Saturday
21
July 2018

ദൈവത്തിന്റെ കയ്യൊപ്പ്

ഫൈസല്‍ കാരട്ടിയാട്ടില്‍

ആഴമേറിയ സമുദ്രാന്തര്‍ഭാഗത്തെ അന്ധകാരത്തെക്കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നു: ”(അവരുടെ കര്‍മങ്ങള്‍) ആഴമേറിയ ഒരു സമുദ്രത്തിലെ അന്ധകാരങ്ങളെപ്പോലെയാകുന്നു. അതിനെ തിരമാല മൂടിക്കൊണ്ടിരിക്കുന്നു. അതിനു മീതെയും തിരമാലയുണ്ട്; അതിനു മീതെ കാര്‍മേഘവും! (അങ്ങനെ) ഒന്നിനു മീതെ ഒന്നായിക്കൊണ്ടുള്ള (വിവിധ) അന്ധകാരങ്ങള്‍! തന്റെ കൈകള്‍ പുറത്തുകാട്ടിയാല്‍ അവന് അതു കാണുമാറാകില്ല (അത്രയും വമ്പിച്ച ഇരുട്ട്)! അല്ലാഹു ആര്‍ക്ക് പ്രകാശം ഏര്‍പ്പെടുത്തിക്കൊടുത്തിട്ടില്ലയോ, അവന് യാതൊരു പ്രകാശവും ഇല്ല തന്നെ.” (വി.ഖു 24:40)
വ്യക്തമാണ്; പടച്ചവന്‍ സന്മാര്‍ഗ ദര്‍ശനം നല്കി കനിയാതിരുന്നാല്‍ ആര്‍ക്കും രക്ഷയില്ല എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനാശയമാണ്. എന്നാല്‍ ഇവിടെ മറ്റൊരു രഹസ്യം കൂടി ഈ പദപ്രയോഗം ഉള്‍ക്കൊള്ളുന്നു.
ഝള്‍ള യ്യല ല്‍റƒബ്ലമ ഏഝള്‍ള ല്‍റ ല്‍പ്പറഏ പ്ലഞ്ചŽഷ ജ്ഞ യ്യലവ എന്ന വാക്യത്തിലെ നൂര്‍ എന്ന പദം ഹിദായത്ത് എന്ന ആശയം ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും പദാനുപദ അര്‍ഥം, ‘അല്ലാഹു ആര്‍ക്ക് പ്രകാശം നല്കിയില്ലയോ അവന് യാതൊരു പ്രകാശവും ഇല്ല തന്നെ’ എന്നത്രെ. ഇതിവൃത്തമായ സമുദ്രവുമായി ബന്ധപ്പെട്ട ചില പഠനങ്ങള്‍ ഈ സൂക്തത്തില്‍ ഒരു രഹസ്യമുദ്രയുടെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്. ഇതര ശാസ്ത്രങ്ങളെ അപേക്ഷിച്ച് സമുദ്രശാസ്ത്രപഠനം (Oceanography) നവീനമാണ്. സൂര്യന്‍ ഭൂമിയുടെ ഊര്‍ജ സ്രോതസ്സായത്രെ ഗണിക്കപ്പെടുന്നത്. ഭൂജൈവ വ്യവസ്ഥ സൗരോര്‍ജത്തെ ആശ്രയിച്ച് നിലകൊള്ളുന്നു. പ്രകാശസംശ്ലേഷണം (Photosynthesis) വഴി സൂര്യപ്രകാശം നേരിട്ടെടുക്കുന്ന സസ്യങ്ങളും, അവയെ ആഹരിക്കുന്ന ജന്തുക്കളും എല്ലാം ഈ ചങ്ങലയിലെ കണ്ണികളാണ്.
സമുദ്രജലത്തില്‍ സൂര്യപ്രകാശത്തിന്റെ പ്രവേശം പരിമിതമാണ്. തന്നിമിത്തം പ്രകാശസംശ്ലേഷണം 200 മീറ്ററിലേറെ ആഴത്തില്‍ അസാധ്യം. കരബന്ധമുള്ള ഇന്റര്‍ടൈഡല്‍ സോണിലും (Intertidal Zone), അതിനുമപ്പുറം സൂര്യപ്രകാശമേല്ക്കുന്ന പുറംകടലിലെ എപിപെലാജിക് സോണിലുള്ള (Epipelagic Zone) ജൈവവ്യവസ്ഥകള്‍ മാത്രമേ നമുക്ക് സാധാരണ നിലയില്‍ പരിചയമുള്ളൂ. ഇത് സമുദ്രത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്. കരയുടെ മൂന്നിരട്ടിയാണ് കടല്‍. സൂര്യപ്രകാശം ഭാഗികമായി പോലും 600 മീറ്ററിനപ്പുറം എത്തുന്നില്ല. എന്ന് മാത്രമല്ല, 1000 മീറ്ററിനപ്പുറം സമ്പൂര്‍ണാന്ധകാരമാണ്. സമുദ്രത്തിന്റെ ആഴം പിന്നെയും ബാക്കി കിടക്കുകയാണ്. 11 കിലോമീറ്റര്‍ താഴ്ചയുള്ള പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ മറിയാനാ ട്രെഞ്ച് ആണ് അറിയപ്പെട്ടിടത്തോളം കടലിലെ ഏറ്റവും ആഴം കൂടിയ ഇടം. അഥവാ എവറസ്റ്റ് കൊടുമുടി എടുത്ത് സമുദ്രത്തില്‍ താഴ്ത്തിയാലും ജലത്തിന്റെ മുകള്‍ പരപ്പിലെത്താന്‍ പിന്നെയും രണ്ട് കിലോമീറ്ററിലധികം ദൂരമുണ്ടാകും.
200 മീറ്റര്‍ മുതല്‍ 1,000 മീറ്റര്‍ വരെ ആഴത്തില്‍ കിടക്കുന്ന അഫോട്ടിക് സോണും (Aphotic Zone), അതിനപ്പുറം 4,000 മീറ്റര്‍ വരെ ബാതിപെലാജിക് സോണും (Bathypelagic Zone), തുടര്‍ന്നങ്ങോട്ട് അബിസ്സൊപെലാജിക് സോണുമാണ് (Abysso pelagic Zone). ആഴക്കടലില്‍ ജീവികള്‍ ഇല്ലെന്നും, മുകള്‍പരപ്പില്‍ മാത്രമേ ജൈവവ്യവസ്ഥ സാധ്യമാകൂ എന്നുമുള്ള തത്വം റോമന്‍ ചിന്തകനായ പ്ലൈനീയുടെ കാലം (എ.ഡി 25) മുതലേ നിലനില്ക്കുന്നുണ്ട്. എഡ്വേര്‍ഡ് ഫോര്‍ബ്‌സ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ സമുദ്രത്തില്‍ 550 മീറ്ററില്‍ താഴെ ഒരു കാരണവശാലും ജീവനുള്ളതൊന്നും കാണപ്പെടുന്നതല്ലെന്ന് സമര്‍ഥിച്ചത് 1843-ലാണ്. എന്നാല്‍ 1850-ല്‍ നോര്‍വീജിയന്‍ ജീവശാസ്ത്രജ്ഞനായ മിഷേല്‍ സാര്‍സ് 800 മീറ്റര്‍ താഴ്ചയിലും ജീവനുള്ളതായി കണ്ടെത്തി. തുടര്‍ന്ന്, 1898-ല്‍ ജര്‍മന്‍ മറൈന്‍ ബയോളജിസ്റ്റായ കാള്‍ ചൂണിന് 4,000 മീറ്ററിനപ്പുറത്ത് നിന്നും പല പുതിയ ജീവികളും അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കണ്ടെത്താനായി. സമാനമായ ഒറ്റപ്പെട്ട പഠനങ്ങള്‍ പിന്നെയും നടന്നിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ വില്യം ബീബെയും ഓട്ടിസ് ബാര്‍ടണും ആണ് 1930-ല്‍ ബാതിസ്ഫിയര്‍ എന്ന മുങ്ങല്‍വാഹിനിയില്‍ ആഴക്കടല്‍ കീഴടക്കുന്ന ആദ്യത്തെ മനുഷ്യര്‍ എന്ന ബഹുമതിക്ക് അര്‍ഹരാകുന്നത്.
1948-ല്‍ ഓട്ടിസ് 1,370 മീറ്റര്‍ ആഴത്തില്‍ എത്തി പുതിയ റെക്കോര്‍ഡിട്ടു. 1960-ല്‍ സ്വിസ് സമുദ്ര ശാസ്ത്രജ്ഞനായ ജാക്വസ് പിക്കാര്‍ഡും, യു എസ് നേവി ഓഫീസറായ ലഫ്. ഡോണ്‍ വാല്‍ഷും തങ്ങള്‍ നിര്‍മിച്ച ട്രീസ്റ്റെ എന്ന ആഴക്കടല്‍ വാഹിനിയില്‍ 10,740 മീറ്റര്‍ താണ്ടി അവിടെ ചില മത്സ്യങ്ങളും മറ്റ് ജീവികളും ഉണ്ടെന്ന് കണ്ടെത്തി. സമീപകാലത്താണ് (2012) ഓസ്‌കാര്‍ ജേതാവും പ്രശസ്ത സിനിമാ സംവിധായകനുമായ ജെയിംസ് കാമറൂണ്‍ ആഴിയുടെ അടിത്തട്ടിലെ മറിയാനാ ട്രെഞ്ചിലെത്തി പര്യവേഷണം നടത്തുന്നത്. (National Georgraphic, March 2012).
നാഷണല്‍ ജ്യോഗ്രാഫികിന്റെ 2014-ലെ ‘എമര്‍ജിങ് എക്‌സ്‌പ്ലോറേഴ്‌സി’ല്‍ ഒരാളായ ഡോ. ഡേവിഡ് ഗ്രൂബര്‍ പറയുന്നു: അഫോട്ടിക് സോണിനു ശേഷം നിബിഡാന്ധകാരമാണ്. അവിടെ പ്രകാശ സംശ്ലേഷണം സാധ്യമല്ലാത്തതിനാല്‍ തന്നെ സസ്യങ്ങളില്ല. അബിസ്സല്‍ സോണിലെ ജീവികള്‍ മുകളില്‍ നിന്നു താഴേക്ക് പതിക്കുന്ന ജൈവാവശിഷ്ടങ്ങളിലും മറ്റ് മാലിന്യങ്ങളിലും ഉപജീവനം നടത്തുന്നു. അതോടൊപ്പം അവയില്‍ ചിലത് സ്വന്തമായി പ്രകാശം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു; പ്രത്യേകമായ പ്രകാശോല്പാദന കോശങ്ങള്‍ അതിനായി അവയ്ക്കുണ്ട്.
വഴി കാണാന്‍ ഞെക്കുവിളക്കുപോലെ ഫോട്ടോഫോറുകളോടു കൂടിയ ഹെഡ്‌ലൈറ്റ്, ആന്റിന രൂപത്തിലുള്ള അവയവങ്ങള്‍, സ്വന്തം വിഭാഗത്തിലെ ഇണകളെ ആകര്‍ഷിക്കുന്നതിന് പ്രത്യേകമായ സാമൂഹിക പ്രകാശ രീതികള്‍, ഇരയെ കെണിയിലാക്കാനുതകുന്ന ചൂണ്ടല്‍ വെളിച്ചം, വയറില്‍ ഇരുവശത്തുമായി കാമൂഫഌഷ് പ്രയോഗിച്ച് സാന്നിധ്യം ഒളിപ്പിക്കുന്നതിനുള്ള വെളിച്ച ക്രമീകരണം, ശത്രുവിനെ കബളിപ്പിച്ച് ശ്രദ്ധ തിരിക്കാനുതകുന്ന ശക്തമായ ഫഌഷുകള്‍, അപകടാവസ്ഥയില്‍ അക്രമിയെ പ്രകാശിപ്പിച്ച് ശക്തരായ രക്ഷക ‘പോലീസിന്’ കാട്ടിക്കൊടുക്കാനുതകുന്ന പ്രകാശ ലേപനം തുടങ്ങിയ പ്രത്യേകതകള്‍ ഇവിടത്തെ ജീവികളില്‍ കാണാം. ഇത്തരത്തില്‍ മത്സ്യങ്ങളും ജെല്ലിഫിഷുകളും വിരകളും ധാരാളമായി കാണപ്പെടുന്നു.
ഇങ്ങനെ ആഴിയുടെ ആഴങ്ങളില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ അത്ഭുതപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് തിരിയുകയും, മറിയുകയും ചെയ്തുകൊണ്ടുള്ള പ്രകാശ പ്രകടനങ്ങളുടെ അവിശ്വസനീയ സാന്നിധ്യം. ചൂട് കൂടാതെ, രാസപ്രവര്‍ത്തനങ്ങള്‍ വഴി പ്രകാശം ഉല്പാദിപ്പിക്കാന്‍ സ്വശരീരത്തില്‍ ജീവികള്‍ക്കുള്ള സംവിധാനത്തിന് ബയോലുമിനിസെന്‍സ് (bioluminescence) എന്ന് പറയുന്നു.
അത്യന്തം ആശ്ചര്യജനകമായ ഇത്തരം കണ്ടെത്തലുകളെല്ലാം ഇന്നും ഇന്നലെയുമായി നാം ജീവിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്നതില്‍ നമുക്കഭിമാനിക്കാം. കടലിന്റെ അഗാധതയിലെ കൂരിരുട്ടിലേക്ക് നമ്മുടെ ചിന്തയെ കൊണ്ടുപോയി വിഷയം അവതരിപ്പിക്കുമ്പോഴും, അടിവരയിട്ട പൊതുതത്വം കാലാന്തരങ്ങള്‍ക്ക് ശേഷം മറ്റൊരു അര്‍ഥതലം പ്രകാശിപ്പിക്കുന്ന വിസ്മയകരമായ കാഴ്ച നമുക്കിവിടെ കാണാന്‍ കഴിയുന്നു. ”(അവിടെ) അല്ലാഹു പ്രകാശം നല്‍കാത്തവന് യാതൊരു പ്രകാശവും ഇല്ലതന്നെ” എന്ന ഖുര്‍ആന്റെ അര്‍ഥതലം വാചാലമാവുകയാണ്.
വെളിച്ചത്തിന്റെ ഒരു തരിക്ക് പോലും പ്രതീക്ഷയില്ലാത്ത ആഴിയുടെ അടിത്തട്ടില്‍, വ്യവസ്ഥാപിത തത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പ്രകാശത്തിന്റെ അത്ഭുത പ്രകടനങ്ങള്‍ വിന്യസിക്കാന്‍ കഴിഞ്ഞ അതുല്യനായ സ്രഷ്ടാവിന്റെ അമൂല്യമായ വചനങ്ങളുടെ മൂര്‍ച്ചയാണ് ഇവിടെ അനുഭവിക്കാന്‍ കഴിയുന്നത്. ഇത്തരം സൂക്തങ്ങള്‍ ഖുര്‍ആനില്‍ വേറെയും കാണാനാവും. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മാത്രം ശാസ്ത്രം ശ്രദ്ധിച്ചുതുടങ്ങിയ ആഴക്കടല്‍ വിശേഷങ്ങളും അതിനപ്പുറവും ആറാം നൂറ്റാണ്ടില്‍ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തില്‍ വായിച്ചെടുക്കാന്‍ പറ്റുമെങ്കില്‍ ആ സ്രോതസിന്റെ ആധികാരികതക്ക് വേറെന്ത് തെളിവാണാവാശ്യം!
ഭാവനാധന്യമായ കാല്പനികതക്ക് കടലിലെ അന്ധകാരത്തെ തിരഞ്ഞെടുത്തതും, ആ പരിസ്ഥിതിയില്‍ നിന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും ആശയത്തിലും പദാര്‍ഥത്തിലും സന്തുലിതമായ സമര്‍ഥനത്തിലൂടെ പരമാര്‍ഥം പറയുകയും പറയാതെ പറയുകയും പറയാത്തതിലേറെ ഉത്തമ ബോധ്യത്തില്‍ ഉള്‍ക്കൊള്ളിച്ച് പറയുകയും ചെയ്യുന്ന ശൈലി ഖുര്‍ആന്റെ മാത്രം പ്രത്യേകതയാണ്.
രാവിന്റെ സൗകുമാര്യം വര്‍ണിക്കപ്പെടുന്ന നിലാവിന്റെ സുന്ദര വെളിച്ചം പകരുന്നതിന് പോലും ചന്ദ്രന്‍ ആശ്രയിക്കുന്നത് സൂര്യനെയായിരിക്കെ, സൂര്യകിരണങ്ങള്‍ക്ക് പ്രവേശം അസാധ്യമായ ആഴിയുടെ അടിത്തട്ടിലെ നിബിഡാന്ധകാരത്തിലെ ഇടനാഴികളില്‍, ജൈവവൈവിധ്യം വിതറിയ സ്രഷ്ടാവിന്റെ സംവിധാനം മറ്റൊരു വിസ്മയ ലോകമാണ് നമുക്ക് മുന്നില്‍ തുറക്കുന്നത്.