Sunday
21
January 2018

ഹിയാലിലകത്ത് സൈനബ മുസ്‌ലിം പണ്ഡിതന്‍ എഴുതിയ നോവല്‍

റഷീദ് പരപ്പനങ്ങാടി

പരമ്പരാഗത വഴക്കങ്ങളില്‍ മതം തളച്ചിടപ്പെടുകയും അതിന്റെ സത്യവും സൗന്ദര്യവും അറിയാനുള്ള വഴി പാടേ അടച്ചിടപ്പെടുകയും ചെയ്തിരുന്ന ഭൂതകാലം ഇന്ന് പലര്‍ക്കും കേട്ടറിവ് മാത്രമാണ്.
പള്ളിപ്പറമ്പുകളില്‍ നിന്ന് കേള്‍ക്കുന്ന പാതിരാ പ്രസംഗങ്ങളില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിശദീകരിക്കുന്ന കെട്ടുകഥകള്‍ മതത്തിന്റെ ശാസനകളാണെന്ന് ധരിക്കുകയും അറിയാനും മനസ്സിലാക്കാനുമുള്ള വഴിയന്വേഷിക്കുകയല്ല, മറിച്ച് കേട്ട് മനസ്സിലാക്കല്‍ മാത്രമേ ഒരു സാധാരണക്കാരനെ സംബന്ധിച്ചടത്തോളം ബാധ്യതയുള്ളുവെന്ന് ധരിപ്പിക്കുകയും കൂടിയാവുമ്പോള്‍ മതപഠനവും അന്വേഷണവും എക്കാലവും മാറ്റിവെക്കപ്പെടുന്ന ഒന്നായി നിലനിന്നു പോന്നു.
മദ്‌റസ ഹറാമായവര്‍ക്ക് പകരം വെക്കാന്‍ ഓത്തുപുരകള്‍ മാത്രമായി ഒതുങ്ങി. ഓതാനും നമസ്‌കാരത്തിലെ ദിക്‌റുകള്‍ ചൊല്ലാനും പഠിക്കുന്നതിനപ്പുറമുള്ള അന്വേഷണം നിഷിദ്ധമായതുകൊണ്ട് ‘എന്തിന് വെറുതെ’ എന്ന ചിന്ത മറ്റൊരാശ്വാസമായി സാധാരണക്കാരനു മുമ്പില്‍ വീണുകിട്ടുകയും ചെയ്തു.
പ്രിയപ്പെട്ടവരെ പ്രീതിപ്പെടുത്തി സ്വര്‍ഗം നേടാനുള്ള എളുപ്പവഴികള്‍ മൗലീദും, റാത്തിബും, ചാവടിയന്തിരവും ഖബറാളികളോടുള്ള പ്രാര്‍ഥനകളുമായി വേര്‍തിരിഞ്ഞ വഴികളായി എമ്പാടുമൊരുങ്ങി.
വര്‍ഷം പിന്നെയും കഴിഞ്ഞതിനു ശേഷമാണ് മദ്‌റസ എന്ന ‘വിചാരം’ പോലും രൂപീകൃതമാവുന്നത്. അതുവരെ മദ്‌റസയുടെ ആദ്യത്തെ ‘മീ’മും, ജഹന്നമിന്റെ അവസാനത്തെ ‘മീ’മും ഒന്നാണെന്ന് ആര്‍ത്തുവിളിച്ചവര്‍ പെണ്‍കുട്ടികള്‍ക്കു പക്ഷെ എഴുത്തു പഠിപ്പിക്കല്‍ മാറ്റിവെച്ച് ഉസ്താദിന്റെ മുമ്പില്‍ ഉത്തരം പറഞ്ഞു കൊടുക്കുന്നേടത്തേക്കെങ്കിലും വളര്‍ന്നു.
എഴുത്തുപഠിച്ചാല്‍ പ്രേമലേഖനമെഴുതി വഴിതെറ്റാനുള്ള സാധ്യത, രക്ഷിതാക്കള്‍ക്കു മുമ്പില്‍ ഒരു മുഴം മുമ്പേ എറിഞ്ഞു പിടിപ്പിച്ചു. ഈ കുത്തൊഴുക്കിനു തടയിടാനും, മതത്തിന്റെ യഥാര്‍ഥ മൂല്യങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുവാനും ഇസ്‌ലാഹി പണ്ഡിതര്‍ അക്കാലത്ത് വഹിച്ച പങ്ക് നിസ്തുലമാണ്. കല്ലേറ് കൊണ്ടും കൂക്കുവിളി സഹിച്ചും അവര്‍ പിന്‍മാറിയില്ല.
ചങ്കൂറ്റത്തോടെ പറയാനുള്ളത് ആരുടെ മുമ്പിലും ഖുര്‍ആനിന്റെയും നബിചര്യയുടെയും പിന്‍ബലത്തില്‍ മനുഷ്യ മനസ്സിലേക്ക് ആഴ്ന്നിറങ്ങാന്‍ തക്കവിധം അവതരിപ്പിക്കാന്‍ കഴിഞ്ഞ വാഗ്മികള്‍ ഒട്ടേറെ കടന്നുപോയിട്ടുണ്ട്.
അവരുടെ ചിന്തോദ്ദീപകമായ പ്രഭാഷണങ്ങള്‍ ഒരു തിരുത്തല്‍ ശക്തിയായി വളരുകയും നിരന്തരം സത്യാന്വേഷികളുടെ മനസ്സുമായി അതേറ്റു മുട്ടുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്.
നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സര്‍ഗാത്മക സാഹിത്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയില്‍ നിന്നാണ് മര്‍ഹൂം കെ കെ എം ജമാലുദ്ദീന്‍ മൗലവിയുടെ (1909-1965) ‘ഹിയാലിലകത്ത് സൈനബ’ എന്ന നോവല്‍ പിറക്കുന്നത്.
സ്ത്രി വിദ്യാഭ്യാസം കൊണ്ട് മാത്രമേ സാമൂഹിക നവ സ്വത്വരൂപീകരണം സാധ്യമാവൂ എന്ന ചിന്തയും ആ ചിന്തയുടെ വികാസ പരിണാമങ്ങള്‍ക്ക് ഒരു നോവല്‍ ഹേതുവാകുകയും ചെയ്യുക എന്നത് അക്കാലത്തെ സാമൂഹിക ഗതിമാറ്റത്തിന്റെ ചാലക ശക്തിയായി നാം കാണേണ്ടതുണ്ട്. അതും അറിയപ്പെടുന്ന വാഗ്മിയും പണ്ഡിതനുമായ ഒരു മൗലവി ഇത്തരം ഒരു രചനക്ക് തുനിയുക എന്നത് അവിശ്വസീനയമായ ഒരു മാതൃകയായി മാറുകയും ചെയ്യുന്നു.
അറബി മലയാളത്തിലാണ് ഈ നോവല്‍ രചിക്കപ്പെട്ടത് എന്നതുകൊണ്ടുതന്നെ മലയാള നോവല്‍ സാഹിത്യരംഗത്ത് ഇന്ദുലേഖയെപ്പോലെയോ മാര്‍ത്താണ്ഡവര്‍മയെ പോലെയോ ഈ കൃതി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല.
വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞ് നിന്ന യാഥാസ്ഥികതയെയും ആ ചിന്താഗതിക്കു നേരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്‌ലാഹി പ്രസ്ഥാനം മേല്‍ക്കൈ നേടുന്നതിന്റെയും രേഖാചിത്രമാണ് ഹിയാലിലകത്ത് സൈനബ എന്ന നോവലിന്റെ പ്രതിപാദ്യം. ഈ പരമ്പരയില്‍ പിന്നീട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാണ് മലയാളത്തില്‍ പി എ മുഹമ്മദ് കോയ സുല്‍ത്താന്‍ വീട് എന്ന നോവല്‍ രചിക്കുന്നത്.
യാഥാസ്ഥിക സമ്പന്ന കുടുംബത്തിലെ അംഗമായ അഹമ്മദ്ക്കയുടെ ഏക മകളാണ് സൈനബ. മതവിദ്യാഭ്യാസവും അക്കാലത്തെ ഒരു സാധാരണ മുസ്‌ലിം കുട്ടിക്കുണ്ടാവേണ്ട കുടുംബ പരിചരണ വഴക്കങ്ങളും നല്കണമെന്നു മാത്രമേ ബാപ്പ ഉദ്ദേശിച്ചിരുന്നുള്ളൂ.
എന്നാല്‍ മദിരാശിയില്‍ പഠിക്കുന്ന മകന്‍ മൂസ്സയുടെയും അളിയനും അറബി ഭാഷാ പണ്ഡിതനുമായ അബ്ദുല്‍മജീദ് മൗലവിയുടെയും നിര്‍ദേശങ്ങള്‍ അവഗണിക്കാനാവാത്തതിനാലാണ് സൈനബയെ മലയാള പള്ളിക്കൂടത്തിലാക്കുന്നത്. ഒപ്പം ഒരു മുസ്‌ല്യാരെ ഓത്തുപഠിപ്പിക്കാനും.
ഹൈസ്‌കൂളിലെത്തിയ അവള്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഒരു സര്‍വമത സമ്മേളനത്തില്‍ ഒരു ശ്രോതാവായി എത്തുന്നു.
സമ്മേളനത്തില്‍, ഇസ്‌ലാം മതസത്തയെ യുക്തിയുക്തം പ്രതിപാദിക്കുകയും അതിലെ നെല്ലും പതിരും വേര്‍തിരിച്ച് കാണിക്കുകയും ചെയ്തുകൊണ്ട് വിഷയം അവതരിപ്പിച്ച് സംസാരിച്ചത് യുവാവും സഹോദരന്റെ സഹപാഠിയുമായ അബ്ദുല്‍ കരീമായിരുന്നു.
അദ്ദേഹത്തിന്റെ വാക്‌ധോരണിയില്‍ ആകൃഷ്ടയായ സൈനബ മതകാര്യത്തില്‍ തനിക്കുള്ള പല സംശയങ്ങള്‍ക്കുമുള്ള മറുപടി പിന്നീട് എഴുത്തു മുഖേന അബ്ദുല്‍ കരീമില്‍ നിന്ന് മനസ്സിലാക്കുന്നു. പെണ്ണെഴുത്തിന്റെ പര്യവസാനം ആപത്തിലേക്കാവുമെന്ന മുന്‍വിധിക്ക് തടയിടുക കൂടിയാണ് സൈനബയുടെ കത്തുകളിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്.
കെട്ടിപ്പൊക്കിയ മാമൂലുകള്‍ ഓന്നൊന്നായി ഇടിഞ്ഞു വീഴുമ്പോള്‍ സൈനബ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പഠിപ്പിക്കുന്ന മുസ്‌ല്യാര് പോലും വിളറിപൂണ്ട് മൗനിയായിപ്പോവുന്നു.
”നമ്മുടെ ബാപ്പ ഉപ്പാപ്പമാരൊക്കെ നടന്നോണം നടന്നാ മതി” എന്ന ഒഴുക്കന്‍ മറുപടിയേയുള്ളൂ ഉസ്താദിനുപോലും എന്നവള്‍ തിരിച്ചറിയുന്നു – കൂടെ വായനക്കാരനും.
ഇതിനകം പെണ്‍വഴക്കത്തിന്റെ അനേകം ധിക്കാര(?) നടപടികളെ അവള്‍ അഭിമുഖീകരിച്ചുകഴിഞ്ഞിരുന്നു. അതോടെ തന്റേതായ ഒരു ഇടം അവള്‍ കണ്ടെത്തുകയും ചെയ്തു.
എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി അവള്‍ അബ്ദുല്‍കരീമിന്റെ പ്രിയ പത്‌നിയായി മാറുകയും ചെയ്യുന്നു.
”ഈ ശപിക്കപ്പെട്ട പിശാച് എന്നാണ് നമ്മുടെ സമുദായത്തോട് വിടപറഞ്ഞ് പിരിയുക” എന്ന് നിലവിലുള്ള സ്ത്രീധന സമ്പ്രദായത്തെക്കുറിച്ച് ഒരുവേള അബ്ദുല്‍കരീം പരതപിക്കുമ്പോള്‍ അത് എക്കാലത്തേക്കുമുള്ള ഒരു കൈചൂണ്ടിയായി വര്‍ത്തമാനകാലത്തും ഒട്ടൊക്കെ നിലനില്ക്കുക തന്നെയാണല്ലോ എന്ന് നാം അറിയുന്നു.
അതോടൊപ്പം അതുമൂലം ഉണ്ടാവുന്ന കുടുംബ ശൈഥില്യവും അസമാധാനവും പൊങ്ങച്ചനാട്യവും പലരും ഇപ്പോഴും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.
‘ഇഹലോക ജീവിതത്തിനു മാത്രം പ്രാധാന്യം കല്പിക്കുന്ന നിലയില്‍ സമുദായം ഇത്രമാത്രം അധപ്പതിച്ചുപോയല്ലോ’ എന്നും അബ്ദുല്‍കരീം കുണ്ഠിതപ്പെടുന്നുണ്ട്. രണ്ടും കൈവിടാന്‍ മടിക്കുന്ന ഒരു സമൂഹം എക്കാലത്തും ഇവിടെ ഉണ്ടാവുക തന്നെ ചെയ്യുമെന്നുള്ള ദീര്‍ഘവീക്ഷണവും നമുക്ക് ഇതിലൂടെ അനുഭവിക്കാനാവുന്നുണ്ടല്ലോ.
കാണാതെ പോയ ആനയെ കണ്ടുകിട്ടുന്നതിന് മൗലൂദ് നേര്‍ച്ചയാക്കാന്‍ മുസ്‌ല്യാര്‍ കല്പിക്കുമ്പോള്‍ പരിഹാസ്യത്തിന്റെ കൂരമ്പുകള്‍ തൊടുത്തുവിട്ട് പൊള്ളത്തരം തുറന്നുകാണിക്കുകയാണ് നോവലിസ്റ്റ്.
അതോടൊപ്പം ഉള്‍ക്കാഴ്ചയുള്ളവന്റെ കണ്ണു തുറപ്പിക്കാനും ഇതുമൂലം സാധ്യമാവുന്നു. ഉറങ്ങിയവനെയല്ലേ ഉണര്‍ത്താനാവൂ. ഉറക്കം നടിച്ച് കിടക്കുന്നവനെ ഉണര്‍ത്താനാവില്ലല്ലോ.
‘ഇന്ന് എത്രയോ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഇസ്‌ലാമിക പര്‍ദയെ വെറുക്കുന്നതായി നാം കാണുന്നുണ്ട്. തലയില്‍ തട്ടം ഇടുകയോ മക്കന ധരിക്കുകയോ ചെയ്യുന്നത് ആധുനിക പരിഷ്‌ക്കാരത്തിന് പറ്റിയതല്ലെന്നാണ് ഏവരും മനസ്സിലാക്കിയിട്ടുള്ളത് എന്ന് തോന്നും അവരുടെ വേഷം കണ്ടാല്‍!’ എന്ന് മൗലവി സാഹിബ് ചിന്തിക്കുന്നതും മറ്റൊരു മതാചാര ചിന്തയുടെ അടങ്ങാത്ത വേവലാതിയായി നമുക്കു കാണാനാവും.
അവിടെ ആധുനിക വിദ്യാഭ്യാസത്തിനോടൊപ്പം തന്നെ മതകീയ വസ്ത്രധാരണ രീതിയെ നിരാകരിക്കുകയല്ല അനുകരിക്കുകയാണ് കരണീയം എന്ന് ഈ  വരികള്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.
പാരമ്പര്യത്തിന്റെയും നവവത്കരണത്തിന്റെയും ഏറ്റു മുട്ടല്‍ ജീവിതാനുക്രമമായി നോവലിലുടനീളം ഇഴചേര്‍ന്നു കിടക്കുന്നുണ്ട്.
യാഥാസ്ഥിതിക പക്ഷത്തെ പ്രതിമാനങ്ങളായി അഹമ്മദ്, കുഞ്ഞാലി മുസ്‌ല്യാര്‍, ഓത്തു പള്ളിയിലെ മുദരിസ്, നാട്ടു പ്രമാണി ആലിക്കുട്ടി സാഹിബ്, പോക്കര്‍ മുസ്‌ല്യാര്‍ തുടങ്ങിയവരും, നവവത്കരണത്തിന്റെ പ്രതിനിധികളായി അബ്ദുല്‍കരീം, അബ്ദുല്‍മജീദ് മൗലവി, മൂസ, സൈനബ തുടങ്ങിയ കഥാപാത്രങ്ങളും.
സര്‍ഗാത്മക സാഹിത്യത്തെ പ്രബോധനത്തിന്റെ മേഖലയിലേക്ക് വഴിതിരിച്ചുവിടാമെന്ന് വരും തലമുറക്കാകെയുള്ള ഓരോര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ കൃതി.
അറബി മലയാള ലിപിയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം മലയാളത്തില്‍ ‘യുവത’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കാലത്തെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ വേറിട്ട വഴി വായനക്കാരനു മുമ്പില്‍ എടുത്തുകാണിക്കുവാന്‍ ഈ കൃതി സഹായകമാണ്.