Tuesday
30
May 2017

സമാധാനത്തിന്റെ വഴിയിലേക്ക് ഒരു കൈച്ചൂണ്ട്

admin


ലോകപ്രശസ്ത ചിന്തകനും പണ്ഡിതനുമായ മൗലാന വഹീദുദ്ദീന്‍ ഖാന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഇസ്‌ലാമും ലോകസമാധാനവും (കഹെമാ മിറ ംീൃഹറ ുലമരല). ഇസ്‌ലാമിനു മേല്‍ തീവ്രവാദ- ഭീകരവാദ മുദ്ര നിരന്തരം ചാര്‍ത്തപ്പെടുന്ന സമീപകാല ലോക സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു കൃതിയാണിത്. ഇസ്‌ലാം സമ്പൂര്‍ണമായി സമാധാനത്തിന്റെ മതമാണ്. യുദ്ധം അനിവാര്യ സാഹചര്യങ്ങളില്‍ സംഭവിക്കുന്ന അപവാദം മാത്രമാണ്. എന്നാല്‍ ഇസ്‌ലാമില്‍ യുദ്ധം ഒരു അനിവാര്യഘടകമായി ലോകം തെറ്റിദ്ധരിക്കാന്‍ ഇടയായിരിക്കുകയാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. ജിഹാദ് എന്ന പദം യുദ്ധം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കാവതല്ലെന്നും ഇന്നത്തെ കാലത്ത് അതിനു യോചിച്ച അര്‍ഥം സമാധാനപരമായ ആക്ടീവിസം ആണെന്നും വഹീദുദ്ദീന്‍ ഖാന്‍ വാദിക്കുന്നു.
വഹീദുദ്ദീന്‍ ഖാന്റെ തത്വചിന്തകളും ദര്‍ശനങ്ങളും ഇസ്‌ലാമിനെ സമകാലികമായ സന്ദര്‍ഭത്തില്‍, പുതിയ കാഴ്ചപ്പാടോടെ വായിക്കാന്‍ ശ്രമിക്കുന്നതാണ്. അദ്ദേഹം മതത്തിന്റെ വിശ്വാസപരവും ആത്മീയപരവുമായ തലത്തില്‍ കൂടുതല്‍ ഊന്നുകയും, മതത്തെ വിവാദമാക്കുന്ന തര്‍ക്കങ്ങളില്‍ നിന്ന് മുക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഇന്ത്യയിലെ മുസ്‌ലിംകളില്‍ വിശിഷ്യ ഉത്തരേന്ത്യയിലെ മുസ്‌ലിംകളില്‍ അദ്ദേഹത്തിന് ഒട്ടേറെ പ്രതിയോഗികളെ സൃഷ്ടിക്കുകയുണ്ടായി. ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്‌ലിംകള്‍ വിട്ടുവീഴ്ച ചെയ്യണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം ഏറെ കോലാഹലമുണ്ടാക്കിയിരുന്നു. തൗഹീദ് വിശ്വാസവും ഇസ്‌ലാമിന്റെ സമാധാന സന്ദേശവും ജനങ്ങളില്‍ എത്തിച്ചു കൊടുക്കുകയാണ് മുസ്‌ലിംകളുടെ പരമവും പ്രധാനവുമായ ചുമതല എന്നും രാഷ്ട്രീയഭരണ കാര്യങ്ങളില്‍ നിന്ന് അവര്‍ മാറി നില്‍ക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഇസ്‌ലാമിസ്റ്റുകളെയും അദ്ദേഹത്തില്‍ നിന്ന് അകറ്റി.
പതിനാറു അധ്യായങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്ളത്. ഇസ്‌ലാമും സമാധാനവും, ജിഹാദ് സങ്കല്‍പം, സമാധാന സംസ്‌കാരം, യുദ്ധം, സമാധാന സന്ധി, ഹിംസ, ഭീകരത, ശത്രുക്കള്‍, ബഹുസ്വരത തുടങ്ങി ഇസ്‌ലാമിനെ കുറിച്ചുള്ള സമകാലിക സംവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷയങ്ങളാണ് ഭിന്ന അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്. സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കി സമാധാനത്തിന്റെ വഴി ചൂണ്ടിക്കാണിക്കുകയാണ് ഈ ലേഖനങ്ങള്‍. എന്നാല്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ കേവലമായ ലളിത യുക്തികളായി ആക്ഷേപിക്കപ്പെട്ടേക്കാം. സമാധാനത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ ക്ഷമാപണ നിലപാടായി ആക്ഷേപിക്കപ്പെടാനുള്ള സാധ്യതയും ഉണ്ട്. ഈ സാധ്യതകള്‍ക്കും പരിമിതികള്‍ക്കുമിടയിലും ഈ കൃതിയുടെ പ്രസക്തി ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ലളിതവും  മധുരതരവുമായ ഭാഷ പുസ്തകത്തെ വായനാക്ഷമമാക്കുന്നു. 200 പേജുകളുള്ള ഈ പുസ്തകം ഡല്‍ഹിയിലെ ഗുഡ്‌വേര്‍ഡ് ആണ് പ്രസിദ്ധീകരിച്ചത്.