Saturday
21
July 2018

ഡോ. ഹസന്‍ തുറാബി സ്ത്രീകള്‍ക്കുവേണ്ടി ഒരു വക്കാലത്ത്

വി എ മുഹമ്മദ് അഷ്‌റഫ്

1932 -ല്‍ കിഴക്കന്‍ സുഡാനിലെ കസ്സാലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ഡോ. ഹസന്‍ തുറാബി ജനിച്ചത്. പിതാവ് ഒരു ജഡ്ജിയും ഇസ്‌ലാമിക കര്‍മശാസ്ത്ര വിശാരദനുമായിരുന്നു.
1955-ല്‍ ഖാര്‍ത്തും സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദമെടുത്ത ശേഷം 1957-ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. 1959 മുതല്‍ 1964 വരെയുള്ള കാലഘട്ടത്തില്‍ പാരീസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി നേടി; വിഷയം: ലിബറല്‍ ജനാധിപത്യത്തില്‍ അടിയന്തിര ഘട്ടത്തില്‍ ഭരണകൂടത്തിന് ലഭ്യമാവുന്ന അവകാശങ്ങള്‍. പിന്നീട് സുഡാനില്‍ തിരിച്ചെത്തിയ തുറാബി ഖാര്‍ത്തൂം സര്‍വകലാശാലയില്‍ നിയമവിഭാഗത്തിന്റെ ഡീന്‍ ആയി നിയമിതനായി.
1964 മുതല്‍ 1969 വരെ ഇസ്‌ലാമിക് ചാര്‍ട്ടര്‍ ഫ്രണ്ട് എന്ന രാഷ്ട്രീയ സംഘടനയുടെ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിച്ചു. 1969-ല്‍ തുറാബിയുടെ ഒരു സതീര്‍ഥ്യന്‍ തന്നെയായ ജഅ്ഫര്‍ നുമൈരി സുഡാനില്‍ അധികാരം പിടിച്ചപ്പോള്‍ ഇസ്‌ലാമിക ചാര്‍ട്ടര്‍ നേതാക്കളെ അറസ്റ്റ് ചെയ്തു; തുടര്‍ന്ന് ആറ് വര്‍ഷം ജയിലിലും പിന്നീട് മൂന്ന് വര്‍ഷം ലിബിയയില്‍ പ്രവാസിയായും കഴിയേണ്ടി വന്നു.
1991-ല്‍ പോപ്പുലര്‍ അറബ് ഇസ്‌ലാമിക് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് തുറാബി ജന്മം നല്കി. ഉസാമ ബിന്‍ലാദിനടക്കം പലരും ഇതിലണിനിരന്ന് സുഡാനിലെത്തി. സംഘടനക്ക് പാശ്ചാത്യമടക്കം അന്‍പത്തഞ്ച് രാഷ്ട്രങ്ങളില്‍ ശാഖകളും രൂപീകൃതമായി. അമേരിക്കയുടെ 9/11 കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശീഅ-സുന്നി സംഘര്‍ഷങ്ങള്‍ മാറ്റിവെച്ച് പൊതു ശത്രുവായ ഇസ്‌റാഈലിനും അമേരിക്കക്കും എതിരെ ഒന്നിക്കേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞതിന് തുറാബിയെ കുറ്റപ്പെടുത്തുന്നുണ്ട്.
1996-ല്‍ അദ്ദേഹം സുഡാനീസ് പാര്‍ലമെന്റ് സ്പീക്കറായി. സുഡാനീസ് പ്രസിഡന്റ് ഉമര്‍ ബഷീറുമായി ഇടഞ്ഞ് പലപ്പോഴും ഹസന്‍ തുറാബി ജയിലിലടയ്ക്കപ്പെട്ടു. സുഡാന്‍ ഭരണകൂടത്തിനെതിരെ പൊരുതുന്ന ഡാര്‍ഫര്‍ ജനതയോട് തുറാബി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് സ്ഥിതിഗതികളെ വഷളാക്കി.
2009 ജനുവരി 12-ന് ഡാര്‍ഫറിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോര്‍ട്ടില്‍ കീഴടങ്ങാനുള്ള നിര്‍ദേശം സ്വീകരിക്കാന്‍ തുറാബി സുഡാന്‍ പ്രസിഡന്റ് ഉമര്‍ ബഷീറിനോടാവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് അതേവര്‍ഷം ജനുവരി 14-ന് തുറാബി അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ആംനസ്റ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് രണ്ടു മാസങ്ങള്‍ക്കു ശേഷം അദ്ദേഹം വിട്ടയക്കപ്പെട്ടു.
സുഡാനില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭ്യമാക്കുന്നതിലും പാര്‍ലമെന്റില്‍ 10 ശതമാനം സീറ്റ് സംവരണം ചെയ്യിക്കുന്നതിലും തുറാബി കനത്ത പങ്ക് വഹിച്ചു. ഫ്രഞ്ച്, ഇംഗ്ലീഷ്, അറബി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന തുറാബിക്ക് ഭാര്യയും ഒരു മകനുമുണ്ട്. തുറാബിയുടെ അളിയനാണ് മുന്‍ സുഡാന്‍ പ്രധാനമന്ത്രിയും ഉമ്മ പാര്‍ട്ടിയുടെ നേതാവുമായ സാദിഖുല്‍ മഹ്ദി.

ചിന്തയുടെ കനലുകള്‍
പാശ്ചാത്യ മതേതരത്വത്തിന്റെ കനത്ത വിമര്‍ശകനാണ് തുറാബി. ആ സമൂഹം അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് നിദാനം മതമൂല്യങ്ങളില്‍ നിന്നകന്നതാണെന്ന് അദ്ദേഹം കണ്ടെത്തുന്നു. മനുഷ്യസ്വാതന്ത്ര്യം, വിവേചനം, ദേശീയ ഭ്രാന്ത് എന്നിവയിലൊക്കെ പുരോഗമനപരവും മാനവികവുമായ വീക്ഷണങ്ങള്‍ അദ്ദേഹം പുറപ്പെടുവിക്കാറുണ്ട്. സഹിഷ്ണുത, നീതി, പാരസ്പര്യം, സമാധാനം എന്നിവയെ അടിസ്ഥാനപ്പെടുത്തി മാത്രമേ പുരോഗതിയിലേക്കുള്ള പാത തെരഞ്ഞെടുക്കാനാവുകയുള്ളൂ.
മത-ശാസ്ത്ര സമന്വയത്തിലും അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു. രണ്ടിലെയും യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കപ്പെടണം. പ്രകൃതി, വേദഗ്രന്ഥത്തെപ്പോലെ മറ്റൊരു ദൈവീക സൃഷ്ടിയായതിനാല്‍ അവ തമ്മിലെ വൈരുധ്യം തെറ്റിദ്ധാരണയാല്‍ മാത്രമാണ് നിലനില്ക്കുന്നത്. തത്വചിന്തയുടെ പരമമായ ലക്ഷ്യം മത-ശാസ്ത്ര ബാന്ധവം ഊട്ടിയുറപ്പിക്കുക എന്നതാണ്; തുറാബി കുറിച്ചു.
ഇസ്‌ലാമില്‍ ഒരു പൗരോഹിത്യ വിഭാഗം ഇല്ലാത്തതിനാല്‍ ഉപരിവര്‍ഗ ദൈവശാസ്ത്ര ആധിപത്യം അനുവദിക്കാനാവില്ല. ഇസ്‌ലാമിക ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പം ഇതു തന്നെയാണ്. ഇതേ ന്യായം ഉപയോഗിച്ചുതന്നെ പണ്ഡിതന്മാരിലെ ഒരു മതകീയ വിഭാഗം മാത്രം നടത്തുന്ന ഇജ്തിഹാദിനെ തുറാബി തള്ളിക്കളയുന്നു. ഒരു പ്രത്യേക അഭിജാത- പണ്ഡിതവര്‍ഗം മാത്രം ഗവേഷണത്തിനായി തുനിഞ്ഞിറങ്ങുന്നത് വ്യംഗ്യമായ പൗരോഹിത്യത്തിലെത്തിക്കും. വിജ്ഞാനം ഏകമായതുകൊണ്ട് എഞ്ചിനീയര്‍മാര്‍, സമ്പദ് വിദഗ്ധര്‍, നിയമജ്ഞര്‍, രസതന്ത്രജ്ഞര്‍ എന്നിവരെയൊക്കെ ‘ഉലമ’യായി പരിഗണിക്കപ്പെടണം.
ചിന്താസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന രീതികളെ തുറാബി ചോദ്യം ചെയ്യാറുണ്ട്. സല്‍മാന്‍ റുഷ്ദിക്ക് വധശിക്ഷ നല്കിക്കൊണ്ടുള്ള ആയത്തുല്ലാ ഖുമൈനിയുടെ 1989-ലെ ഫത്‌വയെ അദ്ദേഹം എതിര്‍ത്തു. സ്ത്രീകളുടെ അവകാശങ്ങെളപ്പറ്റി ശക്തമായി ബോധവല്ക്കരണം നടത്തിയ പണ്ഡിതന്‍ എന്ന നിലയിലാകും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുക.
സ്ത്രീകള്‍ക്ക് തുല്യാവകാശം നല്കുന്നത് ഖുര്‍ആനിനും പ്രവാചക പാരമ്പര്യത്തിനും തികച്ചും അനുകൂലമാണെന്ന് തുറാബി വാദിക്കുന്നു. സ്വതന്ത്ര വ്യക്തിത്വമുള്ളവളായി പ്രവാചകന്‍ സ്ത്രീയെ പരിഗണിച്ചിരുന്നു. രാഷ്ട്രീയ ജീവിതത്തില്‍ അവള്‍ സക്രിയമായി പങ്കെടുത്തിരുന്നു. വിവാഹാഭ്യര്‍ഥന നടത്താനും നിരസിക്കാനും സാമ്പത്തിക ഇടപാടുകള്‍ നടത്താനും സമൂഹത്തിലെ തുല്യഅംഗത്വം എന്ന അവസ്ഥയോടെ അവള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഈ സ്വാതന്ത്ര്യം അവളില്‍ നിന്ന് മതകീയമായ ദുര്‍ന്യായവാദങ്ങളുന്നയിച്ച് നിയമജ്ഞര്‍ കവര്‍ന്നെടുക്കുകയായിരുന്നുവെന്ന് തുറാബി നിരീക്ഷിക്കുന്നു.
ഇത്തരം വാദങ്ങള്‍ തെളിയിക്കുന്ന സ്ത്രീയുടെ പദവി ഇസ്‌ലാമിലും സമൂഹത്തിലും എന്ന കൃതി 1973-ല്‍ സ്വന്തം പേരില്‍ അല്ലാതെയാണ് അദ്ദേഹം പുറത്തിറക്കിയത്. ഈ കൃതി സുഡാനിലെ മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിന് ഏറെ പങ്കുവഹിച്ചതായി ഗവേഷകര്‍ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ പ്രസ്തുത കൃതിയിലെ പ്രധാന ആശയങ്ങളും വാദമുഖങ്ങളും സംക്ഷിപ്തമായി പ്രതിപാദിക്കുന്നത് ഉചിതമെന്ന് കരുതുന്നു.
പ്രതിജ്ഞ, വിവാഹ മോചനം, ഇദ്ദ എന്നിവയുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചത് സ്ത്രീവിരുദ്ധമായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും പരിഷ്‌ക്കരിക്കാനായിരുന്നു. സ്ത്രീക്ക് ജനിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന പോയിന്റില്‍ നിന്നായിരുന്നു സാമൂഹ്യ വിപ്ലവത്തിന്റെ തുടക്കം എന്നത് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. (ഖുര്‍ആന്‍ 16:58,59, 81:8,9)
മതത്തോടുള്ള യഥാര്‍ഥ അര്‍പ്പണബോധം കുറയുമ്പോഴാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നത്. സ്ത്രീകളെ ദുര്‍ബലാവസ്ഥയിലാക്കി നിലനിര്‍ത്താന്‍ പ്രേരണ ലഭിക്കുന്നതും ഈ മനോഗതിയില്‍ നിന്നുതന്നെയാണ്. സകല പൊതുമണ്ഡലങ്ങളില്‍ നിന്നും സ്ത്രീകളെ ബോധപൂര്‍വം ഒഴിവാക്കി നിര്‍ത്തുകയും അങ്ങനെ ഉരുത്തിരിഞ്ഞുവരുന്ന പരിചയക്കുറവ് പിന്നീട് പൂര്‍ണമായും അവരെ നിഷ്‌കാസിതമാക്കാനുള്ള ഒഴികഴിവായി ഉപയോഗപ്പെടുത്തുകയുമായിരുന്നു.
പ്രാഗ് അറബ്, പേര്‍ഷ്യന്‍, ഇന്ത്യന്‍ സമൂഹങ്ങളിലെ സ്ത്രീ വിരുദ്ധ സങ്കല്പങ്ങള്‍, പ്രവണതകള്‍, മിത്തുകള്‍, ആചാരങ്ങള്‍ എന്നിവ സാംസ്‌കാരിക സംക്രമണത്തിന്റെ ഫലമായി ആദ്യകാലം മുതലേ മുസ്‌ലിംസമൂഹത്തിലേക്ക് പടര്‍ന്നു പിടിച്ചിരുന്നു; പിന്നീടത് മുസ്‌ലിം വ്യാഖ്യാനങ്ങളില്‍ ഉള്‍ച്ചേരുകയായിരുന്നു.
ഇതിന്റെ ഫലമായി പുരുഷന്മാര്‍ക്കായി പ്രത്യേക പശ്ചാത്തലത്തിലവതരിച്ച ചില നിര്‍ദേശങ്ങളെ വിശാലാര്‍ഥത്തിലും സ്ത്രീകള്‍ക്കനുകൂലമായ സൂക്തങ്ങളെ ഇടുങ്ങിയ രൂപത്തിലും വ്യാഖ്യാനിക്കപ്പെട്ടു. അവള്‍ ലൈംഗിക പ്രചോദനകാരി മാത്രമായി മാറിയ ദുരന്തം ഇങ്ങനെയാണുരുത്തിരിഞ്ഞത്. പില്‍ക്കാലത്ത് സ്ത്രീ വിരുദ്ധമായ ഈ കപട മത വീക്ഷണങ്ങളെ സമര്‍ഥിക്കാന്‍ തത്വചിന്താനുറുങ്ങുകള്‍ പോലുമുണ്ടായി. പുരുഷന്റെ മധ്യസ്ഥതയിലൂടെ മാത്രം മതകീയമായി അഭിസംബോധന ചെയ്യപ്പെടേണ്ടവളായി അവള്‍ സങ്കല്പിക്കപ്പെട്ടു. ഇഷ്ടപ്പെട്ടവനെ വേള്‍ക്കാന്‍ കന്യകക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. വിവാഹമോചനത്തിനുള്ള അവളുടെ അവകാശം എടുത്തുമാറ്റപ്പെട്ടു. ഏത് സാഹചര്യത്തിലും എളുപ്പം ഒഴിവാക്കാനാവുന്നവളായി അവള്‍ ഒതുക്കപ്പെട്ടു. പൊതുമണ്ഡലത്തില്‍ നിന്നൊഴിവായി ഗൃഹാന്തരീക്ഷം മാത്രമായി അവള്‍ ചുരുക്കപ്പെട്ടു. അവളുടെ ശബ്ദംപോലും കാമാര്‍ത്തിജനകമായതിനാല്‍ ഔറത്താണെന്ന് വാദിക്കപ്പെട്ടു. സമ്പൂര്‍ണമായ സ്ത്രീ-പുരുഷ വേര്‍തിരിവ്, ഖുര്‍ആന്‍ വിരുദ്ധമായിട്ടുകൂടി, മതകീയമായി സ്വാംശീകരിക്കപ്പെട്ടു.
വിദ്യാഭ്യാസത്തില്‍പോലും അവള്‍ തഴയപ്പെട്ടു. ഗാര്‍ഹിക വൃത്തിക്കനുപേക്ഷണീയമായത് മാത്രമാണവള്‍ പഠിക്കേണ്ടതെന്നായി വാദം. സംസ്‌കാരവും പ്രബുദ്ധതയും വിജ്ഞാനവും ലഭ്യമാകാത്ത മാതാക്കള്‍ വഴിതെറ്റുന്ന തലമുറകള്‍ക്ക് ജന്മം നല്‍കി. മുസ്‌ലിം സമൂഹത്തിന്റെ ശക്തിക്ഷയത്തിലേക്ക് ഇത് ക്രമേണ നയിച്ചു.
ഭീകരമായ വിവേചനത്തിനും മര്‍ദിതാവസ്ഥക്കുമെതിരെയുള്ള പൊട്ടിത്തെറിയായി, 19-ാം നൂറ്റാണ്ടോടെ പടിഞ്ഞാറ് സ്ത്രീ വാദം ആരംഭിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് കൂടുതലായി ഇരയാക്കപ്പെടുംവിധം പൊതുമണ്ഡലം പരിവര്‍ത്തിതമായി. തല്‍ഫലമായി കൂടുതലായി നഗ്നമാകുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അടയാളമാണെന്ന തെറ്റിദ്ധാരണ ലോകത്ത് വളര്‍ന്നുവന്നു.
ഖുര്‍ആനും ഹദീസും ശരിയാംവിധം അറിയാത്ത പലരെയും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഈ വൈരുധ്യങ്ങള്‍ വഴിതെറ്റിച്ചു. ഇസ്‌ലാമില്‍ അന്തസ്ഥിതമായ സ്ത്രീവിരുദ്ധ ഘടകങ്ങളാണ്, മുസ്‌ലിം സ്ത്രീകളുടെ അധോഗതിക്ക് കാരണമായി ചിലര്‍ കണ്ടത്. മുഖ്യധാരാ മുസ്‌ലിം വ്യാഖ്യാതാക്കള്‍ക്കിതിലുള്ള പങ്ക് മറച്ചുവെക്കേണ്ടതില്ല. സ്ത്രീകള്‍ക്കര്‍ഹമായ സ്ഥാനം തിരിച്ചുനല്‍കി അവരുടെ പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍ നിന്നും ആധുനികതയുടെ പേരിലുള്ള അഴിഞ്ഞാട്ട ചൂഷണങ്ങളില്‍ നിന്നും അവളെ രക്ഷിക്കേണ്ടത് ഇസ്‌ലാമിനെ അംഗീകരിക്കുന്നവരുടെ അടിയന്തിര ബാധ്യതയായി മാറുന്നതിവിടെയാണ്.
സ്ത്രീ പുരുഷ ബന്ധങ്ങളെപ്പറ്റിയുള്ള അടിസ്ഥാന ഖുര്‍ആനിക പ്രമേയം ഇതാണ്. ”സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ നന്മ കല്പിക്കുന്നു, തിന്മ വിരോധിക്കുന്നു” (9:71). സൂറത് അഹ്‌സാബിലെ 33:35 സൂക്തവും തുറാബി ഉദ്ധരിക്കുന്നുണ്ട്. ഓരോ മനുഷ്യന്റെയും സ്വയം കര്‍തൃത്വം അവരുടെ പിരടിയില്‍ തന്നെയാണ് ബന്ധിച്ചിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു.
”പ്രവാചകരേ, വിശ്വാസികളായ സ്ത്രീകള്‍ താങ്കളുടെയടുക്കല്‍ ഉടമ്പടി ചെയ്യാനെത്തുകയും തങ്ങള്‍ യാതൊന്നിനെയും അല്ലാഹുവിന്റെ പങ്കാളിയാക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും സന്താനഹത്യ നടത്തുകയില്ലെന്നും തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ യാതൊരു വ്യാജവും കെട്ടിച്ചമക്കുകയില്ലെന്നും യാതൊരു സല്‍ക്കാര്യത്തിലുംതാങ്കള്‍ക്കെതിര് പ്രവര്‍ത്തിക്കുകയില്ലെന്നും പ്രതിജ്ഞ ചെയ്യുകയും ചെയ്താല്‍ അവരുമായി ഉടമ്പടി ചെയ്തുകൊള്ളുക” (60:12)
”സ്ത്രീയാകട്ടെ, പുരുഷനാകട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പ്പെട്ടവരാണല്ലോ” (3:195)
സ്ത്രീ-പുരുഷന്മാരടങ്ങുന്നവരുടെ നമസ്‌കാരത്തിന് സ്ത്രീ കള്‍ക്ക് ഇമാമത്ത് നില്ക്കാമെന്ന വാദത്തെ തുറാബി പിന്താങ്ങുന്നുണ്ട്. ഉസ്മാന്‍(റ), അലി(റ) എന്നിവരുടെ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നതായി ചൂണ്ടിക്കാട്ടിക്കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തത്തിന് അദ്ദേഹം അടിവരയിടുന്നു. മുഖം മറക്കുന്ന ‘നിഖാബ്’ രീതിയെ 2006ല്‍ അല്‍അറബിയയില്‍ നടത്തിയ ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ തുറാബി തള്ളിപ്പറഞ്ഞു.
മഹര്‍ തുക നിയന്ത്രിക്കണമെന്ന ഖലീഫ ഉമറിന്റെ വീക്ഷണത്തെപ്പോലും ഖുര്‍ആന്‍ 4:20 ഉദ്ധരിച്ചു ചോദ്യം ചെയ്ത സംഭവത്തിന് തുറാബി അടിവരയിടുന്നു. ദാമ്പത്യബന്ധത്തിലെ പാരസ്പര്യവും കൂടിയാലോചനാ സ്വഭാവവുമാണ് അതിനെ ഇസ്‌ലാമികമാക്കുന്നത് (2:187, 2:233)
കുടുംബത്തില്‍ വരുന്ന അതിഥിയെ സ്ത്രീക്ക് സ്വീകരിക്കാമെന്നതിന് മനുഷ്യവേഷധാരിയായ മലക്കിനെ സ്വീകരിച്ച ഇബ്‌റാഹീം നബി(അ)യുടെ ഭാര്യയുടെ ഉദാഹരണം തുറാബി മുന്നോട്ടുവെക്കുന്നു (11:70-72). പരപുരുഷന്മാരുമായി സ്ത്രീക്ക് മാന്യമായ രൂപത്തില്‍ സംസാരിക്കാമെന്നതിന് തെളിവായി 28:22,286 സൂക്തങ്ങള്‍ ഉദ്ധരിക്കുന്നു.
വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും ഉത്തമമാതൃകകള്‍ രണ്ട് സ്ത്രീകള്‍ തന്നെയാണെന്ന കാര്യം തുറാബി ചൂണ്ടിക്കാട്ടുന്നു (66:10-12). വ്യക്തിയുടെ സ്വയം നിര്‍ണയാവകാശമാണ് പ്രമുഖമായൊരു ഖുര്‍ആനികാശയം (19:96, 80:35-38). ഇസ്‌ലാമിക് ഫെമിനിസം ശക്തി പ്രാപിച്ച 1990കള്‍ക്ക് ഏറെ മുമ്പുതന്നെ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിച്ച് ധിക്കാരം പ്രകടിപ്പിച്ച പണ്ഡിതനാണ് ഹസന്‍ തുറാബി.