Saturday
21
July 2018

കാലത്തോടൊപ്പം പഠിച്ചുയരാന്‍

admin


മുസ്‌ലിം സമൂഹത്തിന് അനേകായിരം മതവിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ലക്ഷക്കണക്കില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവും ആര്‍ജവവും നല്‌കേണ്ട ഈ സ്ഥാപനങ്ങള്‍ അവയുടെ ദൗത്യം നിര്‍വഹിക്കുന്നതില്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട്? സമഗ്രമായ വിലയിരുത്തലിന് അധികമൊന്നും വിധേയമാക്കപ്പെടാത്ത വിഷയമാണിത്. തലമുറകളുടെ ആശയാദര്‍ശങ്ങളും കര്‍മധര്‍മങ്ങളും കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കേണ്ട ഈ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സമൂഹം പൊതുവെ നിസ്സംഗ നിലപാട് പുലര്‍ത്തുന്നതായാണ് കാണാന്‍ കഴിയുന്നത്. സുപ്രധാനമായ ധാര്‍മിക ബാധ്യത എന്ന നിലയിലും സാമൂഹികമായ ആവശ്യകത പരിഗണിച്ചും സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പോലും അവകൊണ്ട് ഉദ്ദേശിക്കപ്പെട്ട ലക്ഷ്യങ്ങള്‍ മിക്കവാറും നിറവേറുന്നുണ്ടോ എന്ന് സൂക്ഷ്മ പരിശോധന നടത്തുന്നില്ലെങ്കില്‍ മറ്റുള്ളവരുടെ ഉദാസീനതയില്‍ അത്ഭുതം തോന്നേണ്ടതില്ല.
യഥാര്‍ഥത്തില്‍ ഒരു സമൂഹത്തിന്റെ പുരോഗതിക്കും വികാസത്തിനും നിദാനം അവരുടെ വിദ്യാഭ്യാസ അജണ്ടയായിരിക്കും. മനുഷ്യവിഭവശേഷി ശരിയാംവണ്ണം വികസിപ്പിച്ചെടുക്കാനും വ്യക്തിത്വ വികാസത്തിന് അന്യൂനമായ അടിത്തറ ഒരുക്കാനും സാധിക്കാത്ത സമൂഹങ്ങള്‍ക്ക് ഭൗതികവും ആത്മീയവുമായ വിജയം മിക്കവാറും അപ്രാപ്യമായിരിക്കും. മറ്റു സമൂഹങ്ങള്‍ വികസിതവും കാലോചിതവുമായ വിദ്യാഭ്യാസ അജണ്ടയുമായി മുന്നേറുമ്പോള്‍ മുസ്‌ലിംകള്‍ വ്യക്തമായ ഒരു വിദ്യാഭ്യാസ വീക്ഷണമില്ലാതെ ഇരുട്ടില്‍ തപ്പിയാല്‍ എന്നെന്നും അവഗണനയും അവഹേളനവും ഏറ്റുവാങ്ങേണ്ടിവരുകയായിരിക്കും അതിന്റെ ഫലം.

മുസ്‌ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ഇപ്പോള്‍ മക്കളെ പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, ഏറ്റവും മികച്ച വിദ്യാഭ്യാസം എവിടെ നിന്ന് ലഭിക്കുമെന്ന് അവരില്‍ പലര്‍ക്കും അറിയില്ല. മികവ് പുലര്‍ത്തുന്ന ചില വിദ്യാലയങ്ങളെ സംബന്ധിച്ച് അവരില്‍ ചിലര്‍ നേരിട്ട് കേട്ടിട്ടുണ്ടാകുമെങ്കിലും അവിടെ ചേര്‍ത്ത് പഠിപ്പിക്കുന്നതിന്റെ സാമ്പത്തിക ഭാരം അവര്‍ക്ക് താങ്ങാവുന്നതിനപ്പുറമായിരിക്കും. അതിനാല്‍ അവര്‍ മക്കളെ മതം പഠിപ്പിക്കാന്‍ പരിസരത്തുള്ള മദ്‌റസയിലും ലൗകിക വിജ്ഞാനങ്ങള്‍ അഭ്യസിപ്പിക്കാന്‍ സമീപത്തുള്ള പ്രാഥമിക വിദ്യാലയത്തിലും ചേര്‍ക്കുന്നു. മക്കള്‍ക്ക് ആവശ്യമായ അടിസ്ഥാനപരമായ അറിവ് ഈ രണ്ടു സ്ഥാപനങ്ങളില്‍ നിന്നായി ലഭിക്കുമെന്ന് രക്ഷിതാക്കള്‍ സ്വാഭാവികമായും പ്രതീക്ഷിക്കുന്നു.
ചില മദ്‌റസകളും സ്‌കൂളുകളും ഈ പ്രതീക്ഷയെ അല്പ സ്വല്പം സഫലമാക്കുന്നുണ്ടാകാം. പക്ഷേ, അവയിലധികവും രക്ഷിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരാനോ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകാനോ കഴിയാത്തവയത്രെ. സാര്‍വത്രികമായ മത വിദ്യാഭ്യാസത്തിനുവേണ്ടി എല്ലാ പ്രദേശങ്ങളിലും മദ്‌റസകള്‍ സ്ഥാപിച്ചു നടത്താന്‍ മുസ്‌ലിം സമൂഹത്തിന് സാധിച്ചത് എടുത്തുപറയാവുന്ന നേട്ടമാണെങ്കിലും ജനജീവിതത്തില്‍ ആജീവനാന്തം ഇസ്‌ലാമിക ചൈതന്യം നിലനിര്‍ത്തുന്നതിന് മദ്‌റസാ വിദ്യാഭ്യാസം പ്രചോദകമായി ഭവിക്കുന്നത് ചുരുക്കം പേര്‍ക്കുമാത്രമാണ്. ഇതിന് പല കാരണങ്ങളുമുണ്ട്. ഒന്ന്, ആവശ്യമായ മത പരിജ്ഞാനവും അധ്യാപനപാടവവും വിദ്യാര്‍ഥികളുടെ മനോനില വിലയിരുത്താനുള്ള കഴിവും ഉള്ള അധ്യാപകര്‍ക്കേ ഇളം മനസ്സുകളില്‍ ഇസ്‌ലാമിക പാഠങ്ങള്‍ സമുചിതമായി സന്നിവേശിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ ഇന്ന് യാതൊരു അടിസ്ഥാനയോഗ്യതയും പരിചയസമ്പത്തും ഇല്ലാത്തവരാണ് മദ്‌റസാ അധ്യാപകരില്‍ അധികപേരും. വളരെ തുച്ഛമായ വേതനമേ മിക്ക മദ്‌റസാ മാനേജ്‌മെന്റുകളും അധ്യാപകര്‍ക്കു നല്കാന്‍ തയ്യാറുള്ളൂ എന്നതിനാല്‍ യോഗ്യതയുള്ളവര്‍ ഈ രംഗത്ത് കടന്നുവരാന്‍ മടിക്കുകയും ചെയ്യുന്നു.

രണ്ട്, നിരന്തരമായ പഠനഗവേഷണങ്ങളിലൂടെ സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതി ഏറെ പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. പഠിപ്പിക്കല്‍ ഒരു ദണ്ഡനമായിരുന്ന അവസ്ഥയ്ക്കു പകരം വിദ്യാര്‍ഥികളുടെ ബുദ്ധിയെയും ഭാവനയെയും ‘ഉത്തേജിപ്പിക്കുന്ന’ മധുരാനുഭവമായി മാറിക്കൊണ്ടിരിക്കയാണ്. മദ്‌റസാ വിദ്യാഭ്യാസ പദ്ധതിയും പരിഷ്‌കരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മദ്‌റസാപഠനം മിക്ക വിദ്യാര്‍ഥികള്‍ക്കും വിരസവും മടുപ്പുളവാക്കുന്നതുമായ അനുഭവമായിത്തന്നെ തുടരുകയാണ്. പഠന സന്ദര്‍ഭങ്ങള്‍ കൗതുകമുണര്‍ത്തുന്നവയാകുന്നില്ലെന്ന് മാത്രമല്ല, മിക്ക മദ്‌റസകളിലും കളിക്കോ വിനോദങ്ങള്‍ക്കോ അവസരം ലഭിക്കുന്നുമില്ല. തന്നിമിത്തം പല കുട്ടികള്‍ക്കും മദ്‌റസകളോട് മടുപ്പ് തോന്നുകയും സ്‌കൂളുകളോട് ആഭിമുഖ്യമുണ്ടാവുകയും ചെയ്യുന്നു.
മൂന്ന്, ഈമാന്‍ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും അവയുടെ വിശദാംശങ്ങളും മനപ്പാഠമാക്കാനുള്ള കഴിവാണ് മദ്‌റസകളില്‍ വിലമതിക്കപ്പെടുന്ന മുഖ്യ സാമര്‍ഥ്യം. ഇതിനപ്പുറം സര്‍ഗശേഷിയുടെ ഭാഗമായി കുട്ടികളില്‍ തെളിയുന്ന കുസൃതിക്കോ കുശാഗ്രബുദ്ധിക്കോ കൗതുകങ്ങള്‍ക്കോ വിലകല്പിക്കാന്‍ മദ്‌റസാ അധ്യാപകര്‍ക്ക് താല്പര്യമുണ്ടാവാറില്ല. വിശിഷ്യാ, വികൃതിക്കാരെ വെറുക്കാനേ അവര്‍ക്കു കഴിയൂ. വ്യക്തിത്വ വികാസത്തിന്റെ സ്പന്ദമാപിനികളായി കുസൃതികളെ വിലയിരുത്താന്‍ സന്നദ്ധരല്ലാത്ത അധ്യാപകരോട് ത്രസിക്കുന്ന കുട്ടിത്തത്തിന്റെ പ്രതികരണവും വ്യത്യസ്തമായിരിക്കില്ല. കൗമാരത്തിന്റെ കവാടത്തില്‍ വെച്ച് പ്രാഥമിക മദ്‌റസകളോട് വിടവാങ്ങുന്ന പല കുട്ടികളുടെയും സ്മൃതിപഥത്തില്‍ മതപാഠശാലയുമായി ബന്ധപ്പെട്ട മധുരാനുഭവങ്ങളൊന്നുമില്ലെങ്കില്‍ മതവിധികള്‍ ജീവിതത്തിലാകെ പകര്‍ത്താന്‍ അവര്‍ക്ക് എവിടെ നിന്നാണ് പ്രചോദനം ലഭിക്കുക?
തലമുറകളുടെ ഭാവനകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഇസ്‌ലാമിന്റെ നിറവും മണവും നല്കുന്നതിന് പ്രാഥമിക മദ്‌റസകളെ എങ്ങനെ ഉപയുക്തമാക്കാമെന്ന് ഗൗരവബുദ്ധ്യാ വിലയിരുത്താന്‍ മുസ്‌ലിം ബുദ്ധിജീവികളും വിദ്യാഭ്യാസ വിദഗ്ധരും മുന്നോട്ടു വന്നില്ലെങ്കില്‍ അതിശീഘ്ര മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മണ്ഡലത്തില്‍ നോക്കുകുത്തികളായി നില്ക്കാനേ മദ്‌റസകള്‍ക്ക് കഴിയൂ.
മുസ്‌ലിംകള്‍ക്ക് ആനുപാതിക പ്രാതിനിധ്യം എന്ന പേരില്‍ നേടിയെടുത്ത നൂറുക്കണക്കില്‍ എയ്ഡഡ്-അണ്‍എയ്ഡഡ് സ്‌കൂളുകളുണ്ട്. എന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ ധൈഷണിക പുരോഗതിക്കും വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികാസത്തിനും വേണ്ടി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായ സ്ഥാപനങ്ങള്‍ വളരെ വിരളമാകുന്നു. എസ് എസ് എല്‍ സി, പ്ലസ്ടു വിജയശതമാനം മോശമാകാതിരിക്കാന്‍ പല അണ്‍എയ്ഡഡ് സ്ഥാപനങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ പരമാവധി മാര്‍ക്ക് എന്നതല്ല തികച്ചും ലക്ഷണയുക്തമായ വ്യക്തിത്വങ്ങളെ വികസിപ്പിച്ചെടുക്കുക എന്നതായിരിക്കണം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. മാര്‍ക്ക് ഒരു സൂചകം മാത്രമാകുന്നു.

സഹപാഠികളുമായും ഗുരുനാഥന്മാരുമായും കുടുംബാംഗങ്ങളും അയല്‍ക്കാരുമായും നല്ല സമ്പര്‍ക്ക മര്യാദകള്‍ പാലിക്കാനും എല്ലാവരോടുമുള്ള ഉത്തരവാദിത്വങ്ങള്‍ കഴിവിന്റെ പരമാവധി നിറവേറ്റാനും ജീവിത പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും പ്രാപ്തിയുള്ള നല്ല ‘ഇ ക്യു’ ഉള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുകയായിരിക്കണം നമ്മുടെ സ്ഥാപനങ്ങളുടെ അജണ്ട. ബുദ്ധിശക്തിയും ഓര്‍മശക്തിയും പരമാവധി ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കേണ്ടതില്ലെന്നു ഇതിനര്‍ഥമില്ല. സമഗ്രമായ വ്യക്തിത്വവികാസം കൈവന്നാല്‍ തന്നില്‍ നിക്ഷിപ്തമായ കഴിവുകളെല്ലാം ഫലപ്രദമായി വിനിയോഗിക്കാനുള്ള പ്രചോദനവും അതോടൊപ്പം ഏതൊരു വ്യക്തിക്കും ഉണ്ടാകും. എന്നാല്‍ ബുദ്ധിയും ഓര്‍മയും വികസിപ്പിക്കുക മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ശിക്ഷയും സമ്മര്‍ദവും പ്രയോഗിച്ചാല്‍ വ്യക്തിത്വത്തിന്റെ സര്‍വതോമുഖമായ വികാസം തടസ്സപ്പെടുകയായിരിക്കും ഫലം.
മാനേജ്‌മെന്റിലും സ്റ്റാഫിലും ഏറ്റവും ശരിയായ വിദ്യാഭ്യാസദര്‍ശനമുള്ള ഓരോ വ്യക്തിയെങ്കിലും ഉണ്ടെങ്കിലേ വിദ്യാഭ്യാസത്തെ ലക്ഷ്യവേദിയാക്കാന്‍ കഴിയൂ. പക്ഷേ, ഏറ്റവും കൂടുതല്‍ കോഴ നല്കുന്നവരെ യോഗ്യതകളും അയോഗ്യതകളും നോക്കാതെ അധ്യാപകരായി നിയമിക്കുക എന്ന നയമാണ് പല മാനേജ്‌മെന്റുകളും അനുവര്‍ത്തിക്കുന്നത്. കോഴ ലക്ഷ്യമാക്കാത്തവരാകട്ടെ കിട്ടുന്നവരെയെല്ലാം നിയമിച്ച് കാര്യങ്ങള്‍ എങ്ങനെയെങ്കിലും ഒപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. മനുഷ്യവിഭവശേഷി വികസന രംഗത്ത് സമഗ്രമായ കാഴ്ചപ്പാടോടുകൂടി സ്ഥാപനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന കാര്യത്തിന് മുസ്‌ലിം സംഘടനകള്‍ പ്രാമുഖ്യം കല്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിലെ മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് വഴികാട്ടിയ ഇസ്വ്‌ലാഹി പ്രസ്ഥാനം ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരമാവധി മികവുറ്റതാക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് പലരുടെയും നിരീക്ഷണം. വിശ്വാസത്തിന്റെ മാധുര്യവും സമകാലിക വിജ്ഞാനത്തിന്റെ തെളിച്ചവും തലമുറകള്‍ക്ക് ഏറ്റവും ഫലപ്രദമായി പകര്‍ന്നു കൊടുക്കുന്ന കാര്യത്തില്‍ ഉദാസീനത കാണിക്കുന്നപക്ഷം ഇഹത്തിലും പരത്തിലും അത് വലിയ നഷ്ടങ്ങള്‍ക്ക് നിമിത്തമായേക്കും.

മദ്‌റസകളുടെയും സ്‌കൂളുകളുടെയും കാര്യത്തില്‍ മാത്രമല്ല, ഉപരിപഠന മേഖലകളുടെ കാര്യത്തിലും നമ്മുടെ വശ്രദ്ധ പതിയേണ്ടതുണ്ട്. സ്ഥാപനങ്ങള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കുകയും അംഗീകാരം നേടുകയും ചെയ്യുന്നതോടെ വിദ്യാഭ്യാസം സ്വാഭാവികഗതിയില്‍ നടന്നുകൊള്ളും എന്നാണ് പല സംഘടനകളുടെയും സമിതികളുടെയും ധാരണ. ദേശീയ-ദേശാന്തരീയ രംഗങ്ങളില്‍ വിദ്യാഭ്യാസ വിഷയകമായിവിപ്ലവകരമായ മാറ്റങ്ങള്‍ നടന്നുവരുന്നത് നിരീക്ഷിക്കുകയും അവയുടെ സാധ്യതകള്‍ നമ്മുടെ സ്ഥാപനങ്ങളുടെ പുരോഗതിക്കുവേണ്ടി പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്താലേ നാം കാലത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയൂ. ഹ