Saturday
21
July 2018

പരാജയങ്ങളെ ആര്‍ക്കാണ് പേടി?

വി കെ ജാബിര്‍

ഇതു കൊടും ചൂടുകാലം, പരീക്ഷകളുടെ കാലം കൂടിയാണിത്. തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലാണ് നാട്. രാജ്യത്തിന്റെ ഭരണ നേതൃത്വം ആരുടെ കയ്യിലാവണമെന്നു തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പ് അടുത്തെത്തി. ജനാധിപത്യ രാജ്യമായതിനാല്‍ തെരഞ്ഞെടുപ്പുകള്‍ പിന്നെയും വന്നുകൊണ്ടിരിക്കും. അതുപോലെ ഒന്നാം ക്ലാസ് മുതല്‍ ഉന്നത പഠന രംഗത്തു വരെ കുട്ടികള്‍ക്കും ഇതു പരീക്ഷാ കാലമാണ്. രക്ഷിതാക്കള്‍ക്ക് പരീക്ഷണ സമയം. വിജയങ്ങള്‍ക്കൊപ്പം തോല്‍വികളുടെ കൂടി പരമ്പരകളാണ് വരാനിരിക്കുന്നത്.
കേരളത്തിലെ ഇരുപത് ലോക്‌സഭാ സീറ്റുകളിലേക്ക് ഏറ്റവും ചുരുങ്ങിയത് ഇരുനൂറോളം പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ഇരുപതു പേര്‍ മാത്രമേ ഇവിടെ നിന്നു തെരഞ്ഞെടുക്കപ്പെടുകയുള്ളൂ. അഥവാ, ചുരുങ്ങിയത് നൂറ്റി എണ്‍പതോളം പേരുടെ തോല്‍വി കൂടി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇവരില്‍ ചുരങ്ങിയത് 50- 60 പേര്‍ വിജയസാധ്യത കല്പിക്കപ്പെട്ട് തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ചവരാണ്. ഇത്രയും പേര്‍ വിജയിക്കാനാണ് രംഗത്തെത്തിയതെന്നു ചുരുക്കം.

ഇരുപതു പേരൊഴികെ എല്ലാവരും പരാജയപ്പെടും. ഒരു തരത്തില്‍ പരാജയം ഏറ്റുവാങ്ങാനായി തെരഞ്ഞെടുപ്പു ഗോദയില്‍ വരുന്നവരാണ് ഭൂരിഭാഗവും. എന്തു ദോഷം പറഞ്ഞാലും, പരാജയത്തെ ചങ്കൂറ്റത്തോടെ നേരിടാനുള്ള ആത്മവീര്യവുമായാണ് രാഷ്ട്രീയക്കാര്‍ സമൂഹത്തിന്റെ മുന്നിലേക്ക് ഒരുങ്ങിപ്പുറപ്പെടുന്നത്. പരാജയപ്പെട്ട ഒരു സ്ഥാനാര്‍ഥിയും അത് ജീവിതത്തിന്റെ അവസാനമായി കാണുന്നില്ലെന്നതാണ് നമുക്കു മുന്നിലുള്ള രസകരമായ അനുഭവം. പരാജയത്തെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ എടുക്കുന്നവരാണ് രാഷ്ട്രീയക്കാരില്‍ നല്ലൊരു പങ്കും.
എന്നാല്‍ നമ്മുടെ കുട്ടികളുടെ അവസ്ഥയെന്താണ്? പരാജയങ്ങളുടെ കഥ കേള്‍ക്കാനും പറയാനും ആര്‍ക്കാണ് ഇഷ്ടം? പരാജയങ്ങളെ പാപമായി കാണാനാണ് നമ്മുടെ കുട്ടികളില്‍ ഭൂരിപക്ഷവും ശീലിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവൊന്നുമുണ്ടാക്കാത്ത എസ് എസ് എസ് എല്‍ സി പരീക്ഷയിലെ തോല്‍വിപോലും അവര്‍ ഗുരുതരമായ സംഗതിയായി കാണുന്നത്. തോല്‍വി അത്ര വലിയ പാപമായതുകൊണ്ടാണല്ലോ അവരില്‍ പലരും ആത്മഹത്യയ്ക്കു ശ്രമിക്കുന്നത്. ചിലര്‍ വിഷാദ രോഗങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കുമടിപ്പെടുന്നതും. മാര്‍ക്ക് ലിസ്റ്റുകളില്‍ തോല്‍വി എന്ന വാക്ക് ഒഴിവാക്കിയതുതന്നെ സമൂഹത്തില്‍ പരാജയത്തോടുള്ള ഭീതി നിറഞ്ഞ സമീപനം നിലനില്‍ക്കുന്നതുകൊണ്ടു കൂടിയായിരുന്നല്ലോ. ഹൈസ്‌കൂള്‍ തലം വരെ പരീക്ഷകളില്‍ കുട്ടികള്‍ തോല്‍ക്കാതായതോടെയാണ് പരീക്ഷാപ്പേടിയും ഉത്കണ്ഠയും മാനസിക പ്രശ്‌നങ്ങളും ഒരു പരിധി വരെ ഒഴിവായത്.
പരാജയത്തെ പേടിപ്പെടുത്തുന്ന ഒരവസ്ഥയായി കുട്ടികളെ പഠിപ്പിച്ചത് അധ്യാപകരും രക്ഷിതാക്കളും നിറഞ്ഞ ഈ സമൂഹം തന്നെയല്ലേ? അല്ലാതെവിടെ നിന്നാണ് ഈ ബോധം അവര്‍ക്കു കിട്ടിയത്? തോല്‍വികളും വീഴ്ചകളും ശീലിച്ച് വളര്‍ച്ചയുടെ ഘട്ടങ്ങളിലൂടെ കടന്നുവന്ന കുട്ടികളെ ചുറ്റുമുള്ള സമൂഹമല്ലാതെ മറ്റാരാണ് തോല്‍വികളെ ആധിയോടെ കാണാന്‍ പഠിപ്പിച്ചത്.
പരീക്ഷയെന്ന പ്രവര്‍ത്തനത്തില്‍, അധികൃതര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കൊപ്പമെത്താന്‍ കഴിയാത്ത കുട്ടികളാണ് തോല്‍ക്കുന്നത്. ഒരു പ്രവൃത്തിയില്‍ തോറ്റയാളെ പരാജയപ്പെട്ടവനെന്ന മുദ്ര ചാര്‍ത്തുകയാണ് സമൂഹം. പരാജയം എന്ന ഒരവസ്ഥയെ ഒരു വ്യക്തിത്വമായി ആരോപിക്കുക എന്ന ഗൗരവമുള്ള കുറ്റകൃത്യമാണ് സമൂഹം കുട്ടികളുടെ മേല്‍ ചുമത്തുന്നത്. പരാജയങ്ങളെ പ്രവൃത്തിയില്‍ നിന്ന് വ്യക്തിത്വത്തിലേക്ക് ആരോപിക്കരുതെന്ന്, ഇതേക്കുറിച്ച് ഗവേഷണം നടത്തിയ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിലെ മനശ്ശാസ്ത്ര പ്രഫസര്‍ കരോള്‍ഡ് ഡ്വെക്ക് പറയുന്നുണ്ട്.
പരാജയങ്ങള്‍ ഒര്‍ഥത്തില്‍ കുട്ടികള്‍ക്ക് ചില അനുഭവങ്ങളും ഗുണങ്ങളും സമ്മാനിക്കുന്നുണ്ടെന്നു സമ്മതിക്കാന്‍ പൊതു ബോധത്തിന് മടിയാണ്. എന്നാല്‍ ലോകത്തിന്റെ ഗതി മാറ്റിയവരൊക്കെ പരാജയത്തിന്റെ അനുഭവ സമ്പത്തുമായി മുന്നേറിയവരാണെന്നാണ് ചരിത്രം. പരാജയം വിജയത്തിന്റെ രാജപാതയാണെന്നു പറഞ്ഞത് സര്‍ ടോം വാട്‌സനാണ്. വിജയത്തിന്റെ കഥമാത്രം കേള്‍ക്കാനാണ് ആളുകള്‍ക്കിഷ്ടം. ഓരോ വിജയത്തിനു പിന്നിലും ഒട്ടേറെ പരാജയങ്ങളുടെ കഥകളുണ്ടെന്നതാണ് നാളിതു വരെയുള്ള അനുഭവമെങ്കിലും പരാജയങ്ങളോട് നമ്മുടെ സമൂഹത്തിനു ചതുര്‍ഥിയാണ്.
പരാജയങ്ങളെ ഭീതിയോടെയും വെറുപ്പോടെയും സമീപിക്കുന്ന രീതിയാണ് നമ്മുടേത്. ചൈ ന, ജപ്പാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ പരാജയത്തെ ആശങ്കയോടെയാണ് കാണുന്നതെങ്കില്‍ അമേരിക്ക, ഇംഗ്ലണ്ട്, ഇസ്രാഈല്‍ തുടങ്ങിയ നാടുകളിലുള്ളവര്‍ പരാജയത്തെ പാപമായല്ല, പുതിയ അവസരങ്ങളിലേക്കുളള ചവിട്ടു പടിയായാണു കാണുന്നതെന്നു പഠനം.
പരാജയങ്ങളെ പാപമായി കാണുന്ന മനോഭാവം വളര്‍ത്തുന്നതില്‍ വിദ്യാഭ്യാസ രീതിക്കു വലിയ പങ്കുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. സിലബസ് പഠിപ്പിക്കുന്നതിനപ്പുറം ജീവിതം പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു കഴിയുന്നില്ലെന്നതു തന്നെയാണ് ആദ്യ പരാജയം. വിജയിക്കാനും മുന്നിലെത്താനും മാത്രം പഠിപ്പിക്കുന്ന വിദ്യാഭ്യാസം, അതിന്റെ അടിസ്ഥാന ലക്ഷ്യമായ ജീവിതം പഠിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നു. വിദ്യാലയങ്ങളില്‍ നിന്ന് യഥാര്‍ഥ ജീവിതം ആര്‍ജിക്കാന്‍ സാധിക്കാതെ പോകുന്നത് വലിയ ദുരന്തമാണ്. കൂടിയ ഫീസ് കൊടുത്ത്, മികച്ച വിദ്യാഭ്യാസ നിലവാരമുണ്ടെന്നു കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ജീവിതത്തിലേക്കാവശ്യമായ എന്തു ഗുണങ്ങളാണ് കുട്ടികള്‍ നേടിയെടുക്കുന്നതെന്നു നാം ആലോചിച്ചിട്ടുണ്ടോ?
പച്ചയായ ജീവിതവും അക്കാദമിക വിദ്യാഭ്യാസവും രണ്ടാകുന്നിടത്ത് സംഭവിക്കുന്നതാണ് വലിയ പരാജയം. നാളത്തെ പൗരന്മാരും രാഷ്ട്രനായകരുമാണ് വിദ്യാലയങ്ങളില്‍ രൂപപ്പെടുന്നതെന്നാണ് വിശ്വാസം. പക്ഷെ ഉന്നത ഉദ്യോഗങ്ങളിലേക്ക് ആവശ്യമായ കുറെപ്പേരെ സൃഷ്ടിക്കുന്നതിലേക്കും മത്സര പരീക്ഷകളിലേക്കും മാത്രം ശ്രദ്ധ കൊടുത്തതോടെ ജീവിതത്തിന്റെ പ്രായോഗികതകളില്‍ കാലിടറി വീഴുകയാണ് വിദ്യാര്‍ഥി സമൂഹം.
ഗുരുകുല സമ്പ്രദായത്തില്‍ ജീവിതം പഠിപ്പിച്ചപ്പോള്‍ ഇന്ന്, ശാസ്ത്രവും ചരിത്രവും ഗണിതവും ഭാഷാശാസ്ത്രവുമാണ് നമ്മുടെ പാഠ്യപദ്ധതിയുടെ ഊന്നല്‍. ജീവിത ലക്ഷ്യങ്ങളെന്ത്, പ്രായോഗിക ജീവിതത്തിലെ വെല്ലുവിളികളെന്തൊക്കെ, അവ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ, പരാജയങ്ങളില്‍ നിന്ന് എന്തു പഠിക്കണം, എങ്ങനെ സമീപിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം കലാലയങ്ങളുടെ പാഠ്യപദ്ധതികള്‍ക്കു പുറത്താണ്. എന്തിന്, ചില സര്‍ക്കാര്‍ സ്‌കൂളുകളിലൊഴികെ, തൊഴിലുകളെക്കുറിച്ചു പോലും അവര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കപ്പെടുന്നില്ല. സുപ്രധാനമായ പതിനേഴ്- ഇരുപത് കൊല്ലം വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം നീക്കിവയ്ക്കപ്പെട്ടിട്ടും ജീവിതത്തിലെ വെല്ലുവിളികളെ കുറിച്ചോ പരാജയത്തെ നേരിടേണ്ടത് എങ്ങനെയെന്നോ പഠിക്കുന്നില്ലെന്നത് ദുരന്തമല്ലാതെ മറ്റെന്താണ്. ക്ലാസില്‍ ഒന്നാമതുള്ള കുട്ടികളോട് വല്ലാത്തൊരടുപ്പം കാണിക്കുന്ന അധ്യാപകനും വിജയിച്ച അയല്‍പക്കത്തെ കുട്ടിയെ മാതൃകാ വ്യക്തികളായി കാണുന്ന രക്ഷിതാക്കളും ഈ സാമൂഹിക നിര്‍മിതിയില്‍ കുറ്റകരമായ പങ്കുവഹിക്കുന്നവരാണ്.
ചെറിയൊരനുഭവം ഓര്‍ക്കുകയാണ്: തുടര്‍വിദ്യാഭ്യാസത്തിന്റെ സൗകര്യങ്ങളും മറ്റും പരിഗണിച്ച് അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് തൊട്ടടുത്ത സര്‍ക്കാര്‍- എയ്ഡഡ് ഹൈസ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റിച്ചേര്‍ത്തുന്ന പ്രവണത ഇയ്യിടെ വര്‍ധിച്ചിട്ടുണ്ട്. പഠന- പഠനേതര തലത്തില്‍ മികവു പുലര്‍ത്തുന്ന നാട്ടിലെ സര്‍ക്കാര്‍ ഹൈസ്‌കൂളും ഇതില്‍ നിന്നു ഭിന്നമായിരുന്നില്ല. സമീപത്തെ ഒരു അണ്‍എയ്ഡഡ് സ്ഥാപനത്തില്‍ നിന്ന് ഇവിടത്തെ ഇംഗ്ലീഷ് ഡിവിഷനിലേക്ക് ഒരുപാട് കുട്ടികള്‍ക്ക് അഡ്മിഷന്‍ നേടിയിരുന്നു.
ക്ലാസ് തുടങ്ങി, പൊതുവെ മികച്ച പഠന നിലവാരം ഉണ്ടാകുമെന്നു പ്രതീക്ഷിച്ച ഈ ഡിവിഷന്‍ പക്ഷെ അച്ചടക്കത്തിലും പഠനകാര്യത്തിലും പറ്റെ താഴ്ന്ന നിലയിലായിരുന്നു. അധ്യാപകര്‍ ഒരുപാടു ശ്രമങ്ങള്‍ നടത്തി. രക്ഷിതാക്കളുടെ യോഗം പലതവണ വിളിച്ചു, ചര്‍ച്ച ചെയ്തു, ചില രക്ഷിതാക്കളെ ഒറ്റയ്ക്കു വിളിപ്പിച്ചു, ഒടുവില്‍ കൗണ്‍സലിംഗ് വരെ നടത്തിയാണ് ഒമ്പതാം ക്ലാസ് ആകുമ്പോഴേക്ക് ഈ ഡിവിഷന്‍ അല്പമൊന്നു മെച്ചപ്പെട്ടത്.
അധ്യാപകര്‍ക്ക്, വിശേഷിച്ച് അധ്യാപികമാര്‍ക്ക് നേരാം വണ്ണം ക്ലാസെടുക്കാന്‍ കഴിയുന്നില്ല, പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നു, പഠനത്തില്‍ ശ്രദ്ധക്കുറവ് തുടങ്ങി പരാതികളുടെ പ്രളയം. നടേ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കാണിച്ച കുട്ടികളില്‍ സിംഹഭാവും അണ്‍എയ്ഡഡ് സ്ഥാപനത്തില്‍ നിന്നെത്തിയവരായിരുന്നു! സിലബസിനപ്പുറം ജീവിതമൂല്യങ്ങളോ പെരുമാറ്റ മര്യാദയോ സംസ്‌കാരമോ പഠിപ്പിക്കപ്പെടുന്നില്ലെന്നതിന്റെ അലോസരപ്പെടുത്തുന്നൊരു അനുഭവം.
പരാജയത്തെ കുറ്റമായോ പ്രശ്‌നമായോ കാണുന്നതുകൊണ്ടു തന്നെ നമ്മുടെനാട്ടില്‍, വിജയം കണ്ട പലരുടെയും പരാജയത്തിന്റെയോ വീഴ്ചയുടെയോ പോയകാല കഥകള്‍ രേഖപ്പെടുത്തപ്പെടുന്നില്ല. യഥാര്‍ഥത്തില്‍ വിജയങ്ങളല്ല, പരാജയങ്ങളാണ് മറ്റുളളവര്‍ക്കു പ്രചോദനമേകുന്നതെന്നു നാം തിരിച്ചറിയാതെ പോവുകയാണ്.
വൈദ്യുത ബള്‍ബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വ എഡിസന്‍, പരാജയങ്ങളെയും പ്രതിബന്ധങ്ങളെയും വളരെ മനോഹരമായ വാക്കുകളില്‍ വിശേഷിപ്പിച്ച പ്രതിഭാ ശാലിയാണ്. ബള്‍ബ് കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങള്‍ക്കിടെ നൂറുനൂറു തവണ ലക്ഷ്യംകാണാതെ പോയ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ബള്‍ബിന് അനുയോജ്യമല്ലാത്ത പതിനായിരം വഴികള്‍ കണ്ടെത്തുകയാണ് ചെയ്തത്’.
ദരിദ്ര കര്‍ഷകന്റെ മകനായി ജനിച്ചതിനാല്‍ തന്നെ വളരെ കുറഞ്ഞ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ഒരു അമേരിക്കന്‍ നേതാവിനെ നമുക്കൊക്കെ അറിയാം. പലവഴിക്ക് കറങ്ങിത്തിരിഞ്ഞ് 21ാം വയസ്സില്‍ ബിസിനസില്‍ പ്രവേശിച്ച ഇദ്ദേഹം ആദ്യ സംരംഭത്തില്‍ പരാജയപ്പെടുന്നു. 22ാം വയസ്സില്‍ പ്രാദേശിക നിയമനിര്‍മാണ സഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ടു, 23ാം വയസ്സില്‍ ബിസിനസില്‍ വീണ്ടും പരാജയം. 26ാം വയസ്സില്‍ ജീവിതത്തെ മുന്നോട്ടുനയിക്കാന്‍ പ്രേരണ നല്‍കിയ പ്രണയിനി മരിക്കുന്നു. അടുത്തവര്‍ഷം നാഡി ഞരമ്പുകള്‍ക്ക് തളര്‍ച്ച ബാധിച്ചു അദ്ദേഹം കിടപ്പിലായി. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വീണ്ടും തോല്‍വി. 34ാം വയസ്സില്‍ യു എസ് കോണ്‍ഗ്രസിലേക്കു മത്സരിച്ചെങ്കിലും വിജയം കടാക്ഷിച്ചില്ല. 39ാം വയസ്ലില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പു പരാജയം. 45ാമത്തെ വയസ്സില്‍ സെനറ്റിലേക്ക് മത്സരിച്ചെങ്കിലും തോല്‍വിയുടെ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. പിന്നീട് വൈസ്പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കാന്‍ പോലും സാധിക്കാതെ പത്രിക തള്ളി. തോല്‍വികളേറ്റു വാങ്ങാന്‍ അദ്ദേഹത്തിനു മടിയുണ്ടായില്ല. പരാജയങ്ങളുടെ ചരിത്രം തിരുത്തി, 52ാമത്തെ വയസ്സില്‍ അദ്ദേഹം അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്നു. ആ രാജ്യത്തിന്റെ ചരിത്ര ഗതിയെ മാറ്റിമറിച്ച ആ പ്രസിഡന്റിന്റേ പേര് അബ്രഹാം ലിങ്കനാണെന്നു നമുക്കൊക്കെ അറിയാം. തോല്‍വികളെ പരാജയപ്പെടുത്തിക്കളയുകയായിരുന്നു അദ്ദേഹം.
നമ്മുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ പി ജെ അബ്ദുല്‍കലാം, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മൈക്രോസോഫ്റ്റ് മേധാവി ബില്‍ഗേറ്റ്‌സ്, ആപ്പിള്‍ കമ്പനിയുടെ ജീവനാഡിയായിരുന്ന സ്റ്റീവ് ജോബ്‌സ്, വിഖ്യാത ശാസ്ത്രജ്ഞരായ ഐന്‍സ്റ്റീന്‍, വില്യം ഹോക്കിംഗ്, ഇന്ത്യന്‍ വ്യാപാരചരിത്രം തിരുത്തിയ ധിരുഭായ് അംബാനി, കെ ആര്‍ നാരായണന്‍, നെല്‍സണ്‍ മണ്ഡേല, ഹെലന്‍ കെല്ലര്‍ തുടങ്ങി ജീവിതത്തിലെ കൊടും പരീക്ഷണങ്ങളെ നെഞ്ചൂക്കോടെ നേരിട്ട് ഒടുവില്‍ സാമൂഹിക സേവനരംഗത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് ഇന്ത്യാ രാജ്യം ആദരിച്ച മലപ്പുറം സ്വദേശി റാബിയ വരെ പരാജയങ്ങളെയും പ്രതിസന്ധികളെയും ക്രിയാത്മകമായി ഏറ്റെടുത്ത പ്രതിഭകളായിരുന്നു.
വീഴ്ചകൡല്‍ നിന്ന് നടക്കാന്‍ പഠിച്ചവരാണ് മനുഷ്യര്‍. പരാജയ ഭീതി ജന്മനാ ലഭിക്കുന്നതല്ല. അത് ജീവിതചുറ്റുപാടുകളില്‍ നിന്ന് ആര്‍ജിച്ചെടുക്കുന്നതത്രെ. പരാജയത്തെ അസഹനീയമായി കാണാന്‍ പ്രേരിപ്പിച്ച വ്യവസ്ഥകളില്‍ നിന്ന് ആര്‍ജിച്ചെടുക്കുന്ന സ്വഭാവം. കഴിഞ്ഞ 50 വര്‍ഷത്തിനിടെ പരാജയങ്ങളില്‍ നിന്നുള്ള പഠനം എന്ന പദത്തിനുവേണ്ടി ഇന്റര്‍നെറ്റില്‍ അന്വേഷിച്ചവരുടെ എണ്ണം വിജയത്തെ കുറിച്ച് സെര്‍ച്ച് ചെയ്തവരെക്കാള്‍ വളരെ കൂടുതലാണ് എന്നാണ് കണക്കുകള്‍. ആകാശ വാഹനം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനായി നിരന്തര പരീക്ഷണങ്ങളിലേര്‍പ്പെട്ട റൈറ്റ് സഹോദരന്മാരുടെ സ്വബോധം പോലും ചോദ്യം ചെയ്ത്, കിറുക്കത്തരമാണെന്ന് ആക്ഷേപിച്ച് 1903 ഡിസംബര്‍ 10ന് ന്യൂയോര്‍ക്ക് ടൈംസ് പത്രാധിപക്കുറിപ്പെഴുതുകയുണ്ടായി. കൃത്യം ഒരാഴ്ച പിന്നിടുംമുമ്പ് ഡിസംബര്‍ 17നാണ് കിറ്റിഹോക്കില്‍ ഓര്‍വില്‍ റൈറ്റും വില്‍ബര്‍ റൈറ്റും വിമാനം പറപ്പിച്ച് ലോകത്തിന്റെ ഗതിയെ മാറ്റിക്കുറിച്ചത്.
പരാജയ ഭയമില്ലാത്ത മനസ്സും ഭാവനാസമ്പന്നമായ സമീപനവും കഠിനാധ്വാനം നിറഞ്ഞ മനോഭാവവുമത്രെ ലോകത്തിന്,  അതുവരെ ചിന്തിക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ സമ്മാനിച്ചത്. പരാജയങ്ങള്‍ മനുഷ്യവംശത്തിനുള്ള ഉപയോഗിക്കപ്പെടാത്ത വിഭവങ്ങളത്ര. അസാമാന്യ കഴിവള്ളവരുടെ മുന്‍പില്‍ പരാജയങ്ങള്‍ തോല്‍വി സമ്മതിക്കുകയാണ്. തോല്‍വിയെ പുതിയ നേട്ടങ്ങള്‍ കയ്യെത്തിപ്പിടിക്കാനുള്ള ഊര്‍ജസ്രോതസ്സുകളാക്കാന്‍ നമുക്കു സാധിച്ചെങ്കില്‍..!