Monday
25
September 2017

സലഫിസവും സലഫികളും ആരോപണങ്ങള്‍ക്ക് മറുപടി

അബൂബാസിമ


അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഘനാന്ധകാരത്തില്‍ കഴിഞ്ഞുകൂടിയിരുന്ന കേരള മുസ്‌ലിംകളെ ഇസ്‌ലാമിക വിജ്ഞാനത്തിലേക്കും സാമൂഹ്യ പുരോഗതയിലേക്കും വഴിനടത്തിയവരാണ് മുജാഹിദുകള്‍. എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ നിര്‍ഭാഗ്യകരമായ പിളര്‍പ്പിനും വിചിത്രവാദങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച യാഥാസ്ഥിതിക ധാരയുടെ ജല്പനങ്ങളെയും നിലപാടുകളെയും പ്രമാണബദ്ധമായി വിശകലനം ചെയ്യുന്ന കൃതിയാണ് പണ്ഡിതനും വാഗ്മിയുമായ പി കെ മൊയ്തീന്‍ സുല്ലമി എഴുതിയ ‘സലഫികള്‍ ജല്‍പനങ്ങളും വസ്തുതകളും’ എന്ന പുസ്തകം.
മടവൂരികള്‍ സലഫി വിരുദ്ധമായ സൂഫിസം, ശിആയിസം, ഇഖ്‌വാനിസം, ചേകനൂരിസം, ദ്വാഹിരികള്‍ എന്നിവരെ പുകഴ്ത്തുന്നുവെന്നും, ഹദീസ് നിഷേധികളാണെന്നും ആരോപിക്കുന്ന ‘മടവൂരികള്‍ സലഫികളോ?’ എന്ന പുസ്തകത്തിനുള്ള വിമര്‍ശനം കൂടിയാണ് മൊയ്തീന്‍ സുല്ലമിയുടെ ഈ രചന.
സ്വഹീഹുല്‍ ബുഖാരിയിലെയും സ്വഹീഹു മുസ്‌ലിമിലെയും പല ഹദീസുകളും ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി ദുര്‍ബലമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത് ഒന്നുകില്‍ സനദിന്റെ ദുര്‍ബലത കൊണ്ടോ അല്ലെങ്കില്‍ മത്‌നിന്റെ പോരായ്മ കൊണ്ടോ ആയിരിക്കും. ദുര്‍ബലമായ ഹദീസുകളെ മാത്രമാണ് മുജാഹിദുകള്‍ ദുര്‍ബലമെന്നും അസ്വീകാര്യമെന്നും പറഞ്ഞിട്ടുള്ളത്. പ്രമുഖ ഹദീസ് നിദാന ശാസ്ത്രജ്ഞനും വിശ്രുത പണ്ഡിതനുമായ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിയെപ്പോലുള്ള മഹാന്മാര്‍ക്കു നേരെയാണ് ജിന്ന് വിഭാഗം പണ്ഡിതന്‍ ഹദീസ് നിഷേധം ആരോപിക്കുന്നത്.
മാത്രമല്ല, കേരളത്തിലെ സലഫികളുടെ ഐക്യം തകര്‍ക്കുകയും നേതൃമോഹവും സാമ്പത്തിക താല്പര്യങ്ങളും തലയ്ക്കുപിടിച്ച് ഉപേക്ഷിക്കപ്പെട്ട അന്ധവിശ്വാസങ്ങള്‍ പോലും സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജിന്ന് വിഭാഗത്തിന്റെ വഴിപിഴവിനെയുമാണ് ഈ പുസ്തകം വിചാരണ ചെയ്യുന്നത്.
ചുരുക്കത്തില്‍ കാലത്തിന്റെ മാറ്റത്തിനൊത്ത് യാഥാസ്ഥിതികര്‍ പോലും പരിവര്‍ത്തിക്കപ്പെടുമ്പോള്‍ വ്യക്തമായ ചര്യയോ പ്രമാണമോ അവലംബിക്കാതെ ജിന്ന് വിഭാഗം ആശയ വ്യതിയാനം അലങ്കാരമായി കൊണ്ടുനടക്കുന്നതായും വിശുദ്ധ ഖുര്‍ആന്‍ ശക്തിയുക്തം എതിര്‍ത്ത ഇട തേട്ടം സ്ഥാപിക്കുകയാണെന്നും ഗ്രന്ഥകാരന്‍ വസ്തുനിഷ്ഠമായി സമര്‍ഥിക്കുന്നു.
‘യുവത’ പ്രസിദ്ധീകരിച്ച ഈ ലഘുകൃതി മുജാഹിദുകള്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി അപഗ്രഥിക്കുന്നുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ ആശയ വ്യതിയാന ആരോപണത്തിന്റെയും പിളര്‍പ്പിന്റെയും സൂത്രധാരന്‍മാര്‍ ആരായിരുന്നുവെന്ന് ഒരു പതിറ്റാണ്ട് പിന്നിട്ട ശേഷമെങ്കിലും വ്യക്തമായിരിക്കുകയാണെന്നും നവോത്ഥാനത്തിന്റെ പിന്‍നടത്തം അപമാനകരമായിരിക്കുകയാണെന്നും ‘സലഫികള്‍ ജല്‍പനങ്ങളും വസ്തുതകളും’ എന്ന കൃതി വായനക്കാരെ ബോധ്യപ്പെടുത്തുന്നുണ്ട്.