Saturday
21
July 2018

ഇ-പരദൂഷണങ്ങള്‍

ഡോ. കെ എ നവാസ്‌

അന്യന്റെ സ്വകാര്യതകളിലുള്ള അനാവശ്യമായ താല്പര്യപ്രകടനവും എത്തിനോട്ടവുമാണ് പരദൂഷണത്തിന്റെയും കിംവദന്തികളുടെയും രൂപം കൈവരിക്കുന്നത്. മുമ്പൊക്കെ നാവു കൊണ്ട് ചെയ്തിരുന്ന പരദൂഷണങ്ങള്‍ ഇന്ന് ഇലക്‌ട്രോണിക് സംവിധാനങ്ങളുടെയും വാര്‍ത്താവിനിമയ സാങ്കേതിക വിദ്യകളുടെയും കടന്നുവരവോടെ പുതിയ തലങ്ങളിലെത്തിയിരിക്കുകയാണ്.
ഫേസ്ബുക്കും വാട്ട്‌സ്ആപ്പും പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രചരിക്കുന്ന പരദൂഷണങ്ങളും കിംവദന്തികളുമുണ്ടാക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. മൊബൈല്‍ ഫോണും അതില്‍ ഇന്റര്‍നെറ്റ് കണക്ഷനും കൂടിയായപ്പോള്‍ പണ്ടത്തെ അടുക്കള പരദൂഷണങ്ങള്‍ ഇന്ന് ഇ-പരദൂഷണങ്ങളായി മാറി. മുമ്പ് വ്യക്തിപരമായ സാന്നിധ്യംകൊണ്ടു മാത്രം നടക്കുമായിരുന്ന പരദൂഷണങ്ങളും കിംവദന്തികളും ഇന്ന് റിമോട്ട് കണ്‍ട്രോളായി മാറിയിരിക്കുന്നു. അതിനെക്കാളുപരി അത് അതിവേഗതയില്‍ പ്രചരിക്കുകയും ഇന്റര്‍നെറ്റ് ഭണ്ഡാരത്തില്‍ സ്ഥിരമായി നിലനില്‍ക്കുകയും ചെയ്യുന്നു എന്നത് അതിന്റെ ഭീകരാവസ്ഥയെ കാണിക്കുന്നു. പക്വതയും പാകതയുമെത്താത്ത കുട്ടികള്‍ അതില്‍ ഭാഗഭാക്കാകുക കൂടി ചെയ്യുമ്പോള്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാവുന്നു.
പരദൂഷണങ്ങളും കിംവദന്തികളും അപവാദപ്രചരണങ്ങളും കച്ചവടവത്കരിക്കപ്പെട്ടുകഴിഞ്ഞു. ഓരോ പരദൂഷണവും കിംവദന്തിയും മെസേജുകളായി മൊബൈല്‍ ഫോണുകളില്‍നിന്നും മൊബൈല്‍ ഫോണുകളിലേക്കും കമ്പ്യൂട്ടറുകളില്‍ നിന്നും കമ്പ്യൂട്ടറുകളിലേക്കും പായുമ്പോള്‍ അത് പണത്തിന്റെ രൂപത്തില്‍ ബഹുരാഷ്ട്ര കുത്തകകളുടെ കീശകള്‍ നിറക്കുകയാണ്. ഇതില്‍ ബോധപൂര്‍വം പങ്കെടുക്കുന്ന വിശ്വാസി മനസ്സിലാക്കേണ്ടത് വിധിദിനത്തില്‍ തന്റെ തുലാസ്സില്‍ തിന്മയുടെ ഭാഗവും ഒപ്പം കനം തൂങ്ങുമെന്നാണ്. മെസേജുകള്‍ ടൈപ്പു ചെയ്യാനുപയോഗിച്ച വിരലുകളും വിധിദിനത്തില്‍ സാക്ഷി പറയാനുണ്ടാകുമെന്നാണ് ഓര്‍മിക്കേണ്ടത്.
പരദൂഷണത്തെ അല്ലാഹുവും നബിതിരുമേനിയും കഠിനമായി നിരോധിച്ചിട്ടുണ്ട്. നാവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനെ ശ്രദ്ധാപൂര്‍വം ഉപയോഗിക്കാന്‍ പലവുരു സ്വഹാബികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് നാവിന് പകരമായി ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണുകളാണെന്ന് മാത്രം. ശ്ലീലവും അശ്ലീലവും ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ നിര്‍ബാധം പ്രചരിക്കുന്നുണ്ട്. ഖുര്‍ആനിന്റെ താക്കീത് നോക്കൂ: ”സത്യവിശ്വാസികളില്‍ അശ്ലീലം പ്രചരിപ്പിക്കുന്നതില്‍ കൗതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവേറിയ ശിക്ഷയുണ്ട്.” (അന്നൂര്‍ 19)
ഈ വചനത്തിനു തൊട്ടുമുമ്പുള്ള വചനങ്ങളില്‍ പ്രവാചകപത്‌നി ആഇശ(റ)യുമായി ബന്ധപ്പെട്ട അപവാദപ്രചരണത്തെയും അതിലുള്‍പ്പെട്ടവരെയും കഠിനമായി ശാസിക്കുന്നുണ്ട്. പക്ഷെ ഒരു സത്യവിശ്വാസി അത്തരം അശ്ലീല വാര്‍ത്തകള്‍ ഒരിക്കലും പിന്തുണക്കരുത് എന്ന് അല്ലാഹുതന്നെ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ”പാഴ്‌മൊഴികള്‍ കേട്ടാല്‍ അവരതില്‍ നിന്നു വിട്ടകലും” (ഖസ്വസ്വ് 55). 2000-ലെ ഐ ടി ആക്ട് 67-ാം അനുഛേദത്തില്‍ അശ്ലീല പ്രചരണത്തിനെതിരെ ശിക്ഷാനടപടിയുണ്ട്.
പരദൂഷണത്തെ സഹോദരന്റെ ശവം ഭുജിക്കുന്നതിനോടാണ് അല്ലാഹു ഉപമിച്ചത്. വ്യക്തിഹത്യ, താറടിച്ചുകാണിക്കല്‍, കരിയര്‍ നശിപ്പിക്കുന്നതിനുള്ള ആസൂത്രിതശ്രമം എന്നിങ്ങനെ അനവധി രൂപത്തിലും ഭാവത്തിലും ഇവ പൊതുജനമധ്യേ കടന്നുവരുന്നുണ്ട്.
കേട്ടുകേള്‍വിയെ അപ്പാടെ വിശ്വസിച്ചാല്‍ വ്യക്തിക്കുമാത്രമല്ല, സമൂഹത്തിനും ആപത്താണ്. സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന കിംവദന്തികള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രചരിക്കുന്നതിന്റെ ആപത്തുകള്‍ അസമിലും മുസഫര്‍നഗറിലും അരങ്ങേറിയ കൂട്ടക്കൊലകളിലൂടെ നാം കണ്ടതാണ്. ഖുര്‍ആന്‍ പറയുന്നു: ”വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്തിവെക്കാതിരിക്കാനാണിത്” (അല്‍ഹുജുറാത്ത് 6).
വാര്‍ത്തകള്‍ പോലും തട്ടിപ്പിനും മാനഹാനിക്കും അവലംബമാക്കുന്ന കാലത്ത് പത്രധര്‍മം കുഴിച്ചുമൂടപ്പെടുന്നു. വ്യക്തികളിലൂടെയോ മാധ്യമങ്ങളിലൂടെയോ വരുന്ന ഏത് വാര്‍ത്തയും അതേപടി വിശ്വസിക്കരുതെന്നും അതിന്റെ നിജസ്ഥിതി അറിയേണ്ടത് വിശ്വാസിയുടെ ഉത്തരവാദിത്വമാണെന്നുമാണ് മേല്‍വചനത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
വിദ്യാര്‍ഥികളുള്‍പ്പെടുന്ന ചെറുപ്പക്കാരുടെ സമൂഹം ഇന്ന് മൊബൈല്‍ വാട്‌സ്ആപ്പ് വാര്‍ത്താപ്രചാരണത്തില്‍ രമിച്ചുകഴിയുകയാണ്. ഊണിലും ഉറക്കിലും ഇയര്‍ഫോണുകള്‍ ഫിറ്റ് ചെയ്താണ് അവര്‍ കഴിയുന്നത്. വാര്‍ത്താവിനിമയ രംഗത്തെ അത്ഭുതകരമായ വളര്‍ച്ചകൊണ്ട് അനേകം ഗുണഫലങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ ആഗോളസ്രോതസ്സുകളില്‍ നിന്നും മൊബൈലിലൂടെ കടന്നുവരുന്ന ദൃശ്യവും ശ്രാവ്യവുമായ എല്ലാ ശരി-തെറ്റുകളില്‍ നിന്നും ശരിയെ മാത്രം വേര്‍തിരിച്ചെടുക്കാന്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കണം. സൃഷ്ടിപ്പിനൊപ്പം വിവേചന ശക്തിയും നല്‍കി അനുഗ്രഹിക്കപ്പെട്ടവരാണ് മനുഷ്യര്‍. തെറ്റിനെ ഏത് രീതിയില്‍ തടയണമെന്നും നാം ശീലിക്കണം.