Sunday
21
January 2018

ഓര്‍ത്തുവെക്കേണ്ട പുസ്തകങ്ങള്‍

കെ അഷ്‌റഫ്


പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് ഏറെ ശ്രദ്ധേയമായ രണ്ടു പുസ്തകങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ പ്രസ്തുത പുസ്തകങ്ങളുടെ രചയിതാക്കളുമായി സംസാരിക്കാനും പുസ്തകങ്ങളെ കുറിച്ച് ചെറിയ വിശകലനങ്ങള്‍ നടത്താനും സാധിച്ചത് ഏറെ സന്തോഷം നല്‍കിയെന്ന കാര്യം ആനുഷംഗികമായി പരാമര്‍ശിച്ചുകൊള്ളട്ടെ. കേസിയ അലിയുടെ Lives of Muhamm ad (Harvard Universtiy Press 2014) എന്ന പുസ്തകവും ജോനാഥന്‍ ബ്രൗണിന്റെ Misquoting Muhammad: The Challenge and Choice of Interpreting the Prophet’s Legacy ( One World 2014)  എന്ന പുസ്തകവും പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള വ്യത്യസ്തമായ രണ്ടു ദിശകള്‍ വായനക്കാര്‍ക്ക് നല്‍കുന്നു.
കേസിയ അലി ഇസ്‌ലാമിക് സ്ത്രീപഠനത്തിന്റെ മേഖലയില്‍ ശ്രദ്ധേയമായ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇമാം ശാഫിഈയെ കുറിച്ച് ഇംഗ്ലീഷില്‍ എഴുതപ്പെട്ട ജീവചരിത്രം കൂടി കേസിയ അലിയുടേതായിട്ടുണ്ട്. ഇമാം ശാഫിഈയുടെ ചരിത്രം എഴുതുന്നതിലൂടെ ജീവചരിത്രം എന്ന മേഖലയിലേക്ക് കേസിയ അലി കൂടുതല്‍ പ്രവേശിക്കുകയായിരുന്നു. ജീവചരിത്ര പഠനം അവരെ വ്യത്യസ്തമായ ഈ പുസ്തകത്തിന്റെ രചനയില്‍ എത്തിച്ചു. സയ്യിദ് സുലൈമാന്‍ നദ്‌വി അടക്കമുള്ളവര്‍ മുഹമ്മദ് നബിയെക്കുറിച്ച് വായിച്ച രീതിയും വില്യം മൂറിന്റെ ആദ്യകാല ഓറിയന്റലിസ്റ്റ് ജീവചരിത്രവും ഒക്കെ കേസിയ പഠനവിധേയമാക്കുന്നുണ്ട്. കേരളത്തില്‍ ഏറെ പ്രസിദ്ധരായ സയ്യിദ് സുലൈമാന്‍ നദ്‌വി, ഹുസൈന്‍ ഹൈക്കല്‍ എന്നിവരുടെ നബിചരിത്ര രചനകളില്‍ പാശ്ചാത്യ നബിചരിത്രത്തിന്റെ സ്വാധീനം കേസിയ കണ്ടെത്തുന്നു. പലപ്പോഴും നാം കരുതുന്ന പോലെ പ്രവാചകന്റെ മുസ്‌ലിം ജീവചരിത്രകാരന്മാരും പാശ്ചാത്യ ജീവചരിത്രകാരന്മാരും പരസ്പരം എതിര്‍ക്കുക മാത്രമല്ല, പരസ്പരം ആശയങ്ങള്‍ കടമെടുത്തിട്ടുണ്ട് എന്ന കേസിയ അലിയുടെ നിരീക്ഷണം കൂടുതല്‍ ആലോചനയര്‍ഹിക്കുന്നു.
ഹദീസ്പഠന മേഖലയില്‍ അക്കാദമിക് ലോകത്ത് ഏറെ പ്രശസ്തനായ ജോനാഥന്‍ ബ്രൗണ്‍ വളരെ വ്യത്യസ്തമായ  രീതിയില്‍ ഇസ്‌ലാമിക പഠനരംഗത്ത് ഇടപെടുന്ന ഗ്രന്ഥകാരനാണ്. പ്രവാചക പാരമ്പര്യം എന്ന നിലയില്‍ ഹദീസിനും സുന്നത്തിനും ഇസ്‌ലാമിക സമൂഹങ്ങളിലുള്ളള്ള സ്ഥാനം ഖുര്‍ആനു തൊട്ടുതാഴെയാണ്. എന്താണ് ഇസ്‌ലാമിക ഭാവനയില്‍ പ്രവാചകനുള്ള സ്ഥാനം എവിടെയാണ്? അതും പ്രവാചകപാരമ്പര്യവും തമ്മിലുള്ള ബന്ധമെന്താണ്? പ്രവാചക പാരമ്പര്യം എന്നത് പാഠം എന്ന നിലയില്‍ എങ്ങനെ നിലനില്ക്കുന്നു? അതിനെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍ എന്തെല്ലാം? തുടങ്ങിയ ചോദ്യങ്ങളെ ഈ കൃതിയില്‍ അഭിമുഖീകരിക്കുന്നു. വ്യക്തിപരമായി ഏറെ താല്പര്യം തോന്നിയത്, ആധുനിക മൂല്യങ്ങളെയും ഹദീസുകളെയും കൂട്ടിയോജിപ്പിക്കാനുള്ള ബ്രൗണിന്റെ ശ്രമങ്ങളാണ്. ഹദീസുകളെ തള്ളിക്കളയാതെ തന്നെ എങ്ങനെ അവയോടു വ്യത്യസ്തമായ സമീപനം സാധ്യമാവും എന്ന് ബ്രൌണ്‍ കാണിക്കുന്നു.
രണ്ടു തരത്തിലുള്ള ജീവചരിത്രങ്ങള്‍ കൂടി ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുണ്ട്. സിയാവുദ്ദീന്‍ സര്‍ദാര്‍ എഴുതിയ Mecca: The Sacred City (Bloomsbury 2014) എന്ന ഗ്രന്ഥമാണ് അതിലൊന്ന്. മക്ക നഗരത്തിന്റെ ജീവചരിത്രമാണ് പ്രതിപാദ്യ വിഷയം. വായനക്ഷമതയുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഈ പുസ്തകം മക്കയുടെ ആധുനികവത്കരണ ശ്രമങ്ങളെക്കുറിച്ചുള്ള മികച്ചൊരു വിമര്‍ശന സമീപനമാണ്. മാത്രമല്ല, കഴിഞ്ഞ ചില നൂറ്റാണ്ടായി വികസിക്കുന്ന മുസ്‌ലിം പരിഷ്‌കരണവാദത്തിന്റെ മുന്‍ഗണനകളുടെ വിമര്‍ശവും ഈ പുസ്തകത്തില്‍ വായിക്കാം. മൗലികമായ നിരീക്ഷണങ്ങള്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ സര്‍ദാരിനെ വായിച്ചു പരിചയമുള്ളവര്‍ക്ക് ഈ പുസ്തകം പ്രത്യേകിച്ച് പുതുമ നല്‍കില്ല. പക്ഷെ വ്യക്തിപരമായ അനുഭവവും യാത്രകളും കഥകളുമൊക്കെ ചേര്‍ത്ത് പതിവ് ശൈലിയില്‍ സര്‍ദാര്‍ എഴുതുന്നത് സാധാരണ വായനക്കാര്‍ക്ക് രുചികരമായ ഒരു പുസ്തകമാക്കി മക്കയെ മാറ്റുന്നു. കേരളത്തില്‍ ധാരാളം വായനക്കാരുള്ള എഴുത്തുകാരനാണ് സര്‍ദാര്‍. അതുകൊണ്ട് തന്നെ അദ്ദേഹം പുതിയ പുസ്തകത്തിലൂടെ വരുംകാല ജനപ്രിയ വായനകളുടെ ഭാഗമായി നിലനില്‍ക്കുമെന്നതില്‍ തര്‍ക്കമില്ല.
അല്ലാമ ഇഖ്ബാലിനെ കുറിച്ച് സഫര്‍ അന്‍ജൂം എന്ന സിംഗപൂര്‍ എഴുത്തുകാരന്‍ എഴുതിയ Iqbal: The Life of a Poet, Philosopher and Politician (Random House 2014) ആണ് രണ്ടാമത്തെ ജീവചരിത്രം. ഈ പുസ്തകം ഇഖ്ബാലിനെ കുറിച്ച് കാമ്പുള്ള പഠനം പ്രതീക്ഷിച്ചു പോകുന്നവരില്‍ നിരാശയുണ്ടാക്കും. എന്നാല്‍ ഇഖ്ബാലിനെ വായിച്ചു തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കുള്ള ഒരു പ്രവേശികയായി കണക്കാക്കാം. മാത്രമല്ല, ഇഖ്ബാലിന്റെ വ്യക്തിബന്ധങ്ങളെ പറ്റിപ്പിടിച്ചുകൊണ്ടു മാത്രം വികസിക്കുന്ന ഒരു പുസ്തകമാണിത്. എന്നാല്‍ വ്യക്തിബന്ധങ്ങളുടെ സൂക്ഷ്മ സംഘര്‍ഷങ്ങളെ കാണിക്കുന്നതില്‍ പോലും പുസ്തകം പരാജയപ്പെട്ടുവെന്നാണ് തോന്നുന്നത്. ഇപ്പോള്‍ കിതാബ് ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റ് നടത്തുന്ന അന്‍ജൂം ഇംഗ്ലീഷ് ചെറുകഥാ ലോകത്ത് സജീവമാണ്.
ഈ വര്‍ഷം ഏറ്റവും ചര്‍ച്ച ചെയ്ത പൊതുവിഷയം ഇസ്‌ലാമും ഹിംസയുമായുള്ള ബന്ധങ്ങള്‍ ആയിരുന്നു. ഇറാഖും സിറിയയും കേന്ദ്രമാക്കി ഉയര്‍ന്നുവന്ന സായുധ ഇസ്‌ലാമിക രാഷ്ട്രീയ സംഘമായ ഇസ്‌ലാമിക് സ്റ്റെയ്റ്റിന്റെ ഉദയം ആഗോളതലത്തില്‍ തന്നെ മതവും ഹിംസയും തമിലുള്ള ബന്ധത്തെ കുറിച്ച് വ്യത്യസ്തമായ സംവാദങ്ങള്‍ക്ക് തിരിതെളിച്ചു. സാഹചര്യത്തിന്റെ തേട്ടം കൊണ്ടോ അതോ കേവലം യാദൃച്ഛികമോ എന്നറിയില്ല. എന്തായാലും ഈ വിഷയത്തില്‍ ഒരു പുസ്തകം Fields of Blood: Religion and the History of Violence (Random House 2014) എന്ന പേരില്‍ കാരന്‍ ആംസ്‌ട്രോങ് എഴുതിയിട്ടുണ്ട്. മനുഷ്യചരിത്രത്തില്‍ പല വിധത്തിലുള്ള ഹിംസകളുടെ ചരിത്രം പരിശോധിക്കുന്ന ആംസ്‌ട്രോങ് മതം സത്താപരമായി തന്നെ ഹിംസയാണെന്ന ലളിത സമീപനത്തെ ചരിത്രപരമായി തന്നെ തള്ളിക്കളയുന്നു. അഞ്ഞൂറോളം പേജുള്ള പുസ്തകത്തിലെ വാദങ്ങള്‍ ചുരുക്കി വിവരിക്കുക അത്യന്തം ക്ലേശകരമാണ്. മതത്തിന്റെ സാര്‍വ ലൗകിക സന്ദേശങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ് ഹിംസയെ സൃഷ്ടിച്ചത്. അതിനാല്‍ മതസന്ദേശങ്ങളുടെ ശരിയായ പിന്തുടര്‍ച്ചകള്‍ ഉറപ്പുവരുത്തുക എന്നതാണ് ലോക സമാധാനത്തിനുള്ള വഴി എന്ന പ്രമേയത്തെ പുസ്തകം വികസിപ്പിച്ചിരിക്കുന്നു.
ഇസ്‌ലാമും ഹിംസയും എന്ന ചര്‍ച്ചയുമായി വേറൊരു രീതിയില്‍ ബന്ധമുള്ള ഒരു പുസ്തകം ഇന്ത്യന്‍ സാഹചര്യത്തില്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി തുടരുന്ന ബോംബ് സ്‌ഫോടങ്ങള്‍, ഭീകരാക്രമണങ്ങള്‍ ഇവയുടെ പേരിലുള്ള മുസ്‌ലിംവേട്ടയെ പ്രശ്‌നവത്കരിക്കുന്ന പുസ്തകം മനീഷ സേഥി Kafkaland: Prejudice, Law and Counter terrorism in India (Three Essays 2014) എന്ന പേരില്‍ പുറത്തിറക്കി. ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി ഫോറത്തിന്റെ ഭാഗമായ സേഥി ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കൊലപാതകത്തെ വിമര്‍ശിച്ചാണ് ഏറെ പൊതുശ്രദ്ധ നേടിയത്. സംഘപരിവാര്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങള്‍ മുസ്‌ലിംകളുടെ തലയില്‍ കെട്ടിവെക്കുക, ഭീകരവേട്ടയുടെ പേര് പറഞ്ഞ് മുസ്‌ലിം ചെറുപ്പക്കാരെ തട്ടിക്കൊണ്ട് പോവുക, മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖം മൂടിയിട്ട് പ്രദര്‍ശിപ്പിക്കുക, അവരെ മനുഷ്യര്‍ അറക്കുന്ന രീതിയില്‍ പീഡിപ്പിക്കുക, മാധ്യമ വിചാരണ ചെയ്ത് പൈശാചികവത്കരിക്കുക, കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചു കൊല്ലുക, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംഘടിപ്പിക്കുക, രാജ്യദ്രോഹം ആരോപ്പിച്ച് പൊതുസമൂഹത്തില്‍ വേട്ടയാടുക തുടങ്ങിയ രാഷ്ട്രീയ അജണ്ടകളെ ഈ പുസ്തകം തുറന്നുകാട്ടുന്നു. ഇംഗ്ലീഷില്‍ ഈ വിഷയകമായി ഇന്ത്യയില്‍ ഇറങ്ങിയ ആദ്യത്തെ സമഗ്രമായ പുസ്തകം എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായ വായന.
കാഫ്ക എന്നതൊരു രൂപകമായി ഇപ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളും ഭീകരവാദവുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ധാരാളം  കാണാം. ഈ വര്‍ഷം പുറത്തിറങ്ങിയ  Being Muslim in South Asia : Diverstiy and Daily Life (Oxford Universtiy Press 2014) എന്ന റോബിന്‍ ജഫ്രിയുടെയും റോന്‍ജോയ് സെന്നിന്റെയും പുസ്തകത്തില്‍ ഇര്‍ഫാന്‍  അഹ്മദ് എഴുതിയ ലേഖനത്തിന്റെ പേര് തന്നെ കാഫ്ക ഇന്‍ ഇന്ത്യ: ടെററിസം, മീഡിയ, മുസ്‌ലിം   എന്നാണ്. ഇന്ത്യയില്‍ 9/11 നു ശേഷം ഫ്രാന്‍സ് കാഫ്ക തന്റെ കഥകളില്‍  വിവരിച്ച ഭരണകൂട വേട്ടയുടെ സവിശേഷതകള്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ നടപ്പിലാവുന്നുവന്ന് ഇര്‍ഫാന്‍ അഹ്മദ് വാദിക്കുന്നു. ഇന്ത്യന്‍ മുസ്‌ലിം പഠന വിഭാഗത്തില്‍ ഏറെ താല്‍പര്യത്തില്‍ വായിച്ച മറ്റൊരു പുസ്തകമാണ് മുഹമ്മദ് സജ്ജാദിന്റെ Muslim Politics in Bihar : Changing Contours ( Routledge 2014). സജ്ജാദിന്റെ ഈ പുസ്തകം ഇന്ത്യന്‍ മുസ്‌ലിം രാഷ്ട്രീയ അനുഭവങ്ങളെ കുറിച്ച് വികസിക്കുന്ന പുതിയ പഠനങ്ങളുടെ ഭാഗമായി കരുതാം.
ഇസ്‌ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട മറ്റൊരു ശ്രദ്ധേയമായ പുസ്തകമാണ് സല്‍മാന്‍ സയ്യിദിന്റെ Recalling Caliphate : Decolonization and World Order ( Hurst 2014). അര്‍ജന്റീനയില്‍ നിന്നുള്ള നവഇടതുപക്ഷ സൈദ്ധാന്തികനായ എനെസ്‌റ്റോ ലക്ലോവിന്റെ വിദ്യാര്‍ഥിയായ സയ്യിദ് രാഷ്ട്രീയ ചിന്തയില്‍ സ്വന്തം വഴിതുറന്ന ഗവേഷകനാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരില്‍ ബഗ്ദാദ് കേന്ദ്രമാക്കി നിലവില്‍ വന്ന പുതിയ ഖിലാഫത്തിനെ ചുറ്റിപ്പറ്റി വികസിക്കുന്ന സംവാദങ്ങളെ മറ്റൊരു ദിശയില്‍ കൊണ്ടുപോവുകയാണ് ഈ പുസ്തകം. എന്തുകൊണ്ട് ഖിലാഫത്ത് മുസ്‌ലിംകളുടെ ചര്‍ച്ചയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഭാവനയായി മാറുന്നു? എന്താണ് ഖിലാഫത്തും കൊളോണിയലിസവുമായുള്ള ബന്ധം? ഇവയൊക്കെ ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകം മുസ്‌ലിം എന്ന ഗണം ഉള്‍വഹിക്കുന്ന ആഗോള ഭാവിയെ അനാവരണം ചെയ്യാനുള്ള ശ്രമമാണ്.
അതുപോലെ തന്നെ ഖിലാഫത്തുമായി ബന്ധപ്പെട്ട സമകാലിക ചര്‍ച്ചകളില്‍ താല്പര്യമുള്ളവര്‍ വായിക്കേണ്ട മറ്റൊരു പുസ്തകമാണ് റിസ പാന്‍കെഴ്സ്റ്റിന്റെ The Inevitable Caliphate: A History of the tSruggle for Global Islamic Union, 1924 to Present ( Hurst 2014). ഓട്ടോമന്‍ ഖിലാഫത്തിന്റെ തകര്‍ച്ചക്ക് ശേഷം ധാരാളം പ്രസ്ഥാനങ്ങള്‍ ഖിലാഫത്ത് പുനസ്ഥാപനവുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്നു. ഈ പ്രസ്ഥാനങ്ങളുടെ ചരിത്രവും അതിന്റെ സമകാലിക വികാസങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വാഇല്‍ ഹല്ലാഖിന്റെ Impossible State: Islam, Politics and Modernity’s Moral Predicament (Columbia University Press 2012) ഇസ്‌ലാമിക രാഷ്ട്രീയ വിമര്‍ശനവുമായുള്ള സംവാദവുമായി ബന്ധിപ്പിച്ചു മേല്‍ പറഞ്ഞ രണ്ടു പുസ്തകങ്ങളും തട്ടിച്ചു വായിക്കുന്നത് നന്നാവും.
ആഗോള ഇസ്‌ലാമിക സമൂഹങ്ങളില്‍ രാഷ്ട്രീയമായി ഏറെ ചലനം സൃഷ്ടിച്ച അറബ് വസന്തം പ്രതിവിപ്ലവത്താല്‍ ആടിയുലഞ്ഞെങ്കിലും പുസ്തക വിപണിയില്‍ അത് ഇപ്പോഴും സാനിധ്യമറിയിക്കുന്നു. The Arab Uprising Explained: New Contentious Politics in Middle East ( Columbia University Press 2014) എന്ന മാര്‍ക്ക് ലിഞ്ച് എഡിറ്റ് ചെയ്ത പുസ്തകം വസന്തം സൃഷ്ടിച്ച സാമൂഹിക/ ഭരണ നിര്‍വഹണ അനുഭവങ്ങളെ വായിക്കാനുള്ള ശ്രമമാണ്. അറബ് വസന്തത്തെ കുറിച്ച് തന്നെ സൂചിപ്പിക്കുന്ന മറ്റൊരു പഠനമാണ് യുവാന്‍ കോളിന്റെ The New Arab : How the Millennial generation is Changing the Middle East ( Simon & Schuster 2014) എന്ന പുസ്തകം. പക്ഷേ, ലിബറല്‍ മുന്‍വിധികള്‍ അടങ്ങിയ ഈ പുസ്തകം നല്ല വായന അനുഭവമാണ്.
മറ്റൊരു പ്രധാന പുസ്തക വിപണിയാണ് ഇസ്‌ലാമോഫോബിയയെ ചുറ്റിപ്പറ്റിയുള്ളത്. പതിവ് പോലെ ഈ വര്‍ഷവും ഈ മേഖലയില്‍ ഏറെ പുസ്തകങ്ങള്‍ ഇറങ്ങി. സീന്ദ്രെ ബാന്‍ഗ്‌സ്റ്റേദിന്റെ Andre Brevick and the Rise of Islamophobia ( Zed Books 2014),, അരുണ്‍ കുന്ദാനിയുടെ The Muslims are Coming: Islamophobia,  Etxremism and the Domestic War on Terror (Verso 2014) ഇസ്‌ലാമോഫോബിയയെ കുറിച്ച ശ്രദ്ധേയമായ പഠനമാണ്. കുന്ദാനിയുടെ പുസ്തകം ബ്രിട്ടീഷ് ഇസ്‌ലാമോഫോബിയയുടെ കൈവഴികള്‍ പരിശോധിക്കുമ്പോള്‍ ബാന്‍ഗ്‌സ്റ്റെദ് യുറോപ്യന്‍ വലതുപക്ഷ രാഷ്ട്രീയവും ഇസ്‌ലാമോഫോബിയയും തമ്മിലെ ബന്ധം ചര്‍ച്ച ചെയ്യുന്നു.
ഫിക്ഷന്‍ വിഭാഗത്തില്‍ ശ്രദ്ധേയമായ കൃതിയാണ് മൊറോക്കന്‍ എഴുത്തുകാരിയായ ലൈല ലലമിയുടെ The Moor’s Account (Pantheon 2014) എന്ന നോവല്‍. അറ്റ്‌ലാന്റിക്കിനു കുറുകെയുള്ള അമേരിക്കന്‍ അടിമ വ്യാപാരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു മൊറോക്കന്‍ അടിമയുടെ കഥ എന്ന നിലയില്‍ ഏറെ ശ്രദ്ധേയമാണിത്. മാത്രമല്ല യൂറോപ്യന്‍ കൊളോണിയല്‍ അധിനിവേശത്തിന്റെ പ്രധാന സവിശേഷതയായ വംശീയതയെ കുറിച്ച വ്യത്യസ്തമായ വായന ഈ നോവല്‍ തരുന്നു. മൊറോക്കോയില്‍ നിന്നുള്ള അന്‍വര്‍ മാജിദിന്റെയടക്കം രചനകളില്‍ കാണുന്ന മഗ്‌രിബ് കേന്ദ്രമാക്കിയുള്ള കോളനിവിരുദ്ധ ആശയലോകം ലലമിയുടെ എഴുത്തില്‍ കാണാം.
എന്നാല്‍ ഈ വര്‍ഷം വായിച്ച ഏറ്റവും ആഹ്ലാദകരമായ പുസ്തകം ഒരു എത്‌നോഗ്രഫിയാണ്. സെനഗല്‍, ഗാംബിയ, മൗറിത്താനിയ തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ എങ്ങനെയാണ് ഖുര്‍ആനുമായി ജീവിതബന്ധം സൂക്ഷിക്കുന്നത് എന്നത് സംബന്ധിച്ച് ആഫ്രോ- അമേരിക്കന്‍ മുസ്‌ലിം ഗവേഷകനായ റുഡോള്‍ഫ് ടി വെയര്‍ എഴുതിയ പുസ്തകം Walking Qur’an : Islamic Education, Embodied Knowledge and History in West Africa ( UNC Press 2014). കേവലമായ വായനാനുഭവം എന്നതിലുപരി ഖുര്‍ആന്‍ എങ്ങനെ കിഴക്കന്‍ ആഫ്രിക്കയില്‍ ജീവിക്കുന്നുവന്നു കാണാന്‍ സഹായിക്കുന്നു ഇത്. ജീവിക്കുന്ന മനുഷ്യരുടെ ഉള്ളില്‍ ഖുര്‍ആന്‍ എങ്ങനെയൊക്കെ നിറയുന്നുവെന്നു അദ്ദേഹം നമുക്ക് പറഞ്ഞു തരുന്നു. വൈകാരിക തീക്ഷ്ണതയും രാഷ്ട്രീയമായ ചടുലതയും പുലര്‍ത്തുന്ന ഈ പഠനം ഖുര്‍ആന്‍ അനുഭവത്തെ കൂടുതല്‍ ആഴമുള്ളതാക്കുന്നു. ഏതാണ്ട് പത്തു വര്‍ഷത്തോളം എടുത്തു പൂര്‍ത്തിയാക്കിയ ഈ പുസ്തകം ആഫ്രിക്കന്‍ ഇസ്‌ലാമിക പഠനത്തില്‍ ഒരു വഴിത്തിരിവിനെ പ്രതിനിധീകരിക്കുന്നു.