Tuesday
22
August 2017

ഇമാം ഗസ്സാലിയുടെ അത്ഭുതഗ്രന്ഥം

admin

ശരീരം മനസ്സിന്റെ രാജ്യമാകുന്നു. അത് അതിന്റെ ലോകവും അതിന്റെ ആവാസ സ്ഥലവും അതിന്റെ നഗരവുമാകുന്നു – ഇമാം ഗസ്സാലി
വിഖ്യാത തത്വചിന്തകനായ ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന കൃതി തത്വചിന്തയിലും ആധ്യാത്മിക ഭാവനയിലും അദ്വിതീയമാണ്. തത്വചിന്തയുടെ പിതാവായ ദെക്കാര്‍ത്തെയെ പോലും ഈ കൃതി പ്രചോദിപ്പിക്കുകയുണ്ടായി. ഈ കൃതിയെ മലയാളികള്‍ വേണ്ടത്ര പരിചയിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. അതിന്റെ മലയാള വിവര്‍ത്തനങ്ങള്‍ പലതും വായനാക്ഷമമല്ല. ചിലത് ജനകീയമായതുമില്ല. ഇഹ്‌യയിലെ അജാഇബുല്‍ ഖല്‍ബ് (ഹൃദയത്തിലെ അത്ഭുതങ്ങള്‍) എന്ന തത്വചിന്താപ്രധാനമായ ഭാഗം 1947-ല്‍ തന്നെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വക്കം മൗലവിയുടെ പ്രമുഖ ശിഷ്യനായ വക്കം മുഹമ്മദ് മൈതീന്‍ ആണ് വിവര്‍ത്തകന്‍. വക്കം മൗലവി തന്നെ മറ്റു ചില ഭാഗങ്ങള്‍ പരിഭാഷ ചെയ്തിരുന്നു.
വക്കം മുഹമ്മദ് മൈതീന്റെ ആ വിവര്‍ത്തനം ഹൃദയത്തിലെ അത്ഭുതങ്ങള്‍ എന്ന പേരില്‍ ഇപ്പോള്‍ കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നു. വിഷയം ഗഹനമാണെങ്കിലും ഭാഷ മൃദുലമാണ്. മനസ്സ്, ആത്മാവ്, ഹൃദയം, ബുദ്ധി തുടങ്ങിയവയുടെ ദുരൂഹമായ ജ്ഞാനലോകത്തേക്ക് ഈ കൃതി നമ്മെ നയിക്കുന്നു. ഈ കൃതിയില്‍ ശരീരത്തെയും മനസ്സിനെയും പരികല്പ്പന ചെയ്യുന്ന ഒരു വരിയാണ് മുകളില്‍. ഗസ്സാലിയെ വായിക്കാത്തവര്‍ക്ക് ഈ പുസ്തകം ഒരു പ്രവേശിക ആണ്.
പുസ്തകത്തിന് ഡോ. എന്‍ എ കരീം എഴുതിയ ആമുഖം ഇഹ്‌യയുടെ ദാര്‍ശനിക സൗന്ദര്യവും അതിന്റെ സമകാലിക പ്രസക്തിയും എടുത്തു കാണിക്കുന്നു. ഇമാം ഗസ്സാലിയെ സാമാന്യമായി പരിചയപ്പെടുത്തുന്ന ഒരു കുറിപ്പും ആമുഖമായി ചേര്‍ത്തിട്ടുണ്ട്. ഈ പുസ്തകം പരിഭാഷ ചെയ്ത മുഹമ്മദ് മൈതീന്‍ സാഹിബ്, കേരള മുസ്‌ലിം നവോത്ഥാന നായകരില്‍ അറിയപ്പെടാതെ പോയ ഒരു യുഗപ്രതിഭയാണ്. വക്കം മൗലവി ജനിച്ച പുന്ത്രാന്‍ വിളാകം കുടുംബത്തില്‍ 1899-ല്‍ ജനിച്ച അദ്ദേഹത്തിനു പൂര്‍ണമായ കാഴ്ച ശേഷി ഉണ്ടായിരുന്നില്ല. എങ്കിലും മാതുലനായ വക്കം മൗലവിയുടെ ശിഷ്യത്വത്തില്‍ അറബി, ഇംഗ്ലീഷ്, ഉര്‍ദു, സംസ്‌കൃതം, മലയാളം ഭാഷകളില്‍ അഗാധ പാണ്ഡിത്യം നേടി. കെ എം മൗലവി, മൂസ മൗലവി എന്നിവരുമായൊക്കെ ബന്ധം പുലര്‍ത്തിയ അദ്ദേഹം അവരുടെ സഹായത്തോടെ ഖുര്‍ആന്‍ ചില ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മലയാള ഭാഷയിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം വിളിച്ചോതുന്നതാണ് അദ്ദേഹത്തിന്റെ കൃതികള്‍. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷ 2009-ല്‍ കേരള സര്‍വകലാശാല പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹൃദയത്തിലെ അത്ഭുതങ്ങള്‍ 150 ലേറെ പേജുകളില്‍ വിവിധ അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. നൂറു രൂപയാണ് വില.