Saturday
21
July 2018

അത്ഭുതപ്പെടുത്തുന്ന ചോദ്യങ്ങള്‍

അബ്ദുല്‍ ജബ്ബാര്‍ ഒളവണ്ണ

പറമ്പില്‍ കിടക്കുന്ന ഒരു ഇഷ്ടിക അത് തനിപ്പകര്‍പ്പ് സൃഷ്ടിച്ച് രണ്ട് ഇഷ്ടികകളായിത്തീരുന്നു. ഈ രണ്ട് ഇഷ്ടികകള്‍ പിന്നീട് നാലും എട്ടും അങ്ങനെ ആയിരങ്ങളുമായിത്തീരുന്നു. എന്നിട്ട് അത് സ്വയം തറയും ചുമരും മേല്‍ക്കൂരയുമായി അങ്ങനെ ആകാശം മുട്ടുന്ന ഒരു കെട്ടിടം രൂപം കൊള്ളുന്നു. പറഞ്ഞാല്‍ വിശ്വാസം വരുമോ. ഈ വര്‍ഷം ഫെബ്രുവരി ലക്കത്തിലെ സയന്‍സ് റിപ്പോര്‍ട്ടറിലാണ് നോയിഡയിലെ ഒരു ശാസ്ത്രജ്ഞനായ ഡോ. ടി വി വെങ്കിടേശ്വരന്‍ ഈ ചോദ്യം ഉന്നയിക്കുന്നത്. ജന്തുക്കളില്‍ സിക്താണ്ഡം വളര്‍ന്നു പൂര്‍ണ ജീവിയായിത്തീരുന്ന അത്ഭുത പ്രതിഭാസത്തെപ്പറ്റി ചിന്തിച്ചപ്പോഴാണ് ഈ ചോദ്യം അദ്ദേഹം ഉന്നയിച്ചത്.
ഗര്‍ഭാശയത്തില്‍ പുംബീജവും അണ്ഡവും ചേര്‍ന്നുണ്ടാകുന്ന ഏക കോശമാണ് സിക്താണ്ഡം. ആദ്യം അത് രണ്ടായി വിഭജിക്കപ്പെടുന്നു. പിന്നീട് നാലായും എട്ടായും ക്രമേണ ശിശുവിന്റെ അവയവങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. സിക്താണ്ഡം വിഭജിക്കപ്പെടുന്നത് ക്രമഭംഗരീതിയിലാണ്. അഥവാ മാതൃകോശം വിഭജിച്ചുണ്ടാകുന്ന പുത്രിക കോശങ്ങള്‍ മാതൃകോശത്തിന്റെ എല്ലാ ഗുണങ്ങളും അപ്പടി പകര്‍ത്തുന്നു. ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ കിട്ടുന്ന തനിപ്പകര്‍പ്പുപോലെ. ക്രോമസോമുകളുടെ എണ്ണത്തിലോ ഘടനയിലോ വ്യത്യാസമില്ല. അതിലുള്ള ഡി എന്‍ എ തന്മാത്രകള്‍ക്കും വ്യത്യാസമില്ല. എല്ലാ രോഗങ്ങളിലെയും ജീനുകളും ഒരുപോലെ തന്നെ. ജീവികളാണ് കോശങ്ങളുടെ പ്രവര്‍ത്തനവും മറ്റു കാര്യങ്ങളും നിര്‍ണയിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എങ്കില്‍ ഒരേ തരം ജീനുകളടങ്ങിയ കോശങ്ങള്‍ കാലക്രമത്തില്‍ കാലും തലയുമായി രൂപപ്പെടുന്നതെങ്ങനെ.
കണ്ണും മൂക്കും ചെവിയും അസ്ഥികൂടവും ആമാശയവും ചെറുകുടലും വന്‍ കുടലുമൊക്കെ ഇവയില്‍ നിന്ന് എങ്ങനെ ഉണ്ടാകുന്നു. മനുഷ്യന്റെ അജ്ഞതയുടെ ആഴത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. എല്ലാ മനുഷ്യകോശങ്ങളിലും ഒരേ തരത്തിലുള്ള ജീനുകള്‍ പ്രവര്‍ത്തനക്ഷമമാകുകയും മറ്റുള്ളവ ‘ഉറങ്ങുകയും’ ചെയ്യുന്നതെന്തുകൊണ്ടാണ്. ഉള്ള ജീവന്‍ പൊലിഞ്ഞുപോകാതെ നിലനിര്‍ത്താന്‍ കഴിയാത്ത മനുഷ്യന്‍ പുതിയ ജീവന്‍ സ്വന്തമായി സൃഷ്ടിക്കാന്‍ നടക്കുന്ന കാലഘട്ടത്തിലാണ് ഡോ. വെങ്കിടേശ്വരന്‍ ഈ അത്ഭുതപ്പെടുത്തുന്ന ചോദ്യം ഉന്നയിക്കുന്നത്.
ജീവിത ദൈര്‍ഘ്യവും ഹൃദയ മിടിപ്പും തമ്മിലുള്ള ബന്ധമാണ് ഈ ലേഖനത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്ന മറ്റൊരു വിഷയം. ഒരു ജന്തു ഒരു ബില്യണ്‍ ഹൃദയമിടിപ്പുകള്‍ ജീവിക്കുന്നു എന്നാണ് ‘One billion heart beating theory’ സിദ്ധാന്തിക്കുന്നത്. മിനുട്ടില്‍ 420 തവണ ഹൃദയമിടിപ്പുള്ള എലി നാലുവര്‍ഷം ജീവിക്കുന്നു (ശരാശരി ആയുര്‍ദൈര്‍ഘ്യം). എണ്‍പത് കൊല്ലം ജീവിക്കുന്ന നീലത്തിമിംഗലത്തിന്റെ ഹൃദയമിടിപ്പ് മിനുട്ടില്‍ ആറ് മാത്രം. അറുപത് വര്‍ഷം ശരാശരി ജീവിതകാലമുള്ള കുതിരയുടേത് മിനുട്ടില്‍ മുപ്പത്തെട്ട്. എന്നാല്‍ മിനുട്ടില്‍ ശരാശരി എഴുപത്തി രണ്ടു തവണ മിടിക്കുന്ന ഹൃദയമിടിപ്പുള്ള മനുഷ്യന്റെ ആയുസ്സ്, കുതിരയുടെ ആയുസ്സിനേക്കാള്‍ കുറയേണ്ടതല്ലേ? മനുഷ്യന്‍ one billion heart beat theory ക്ക് പുറത്തു കടന്നതെന്താണ് (മില്യണ്‍ മില്യണ്‍ = 1 ബില്യണ്‍, ഒരു മില്യണ്‍ = ഒരു ദശലക്ഷം). കുരങ്ങുകളുടെ ഹൃദയമിടിപ്പും ഇതിനോട് യോജിച്ചു പോകുന്നില്ല.
പ്രപഞ്ച പഠനത്തെക്കുറിച്ചും അദ്ദേഹം ഈ ലേഖനത്തില്‍ പ്രസ്താവിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വെറും നാലു ശതമാനം മാത്രം. 23 ശതമാനം വരുന്ന ‘ഡാര്‍ക്ക് മാറ്ററിനെ’ക്കുറിച്ചോ 73 ശതമാനം വരുന്ന ‘ഡാര്‍ക്ക് എനര്‍ജിയെ’ക്കുറിച്ചോ നമ്മള്‍ തീര്‍ത്തും അജ്ഞരാണ്.
സൂര്യോപരിതലത്തിലെ ചൂടിനെക്കുറിച്ചും അദ്ദേഹം ഈ ലേഖനത്തില്‍ ആശ്ചര്യപ്പെടുന്നു. സൂര്യന്റെ ഏറ്റവും ഉള്ളിലെ ചൂട് പതിനഞ്ച് മില്യണ്‍ കെല്‍വിനാണ്. ഇത് ഉപരിതലത്തിലെത്തുമ്പോള്‍ 6000 കെല്‍വിനായി കുറയുന്നു. എന്നാല്‍ ഇതിനെ ആവരണം ചെയ്യുന്ന കൊറോണയുടെ ഊഷ്മാവ് ദശലക്ഷം കെല്‍വിനാണ്. അഥവാ ഐസില്‍ നിന്ന് അത്യധികം ചൂടുള്ള നീരാവി വമിക്കുന്നതുപോലെ.
പ്രപഞ്ചത്തിന്റെ വികാസമാണ് ശാസ്ത്രത്തിന്റെ കണക്കുകൂട്ടുല്‍ തെറ്റിക്കുന്ന മറ്റൊരു പ്രതിഭാസം. ഈയടുത്ത് കണ്ടെത്തിയ സൂപ്പര്‍ നോവകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അകലെയാണ്. ഗാലക്‌സികളിലെ ഏറ്റവും പുറംഭാഗത്തുള്ള നക്ഷത്രങ്ങളുടെ ചലനവേഗതയും പ്രതീക്ഷകളെ തകിടം മറിക്കുന്നതാണ്.
ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ് ‘The importance of being ‘stupid’. ‘stupid’ എന്ന വാക്കിന് നിഘണ്ടുവിലെ അര്‍ഥം – മന്ദബുദ്ധിയായ, സംവേദന ക്ഷമത കുറവായ എന്നിങ്ങനെയാണ്. അഥവാ അതിബുദ്ധിമാനെന്നു കരുതുന്ന മനുഷ്യന്‍ പ്രപഞ്ചരഹസ്യങ്ങള്‍ തേടുമ്പോള്‍ താന്‍ മന്ദബുദ്ധിയാണോ എന്നു സംശയിച്ചു പോകുന്നു.