Saturday
21
July 2018

അഹ്മദ് ദീദാത്ത് വെല്ലുവിളികളെ നെഞ്ചേറ്റിയ പ്രതിഭാശാലി

ടി ടി എ റസാഖ്‌

”…തൗറാത്തിന്റെ വിധിയനുസരിച്ച് വ്യഭിചാരികളെ എറിഞ്ഞുകൊല്ലാന്‍ കല്പനയില്ല എന്ന് യഹൂദികള്‍ വാദിച്ചു. അങ്ങനെ തൗറാത്തില്‍ വിധിയുണ്ടെന്ന് സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു സലമും(റ) വാദിച്ചു. പഴയ ഒരു യഹൂദ പണ്ഡിതനായിരുന്നു അദ്ദേഹം. യഹൂദികളില്‍ അറിയപ്പെട്ട തൗറാത്ത് പണ്ഡിതനായിരുന്ന ഇബ്‌നുസൂരി തൗറാത്തുമായി നബിയുടെ മുമ്പില്‍ ഹാജരായി. വിവാദ പരാമര്‍ശം സൂത്രത്തില്‍ കട്ടുവായിക്കാന്‍ ശ്രമിച്ച ഇബ്‌നുസൂരിയെ നബിയും സ്വഹാബിമാരും പിടികൂടി..” (സൂറതുമാഇദ, തഫ്‌സീര്‍ അമാനി മൗലവി). നബി(സ)യുടെ മദീനാകാലഘട്ടത്തില്‍ നടന്ന ഒരു സംഭവാണിത്. സമാനമായ വ്യാഖ്യാനങ്ങള്‍ മാത്രമല്ല, സംബോധനകളും സംവാദങ്ങളും ഉള്‍ക്കൊള്ളുന്ന ധാരാളം വചനങ്ങള്‍ ഖുര്‍ആനില്‍ കാണാവുന്നതാണ്.
‘ഖുര്‍ആനിന്റെ ഏകദേശം മൂന്നിലൊന്ന് ജൂതക്രൈസ്തവരെ അഭിസംബോധന ചെയ്യുമ്പോള്‍ നാം അതിനെക്കുറിച്ച് മിണ്ടാതിരിക്കുന്നതെങ്ങിനെ? ശൈഖ് അഹ്മദ് ഹുസൈന്‍ ദീദാത്തിന്റേതാണി (1917-2005) വാക്കുകള്‍.

ജനനവും നിയോഗവും
പൊതുവേദികളില്‍ മതം ചര്‍ച്ച ചെയ്യപ്പെടുന്നത് ആഫ്രിക്കക്കാരെ സംബന്ധിച്ചിടത്തോളം അക്കാലത്ത് വളരെ അസാധാരണമായിരുന്നു. എന്നാല്‍ ക്രൈസ്തവ മിഷനറിമാരുടെ അഹന്ത നിറഞ്ഞ അജ്ഞതയുടെ പ്രചാര വേലകളെ ദീദാത്ത് പരസ്യമായി നേരിട്ടു. കോളനി ശക്തികളുടെ ആധിപത്യകാലം, വര്‍ണവിവേചനം കൊടികൂത്തിവാഴുന്ന സാഹചര്യം- ക്രൈസ്തവ മിഷനറിമാരുടെ വന്‍ പട തന്നെയായിരുന്നു അന്ന് മുസ്‌ലിം പ്രദേശങ്ങളില്‍ തമ്പടിച്ചിരുന്നത്. ദീദാത്തിന്റെ ഭാഷയില്‍ ”മുസ്‌ലിംകളുടെ അജ്ഞതയും അപകര്‍ഷതയും ദാരിദ്ര്യവും അവര്‍ മുതലെടുത്തു. ദിവസവും ഒന്നിലധികം മിഷനറിമാരെങ്കിലും നിങ്ങളുടെ വാതിലില്‍ മുട്ടുക സാധാരണമായിരുന്നു”. ഈ സാഹചര്യത്തിലാണ് ദീദാത്ത് തന്റെ ചരിത്ര നിയോഗം തിരിച്ചറിയുന്നത്.
ഗുജറാത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ (തദ്‌കേശ്വര്‍) ദരിദ്ര കുടുംബത്തില്‍ ജനിച്ച ദീദാത്ത് പിതാവിന്റെ യാത്രാപാത പിന്തുടര്‍ന്നാണ് തന്റെ 9-ാം വയസ്സില്‍ സൗത്ത് ആഫ്രിക്കയിലെത്തുന്നത്. ദാരിദ്ര്യം അവിടെയും അദ്ദേഹത്തെ വിട്ടുപിരിഞ്ഞില്ല.

പഠനസാഹചര്യം
9-ാം വയസ്സിലാണ് ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയതെങ്കിലും സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്ന ദീദാത്ത് ഡബ്ള്‍ പ്രമോഷന്‍ വഴി മറ്റുള്ളവരെ പിന്നിലാക്കി. അന്ന് ശാസ്ത്രി കോളെജില്‍ (ഹൈസ്‌കൂള്‍) അഡ്മിഷന്‍ ലഭിക്കുക വലിയ കാര്യമായിരുന്നു. പക്ഷേ ഫീസിന് പണമില്ലാതെ കുഴങ്ങിയ ദീദാത്ത് കോളെജ് വിദ്യാഭ്യാസം അവസാനിപ്പിച്ച് തൊഴില്‍തേടി ഇറങ്ങി. പല സ്ഥലത്തും സെയില്‍സ്മാന്‍ ആയി ജോലി ചെയ്താണ് ജീവിതം തുടങ്ങിയത്. ഡര്‍ബനിലെ ഗാന്ധി ലൈബ്രറിയിലെ സന്ദര്‍ശനം വഴി മികച്ച വായനക്കാരനായി മാറി. തുടക്കത്തില്‍ ഇംഗ്ലീഷ് വലിയ തടസ്സമായി തോന്നിയെങ്കിലും നിരന്തര വായനയിലൂടെ ഭാഷയില്‍ പാണ്ഡിത്യവും നൈപുണ്യവും നേടി. അക്കാലം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കുരിശുയുദ്ധ സമാനമായ ‘മിഷനറി യുദ്ധ’ കാലഘട്ടമായിരുന്നു എന്നാണ് ദീദാത്ത് നിരീക്ഷിക്കുന്നത്. ‘കോളനിവത്കരിക്കപ്പെട്ട മുസ്‌ലിം പ്രദേശങ്ങളില്‍ അവര്‍ കടന്നുകയറി. ഗണ്‍പൗഡറിന്റ മറവില്‍ അവര്‍ നമ്മെ അടക്കിഭരിച്ചു’. മുസ്‌ലിംകള്‍ക്ക് അജ്ഞതയും സമ്മര്‍ദവും മൂലം അവരുടെ സംസ്‌കാരം തന്നെ നഷ്ടമാവുന്ന അവസ്ഥ. മറ്റു മതസ്ഥരെ കാണുമ്പോള്‍ അവര്‍ തലതാഴ്ത്തി നടന്നു. പറയാനും പ്രതികരിക്കാനും ആരുമില്ലാത്ത അവസ്ഥ. കേരളത്തില്‍ പണ്ട് മക്തി തങ്ങള്‍ നേരിട്ടതിലും ഭീകരമായ സാഹചര്യം.
യാത്രയുടെ തുടക്കം
മുഹമ്മദിന് എത്ര ഭാര്യമാരുണ്ടായിരുന്നു? വാളുകൊണ്ടല്ലേ നിങ്ങളുടെ മതം പ്രചരിച്ചത്? ഇത്തരം പരിഹാസങ്ങളും അതിലും വലിയ നിന്ദയുമായി വീടുകളിലും ജോലിസ്ഥലത്തും ക്രൈസ്തവ മിഷനറിമാര്‍ എത്താറുണ്ടായിരുന്നു. അവരോടെന്താണ് മറുപടി പറയേണ്ടത് എന്ന ചിന്ത ദീദാത്തിനെ അസ്വസ്ഥനാക്കി. ”താനടക്കമുള്ള മുസ്‌ലിംകള്‍ക്ക് സ്വന്തം മതത്തെക്കുറിച്ചുപോലും വേണ്ടത്ര അറിവില്ല”. ഞാന്‍ എന്നേക്കാള്‍ കൂടുതല്‍ സ്‌നേഹിച്ച ഒരു ആശയത്തെ സംരക്ഷിക്കാന്‍ കഴിയുന്നില്ലല്ലോ എന്നാലോചിച്ച് ഉറക്കമൊഴിച്ച് കരഞ്ഞ നാളുകളെക്കുറിച്ച് ദീദാത്ത് സൂചിപ്പിക്കുന്നുണ്ട്.
ആയിടക്കാണ് തന്റെ വായനയുടെ ഒരു ഘട്ടത്തില്‍ ‘ഇദ്ഹാറുല്‍ ഹഖ്’ എന്ന ഒരിന്ത്യന്‍ കൃതിയുടെ ഇംഗ്ലീഷ് ഭാഷ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. 1841-ല്‍ മൗലാനാ ഖൈറാനവി (1815-1891) ആഗ്രയില്‍ വെച്ച് പഫാന്‍ഡര്‍ (ജളമിറലൃ) എന്ന ഒരു ബ്രിട്ടീഷ് മിഷനറിയുമായി നടത്തിയ സംവാദമായിരുന്നു പ്രസ്തുത കൃതിയുടെ പ്രമേയം. അറബി പേര്‍ഷ്യന്‍ ഭാഷകളില്‍ പരിജ്ഞാനമുണ്ടായിരുന്ന പ്ഫാന്‍ഡര്‍ ഇസ്‌ലാമിനെക്കുറിച്ച് ‘മീസാനുല്‍ ഹഖ്’ എന്ന ഒരു അറബികൃതി തന്നെ രചിച്ചിട്ടുണ്ട്. അദ്ദേഹം മുസ്‌ലിംകളെ വെല്ലുവിളിക്കുകയും ഇസ്‌ലാമിനെ ്യെേെലാ ീള ളമഹലെവീീറ (അസത്യവ്യവസ്ഥ) എന്ന് പരിഹസിക്കുകയും ചെയ്തു. ഇസ്‌ലാമിക ലോകം മുഴുവന്‍ ഏറെ താമസിയാതെ ക്രൈസ്തവവത്കരിക്കപ്പെടുമെന്ന് അദ്ദേഹം സ്വപ്‌നം കണ്ടു. വെല്ലുവിളി ഏറ്റെടുത്ത ഖൈറാനവി അദ്ദേഹത്തിന്റെ വാദകോലാഹലങ്ങളെ തകര്‍ത്തെറിഞ്ഞു. നാണംകെട്ട പ്ഫാന്‍ഡര്‍ക്ക് ദൂരേക്ക് സ്ഥലമാറ്റം നല്‍കിയാണ് കോളനിഭരണം അദ്ദേഹത്തെ സംരക്ഷിച്ചത്
ബൈബിള്‍ പഠനം
ദീദാത്തിനെ അത്യധികം ആകര്‍ഷിച്ച ഈ കൃതി ‘ആശയറ്റ തന്റെ ചിന്തകള്‍ക്ക് മറുപടി’യായിരുന്നു എന്നദ്ദേഹം അനുസ്മരിക്കുന്നു. പിന്നീട് സുവിശേഷങ്ങള്‍ മാത്യുവും മാര്‍ക്കും ജോണുമെല്ലാം പഠിക്കാനാരംഭിച്ചു. ബൈബിളില്‍ നിറഞ്ഞുകണ്ട പൊരുത്തക്കേടുകളെ കാറ്റലോഗ് ചെയ്യാനാരംഭിച്ചു. പുതിയ ആയുധങ്ങളുമായി അടുത്തുള്ള ആദം സെമിനാരിയിലെ വിദ്യാര്‍ഥികളെയാണാദ്യം നേരിട്ടത്. അവര്‍ക്കത് പുതിയ അനുഭവമായിരുന്നു. സരസമായ ശൈലികളില്‍ സംവദിക്കാനുള്ള കഴിവ് ദീദാത്തിന് സ്വതസിദ്ധമായിരുന്നു എന്ന് അദ്ദേഹത്തിന്റെ സമകാലികരൊക്കെ ഓര്‍ക്കുന്നു. ഡര്‍ബനിലുള്ള ചര്‍ച്ചുകള്‍ സന്ദര്‍ശിച്ച് വൈദികരുമായും സംവദിക്കാന്‍ തുടങ്ങി. അതോടൊപ്പം മിഷനറികളെ ഭയപ്പെടേണ്ട സമയം കഴിഞ്ഞു എന്ന് മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.
ദഅ്‌വത്ത്
തബ്‌ലീഗ് ജമാഅത്തും ബറേല്‍വികളും സൂഫികളുമടങ്ങിയ കൊച്ചു സാമൂഹിക പരിസരമായിരുന്നു സൗത്ത് ആഫ്രിക്കയില്‍ മുസ്‌ലിംകളുടേത്. ദഅ്‌വത്ത് മുസ്‌ലിംകളില്‍ മാത്രം ഒതുക്കിനിര്‍ത്തിയ തബ്‌ലീഗ് നിലപാടുകളെ ദീദാത്ത് ഇഷ്ടപ്പെട്ടില്ല. ബറേല്‍വികളുടെ പുണ്യപുരുഷ സങ്കല്പങ്ങള്‍ വഴി കടന്നുവന്ന ഇടതേട്ടങ്ങളെയും സൂഫികളുടെ വിരക്തി സങ്കല്പങ്ങളെയും അദ്ദേഹം അംഗീകരിച്ചില്ല. മുസ്‌ലിംകള്‍ ദഅ്‌വത്ത് രംഗത്തേക്ക് കടന്നുവരാത്തതാണ് മിഷനറികളുടെ വിജയം എന്നദ്ദേഹം മനസ്സിലാക്കി. തദ്ഫലമായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി കജഇ (ഇസ്‌ലാമിക് പ്രൊപഗേഷന്‍ സെന്റര്‍) സ്ഥാപിച്ചു. ബൈബിളും ഖുര്‍ആനും പഠിക്കാതെ മിഷനറിമാരെ തുരത്തുക എളുപ്പമായിരുന്നില്ല.
തന്റെ സുഹൃത്ത് എബി ലകാതിയോട് ഒരിക്കല്‍ ദീദാത്ത് ചോദിച്ചു: ലോകത്തെ ആയിരം മില്യന്‍ മുസ്‌ലിംകള്‍ എഴുന്നേറ്റുനിന്ന് ഇതാ ഞങ്ങള്‍ ദഅ്‌വത്തിന് സജ്ജരാണ് എന്നെപ്പോഴാണ് പറയുക? ദീദാത്ത് ഒരു വലിയ മൗലാന ആയിരുന്നില്ല. മറിച്ച്, ക്രൈസ്തവ കടന്നുകയറ്റങ്ങളെ നിസ്സഹായരായി നോക്കിനിന്ന മുസ്‌ലിം ഉമ്മത്തിന്റെ കൂടെനിന്ന് അതിനെ അറിവിന്റെ ആയുധമുപയോഗിച്ച് ചെറുത്തുതോല്പിച്ച പ്രതിഭാശാലിയായിരുന്നു. സാക്കിര്‍ നായിക്കിനെ ദീദാത്ത് സ്‌നേഹപൂര്‍വം ‘ദീദാത്ത് പ്ലസ്’ എന്ന് വിശേഷിപ്പിച്ചപ്പോള്‍ സാക്കിര്‍ നായിക്ക് മറുപടി പറഞ്ഞത് ‘താങ്കളുടെ 40 വര്‍ഷത്തെ സേവന മാതൃകയാണ് തന്റെ ഏറ്റവും വലിയ വഴികാട്ടി’ എന്നായിരുന്നു.
1940-കളില്‍ തന്നെ ദീദാത്ത് പ്രഭാഷണ രംഗത്തേക്ക് പ്രവേശിച്ചിരുന്നു. 1950-കളിലാണ് ക്രൈസ്തവ മതസങ്കല്പങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാരംഭിച്ചത്. അതിനായി ശക്തമായ പഠനങ്ങളും മുന്നൊരുക്കങ്ങളുമാണദ്ദേഹം നടത്തിയത്. അല്ലെങ്കില്‍ ദീദാത്ത് എന്നും അങ്ങനെ ആയിരുന്നു. ഡോ. ജിമ്മി സ്വാഗാര്‍ട്ടുമായി നടന്ന ലോകപ്രശസ്തമായ സംവാദം ഓര്‍ക്കുക. അതിന് മുന്നോടിയായി അദ്ദേഹത്തിന്റെ കൃതികള്‍ മുഴുവന്‍ പഠിച്ചു. അദ്ദേഹത്തിന്റെ ഓഡിയോ റെക്കാര്‍ഡുകള്‍ സംഘടിപ്പിച്ചു. സ്റ്റേജില്‍ സ്വന്തം വീഡിയോ സംഘത്തെ വിന്യസിച്ചു. അങ്ങനെ കണിശമായ മുന്നൊരുക്കമായിരുന്നു നടത്തിയിരുന്നത്.
ആദ്യസംരംഭങ്ങള്‍
ങീവമാലറ ശി വേല ഛഹറ മിറ ചലം ലേേെമാമ േ(മുഹമ്മദ് നബി പഴയ നിയമത്തിലും പുതിയ നിയമത്തിലും) എന്നതായിരുന്നു ആദ്യപ്രഭാഷണം. ഥങഅ (ഥീൗിഴ ങൗഹെശാ അീൈരശമശേീി) ആണ് തുടക്കത്തില്‍ അദ്ദേഹത്തിന്റെ പല പരിപാടികളും സ്‌പോണ്‍സര്‍ ചെയ്തത്. പ്രഭാഷണങ്ങള്‍ക്ക് ശേഷം ചോദ്യോത്തര സെഷനുകള്‍ അക്കാലത്ത് ഒരു പുതുമയായിരുന്നു. സദസ്സിലേക്ക് ക്രൈസ്തവ വൈദികരെയും വൈദിക വിദ്യാര്‍ഥികളെയു പ്രത്യേകം ക്ഷണിക്കും. പ്രഭാഷണങ്ങളുടെ വന്‍വിജയം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇംഗ്ലീഷിന് പുറമെ സുലു (ദൗഹൗ) ഭാഷയിലും പ്രഭാഷണങ്ങളുണ്ടായി.
1950-60 കാലഘട്ടങ്ങളില്‍ സൗത്താഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പതിനഞ്ച് പൊതു പ്രഭാഷണങ്ങള്‍ വമ്പിച്ച ചര്‍ച്ചാ വിഷയമായി. ജീസസ് മനുഷ്യനോ മായയോ ദൈവമോ, ട്രിനിറ്റിയുടെ യാഥാര്‍ഥ്യം, ബൈബിളും മുഹമ്മദ് നബിയും -ഇങ്ങനെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പുതുമയുള്ള വിഷയങ്ങള്‍! മതതാരതമ്യപഠനം എന്നാണദ്ദേഹം വിഷയങ്ങളെ വിശേഷിപ്പിച്ചത്.
ശൈലി
ലളിതമായ ഇംഗ്ലീഷ്, ഉറച്ച ശബ്ദം, വിട്ടുവീഴ്ചയില്ലാത്ത നിലപാട്, ബൈബിളില്‍ നിന്ന് നിരന്തരം ഉദ്ധരിച്ച തെളിവുകളും തമാശയും അനുകരണങ്ങളും ചിലപ്പോഴൊക്കെ ഗര്‍ജനങ്ങളും. ആ നാവില്‍ നിന്ന് വാക്കുകള്‍ ഒഴുകുകയായിരുന്നു. ഒല വമ െമ ംമ്യ ംശവേ ംീൃറ െ(വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു തനത് ശൈലിയുണ്ട്) എന്നാണ് അദ്ദേഹവുമായി സംവാദവേദിയില്‍ ഏറ്റുമുട്ടിയ മെക്‌ഡോവല്‍ പിന്നീട് പ്രതികരിച്ചത്
എന്നാല്‍ ആ ശൈലിയും ഖണ്ഡന മണ്ഡനങ്ങളും ക്രൈസ്തവരെ പ്രകോപിപ്പിക്കുക സ്വാഭാവികം. എന്നാല്‍, മുസ്‌ലിംകളില്‍ തന്നെ ഒരു വിഭാഗം വമ്പിച്ച എതിര്‍പ്പുമായി രംഗത്തെത്തി. ചിലര്‍ അഹ്‌ലു കിതാബിനെ ആക്ഷേപിക്കുന്നത് വിലക്കി. ചിലര്‍ മതസൗഹാര്‍ദം തകര്‍ക്കുകയാണെന്ന് പരാതിപ്പെട്ടു. മറ്റു ചിലര്‍ ശൈലി മയപ്പെടുത്തണമെന്ന് വാദിച്ചു. എതിര്‍ത്തവരില്‍ സ്വന്തം പിതാവും അര്‍ധസഹോദരന്‍ അബ്ദുല്ല ദീദാത്തും ഉള്‍പ്പെടുന്നു. അഹ്മദ് സിദ്ദീഖ് (മജ്‌ലിസ് ന്യൂസ്), ആര്‍ക്ക് ജുമാന്‍ (അല്‍ബലാഗ), സുലൈം നദ്‌വി എന്നിങ്ങനെ സുഹൃത്തുക്കളില്‍ പലരും അദ്ദേഹത്തിന്റെ കടുത്ത ശൈലിയെ വിമര്‍ശിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത വിമര്‍ശകന്‍ മുഹമ്മദ് മക്കിയും അദ്ദേഹത്തിന്റെ പത്രം മുസ്‌ലിം ഡൈജസ്റ്റുമായിരുന്നു. മരണംവരെ ആ എതിര്‍പ്പ് തുടരുകയും ചെയ്തു.
വിമര്‍ശകരും ദീദാത്തും
ഇത്തരം വിമര്‍ശനങ്ങളെ ദീദാത്ത് ഒരിക്കലും വകവെച്ചില്ല എന്നത് അദ്ദേഹത്തിന്റെ വ്യക്തിവിശേഷവുമായി ബന്ധപ്പെട്ടതാണ്. ശൈലി മാറ്റിയില്ല, ഖണ്ഡന-മണ്ഡന വേദി വിട്ടിറങ്ങിയില്ല. സൗത്താഫ്രിക്ക, ബോട്‌സ്വാന, സിംബാബ്‌വേ, താന്‍സാനിയ അങ്ങനെ ആഫ്രിക്കയുടെ മിക്കവാറും ഭാഗങ്ങളിലെല്ലാം പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ആഫ്രിക്കയും ഇസ്‌ലാമും വേര്‍പെടുത്താനാവാത്തതാണ് എന്നാണ് അദ്ദേഹം പറയാറുണ്ടായിരുന്നത്. 1975-ന് ശേഷമാണ് അദ്ദേഹം അമേരിക്കയിലും യൂറോപ്പിലും അറബ് നാടുകളിലുമെത്തുന്നത്.
ആദ്യസംവാദങ്ങള്‍
ചര്‍ച്ച് ഓഫ് ക്രൈസ്റ്റിലെ വൈദികന്‍ റവ. ആല്‍മാര്‍ട്ടാണ് ദീദാത്തിനെ നേരിട്ടുള്ള ചര്‍ച്ചക്കായി ആദ്യം ക്ഷണിക്കുന്നത്. സൗത്താഫ്രിക്കന്‍ സന്ദര്‍ശനത്തിനുവരുന്ന അമേരിക്കന്‍ ബൈബിള്‍ പ്രഫസര്‍ സിറില്‍ സിങ്കിന്‍സുമായി സംവാദത്തിന് തയ്യാറാണോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. ഇതൊരവസരവും ദൈവനിയോഗവുമായിട്ടാണ് ദീദാത്തും ഐ പി സിയിലെ സുഹൃത്തുക്കളും കണക്കാക്കിയത്. ജീസസ് ദൈവമോ? (11-08-1963 ജോഹന്നാസ്‌ബെര്‍ഗ്), ക്രിസ്തു ക്രൂശിക്കപ്പെട്ടുവോ? (19-08-1963 ഡര്‍ബന്‍) എന്നീ വിഷയങ്ങളിലാണ് സംവാദം നടന്നത്.
സംവാദം മുസ്‌ലിംകളെ ആവേശഭരിതരാക്കിയതായാണ് ഐ പി സി മിനുട്‌സില്‍ രേഖപ്പെടുത്തിയത്. പാശ്ചാത്യ സംസ്‌കാരത്തിനോട് ആഭിമുഖ്യം കാണിച്ചുതുടങ്ങിയ ജനതയില്‍ മാറ്റത്തിന്റെ ലക്ഷണങ്ങള്‍ ദൃശ്യമായി. 1960 മുതല്‍ 1980 വരെ സൗത്താഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംവാദങ്ങള്‍ അരങ്ങേറി. ‘ഞാന്‍ ദൈവമാണെന്ന് യേശു പറഞ്ഞ വ്യക്തമായ ഒരുദ്ധരണി കാണിച്ചുതരൂ. ഞാന്‍ ക്രിസ്ത്യാനിയാവാം’ എന്നായിരുന്നു അദ്ദേഹം എല്ലായ്‌പ്പോഴും ആവശ്യപ്പെട്ടത്. ദൈവികഗ്രന്ഥത്തെ തിരിച്ചറിയാനുള്ള ലളിതമായ ഒരു പരീക്ഷണം അദ്ദേഹം ഖുര്‍ആനില്‍ നിന്നുദ്ധരിച്ചു. ”ദൈവത്തില്‍ നിന്നല്ലായിരുന്നുവെങ്കില്‍ അതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണുമായിരുന്നു.” തുടര്‍ന്ന് ബൈബിളിലെ വൈരുധ്യങ്ങളുദ്ധരിച്ച് സംസാരിക്കും.
തുടക്കത്തില്‍ ഇവയിലധികവും വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നില്ല. 1980-കള്‍ക്കു ശേഷമാണ് ഐ പി സി വീഡിയോ റിക്കോര്‍ഡിംഗ് ഉപയോഗിച്ചുതുടങ്ങിയത്. അപ്പോള്‍ ദീദാത്തിന് 60 കടന്നിരുന്നു. അതുകൊണ്ടാവാം ദീദാത്ത് എന്ന് കേള്‍ക്കുമ്പോള്‍ വൃദ്ധനായ ഒരു ബൈബിള്‍ പ്രഭാഷകന്റെ ചിത്രം പൊടുന്നനെ മനസ്സിലെത്തുന്നത്. ഗണിതജ്ഞനും വൈദിക പണ്ഡിതനുമായ ഗാരി മില്ലറുമായി 1982-ല്‍ (വെസ്റ്റ് ബ്രിഡ്ജ് പാര്‍ക്ക്, സൗത്താഫ്രിക്ക) നടത്തിയ സംവാദം സമ്പൂര്‍ണ വിജയമായിരുന്നുവെന്ന് പറയാം. പിന്നീടദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും അബ്ദുല്‍അഹദ് ഉമര്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
ദീദാത്തിന്റെ അവതരണശൈലിയെക്കുറിച്ച് അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്ത് സുലൈമാന്‍ ശക്കീല്‍ജി പറയുന്നു: ലളിതമായ ശൈലി, കുട്ടികള്‍ക്കുപോലും മനസ്സിലാവുന്ന അവതരണം, സാധാരണ വാക്കും പ്രയോഗങ്ങളും, ബൈബിളില്‍ അഗാധമായ പാണ്ഡിത്യം, ധാരാളം ബൈബിള്‍ വചനങ്ങള്‍ കൃത്യമായി ഓര്‍മയില്‍ നിന്നെടുത്ത് ഉദ്ധരിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അതുകൊണ്ടുതന്നെ അറബ്‌ലോകത്ത് അദ്ദേഹം ശൈഖ് എന്ന് അറിയപ്പെട്ടു.
മിഷനറി സംഘര്‍ഷങ്ങള്‍
ചിലപ്പോഴെങ്കിലും പ്രഭാഷണങ്ങളോടനുബന്ധിച്ച് മിഷനറിമാര്‍ സംഘര്‍ഷങ്ങളുണ്ടാക്കി. മുസ്‌ലിം ‘കോല’ങ്ങളുണ്ടാക്കി, ആഭാസങ്ങള്‍ എഴുതിവെച്ചു. പ്രഭാഷണവേദികള്‍ക്ക് പുറത്ത് മൈക്ക് ഘടിപ്പിച്ച വാഹനങ്ങളില്‍ ചീത്ത വിളികളുണ്ടായി.
കറുത്തവര്‍ പൊതുവെ ദീദാത്തിനെയാണ് പിന്തുണച്ചത്. ക്രിസ്ത്യാനിറ്റി വെളുത്തവരുടെ മതമായിട്ടാണ് കണക്കാക്കപ്പെട്ടത്. കറുത്തവനെ തരംതാഴ്ന്നവനെന്നാണ് ചര്‍ച്ചും വിലയിരുത്തിയത്.
1975-78 കാലഘട്ടത്തില്‍ കേപ്ടൗണില്‍ അദ്ദേഹം നടത്തിയ പ്രസംഗപര്യടനം വമ്പിച്ച കൊടുങ്കാറ്റഴിച്ചുവിട്ടു. അന്തര്‍മുഖരായി നടന്നിരുന്ന മുസ്‌ലിം യുവത ആ ശൈലിയിലും അറിവിലും ആവേശഭരിതരായി. ചര്‍ച്ചും ദീദാത്ത് വിരുദ്ധ മുസ്‌ലിം നേതാക്കളും പ്രകോപിതരായെങ്കിലും ദീദാത്ത് എന്ന ഉരുക്ക് മനുഷ്യന്‍ ദൗത്യത്തിലും ശൈലിയിലും ഒരിഞ്ചും പിന്നോട്ട് പോയില്ല.
1961-ല്‍ ഡച്ച് റിഫോം ചര്‍ച്ച് പ്രസിദ്ധീകരിച്ച ‘ഹാജി അബ്ദുല്ലയുടെ കുറ്റസമ്മതം’ പ്രവാചകനെ നിന്ദിച്ച് സംസാരിച്ചു. മുസ്‌ലിംകള്‍ പ്രകോപിതരായെങ്കിലും മറുപടി പറയാന്‍ ദീദാത്തിന് മാത്രമേ കഴിഞ്ഞുള്ളൂ.
പത്രപരസ്യങ്ങള്‍
ഖുര്‍ആനിനെയും ഇസ്‌ലാമിനെയും പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പത്രപരസ്യങ്ങള്‍, ബില്‍ബോര്‍ഡുകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ഒരു പ്രചാരണശൈലിയായിരുന്നു.
‘ഞങ്ങളുടെ അടുത്തലക്ഷ്യം റമദാനിന് മുമ്പേ പത്ത് ലക്ഷം ഖുര്‍ആന്‍ കോപ്പികള്‍ നിങ്ങളുടെ കൈകളില്‍’ എന്നിങ്ങനെയായിരുന്നു പരസ്യങ്ങളുടെ രീതി. ചില പ്രഭാഷണ പരസ്യങ്ങളില്‍ ‘ഗാലറി സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു’ എന്നും കാണാന്‍ കഴിഞ്ഞു. കൂടാതെ ഖുര്‍ആന്‍ വചനങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ ബില്‍ബോഡുകളായി പ്രദര്‍ശിപ്പിച്ചു. ക്രൈസ്തവര്‍ക്ക് മനസ്സിലാവുന്ന ശൈലിയില്‍ ഖുര്‍ആന്‍ അന്ത്യസുവിശേഷം, സമ്പൂര്‍ണ ജീവിതസഹായി, ഭാവിഭരണഘടന എന്നിങ്ങനെ വിവരണങ്ങളെഴുതി പ്രദര്‍ശിപ്പിച്ചു. യു എസ് എ ടുഡേ, ദ ഗാര്‍ഡിയന്‍, ദ ഇന്‍ഡിപെന്റന്റ് തുടങ്ങി ടൈം വാരിക വരെയുള്ള അന്തര്‍ദേശീയ നിലവാരമുള്ള പത്രമാസികകളില്‍ പോലും വിവിധയിനം പരസ്യങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. അന്യമതസ്ഥരെ പള്ളിയും പരിസരവും സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത് വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും പലരും ഇസ്‌ലാമിക രീതികളെ അടുത്തറിഞ്ഞു.
അസ്സലാമ
അറിവും കഴിവുമുള്ള ദാഇമാരുടെ കുറവ് ദീദാത്തിനെ അലട്ടിക്കൊണ്ടിരുന്നു. പരിഹാര നടപടിയായി ഐ പി സി ഏറ്റെടുത്ത ബൃഹത് പദ്ധതിയാണ് അസ്സലാമ ദഅ്‌വ സെന്റര്‍. സൗത്ത് ആഫ്രിക്കയുടെ ഇസ്‌ലാമിക ദൗത്യം നിറവേറ്റാന്‍ മുസ്‌ലിം യുവതയെ പ്രാപ്തരാക്കുക എന്നതാണ് ദീദാത്തും സഹപ്രവര്‍ത്തകരും ലക്ഷ്യമിട്ടത്. കദ്‌വ എന്ന വ്യക്തി സംഭാവന ചെയ്ത 50 ഏക്കര്‍ കൊടിയ മല ദീദാത്തും സുഹൃത്തുക്കളും വെട്ടിത്തെളിച്ചാണ് നിര്‍മിച്ചത്. ചരിത്രം, ശാസ്ത്രം, കൃഷി, നീന്തല്‍, പശുവളര്‍ത്തല്‍, പ്രസംഗപരിശീലനം, അറബിയും മറ്റു ഭാഷകളും തുടങ്ങി സമഗ്രമായ ഒരു സിലബസ് തയ്യാറാക്കപ്പെട്ടു. ദീദാത്ത് അവിടെ വിദ്യാര്‍ഥിയായും തൊഴിലാളിയായും മേലന്വേഷകനായുമെല്ലാം പ്രവര്‍ത്തിച്ചു. അവിടെ വെച്ചും വിളമ്പിയും തുണി അലക്കിയും തന്നാലാവുന്നതൊക്കെ ദീദാത്തിന്റെ ഭാര്യ ഹവ്വാ ദീദാത്തും ചെയ്തുകൊടുത്തു. സുലൈമാന്‍ പരൂകിയെപ്പോലുള്ളവര്‍ അവിടെ നിന്ന് ബിരുദം നേടിയിറങ്ങിയവരാണ്. പിന്നീട് അസ്സലാമയും പല വിവാദങ്ങള്‍ക്കും സാക്ഷിയായി എന്നത് മറ്റൊരു കാര്യം
ഗ്ലോബല്‍
1975-ന് ശേഷമാണ് പുറംലോകം ദീദാത്തിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പ്രായം 60 കടന്നശേഷം, അദ്ദേഹത്തിന്റെ സൗത്ത് ആഫ്രിക്കന്‍ സുഹൃത്ത് ഇബ്‌റാഹീം ജദ്‌വത്തും ഡോ. അഹ്മദ് തൂതന്‍ജിയും (ഇറാഖില്‍ ജനിച്ചു. യുഎസില്‍ എന്‍ജിനീയറിംഗ് പിഎച്ച്ഡി, കേരളത്തിലും വന്നിട്ടുണ്ട്) ആണ് ദീദാത്തിന് പുറത്തേക്കുള്ള വഴി എളുപ്പമാക്കിയത് എന്ന് പറയാം. അവരിരുവരും വമി (വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത്) യുടെ ആദ്യകാല ഭാരവാഹികളായിരുന്നു. തുടക്കത്തില്‍ വമി ദീദാത്തിന്റെ കാര്യത്തില്‍ വലിയ താല്പര്യം കാണിച്ചില്ല. സുഊദി ടി വി അദ്ദേഹവുമായി നടത്തിയ ഒരു ചെറിയ ഇന്റര്‍വ്യൂ വലിയ ഹിറ്റായി മാറുകയായിരുന്നു.
ദീദാത്ത് 1978-ല്‍ നടന്ന വമി കോണ്‍ഫറന്‍സിന് ക്ഷണിക്കപ്പെട്ടു. ഈ സമ്മേളനത്തോടെ മുസ്‌ലിം ലോകം ദീദാത്തിനായി വാതിലുകള്‍ തുറന്നിട്ടു എന്ന് പറയാം. ഐപിസി അതോടെ ഐ പി സി എല്‍ (Islamic Propogation Centre International) ആയി മാറി.
ആദ്യ അമേരിക്കന്‍ പര്യടനം
1977-ല്‍ തന്നെ അദ്ദേഹം തന്റെ ആദ്യ അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് തന്റെ അനുഭവങ്ങള്‍ ഡോ. തൂതന്‍ജിക്ക് എഴുതി: ‘അമേരിക്കയിലും ഹോങ്കോങിലും സിങ്കപ്പൂരുമുള്ള മുസ്‌ലിംകള്‍ എല്ലാതരം അപകര്‍ഷതയും അനുഭവിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ആഫ്രിക്കന്‍ മുസ്‌ലിംകള്‍ ഇന്ന് ഉരുക്കിന്റെ ശക്തി പ്രാപിച്ചുകഴിഞ്ഞു. കടലിനപ്പുറമുള്ള നമ്മുടെ സഹോദരന്മാരുടെ അവസ്ഥ എത്ര ദുഖകരം..’
ക്രിസ്ത്യന്‍ മിഷനറി മുസ്‌ലിം സമൂഹത്തിനുയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കാന്‍ വമി ദീദാത്തിനെ ചുമതലപ്പെടുത്തി.
പോപ്പും ദീദാത്തും
1984-ല്‍ പോപ്പിനെ ഒരു സംവാദത്തിന് വെല്ലുവിളിച്ചുകൊണ്ട് ദീദാത്ത് മറ്റൊരു വിവാദത്തിന് തിരികൊളുത്തി. ‘മതങ്ങള്‍ തമ്മില്‍ ഡയലോഗ് (സൗഹൃദസംഭാഷണങ്ങള്‍) വേണമെന്ന് താങ്കള്‍ എപ്പോഴും ആവശ്യപ്പെടാറുണ്ടല്ലോ. അത്തരമൊരു സംവാദത്തിന് ഞാനാഗ്രഹിക്കുന്നു. പോപ് സെക്രട്ടറിയേറ്റ് മഴൃലലറ ീേ ാലല’േ (കൂട്ടിക്കാഴ്ചക്ക് സമ്മതമാണ്) എന്ന് അറിയിച്ചെങ്കിലും പിന്നീടുള്ള എഴുത്തുകുത്തുകള്‍ക്ക് മറുപടിയുണ്ടായില്ല. ദിദാത്ത് തന്റെ ശൈലിയില്‍ ‘…… ഡയലോഗ് ഇസ്‌ലാമിനെ ആക്രമിക്കാനുള്ള ഒരു മറ മാത്രമാണ്…’ എന്നാണ് പ്രതികരിച്ചത്.
ഫൈസല്‍ അവാര്‍ഡ്
1985-ല്‍ ദീദാത്ത് ഫൈസല്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ഇസ്‌ലാമിലേക്ക് കടന്നുവന്ന ഫ്രഞ്ച് ഫിലോസഫറും ചിന്തകനുമായ റജാ ഗരോഡിയോടൊപ്പം ഇത്തരമൊരു അവാര്‍ഡ് പങ്കുവെച്ചതില്‍ ദീദാത്ത് അഭിമാനം കൊണ്ടു. അന്നത്തെ കിരീടാവകാശി അബ്ദുല്ല രാജകുമാരനില്‍ നിന്ന് (ഇന്നത്തെ രാജാവ്) അവാര്‍ഡ് സ്വീകരിക്കുന്നത് വമ്പിച്ച വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമായിരുന്നു.
സംവാദങ്ങള്‍
ദീദാത്തിന്റെ സംവാദങ്ങള്‍ കാണാത്തവര്‍ ഒരിക്കലെങ്കിലും അതൊന്ന് കാണാന്‍ ശ്രമിക്കണം. ആ മനുഷ്യനെ നിങ്ങള്‍ ആദരിക്കാതിരിക്കില്ല. പാസ്റ്റര്‍ സ്റ്റാന്‍ലി സോബര്‍ഗുമായുള്ള (Stanley Sjoberg)) സംവാദം. ദീദാത്ത് ഒരുകെട്ട് ബൈബിളുമായാണ് വേദിയിലെത്തിയത്. ഓരോന്നും ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം സോബര്‍ഗിനോട് ചോദിച്ചു: ‘ഇതില്‍ ഏത് ബൈബിളാണ് താങ്കള്‍ സ്വീകരിക്കുന്നത്, നമുക്കതിനെക്കുറിച്ച് സംസാരിക്കാം’ ഞെട്ടിപ്പോയ സോബര്‍ഗ് ഉടന്‍ മറുപടി പറഞ്ഞില്ല. ഖുര്‍ആനിന് വിവിധ പരിഭാഷകളുള്ള പോലെയാണ് വിവിധ ബൈബിളുകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പതിപ്പുകളും (version) പരിഭാഷയും ഒരുപോലെയാണോ എന്ന് ദീദാത്ത് തിരിച്ചുചോദിച്ചു.
ഫലസ്തീനിയന്‍ പാസ്റ്റര്‍ അനീസ് സോറോഷുമായി നടന്ന സംവാദം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. സോറോഷ് തന്റെ അറബി ബൈബിളാണന്ന് കൂടുതലും ഉപയോഗിച്ചത്. ക്രിസ്തു ഭൂമിയില്‍ നടന്നപ്പോള്‍ താന്‍ ദൈവമാണെന്ന് വാദിച്ചിട്ടുണ്ടോ, അങ്ങനെ സമര്‍ഥിക്കുന്ന വല്ല വചനങ്ങളും കാണിച്ചുതരാമോ എന്നായിരുന്നു അന്ന് ദീദാത്ത് നിരന്തരം ചോദിച്ചുകൊണ്ടിരുന്നത്.
ദീദാത്ത് ജിമ്മി സ്വേഗാര്‍ട്ടുമായി നടത്തിയ സംവാദം ലോകപ്രശസ്തമാണ് (1986, യു എസ് എ). 140-ല്‍ പരം രാഷ്ട്രങ്ങളില്‍ വചനപ്രഘോഷണം നടത്തിക്കൊണ്ടിരുന്ന വിഖ്യാത ബൈബിള്‍ പണ്ഡിതനും ടെലി ഇവാഞ്ചലിസ്റ്റുമായിരുന്നു സ്വേഗാര്‍ട്ട്. ബൈബിളിലെ ചില അശ്ലീല ഭാഗങ്ങള്‍ ജനസമക്ഷം വായിക്കാമോ എന്ന് ദീദാത്ത് വെല്ലുവിളിച്ചപ്പോള്‍ അദ്ദേഹം ബൈബിളിന്റെ മറ്റൊരു പതിപ്പിലെ അല്പം വ്യത്യസ്തമായ ഉദ്ധരണി അതിവേഗം വായിച്ചു രക്ഷപ്പെട്ടു. ദീദാത്ത് അദ്ദേഹത്തിന് 100 ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. സ്വേഗാര്‍ട്ടിന് പേരുദോഷം വരുത്തിയ ഈ സംവാദം ദീദാത്തിന്റെ മാസ്റ്റര്‍ പീസുകളിലൊന്ന് മാത്രം.
സംഭാവനകള്‍
1608 മുതല്‍ 1980 വരെ ആയിരക്കണക്കായ മുസ്‌ലിംകളാണ് ആഫ്രിക്കയില്‍ ജോലിചെയ്തിരുന്നത്. അവരെ വലവീശാന്‍ സെമിനാരികള്‍ മുതല്‍ തുന്നല്‍ ക്ലബ്ബുകള്‍ വരെ സ്ഥാപിച്ച് കോളനി ശക്തികളുടെയും മിഷനറിമാരുടെയും അറിവും ആദര്‍ശവുമുപയോഗിച്ച് തടഞ്ഞുനിര്‍ത്തി എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.
ബൈബിള്‍ പൊരുത്തക്കേടുകളെ തുറന്നുകാട്ടി മതതാരതമ്യഗവേഷണ പഠനങ്ങള്‍ ജനപ്രിയമാക്കി മറ്റു മതസ്ഥരിലേക്ക് ഖുര്‍ആനിന്റെ വെളിച്ചം പകര്‍ന്നു. ഗ്രന്ഥരചനകളിലൂടെ ക്രൈസ്തവജല്പനങ്ങളെ പൊളിച്ചെഴുതി. മതസംവാദങ്ങള്‍ ജനപ്രിയമാക്കി സംവാദങ്ങളില്‍ ഒരു ദീദാത്ത് സ്റ്റൈല്‍ അംഗീകരിക്കപ്പെട്ടു. അങ്ങനെ എണ്ണിയാല്‍ തീരുന്നതല്ല അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍. സര്‍വോപരി ആഫ്രിക്കന്‍ മുസ്‌ലിംകളെ അറിവിലൂടെ കരുത്തരാക്കി, ക്രൈസ്തവര്‍ക്ക് ഇസ്‌ലാമിലേക്കുള്ള വഴി എളുപ്പമാക്കിയതോടെ പലരും സത്യമതത്തിലേക്ക് തിരിച്ചുവരാന്‍ ദീദാത്ത് കാരണക്കാരനായി.
നിലപാടുകള്‍
ഫലസ്തീനികളെ ഏറെ സ്‌നേഹിച്ചു. ബെഗിനെ അദ്ദേഹം ഭീകരവാദി എന്നാണ് വിശേഷിപ്പിച്ചത. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്‌റയേല്‍ എംബസി കൗണ്‍സിലുമായും സംവാദം നടത്തി.
അൃമയ െമിറ കെൃമലഹ രീിളഹശര േീൃ രീിരഹശമശേീി എന്ന കൃതിയുടെ പുറംചട്ടയില്‍ പൊട്ടിക്കരയുന്ന ഒരു ഫലസ്തീനിയന്‍ വനിത, ഒരു ഇസ്‌റയേല്‍ പടയാളിയില്‍ നിന്നും തന്റെ കുഞ്ഞിനെ പിടിച്ചുവാങ്ങുന്ന ചിത്രം (യഥാര്‍ഥ ചിത്രം) വൈകാരികതയും വമ്പിച്ച വാര്‍ത്താ പ്രാധാന്യവും നല്‍കി. പടയാളിയുടെ പടത്തൊപ്പിയില്‍ കൊല്ലാനായി ജനിച്ചവന്‍ (born to kill) എന്നെഴുതിയിരുന്നു. ഒരു നല്ല മുസ്‌ലിമായി ജീവിക്കാന്‍ പാകിസ്താനിലേക്ക് കുടിയേറിയെങ്കിലും (1949-50) അവിടുത്തെ മതസാഹചര്യത്തില്‍ മനംമടുത്ത് ആഫ്രിക്കയിലേക്ക് തന്നെ മടങ്ങി. സദ്ദാമിനെതിരെ കുവൈത്തിന്റെ കൂടെനിന്നത് തല്പരകക്ഷികള്‍ വിവാദമാക്കി.
കൃതികള്‍
ക്രിസ്ത്യന്‍ മിഷനറിയുമായുള്ള സംഭാഷണ ശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍ പലതും. ഹു മൂവ്ഡ് ദ സ്റ്റോണ്‍ എന്ന കൃതിയില്‍ ക്രൈസ്തവരുടെ പാപ പുണ്യ സങ്കല്പങ്ങളെയാണ് അദ്ദേഹം നേരിട്ടത്. പാപം പാരമ്പര്യമോ, ദ ഗോഡ് ദാറ്റ് നെവര്‍ വാസ് എന്ന കൃതി ഈസാനബിയുടെ ഗുണവിശേഷണങ്ങളെ ബോധ്യപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ദൈവികതയെ ശക്തമായി നിരാകരിച്ചു. Crucifixion or crucifition എന്ന കൃതി ടൈറ്റിലില്‍ തന്നെ വന്‍ വിജയമായ കൃതിയായിരുന്നു. കുരിശുമരണമില്ലെങ്കില്‍ പാപമോക്ഷമില്ല, അഥവാ കുരിശുമരണമില്ലെങ്കില്‍ ക്രിസ്തുമതമില്ല എന്നതായിരുന്നു അതിന്റെ മുഖ്യചര്‍ച്ച. ഈ കൃതി ആഫ്രിക്കയില്‍ ആദ്യം നിരോധിക്കപ്പെട്ടുവെങ്കിലും അപ്പീല്‍ കോടതി ആ തീര്‍പ്പ് അസാധുവാക്കി. സുഊദി സന്ദര്‍ശന വേളയില്‍ നെല്‍സണ്‍ മണ്ടേലക്ക് സമ്മാനമായി ലഭിച്ച ഒരു കൃതി ദീദാത്തിന്റെ The choice ആയിരുന്നു. ദീദാത്ത് സൗജന്യമായി വിതരണം ചെയ്ത ഈ കൃതിക്കായി ‘മണ്ടേല സ്വന്തമാക്കി, നിങ്ങളോ?’ എന്ന പരസ്യവാചകമാണ് പിന്നീട് ഉപയോഗിച്ചത്.
ബൈബിള്‍ കോംബാറ്റ് കിറ്റ്
ദീദാത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പലതും ഏതെങ്കിലും വിധത്തില്‍ വിവാദങ്ങളുണ്ടാക്കാതിരുന്നിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ഏറ്റവും വലിയ വിവാദമായി വിവരിക്കപ്പെട്ടത് ബൈബിള്‍ കോംബാറ്റ് കിറ്റ് എഗയ്ന്‍സ്റ്റ് ബൈബിള്‍ തമ്പേഴ്‌സ് എന്ന കൃതിയാണ്. യഹോവ സാക്ഷികളും അതുപോലുള്ള മിഷനറികളും എയ്തുവിടുന്ന സ്‌കഡുകള്‍ക്കെതിരെ ഒരു പാട്രിയറ്റായി ബൈബിള്‍ എങ്ങനെ ഉപയോഗിക്കാം എന്ന് പരിശീലിപ്പിക്കുന്ന കൃതി എന്നാണ് ദീദാത്ത് അതിനു നല്‍കിയ വിശദീകരണം. മുഹമ്മദ് മരുഭൂമിയില്‍ ദൈവമക്കളുടെ ചോര ചിന്താന്‍ തന്റെ വാളുമായി നാടു മുഴുവന്‍ തകര്‍ത്താടി. ഇബ്‌റാഹീമിന്റെ രണ്ടാം ഭാര്യ ഹാജറ എന്ന അടിമസ്ത്രീയുടെ അടിമക്കുട്ടി ഇസ്മാഈല്‍, അറബ് ഭീകരരുടെ ഒരു തലമുറ തന്നെ സൃഷ്ടിച്ചു. മുസ്‌ലിംകള്‍ ഇന്നാട്ടില്‍ നിങ്ങളുടെ സഹോദരന്മാരല്ല. കാരണം അവര്‍ക്ക് നിങ്ങളുടെ തലയറുക്കാന്‍ അവസരമുണ്ടായാല്‍ അവര്‍ അത് ചെയ്യും. ഡൊമിനി സ്റ്റോഫല്‍ പോളിന്റെ (Chaplin General South African Police) വാക്കുകളാണിത്. വര്‍ണവെറിയന്മാര്‍ക്കെതിരെയുള്ള സമരത്തില്‍ മുസ്‌ലിംകളുമായി കൈകോര്‍ക്കരുതെന്ന സന്ദേശമാണ് മേല്‍വാചകത്തിലെ സൂചന. ദീദാത്ത് തന്റെ കോംബാറ്റ് കിറ്റ് പുറത്തിയ ഒരു സാഹചര്യമിതാണ്.
സൗജന്യമായി വിതരണം ചെയ്ത പ്രസ്തുത കൃതിയോടൊപ്പം ഒരു ബൈബിളും നല്‍കി. ബൈബിളില്‍ ദീദാത്ത് തന്റേതായ ഒരു ഇന്‍ഡക്‌സ് കൂടി ചേര്‍ത്തു. ബൈബിളിലെ വായിക്കാന്‍ കൊള്ളാത്ത പല ഭാഗങ്ങളും അദ്ദേഹം ഇന്‍ഡക്‌സില്‍ ഉള്‍പ്പെടുത്തി. തന്റെ കോംപാറ്റ് കിറ്റ് ബൈബിളിന്റെ ആദ്യപേജില്‍ ഒട്ടിച്ചുചേര്‍ക്കാനും അതൊരു ഇന്‍ഡക്‌സായി ഉപയോഗിച്ച് ബൈബിള്‍ പഠിക്കാനും വായനക്കാരോട് ആവശ്യപ്പെട്ടു.
ദീദാത്ത് ബൈബിളിനെ അപമാനിച്ചു എന്നായിരുന്നു മിഷനറികളുടെ പരാതി. പുസ്തകം ഉടന്‍ പിന്‍വലിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ദീദാത്ത് അനങ്ങിയില്ല.
പരീക്ഷണങ്ങള്‍
ദീദാത്തിനെ സംബന്ധിച്ചിടത്തോളം ക്രൈസ്തവരുടെ വിമര്‍ശനങ്ങളും ഉപരോധങ്ങളും സ്വാഭാവികം മാത്രം. എന്നാല്‍ മുസ്‌ലിം സാധാരണക്കാരും ബുദ്ധിജീവികളും പലപ്പോഴായി ദീദാത്തിനെതിരെ രംഗത്തുവന്നു. യേശുവിന്റെ കുരിശുമരണവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ചില്ലറ വിവാദങ്ങളുണ്ടാക്കി. അതുപോലെ അദ്ദേഹം കൂടുതലായി ആശ്രയിച്ച യൂസുഫ് അലിയുടെയും മുഹമ്മദ് അസദിന്റെയും പരിഭാഷകളെ ചിലര്‍ തള്ളിപ്പറഞ്ഞു. പണ്ഡിതന്മാരുടെ മുന്നറിയിപ്പുകളെ അവഗണിച്ച് റഷാദ് ഖലീഫയുടെ ഖുര്‍ആന്‍- ഗണിത ശാസ്ത്രവിശകലനം (19-ന്റെ കളികളും ഖുര്‍ആനും) പ്രചരിപ്പിക്കാനിടയായത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി. പിന്നീട് ആ കൃതി അദ്ദേഹം വലിച്ചെറിഞ്ഞു. (റഷാദ് ഖലീഫ പിന്നീട് ചില ഖുര്‍ആന്‍ വചനങ്ങളെ തള്ളിപ്പറയുകയും പ്രവാചകത്വം വാദിക്കുകയും ചെയ്തു). ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഒരു വീഡിയോ ടേപ്പിനെതിരെ രംഗത്തുവന്നത് 29 മുസ്‌ലിം സംഘടനകളായിരുന്നു (1995). ഐ പി സി ഐ പിന്നീടത് നശിപ്പിച്ചുകളഞ്ഞു.
സംഗപ്പൂര്‍ അദ്ദേഹത്തിന് വിസ നിഷേധിച്ചു. ഫ്രാന്‍സും നൈജീരിയയും എയര്‍പോര്‍ട്ടില്‍നിന്ന് തിരിച്ചയച്ചു. ഒരിക്കല്‍ ഇന്ത്യയിലേക്ക് വരാനുള്ള ശ്രമം തടയപ്പെട്ടു. അങ്ങിനെ സംഭവബഹുലവും കൗതുകകരവുമായ ഒരു മനുഷ്യായുസ്സ് ജീവിച്ച അപൂര്‍വ വ്യക്തിത്വം.
ലളിതജീവിതം
പരമാവധി വീട്ടില്‍ നിന്ന് ലഭിക്കുന്ന പൊതിച്ചോറ് കഴിച്ചാണ് ജീവിച്ചത്. വസ്ത്രത്തിന്റെ കാര്യത്തിലൊരിക്കലദ്ദേഹം പറഞ്ഞത്, എനിക്ക് അഞ്ച് വസ്ത്രങ്ങളുള്ളതില്‍ മൂന്നെണ്ണം ഒരു ബന്ധു മരിച്ചപ്പോള്‍ ലഭിച്ചതാണ് എന്നാണ്. ഐ പി സി ഐ അറബ് ലോകവുമായി ബന്ധപ്പെട്ടതോടെ ധാരാളം സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചു. (മില്യന്‍ കണക്കിന് അറബ് പണം ദീദാത്തിന്റെ ആസ്ഥാനത്തേക്കൊഴുകുന്നു എന്നാണ് ക്രൈസ്തവസഭകള്‍ ഇതിനെ വിശേഷിപ്പിച്ചത്). എന്നാല്‍ കിട്ടിയതിലും കൂടുതല്‍ അദ്ദേഹം പ്രബോധന സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. വിവാദങ്ങള്‍ പലതും ഉണ്ടായിട്ടും അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും വ്യക്തിത്വവും ചോദ്യം ചെയ്യപ്പെട്ടില്ല. ഐപിസിഐയില്‍ അദ്ദേഹത്തിനൊരു കരുത്തനായ പിന്‍ഗാമി ഉണ്ടായില്ല എന്നതും പരാമര്‍ശമര്‍ഹിക്കുന്ന വിഷയം തന്നെയാണ്. അദ്ദേഹത്തിന്റെ ഒരു മകന്‍ യൂസുഫ് ദീദാത്ത് ഐപിസിഐയില്‍ സജീവമായിരുന്നുവെങ്കിലും അകാലത്തില്‍ മരണപ്പെട്ടുപോയി.
അധ്യായം അവസാനിക്കുന്നു
1996 മെയില്‍ ആസ്‌ത്രേലിയയില്‍ ഗവണ്‍മെന്റിന്റെ നാടുകടത്തല്‍ ഭീഷണിമൂലം വിവാദമായ ഒരു പ്രബോധന പര്യടനം കഴിഞ്ഞ് മടങ്ങിയ ദീദാത്ത് രണ്ട് നാളുകള്‍ക്ക് ശേഷം ഐപിസിഐയുടെ ഒരു മീറ്റിംഗില്‍ പങ്കുകൊണ്ടു. തുടര്‍ന്ന് അവശത തോന്നിയ ദീദാത്ത് അത് വകവെക്കാതെ മുപ്പത് കിലോമീറ്റര്‍ അകലെയുള്ള തന്റെ വീട്ടിലേക്ക് സ്വയം കാറോടിച്ചുപോയി. (കരുത്തനായ ദീദാത്ത് ഗുസ്തിക്കാരനും ഭാരോദ്വഹകനുമായിരുന്നു). വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീണ ദീദാത്തിന് കടുത്ത സ്‌ട്രോക്ക് ബാധിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പ്രാദേശിക ചികിത്സകള്‍ ഫലിക്കാതെ വന്നപ്പോള്‍ സുഊദി കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. 9 മാസത്തെ ചികിത്സക്കുശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിന് സംസാരശേഷിയോ ചലനശേഷിയോ തിരിച്ചുകിട്ടിയില്ല. ഒരു അക്ഷരമാല ബോര്‍ഡ് (alphabet board) ഉപയോഗിച്ചായിരുന്നു ആശയ വിനിമയം നടത്തിയത്. ഈ നിലയില്‍ 9 വര്‍ഷത്തോളം സ്വന്തം ഭാര്യയുടെ ശുശ്രൂഷയിലായിരുന്ന ദീദാത്ത് 2005 ആഗസ്ത് 8-ന് ലോകത്തോട് വിടപറഞ്ഞു. Firy Muslim missionary dies എന്നാണ് ചില പത്രങ്ങള്‍ അദ്ദേഹത്തിന്റെ മരണം ലോകത്തെ അറിയിച്ചത്.
അദ്ദേഹത്തിന്റെ ഭാര്യ ഹവ്വാ ദീദാത്തിനെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക: ‘ദീദാത്തിനെ ഊട്ടിയും ഉറക്കിയും വസ്ത്രം ധരിപ്പിച്ചും ഡോക്ടറുടെയും നഴ്‌സിന്റെയും ജോലി നിര്‍വഹിച്ചത് അവരായിരുന്നു. അതിനുള്ള പരിചയവും പരിശീലനവും അവര്‍ നേടിയിരുന്നു. സുഊദിയില്‍ നിന്ന് മടങ്ങിയ ശേഷം 9 വര്‍ഷക്കാലം ദീദാത്തിനെ വിട്ട് ഒരിക്കല്‍ പോലും അവര്‍ പുറത്തുപോയിട്ടില്ല.’
ദീദാത്ത് വിട വാങ്ങിയെങ്കിലും അദ്ദേഹം അഴിച്ചുവിട്ട കൊടുങ്കാറ്റ് കെട്ടടങ്ങിയിട്ടില്ല. ലൂയി ഫറാക്കാന്‍ അനുസ്മരിച്ച പോലെ, ഇസ്‌ലാമിനെ സ്‌നേഹിക്കുന്നവര്‍ ജീവിക്കുന്ന കാലത്തോളം ദീദാത്ത് ജീവിക്കും.ttarazak@gmail.com
അവലംബം: Ahmed Deedath -His the man and mission.  by Gulam Vahid