Sunday
21
January 2018

മലബാര്‍ പഠനങ്ങള്‍ക്ക് ഒരു മികച്ച റഫറന്‍സ്

അബൂഹദ്‌യ

മലബാറിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ പഠനത്തിന് കൂടുതല്‍ ശ്രദ്ധ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധവും വിദേശ ശക്തികളുടെ കോളനികളായി മാറുക വഴിയുണ്ടായ രാഷ്ട്രീയവും സാംസ്‌കാരികവുമായ രൂപാന്തരങ്ങളും അറബ്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് ബന്ധത്തിന്റെയും തുറമുഖവ്യാപാരത്തിലൂടെ ലോകവാണിജ്യ ഭൂപടത്തില്‍ പ്രാധാന്യം നേടിയതിന്റെയും ഫലമായുണ്ടായ സാംസ്‌കാരിക ആദാന പ്രദാനങ്ങളുമെല്ലാം മലബാര്‍ പഠനത്തെ പ്രസക്തമാക്കുന്നു. ലോക ഇസ്‌ലാമിക സമൂഹവുമായി അതിന്റെ ഉത്ഭവ കാലം തൊട്ടു തന്നെയുള്ള അടുപ്പം, പ്രവാചകന്റെ പിന്‍ഗാമികളുടെ ഇങ്ങോട്ടുള്ള വരവ്, ഖിലാഫത്ത് സമരത്തില്‍ പങ്കുചേര്‍ന്ന പ്രദേശം എന്ന പ്രാധാന്യം, മക്ക ഉള്‍പ്പെടെയുള്ള അറേബ്യന്‍ ഗള്‍ഫുമായുള്ള ചിരകാല ബന്ധം, അറബി ഭാഷ, സംസ്‌കാരത്തിന് ഏഷ്യയില്‍ ഏറെ വേരുകള്‍ സിദ്ധിച്ച കൊച്ചു പ്രദേശം, മലബാറില്‍ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ഇസ്‌ലാമികമായ സജീവത, പില്ക്കാലത്ത് ശക്തിപ്പെട്ട ഗള്‍ഫ് പ്രവാസം തുടങ്ങിയ ഘടകങ്ങളും നരവംശ ശാസ്ത്ര-ചരിത്ര, സാമൂഹിക ശാസ്ത്ര ഗവേഷകരില്‍ മലബാര്‍ കൗതുകമുണര്‍ത്തുന്നു. രാജ്യാന്തര തലത്തില്‍ സുന്നി മുസ്‌ലിംകള്‍ക്കിടയില്‍ നിലവിലുള്ള ഭിന്ന ചിന്താധാരകളും കര്‍മസരണികളും ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമൊക്കെ ശക്തിയായി സ്വാധീനിക്കുകയും അതിന്റെ ഭാഗമായി നിരന്തരമായ സംവാദങ്ങള്‍ പരസ്പരം നടന്നുവരികയും ചെയ്യുന്നുവെന്ന വശം മലബാറിനെ ഇസ്‌ലാമിക ശാസ്ത്ര പഠന രംഗത്തുള്ളവരിലും ശ്രദ്ധേയമാക്കുന്നു.
വളരെ പഴക്കവും പാരമ്പര്യങ്ങളുമുള്ള ഒരു ജനതയും ഭൂപ്രദേശവുമായിരുന്നിട്ടും മലബാറിനെക്കുറിച്ച് ആഴത്തില്‍ നടത്തിയ പഠനങ്ങള്‍ വിരലില്‍ ഒതുങ്ങുന്നവ മാത്രമാണെന്നത് ഒരു വാസ്തവമാണ്. അതില്‍ തന്നെ, വില്യം ലോഗന്‍, റോളണ്ട് മില്ലര്‍ തുടങ്ങിയ ഇംഗ്ലീഷുകാര്‍ നടത്തിയ പഠനങ്ങളാണ് ഇന്നും മികച്ചുനില്ക്കുന്നത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് കെ എന്‍ പണിക്കരും മാപ്പിള സാംസ്‌കാരിക ചരിത്ര മേഖലയില്‍ ഡോ. എം ഗംഗാധരനും നടത്തിയ അന്വേഷണങ്ങളാണ് പിന്നീട് എഴുതപ്പെട്ടിട്ടുള്ള പ്രമുഖ അക്കാദമിക പഠനങ്ങള്‍. എന്നാല്‍ അക്കാദമിക രംഗത്ത് പ്രശസ്തരല്ലെങ്കിലും, മലബാര്‍ ചരിത്ര, സംസ്‌കാര പഠന രംഗത്ത് നിസ്തുല സംഭാവനകള്‍ നല്കിയ മഹാ പ്രതിഭകള്‍ പലരുമുണ്ടായിട്ടുണ്ട്. വാസ്തവത്തില്‍ അക്കാദമിക പഠനങ്ങളെല്ലാം തന്നെ അത്തരം അമേച്വര്‍ ഗവേഷകരെ ആശ്രയിച്ചാണ് നടത്തിയിട്ടുള്ളതും. മാപ്പിള സമൂഹത്തിന്റെ ചരിത്ര ലേഖനത്തില്‍ സംഭാവനകളര്‍പ്പിച്ച ആ പ്രതിഭകളുടെ സേവനം ഇനിയും വിലമതിക്കപ്പെട്ടിട്ടില്ല. എന്തിനേറെ, അവരുടെ വിലപ്പെട്ട രചനകള്‍ പോലും പൂര്‍ണമായും കണ്ടെടുക്കപ്പെടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടുമില്ല എന്നതാണ് ഖേദകരമായ സത്യം.
മലബാറിന്റെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രവും പൈതൃകങ്ങളും തേടി ഒരു ജന്മം സമര്‍പ്പിച്ച മഹാനുഭാവനാണ് കെ കെ മുഹമ്മദ് അബ്ദുല്‍ കരീം. അദ്ദേഹം നാട്ടിലുടനീളം അലഞ്ഞ് കണ്ടെടുക്കുകയും പകര്‍ത്തി വെക്കുകയും ചെയ്ത രേഖകളാണ് സമീപ കാലത്ത് നടന്നുവരുന്ന എല്ലാ മലബാര്‍ പഠനങ്ങളുടെയും ആധാരം എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. അദ്ദേഹത്തിന്റെ നാമധേയത്തില്‍, കൊണ്ടോട്ടി കേന്ദ്രമായി മാപ്പിള ചരിത്ര പഠനരംഗത്ത് ഒരു സ്ഥാപനം തുടങ്ങിയിരിക്കുന്നു. മുഹമ്മദ് അബ്ദുല്‍ കരീം സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് എന്ന ആ സ്ഥാപനവുമായി സഹകരിച്ച് കോഴിക്കോട്ടെ വചനം ബുക്‌സ് മാപ്പിള കീഴാള പഠനങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഡോ. കെ കെ മുഹമ്മദ് അബ്ദുസ്സത്താര്‍ ആണ് എഡിറ്റര്‍.
അറുനൂറിലേറെ പേജുകളില്‍ നാലു ഭാഗങ്ങളിലായാണ് പഠന ലേഖനങ്ങള്‍ സമാഹരിച്ചിട്ടുള്ളത്. ആദ്യഭാഗത്ത് പത്തൊന്‍പത് ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചരിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, രണ്ടാം ഭാഗം കലയും സാഹിത്യവും, മൂന്നാം ഭാഗത്ത് സമൂഹം, സംസ്‌കാരം, നാലാം ഭാഗത്ത് അഭിമുഖങ്ങള്‍ എന്നിങ്ങനെയാണ് ഗ്രന്ഥത്തിന്റെ ഘടന. മലബാര്‍ പഠനവുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ മേഖലകളിലും ഒട്ടേറെ വെളിച്ചം നല്കുന്നവയാണ് ഈ ലേഖനങ്ങള്‍ എന്ന് സാമാന്യമായി വിലയിരുത്താം. എല്ലാ ലേഖനങ്ങള്‍ക്കും മതിയായ ആധികാരികതയോ അകക്കനമോ ഉണ്ടെന്ന് പറയാനാകില്ലെങ്കിലും, ഗവേഷണ സമ്പന്നവും തെളിവുകളുടെ പിന്തുണയോടെയുള്ളതുമായ വിശിഷ്ടമായ ചില പഠനങ്ങള്‍ ഇതിലുണ്ടെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. വളരെ സാമാന്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിലതും ഇതില്‍ കടന്നുകൂടിയിട്ടുണ്ട്.
കാലാനുക്രമമോ പ്രാദേശിക സന്തുലനമോ പാലിക്കുന്നതില്‍ ഈ സമാഹാരം വിജയിച്ചു എന്നു പറഞ്ഞുകൂടാ. ഉദാഹരണത്തിന് പ്രാചീന മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട് എം ജി എസ്സിന്റെയും ഡോ. ഗംഗാധരന്റെയും ലേഖനങ്ങളുണ്ടെങ്കിലും ഖിലാഫത്ത് പ്രക്ഷോഭത്തെയും മലബാര്‍ കലാപത്തെയും കുറിച്ചുള്ള സവിശേഷ പഠനങ്ങള്‍ ഇതില്‍ വന്നിട്ടില്ല. അറക്കല്‍ സ്വരൂപത്തെക്കുറിച്ച് ഒരു ലേഖനമുണ്ടെങ്കിലും കോലത്തുനാട്ടിനെയോ ചിറക്കല്‍ രാജസ്വരൂപത്തെയോ കുറിച്ച് പ്രത്യേക പഠനങ്ങളില്ല. സാംസ്‌കാരിക, സാഹിത്യ, കലാ വിഭാഗങ്ങള്‍ പ്രത്യേകം ഉണ്ടായിരിക്കേ ഒന്നാമത്തെ ചരിത്രഭാഗത്ത് രാഷ്ട്രീയ ചരിത്രങ്ങളാണ് വേണ്ടിയിരുന്നത്. എന്നാല്‍ അതില്‍ ചേര്‍ത്ത പല ലേഖനങ്ങളും സാംസ്‌കാരിക വിഭാഗത്തിലാണ് പെടുന്നത്. ശ്രദ്ധിച്ചു നോക്കിയാല്‍ വേറെയും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനുണ്ടാവാം. അതൊക്കെ നിലനില്‌ക്കെ തന്നെ, ഈ സമാഹാരം മലബാര്‍ പഠനങ്ങളില്‍ ഒരു വിലപ്പെട്ട രേഖയാണെന്ന് നിസ്സംശയം പറയാനാകും. ഗവേഷകരെ സംബന്ധിച്ച് പുതിയ അന്വേഷണത്തിന്റെ വാതിലുകള്‍ തുറക്കാന്‍ പ്രേരിപ്പിക്കുന്ന ഒട്ടേറെ ബിന്ദുക്കള്‍ ഈ കൃതിയില്‍ ഉള്ളടങ്ങിയിട്ടുണ്ട്.