Saturday
21
July 2018

നബി(സ)യുടെ വിവാഹവും വിവാദവും

ശംസുദ്ദീന്‍ പാലക്കോട്‌

”അല്ലാഹുവും റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു.” (അഹ്‌സാബ് : 36)
നബി(സ) യുടെ 58-ാമത്തെ വയസ്സില്‍ അഥവാ ഹിജ്‌റ അഞ്ചില്‍ നടന്ന സൈനബ് ബിന്‍ത് ജഹ്ശ് -സൈദുബ്‌നുഹാരിസ വിവാഹവുമായി ബന്ധപ്പെട്ട് അവതരിച്ച ഒരു സൂക്തമാണിത്. അടിമയായിരുന്ന സെയ്ദ്(റ) പിന്നീട് നബി(സ)യുടെ വളര്‍ത്തുപുത്രനായിരുന്നു. സൈനബാകട്ടെ നബി(സ)യുടെ പിതൃസഹോദരിയുടെ മകളും ഖുറൈശി കുടുംബാംഗവും സുന്ദരിയുമായിരുന്നു. സൗന്ദര്യവും സൗന്ദര്യവും തമ്മിലോ സമ്പത്തും സമ്പത്തും തമ്മിലോ തറവാടും തറവാടും തമ്മിലോ അല്ല കല്യാണം കഴിക്കേണ്ടതെന്നും നല്ല ദാമ്പത്യത്തിന് അങ്ങനെയൊരു മാനദണ്ഡം ആവശ്യമില്ല എന്നും നല്ലവനും നല്ലവളും തമ്മിലാണ് വിവാഹബന്ധങ്ങള്‍ ഉണ്ടാകേണ്ടതെന്നും ഇസ്‌ലാമിന്റെ തത്വമാണ്. (സൂറതന്നൂര്‍ 26)
ഇസ്‌ലാമിന്റെ ഈ മഹിത തത്വം നബി(സ)യുടെ വിവാഹങ്ങളില്‍ യാഥാര്‍ഥ്യമായിട്ടുണ്ട്. ഭൗതികമായ പല കാര്യങ്ങളിലും യോജിപ്പ് (കുഫ്‌വ്) ഇല്ലാത്ത ഖദീജ(റ)യുമായുള്ള നബി(സ)യുടെ വിവാഹം ഉദാഹരണം. എന്നിട്ടും ഈ വ്യക്തികള്‍ തമ്മിലുള്ള വിവാഹവും ദാമ്പത്യജീവിതവും സംതൃപ്തമായിരുന്നു. തന്റെ അനുയായികളിലും ഇസ്‌ലാമിന്റെ ഈ മഹിത തത്വം പുലരണമെന്ന് നബി(സ)ആഗ്രഹിക്കുക സ്വാഭാവികം. അങ്ങനെയാണ് സുന്ദരിയും ‘തറവാട്ടു’കാരിയുമായ തന്റെ പിതൃസഹോദരീ പുത്രിയെ സൗന്ദര്യം കുറഞ്ഞവനും മോചിതനായ അടിമയുമായ സെയ്ദിനെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ നബി(സ) ആഗ്രഹിച്ചത്.
എന്നാല്‍ സൈനബിന്റെ സഹോദരനായ അബ്ദുല്ലാഹിബ്‌നു ജഹ്ശിന് തന്റെ പെങ്ങളെ സെയ്ദിനെക്കൊണ്ട് വിവാഹം ചെയ്യിക്കുന്നത് ഇഷ്ടമായിരുന്നില്ല. അതിന് അദ്ദേഹം കണ്ടെത്തിയ ന്യായമാകട്ടെ, പഴയ ജാഹിലിയ്യ തറവാട്ട് മഹിമയും! ഈ സന്ദര്‍ഭത്തിലാണ് അല്ലാഹുവിന്റെ ആയത്തിറങ്ങുന്നതും നബി(സ) അത് അബ്ദുല്ലയെയും സൈനബിനെയും ഓതിക്കേള്‍പ്പിക്കുന്നതും. ഖുര്‍ആനിന്റെ ശാസന അവരുടെ മനസ്സിനെ മാറ്റിച്ചിന്തിപ്പിച്ചു. അവര്‍ വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ സൈനബ് -സെയ്ദ് വിവാഹം സമംഗളം നടക്കുകയും ചെയ്തു.
ഇത്രയും ചരിത്ര സത്യം. എന്നാല്‍ ഈ ചരിത്ര സത്യത്തിലേയ്ക്ക് ഇസ്‌ലാമിന്റെ ശത്രുക്കളായ ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിക ചരിത്രത്തിലെ നെല്ലും പതിരും വേര്‍തിരിച്ച് മനസ്സിലാക്കിയിട്ടില്ലാത്ത ചിലരും സൈദ്- സൈനബ് വിവാഹത്തെയും അതില്‍ നബി (സ)യുടെ പങ്കിനെയും അങ്ങേയറ്റം വികലവും വികൃതവുമാക്കി അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ രൂപമാണ് ഇപ്പോള്‍ പ്രചരിക്കുന്ന നബി (സ)യുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു അശ്ലീല പ്രസംഗം. (കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ഒരു രാഷ്ട്രീയ നേതാവ് നടത്തിയ ഈ പ്രസംഗം വിവാദമായപ്പോള്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചില പ്രവാചക ചരിത്ര പുസ്തകവും ഖുര്‍ആന്‍ വ്യാഖ്യാന പുസ്തകവും വായിച്ചപ്പോള്‍ ഉണ്ടായ തെറ്റായ വിവരമായിരുന്നു അതിന് അടിസ്ഥാനമെന്ന് ബോധ്യപ്പെടുത്തി മാപ്പു പറയുകയും ചെയ്തിട്ടുണ്ട്.)
എന്നാല്‍ നവമാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ അശ്ലീലപ്രസംഗം പതിനായിരക്കണക്കായ ആളുകളുടെ മനസ്സില്‍ ലോകഗുരുവായ പ്രവാചകന്റെ സംശുദ്ധമായ ജീവിതത്തെ സംശയദൃഷ്ടിയോടെ കാണുന്ന അവസ്ഥ സംജാതമാക്കിയിട്ടുണ്ട്. ഓറിയന്റലിസ്റ്റുകള്‍ അവരുടെ പുസ്തകങ്ങളിലൂടെയും നവമാധ്യമക്കാര്‍ വാട്‌സ് ആപ്പിലൂടെയും മറ്റും പ്രചരിപ്പിച്ച കഥയുടെ ചുരുക്കം ഇതാണ് :
‘ഭാര്യാ-ഭര്‍ത്താക്കളായ സെയ്ദും സൈനബും വിശ്രമിക്കുന്ന അവരുടെ ‘കിടപ്പറയി’ലേക്ക് നബി(സ) ഒരിക്കല്‍ കടന്നുചെല്ലുകയും അപ്പോള്‍ ഉറക്കറ വസ്ത്രം മാത്രം ധരിച്ച് അര്‍ധനഗ്‌നയായി കിടക്കുന്ന സൈനബിനെ കാണുകയും സൈനബിന്റെ സൗന്ദര്യം നബിയെ കോരിത്തരിപ്പിക്കുകയും സൈനബിനെ സ്വന്തമാക്കാന്‍ അദ്ദേഹം മോഹിക്കുകയും സെയ്ദിനെക്കൊണ്ട് സൈനബിനെ വിവാഹമോ ചനം ചെയ്യിച്ച് നബി(സ) സൈനബിനെ വിവാഹം ചെയ്ത് സ്വന്തമാക്കുകയും ചെയ്തു’!!
ചരിത്ര വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ‘കഥ’യുടെ നിജസ്ഥിതി അറിയാന്‍ ഖുര്‍ആന്‍ ആയത്ത് തന്നെ ധാരാളം മതിയാകുന്നതാണ്: ”നിന്റെ ഭാര്യയെ നീ നിന്റെ അടുത്തു തന്നെ നിര്‍ത്തിപ്പോരുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക എന്ന് അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചുവെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു.
അങ്ങനെ സെയ്ദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ (സെയ്ദ് സൈനബിനെ ത്വലാഖ് ചൊല്ലിയപ്പോള്‍) അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് (വിവാഹമോചനം നടത്തിയിട്ട്) അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിന്റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
”തനിക്ക് അല്ലാഹു നിശ്ചയിച്ചിരുന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമംതന്നെയാണിത്. അല്ലാഹുവിന്റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.” (അഹ്‌സാബ് 33,38)
ഈ ദിവ്യ സൂക്തങ്ങളില്‍ നിന്ന് താഴെ പറയുന്ന വസ്തുതകളാണ് പ്രകാശിതമാകുന്നത്:
1). നബി(സ)യുടെ അനുഗ്രഹത്തിന്റെയും സംരക്ഷണത്തിന്റെയും തണലില്‍ വളര്‍ന്നുവന്ന അനുഗൃഹീതവ്യക്തിയാണ് സെയ്ദ് ബ്‌നു ഹാരിസ. ഖുര്‍ആനില്‍ പേര് പറയപ്പെട്ട ഏക സ്വഹാബിയും അദ്ദേഹം തന്നെ.
2). നബി(സ) മുന്‍കൈയെടുത്ത് നടത്തിയ വിവാഹമാണെങ്കിലും സെയ്ദ്- സൈനബ് ദാമ്പത്യം സുഖകരമോ സംതൃപ്തിദായകമോ ആയിരുന്നില്ല. സൈനബിന്റെ മനസ്സില്‍ സെയ്ദ് തനിക്ക് ചേര്‍ന്നവനല്ല എന്ന ‘അഹംബോധം’ നിലനിന്നിരുന്നതിനാല്‍ സെയ്ദിനെ ഭര്‍ത്താവ് എന്ന നിലക്ക് അംഗീകരിക്കാന്‍ സൈനബക്ക് പ്രയാസമുണ്ടായിരുന്നു.
3). സൈനബയില്‍ നിന്നുണ്ടാകുന്ന ഈ അവഗണന സെയ്ദിനെ മാനസികമായി തളര്‍ത്തി. വിവാഹമോചനത്തെപ്പറ്റിപ്പോലും ഒരുവേള സെയ്ദ് ചിന്തിക്കുകയുണ്ടായി. തന്റെ ചിന്തകളും സങ്കടങ്ങളും വളര്‍ത്തച്ഛനും പ്രവാചകനുമായ മുഹമ്മദ് നബി(സ)യോട് സെയ്ദ് പലവട്ടം അറിയിച്ചിരുന്നു.
4). സെയ്ദ് വന്ന് ഭാര്യയെപ്പറ്റി പരാതി പറയുമ്പോഴൊക്കെയും ഭാര്യയെ കൂടെ നിര്‍ത്തുക, ത്വലാഖിനെപ്പറ്റി ചിന്തിക്കാതിരിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക എന്നൊക്കെ പറഞ്ഞ് നബി(സ) സെയ്ദിനെ സമാധാനിപ്പിച്ച് വിടുകയാണ് ചെയ്തത്.
5). വീണ്ടും വീണ്ടും സെയ്ദ് വന്ന് തന്റെ ദാമ്പത്യ വിഷമം നബിയെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തീവ്രമായ വിഷമം ബോധ്യപ്പെട്ട പ്രവാചകന്‍ സെയ്ദിന് ത്വലാഖിനുള്ള അനുമതി നല്‍കുകയായി രുന്നു.
6). ഈ സന്ദര്‍ഭത്തിലൊന്നും സൈനബിനെ വിവാഹം ചെയ്യുന്നതിനെപ്പറ്റിയുള്ള യാതൊരുചിന്തയും നബി(സ)യെ സ്വാധീനിച്ചിരുന്നില്ല.
7). അല്ലാഹു ചില കാര്യങ്ങള്‍ നബി(സ)യിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുകയും അങ്ങനെ അല്ലാഹുവിന്റെ കല്പന പ്രകാരം നബി(സ) സൈനബിനെ വിവാഹം ചെയ്യുകയും ചെയ്തു.
8). നബി(സ)യുടെ മനസ്സില്‍ സൈനബിനെ വിവാഹം ചെയ്യുന്ന കാര്യത്തില്‍ ചില ആശങ്കകള്‍ ഉണ്ടായിരുന്നു. വളര്‍ത്തുപുത്രന്‍ വിവാഹമോചനം ചെയ്തവളെ വിവാഹം ചെയ്യുക എന്നത് ‘നാട്ടുനടപ്പിന്’ വിരുദ്ധമായ നിലപാടായതിനാല്‍ ജനങ്ങളുടെ പ്രതികരണത്തെ ഓര്‍ത്തായിരുന്നു നബി(സ)യുടെ ആശങ്ക. ‘നീ ജനങ്ങളെയല്ല ഭയപ്പെടേണ്ടത് അല്ലാഹുവിനെയാണ്’ എന്ന് വഹ്‌യിലൂടെ അല്ലാഹു നബിയെ ശാസിക്കുകയും ചെയ്തു.
9). ശരീഅത്തില്‍ ദത്തുപുത്രന്റെ നിയമവും വളര്‍ത്തുപുത്രന്റെ നിയമവും ഒരുപോലെയല്ല എന്ന തത്വവും അല്ലാഹു പ്രവാചകനിലൂടെതന്നെ നടപ്പിലാക്കുക എന്നതായിരുന്നു ഈ വിവാഹത്തിന്റെ ലക്ഷ്യം. തന്റെ 58-ാമത്തെ വയസ്സില്‍ സൈനബിന്റെ ശരീരസൗന്ദര്യം കണ്ട് നബി(സ) അതില്‍ ‘വീണുപോയതാണ്’ എന്ന പ്രചാരണം അശ്ലീലവും ധിക്കാരപരവും ദുഷ്ടമനസ്സുകളുടെ കല്പിതകഥയുമാണ്.
10). നബി(സ)യുടെ പിതൃസഹോദരീ പുത്രിയായ സൈനബിനെ നബിക്ക് വളരെ ചെറുപ്പം മുതലേ അറിയാം. അങ്ങനെയുള്ള സൈനബിനെ അവരുടെ വിവാഹശേഷം അവരുടെ ബെഡ്‌റൂമില്‍ കയറി നബി കണ്ടുവെന്നും ആ സൗന്ദര്യത്തില്‍ മയങ്ങിവീണുമെന്നുമുള്ള പരാമര്‍ശം പച്ചക്കള്ളവും വേദഗ്രന്ഥത്തോടും ചരിത്രവസ്തുതകളോടും പ്രവാചകന്റെ മഹിതമായ വ്യക്തിത്വത്തോടും ചെയ്യുന്ന ക്രൂരതയുമാണ്. ഹ