Saturday
21
July 2018

സ്വഫ്ഫിനിടയിലെ പിശാച്

admin

 


നവയാഥാസ്ഥിതികര്‍ വിശ്വാസരംഗങ്ങളില്‍ മായംചേര്‍ത്തതു പോലെ അനുഷ്ഠാന രംഗത്തും മായംചേര്‍ത്തു കൊണ്ടിരിക്കുകയാണ്. അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ചലിപ്പിക്കല്‍, സുജൂദില്‍ നിന്നും ഉയരുമ്പോള്‍ മുഷ്ടി ചുരുട്ടി നിലത്തൂന്നി എഴുന്നേല്‍ക്കല്‍, സ്വഫ്ഫു നില്ക്കുമ്പോള്‍ വിരലുകള്‍ ഒപ്പിക്കല്‍ എന്നിവ അവയില്‍ ചിലതാണ്. കാല്‍വിരലുകള്‍ ഒപ്പിക്കാതെയും ചേര്‍ക്കാതെയും നിന്നാല്‍ അതിന്നിടയില്‍ പിശാച് വന്നുനില്ക്കും എന്നാണത്രെ ഇവരുടെ വാദം. പ്രസ്തുത വാദം ശരിയാണെങ്കില്‍ അതിന്നിടയില്‍ മാത്രമല്ല, പിശാച് കാലുകള്‍ക്കിടയിലും രണ്ടാളുടെ തലകള്‍ക്കിടയിലും കയറിനില്‍ക്കില്ലേ. അങ്ങനെ വരുമ്പോള്‍ നമസ്‌കരിക്കുന്ന ഓരോ വ്യക്തിയും കാലുകള്‍ക്കിടയില്‍ വിടവ് വരുത്താത്ത വിധം അറ്റന്‍ഷനായ നിലയില്‍ നില്‍ക്കേണ്ടിവരും. അതുപോലെ ഒരു സ്വഫ്ഫിലെ രണ്ടുപേരുടെ തലകള്‍ തമ്മിലും ചേര്‍ത്തുവെക്കേണ്ടി വരും. തലകള്‍ ചേര്‍ത്തുവെച്ചാലും കഴുത്തുകള്‍ ചേര്‍ത്തുവെക്കാന്‍ സാധിക്കാത്തതിനാല്‍ ആ വിടവിലും പിശാച് വന്നു നില്ക്കാന്‍ സാധ്യതയുണ്ട്!
വിരലുകള്‍ ഒപ്പിച്ച് സ്വഫ്ഫുനില്ക്കാന്‍ അല്ലാഹുവിന്റെ റസൂല്‍ എവിടെയും പറഞ്ഞിട്ടില്ല. അപ്രകാരം സ്വഫ്ഫു നിന്നാല്‍ പാമ്പ് ചലിക്കുന്നതു പോലെയുണ്ടാകും സ്വഫ്ഫ്! ചെറിയ പാദമുള്ള വ്യക്തി നില്ക്കുന്നത് വലിയ പാദമുള്ള വ്യക്തിയോടൊപ്പമാണെങ്കില്‍ അല്പം കയറിനില്‌ക്കേണ്ടിവരും. ഇനി വലതുഭാഗം നില്ക്കുന്നത് ചെറിയ പാദമുള്ള വ്യക്തിയാണെങ്കില്‍ വലിയ പാദമുള്ള വ്യക്തി പാദം സ്വഫ്ഫില്‍ നിന്നും അല്പം താഴോട്ട് പിന്തിപ്പിക്കേണ്ടിവരും. ഇപ്പറഞ്ഞ വിധം സ്വഫ്ഫു നില്ക്കുകയെന്നത് നബിചര്യയോ പ്രായോഗികമോ അല്ല.
ഇവരൊക്കെ പിശാചിനെ സംബന്ധിച്ച് എഴുതുന്നതും പറയുന്നതും കേട്ടാല്‍ തോന്നുക പിശാച് ഇവരോടൊപ്പം കളിച്ചും ചിരിച്ചും തോളില്‍ കൈവെച്ചും നടക്കുന്ന ഒരു വിഭാഗം സൃഷ്ടികളാണെന്നാണ്. വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും 95 ശതമാനം സ്ഥലങ്ങളിലും പിശാച് എന്ന് പ്രയോഗിച്ചിട്ടുള്ളത് ആലങ്കാരികമായിട്ടാണ്. പൈശാചിക പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് അവിടങ്ങളിലെ സൂചന. ഇമാം നവവി പറയുന്നു: ”പിശാചിനെ തൃപ്തിപ്പെടുത്തുന്ന എല്ലാ നിന്ദ്യവും നീചവുമായ വസ്തുക്കളും പിശാചിലേക്ക് ചേര്‍ത്തു പറയാവുന്നതാണ്.” (ശറഹു മുസ്‌ലിം 7:309)
റശീദ് രിദ്വ(റ) പറയുന്നു: ”ദ്രോഹം വരുത്തിവെക്കുന്ന ചില ജീവികള്‍ക്കും ചില പ്രാണികള്‍ക്കും ജിന്നെന്നും പിശാചുക്കളെന്നും അറബികള്‍ പ്രയോഗിക്കാറുണ്ട്” (തഫ്‌സീറുല്‍ മനാര്‍ 7:526). സ്വഫ്ഫുകള്‍ക്കിടയില്‍ പിശാച് കയറിനില്ക്കും എന്ന് പറഞ്ഞതും ആലങ്കാരികമായാണ്. സ്വഫ്ഫുകളില്‍ അടുപ്പമില്ലെങ്കില്‍ പിശാച് നിങ്ങളുടെ മനസ്സുകള്‍ തമ്മിലും അകറ്റി വിദ്വേഷവും സൃഷ്ടിക്കും എന്നാണ് ഇവിടെ വിവക്ഷ. മുസ്‌ലിംകള്‍ പരസ്പരം അകലുന്നതും തെറ്റി ജീവിക്കുന്നതും പിശാച് വളരെ താല്പര്യപ്പെടുന്ന കാര്യമാണ്. നമസ്‌കാരത്തില്‍ സ്വഫ്ഫ് സംബന്ധിച്ച നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. അതില്‍ എവിടെയും കാല്‍ വിരലൊപ്പിച്ച് സ്വഫ്ഫുനില്ക്കാന്‍ കല്പനയില്ല.
ഏതാനും ഹദീസുകള്‍ ശ്രദ്ധിക്കുക: ബറാഅ്(റ) പറയുന്നു: ”നബി(സ) സ്വഫ്ഫിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അതിന്റെ വിടവുകള്‍ നികത്തി ശരിപ്പെടുത്തിയിരുന്നു. നിങ്ങള്‍ സ്വഫ്ഫ് ശരിയാകുന്നതില്‍ ഭിന്നിക്കുന്ന പക്ഷം നിങ്ങളുടെ മനസ്സുകളും ഭിന്നിക്കുമെന്ന് പറഞ്ഞുകൊണ്ട് ഞങ്ങളുടെ നെഞ്ചിലും ചുമലുകളിലും തടവി ശരിപ്പെടുത്താറുണ്ടായിരുന്നു.” (അബൂദാവൂദ് 1:250)
ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ”നബി(സ) പറയും: നിങ്ങള്‍ സ്വഫ്ഫുകള്‍ ശരിയാക്കുക, അതില്‍ നിങ്ങള്‍ ഭിന്നിക്കുന്നപക്ഷം നിങ്ങളുടെ മനസ്സുകള്‍ ഭിന്നിക്കുമെന്ന് പറഞ്ഞുകൊണ്ട് ഞങ്ങളുടെ ചുമലുകളില്‍ തടവി സ്വഫ്ഫുകള്‍ ശരിപ്പെടുത്താറുണ്ടായിരുന്നു” (സ്വഹീഹ് മുസ്‌ലിം 2:30)
നുഅ്മാനുബ്‌നു ബശീര്‍(റ) പറയുന്നു: ”നബി(സ) ജനങ്ങള്‍ക്കഭിമുഖമായി നിന്നുകൊണ്ട് മൂന്നു തവണ പ്രസ്താവിച്ചു: അല്ലാഹുവാണ് സത്യം. നിങ്ങള്‍ സ്വഫ്ഫുകള്‍ ശരിയാക്കണം. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ മനസ്സുകളെ പരസ്പരം ഭിന്നിപ്പിക്കും. നുഅ്മാന്‍(റ) പറയുന്നു: അപ്പോള്‍ ഓരോ വ്യക്തിയും തന്റെ ചുമല്‍ തന്റെ കൂട്ടുകാരന്റെ ചുമലിനോടും മുട്ടിന്‍കാലുകള്‍ കൂട്ടുകാരന്റെ മുട്ടിന്‍ കാലിനോടും, നെരിയാണി കൂട്ടുകാരന്റെ നെരിയാണിയോടും ചേര്‍ത്തുവെക്കുന്നതായി ഞാന്‍ കണ്ടു.” (അബൂദാവൂദ് 1:249)
നുഅ്മാന്‍(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: ”കോപ്പകള്‍ അണിയായി നിരത്തിവെക്കുന്നതു പോലെ നബി(സ) സഫ്ഫുകള്‍ ശരിയാക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരാളുടെ നെഞ്ച് സ്വഫ്ഫില്‍ നിന്നും മുന്തിനില്ക്കുന്നതായി കണ്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: നിശ്ചയമായും നിങ്ങള്‍ സ്വഫ്ഫുകള്‍ ശരിയാക്കിയേ തീരൂ. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ മുഖങ്ങള്‍ (മനസ്സുകള്‍) തമ്മില്‍ ഭിന്നിപ്പിക്കും.”(സ്വഹീഹ് മുസ്‌ലിം 2:31)
ഇമാം ബുഖാരി രേഖപ്പെടുത്തിയ ഒരധ്യായം ശ്രദ്ധിക്കുക: ”ചുമലിനെ ചുമലിനോടും പാദത്തെ പാദത്തോടും ചേര്‍ത്തുവെക്കുന്നത് സംബന്ധിച്ചുള്ള അധ്യായം” (ഫത്ഹുല്‍ ബാരി 3:137). ഇവിടെ പാദം കൊണ്ടുദ്ദേശിക്കുന്നത് കാല്‍മടമ്പാണ്. നെരിയാണി ചേര്‍ത്തുവെക്കാന്‍ കല്പിച്ചതും മടമ്പുകള്‍ ഒത്തുവരാനാണ്. മറിച്ച് പാദവും നെരിയാണിയും ഒപ്പിച്ചാല്‍ വിരലുകള്‍ക്കൊപ്പിക്കാന്‍ സാധ്യമല്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. വിരലൊപ്പിക്കുക എന്നതിന്റെ പേരില്‍ ആളുകളുടെ വിരലില്‍ചവിട്ടി വേദനിപ്പിക്കല്‍ അക്രമവും അനാചാരവും നമസ്‌കാരം തന്നെ ബാത്വിലായിത്തീരാന്‍ കാരണവുമാകുന്നതുമാണ്.
നമസ്‌കാരത്തില്‍ സ്വഫ്ഫു നില്‌ക്കേണ്ടത് വിരലുകളൊപ്പിച്ചല്ല. പ്രധാനമായും ചുമലും മടമ്പും ഒപ്പിച്ചാണ് എന്ന് ഹദീസുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അത്തഹിയ്യാത്തില്‍ വിരല്‍ വിറപ്പിക്കലും സുജൂദില്‍ നിന്നുയരുമ്പോള്‍ മുഷ്ടികള്‍ നിലത്തൂന്നി എഴുന്നേല്ക്കലും ദുര്‍ബലമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചെയ്തുവരുന്ന കര്‍മങ്ങളാണ്. കൈവിരല്‍ ചലിപ്പിക്കുന്നത് പിശാചിനെ ദേഷ്യം പിടിപ്പിക്കാനാണ് എന്നാണ് പറയപ്പെടുന്നത്. യഥാര്‍ഥത്തില്‍ പിശാചിന് അതുകൊണ്ട് ദേഷ്യമല്ല, സന്തോഷമാണ് ഉണ്ടാവുക! കാരണം തന്റെ അടുത്തിരുന്ന് ചൂണ്ടുവിരല്‍ ചലിപ്പിക്കാതെ വിരല്‍ ചൂണ്ടുക മാത്രം ചെയ്തു നമസ്‌കരിക്കുന്നവന്റെ ശ്രദ്ധ ഈ വിരല്‍നൃത്തത്തിലേക്ക് തിരിയുകയും അതുമൂലം അവന്റെ നമസ്‌കാരം തന്നെ ശ്രദ്ധ തെറ്റാന്‍ അത് കാരണമാവുകയും ചെയ്യും.
ഇമാം നവവി(റ) പറയുന്നു: ”നബി(സ) അത്തഹിയ്യാത്തില്‍ വിരല്‍ ചലിപ്പിക്കാതെ അത് ചൂണ്ടാറായിരുന്നു പതിവെന്ന് ഇബ്‌നു സുബൈറില്‍(റ) നിന്ന് അബൂദാവൂദ് സ്വഹീഹായ പരമ്പരയോടെ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ പിശാചിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി നബി(സ) വിരല്‍ ചലിപ്പിക്കാറുണ്ടായിരുന്നു എന്ന ഇബ്‌നുഉമറിന്റെ(റ) ഹദീസ് സ്വഹീഹല്ല. ഇമാം ബൈഹഖി പ്രസ്താവിച്ചിരിക്കുന്നു: അത് വാഖിദി എന്നു പറയുന്ന ഒരു വ്യക്തി ഒറ്റപ്പെട്ടു റിപ്പോര്‍ട്ട് ചെയ്തതാണ്. അദ്ദേഹം വിശ്വാസയോഗ്യനല്ല” (അല്‍മജ്മൂഉ ശറഹുല്‍ മുഹദ്ദബ് 3:454, 455).
‘സുജൂദില്‍ നിന്നും മുഷ്ടിചുരുട്ടി നിലത്തൂന്നി എഴുന്നേല്ക്കണം’ എന്ന റിപ്പോര്‍ട്ടും ദുര്‍ബലമാണ് എന്നതാണ് പണ്ഡിതാഭിപ്രായം. നബി(സ)യും സ്വഹാബത്തും നമസ്‌കാരം നിര്‍വഹിക്കാറുണ്ടായിരുന്നത് മണലിലും പാറപ്പുറങ്ങളിലുമൊക്കെ ആയിരുന്നല്ലോ. മുഷ്ടി ചുരുട്ടി ഭൂമിയില്‍ ഊന്നി എഴുന്നേല്ക്കുന്ന പക്ഷം അവരുടെ വിരലുകളുടെ തൊലി ഉരിഞ്ഞ് മുറിവേറ്റേനെ. ഈ വിഷയത്തില്‍ വന്ന ഹദീസും പണ്ഡിതന്മാര്‍ സ്വഹീഹായി അംഗീകരിച്ചിട്ടില്ല. ”നബി(സ) സുജൂദില്‍ നിന്നും എഴുന്നേല്ക്കുമ്പോള്‍ മാവ് കുഴയ്ക്കുന്നവനെപ്പോലെ ഭൂമിയില്‍ കൈ വെക്കാറുണ്ടായിരുന്നു എന്ന ഇബ്‌നു അബ്ബാസിന്റെ(റ) റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇബ്‌നുസ്വലാഹ്(റ) പറയുന്നു: ഈ ഹദീസ് തെളിവിന് കൊള്ളുന്നതോ അറിയപ്പെടുന്നതോ സ്വഹീഹോ അല്ല. ഇമാം നവവി ‘ശറഹുല്‍ മുഹദ്ദബില്‍’ ഈ ഹദീസ് അടിസ്ഥാനരഹിതവും അസത്യവും ദുര്‍ബലവുമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.” (അല്‍മജ്മൂഉ ശറഹുല്‍മുഹദ്ദബ് 3:491)