം.
‘എല്ലാം ഒന്നു വേഗം കഴിഞ്ഞുകിട്ടിയിരുന്നെങ്കില്‍….!’ ഇന്ന് കഞ്ഞിയും കൂട്ടാനുമല്ല. ഇറച്ചിയും പുളിഞ്ചാറും (തേങ്ങയരച്ച വെജിറ്റബ്ള്‍ കറി) പപ്പടവും ഉണക്കസ്രാവ് പൊരിച്ചതും. ഹായ്, പെരുന്നാള്‍!…