Saturday
21
July 2018

യാത്രകള്‍ പറയുന്നു; ആരും പറയാത്തത്‌

admin

എതു സമയത്തും വിദേശയാത്രികരെ കാണാന്‍ കഴിയുന്ന ഷാര്‍ജയിലെ പ്രധാനയിടമാണ് കള്‍ച്ചറല്‍ സ്‌ക്വയര്‍. നിര്‍മാണം കഴിഞ്ഞ് തൊട്ടടുത്ത നാളില്‍തന്നെ ഒരു സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌ക്വയര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഗ്യാസ് പൈപ്പ്‌ലൈന്‍ തകരാര്‍ നിമിത്തമാണ് അപകടമുണ്ടായത്. പിന്നീട് സ്‌ഫോടനം എന്നര്‍ഥമുള്ള ശുലാ എന്ന അറബിപ്പേരില്‍ സ്‌ക്വയര്‍ അറിയപ്പെടാന്‍ തുടങ്ങി.
പുനര്‍നിര്‍മിച്ച സ്‌ക്വയറിന്റെ മധ്യത്തില്‍ ഖുര്‍ആനിന്റെ വലിയ ശില്പമാണ് ഉയര്‍ന്നുവന്നത്. നയനാനന്ദകരമായ സ്തൂപത്തിന് മുകളില്‍ തുറന്നുവെച്ച വലിയ ഖുര്‍ആന്‍ നിത്യേനയെന്നോണം സന്ദര്‍ശകരുടെ കണ്ണുകള്‍ റാഞ്ചിക്കൊണ്ടേയിരിക്കുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ അടുത്ത സുഹൃത്തായ ഒരു സ്പാനിഷ് ആര്‍ക്കിടെക്റ്റാണ് ഇതിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. ഖുര്‍ആന്‍ പേജുകളിലെ കാലിഗ്രാഫി തയ്യാറാക്കിയത് സ്വര്‍ണത്തില്‍ നിര്‍മിച്ച ലിപികളിലാണ്. കിതാബ് (പുസ്തകം) സ്‌ക്വയര്‍ എന്നു നാമകരണം ചെയ്ത ഇതിനെ ഖുര്‍ആന്‍ സ്‌ക്വയര്‍ എന്നും ചിലര്‍ പറയാറുണ്ട്.
വര്‍ഷങ്ങളുടെ കുതിച്ചോട്ടത്തില്‍ സ്‌ക്വയറിന്റെ പേരുകള്‍ പലതവണ മാറിവന്നു. കിതാബില്‍നിന്ന് കള്‍ച്ചറല്‍ സ്‌ക്വയര്‍ എന്നാണ് അവസാനമായി ഔദ്യോഗികമായി പേരുമാറ്റമുണ്ടായത്. റൂളേഴ്‌സ് ഓഫീസ്, കള്‍ച്ചറല്‍ പാലസ്, പബ്ലിക് ലൈബ്രറി, ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ മസ്ജിദ് തുടങ്ങിയവയെല്ലാം ഇതിനോട് തോളുരുമ്മിനില്‍ക്കുന്നു. നിരവധി തവണ റോഡ് വിപുലീകരണം നടന്നെങ്കിലും ഖുര്‍ആന്‍ ശില്പത്തെ സംരക്ഷിച്ചുനിര്‍ത്തിയാണ് അവയെല്ലം പൂര്‍ത്തിയാക്കിയത്. അവസാനമായി ഈ സ്‌ക്വയറില്‍ വിശാലമായൊരു ടണല്‍ കൂടി നിര്‍മിച്ച് വാഹനഗതാഗതത്തിന് കൂടുതല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
വിവിധ രാജ്യക്കാരായ സന്ദര്‍ശകരാല്‍ മിക്ക സമയങ്ങളിലും ഇവിടെ നല്ല തിരക്കായിരിക്കും. സ്‌ക്വയറിന്റെ നാല് ഭാഗങ്ങളിലും ഉയര്‍ന്നുനില്‍ക്കുന്ന ഗവണ്‍മെന്റ് സമുച്ചയങ്ങളുടെ ഭംഗിയാസ്വദിക്കാനും അവ ക്യാമറക്കണ്ണുകളില്‍ പകര്‍ത്താനുമാണ് സന്ദര്‍ശകരെത്തുന്നത്. ഞാന്‍ ഷാര്‍ജയില്‍ പ്രവാസജീവിതം തുടങ്ങിയതോടെ, ദിനേന ഓഫീസിലേക്കും തിരിച്ച് ഫഌറ്റിലേക്കുമുള്ള യാത്രകള്‍ ഇതുവഴിയായിരുന്നു. മഞ്ഞില്‍ കുളിച്ചുനില്‍ക്കുമ്പോഴും പൊരിവെയിലത്ത് ആദിത്യകിരണങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും രാവിന്റെ നിശ്ശബ്ദതയിലുമെല്ലാം ഇവള്‍ക്ക് സവിശേഷമായൊരാകര്‍ഷണമാണ്.
ഷാര്‍ജ ഭരണകൂടം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ ഔദ്യോഗിക കാര്യാലയം അടുത്ത കാലംവരേയും ഇവിടുത്തെ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ടുമെന്റ് സമുച്ചയത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പുസ്തകമേളയില്‍ പങ്കെടുക്കാറുള്ള യുവത ബുക് ഹൗസിന്റെ രജിസ്‌ട്രേഷനും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി പോവുമ്പോഴും ഇതിന്റെ സാന്നിധ്യമനുഭവിച്ചാണ് മടങ്ങാറുള്ളത്. പല രാജ്യക്കാരുമായി പരിചയപ്പെടാനും സംസാരിക്കാനും ഇവിടെനിന്ന് അവസരം ലഭിക്കാറുണ്ട്. ജീവിതത്തില്‍ ഇത്തിരി വിശ്രമിക്കാന്‍പോലും സമയമെടുക്കാതെ നിരന്തരമായി യാത്രകളിലേര്‍പ്പെട്ട ഇത്രയധികം പേര്‍ ഭൂമിലോകത്തുണ്ടോ എന്ന് പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്. ഒട്ടും മടുപ്പനുഭവപ്പെടാതെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ജീവിതം താണ്ടുന്നവര്‍ പ്രവാസത്തിന്റെ വിസ്മയകരമായ മറ്റൊരധ്യായമാണ് പരിചയപ്പെടുത്തുന്നത്. ജീവിതമെന്ന വഞ്ചിയില്‍ എന്തെല്ലാം രൂപങ്ങളിലാണ് മനുഷ്യര്‍ പ്രത്യക്ഷപ്പെടുന്നത്! വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ ഇടങ്ങളില്‍ കയറിയിറങ്ങുന്നവര്‍ എത്രയെത്ര? വര്‍ഷങ്ങളോളം വീടും നാടും വിട്ട് സുദീര്‍ഘമായ യാത്രകളിലൂടെ പ്രവാസത്തിന്റെ രുചിയറിഞ്ഞ സഞ്ചാരികളെ എല്ലാ രാജ്യങ്ങളിലും കാണാന്‍ കഴിയും.
സാഹസികയാത്രകളിലൂടെ വിവിധ രാജ്യങ്ങളില്‍ കാലുകുത്തിയ മൊയ്തു കിഴിശ്ശേരി നമുക്ക് വിസ്മയമാവുന്നത് പ്രവാസത്തിന്റെ ഇത്തരമൊരു പാഠപുസ്തകത്തിലാണ്. മൊയ്തുവിനെ ഞാന്‍ ഫോട്ടോയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ യാത്രാവിവരണ പുസ്തകങ്ങള്‍ മനസ്സിലുണ്ടാക്കിയ വായനാനുഭവം അതീവ ഹൃദ്യമാണ്.
അവധിക്കാലത്ത് നാട്ടില്‍ പോവുമ്പോള്‍ മൊയ്തുവിനെ കണ്ട് ഏറെനേരം സംസാരിക്കണമെന്നും അദ്ദേഹത്തെക്കുറിച്ച് ഒരു ഫീച്ചര്‍ എഴുതണമെന്നും മനസില്‍ കരുതിയിട്ട് ഇതാ രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മൊയ്തു കിഴിശ്ശേരിയുടെ ദൂര്‍ കെ മുസാഫിര്‍ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍നിന്ന് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്തരമൊരു മോഹം മനസ്സിലുദിച്ചത്. പക്ഷേ, ചുരുങ്ങിയ അവധികളില്‍ നാട്ടില്‍ എത്തിയപ്പോഴൊന്നും മൊയ്തുവിനെ കാണാനും അഭിമുഖം നടത്താനുമുള്ള ആഗ്രഹം സഫലമായില്ല.
ഈയിടെയാണ് മലയാള പത്രങ്ങളില്‍ മൊയ്തുവിന്റെ ഫോട്ടോ സഹിതമുള്ള വാര്‍ത്ത വായിക്കാനിടയായത്. ഇരു വൃക്കകകളും തകര്‍ന്ന മൊയ്തു കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി വാര്‍ഡില്‍ കിടക്കുന്ന ദയനീയരംഗം പത്രത്താളുകളില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. നാല്‍പ്പതില്‍പരം രാജ്യങ്ങള്‍ നടന്നുതാണ്ടിയ മൊയ്തു ഡയാലിസിസ് ചികിത്സക്ക് സാമ്പത്തികമായി പ്രയാസപ്പെടുന്ന വാര്‍ത്ത ആരുടെയും കണ്ണുനിറക്കുന്നതാണ്. അദ്ദേഹത്തിന്റെ ജീവിതം പലര്‍ക്കും അവിശ്വസനീയമായി മാത്രമേ അനുഭവപ്പടുകയുള്ളൂ. അത്രയ്ക്കു വിസ്മയകരവും സാഹസികത നിറഞ്ഞതുമായിരുന്നു ആ യാത്രകളെല്ലാം.
എല്ലാംകൊണ്ടും സുഖകരമായൊരു കുട്ടിക്കാലം. നാട്ടിലെ പ്രമാണിയുടെ മകന്‍. ഒന്നിനും കുറവില്ല. പാലും തേനും കഴിച്ച് വളരുന്ന കാലം. പക്ഷേ, ഏഴ് വര്‍ഷമേ ആ ഭാഗ്യത്തിന് ആയുസ്സുണ്ടായുള്ളൂ. പക്ഷാഘാതത്തിന്റെ പിടിയിലകപ്പെട്ട പിതാവിനെ ഒരു ദിവസം പെട്ടെന്ന് മരണം കൊണ്ടുപോയപ്പോള്‍ മൊയ്തു എന്ന പറക്കമുറ്റാത്ത ബാലന്‍ തീര്‍ത്തും പകച്ചുപോയി. വലിയ മാളികവീട്ടില്‍ ദാരിദ്യം കയറിവരാന്‍ പിന്നെ അധികനാള്‍ വേണ്ടിവന്നില്ല. ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും തടവുകാരനായി മാറുകയായിരുന്നു മൊയ്തു പിന്നീട്. ഉടുക്കാന്‍ മങ്ങിപ്പോയൊരു കൈലിമുണ്ടും കുപ്പായവും മാത്രമേയുള്ളൂ. സ്‌കൂളില്‍ കൊണ്ടുപോവാന്‍ സ്ലേറ്റും പുസ്തകവുമില്ല. കൂട്ടുകാര്‍ ഉച്ചഭക്ഷണത്തിന് വീട്ടിലേക്കോടുമ്പോള്‍ തൊട്ടടുത്ത പള്ളിയുടെ തിണ്ണയില്‍പോയി കമിഴ്ന്നുകിടന്നിരുന്ന മൊയ്തുവിനെ ആരും കണ്ടില്ല. ബെല്ലടിക്കുമ്പോള്‍ ഏമ്പക്കം വിട്ടുകൊണ്ട് ഊണുകഴിച്ചതായി അഭിനയിച്ച് അവനും ഓരോ ദിവസവും ക്ലാസിലെത്തി. ഒരിക്കല്‍ അവന്‍ സങ്കടത്താല്‍ തേങ്ങിപ്പോയി. അധ്യാപകന്‍ കാരണമന്വേഷിച്ചു. വിശപ്പിന്റെ കാഠിന്യവും പ്രയാസവും അപ്പോഴും അറിയിച്ചില്ല. കണ്ണില്‍ ഉറുമ്പു പോയതാണെന്ന് കള്ളംപറഞ്ഞു.
മലപ്പുറം കൊണ്ടോട്ടിക്കടുത്ത കിഴിശ്ശരിയില്‍ 1959ലാണ് മൊയ്തുവിന്റെ ജനനം. ഇന്ത്യാ വിഭജനകാലത്ത് പാകിസ്ഥാനിലെ കറാച്ചിയില്‍ ഹോട്ടല്‍ നടത്തുകയും പിന്നീട് സൗദി അറേബ്യയിലേക്ക് കുടിയേറുകയും അവസാനം നാട്ടില്‍ തിരിച്ചെത്തി സമ്പന്നനായി ജീവിക്കുകയും ചെയ്യുന്നതിനിടെ മരണപ്പെട്ട ഇല്യന്‍ അഹ്മദ്കുട്ടി ഹാജിയുടെ എട്ട് ആണ്‍മക്കളില്‍ ഏഴാമനാണ് മൊയ്തു. പിതാവിന്റെ മരണത്തോടെ കുടുംബം ദാരിദ്ര്യത്തിന്റെ രുചിയറിഞ്ഞു തുടങ്ങി. അതോടെ മൊയ്തുവിന് നാലാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. ആ സമയം മനസില്‍ കുടിയേറിയതാണ് യാത്രയെന്ന മോഹം. പിന്നീട് യാത്രകളുടെ അനന്തമായ വിഹായസ്സിലേക്ക് പറന്നുയരാന്‍ മനസ് തയ്യാറെടുക്കുകയായിരുന്നു.
1976ല്‍, തന്റെ പതിനേഴാം വയസ്സില്‍ കോഴിക്കോട് റെയില്‍വെസ്റ്റേഷനില്‍നിന്ന് മൊയ്തു വണ്ടി കയറിയത് മുന്‍വിധികളും ധാരണകളുമില്ലാത്ത യാത്രകളുടെ ലോകത്തേക്കായിരുന്നു. പാസ്‌പോര്‍ട്ടും ഡയറിയും കുറച്ച് വസ്ത്രങ്ങളും അമ്പത് രൂപയും മാത്രമാണ് കൈയ്യിലുണ്ടായിരുന്നത്. വിസയോ മറ്റ് യാത്രാരേഖകളോ കൈവശമില്ലാതെ രാജ്യംവിടുമ്പോഴുണ്ടാവുന്ന അപകടങ്ങളെ കുറിച്ച് ആലോചിക്കാന്‍ ആ പ്രായത്തിലെ ആവേശം അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആദ്യഘട്ട യാത്രയില്‍ മൊയ്തു കണ്ടതും അനുഭവിച്ചതും ഭൂമിയുടെ വ്യത്യസ്ത വര്‍ണങ്ങളും പരിഛേദങ്ങളുമായിരുന്നു.
ഡല്‍ഹി, കാശ്മീര്‍, ലാഹോര്‍, അഫ്ഗാനിസ്ഥാന്‍, കാണ്ഡഹാര്‍, കാബൂള്‍, ഉസ്‌ബെകിസ്ഥാന്‍, ഉക്രയിന്‍, ചെച്‌നിയ, ലിബിയ, ടുണീഷ്യ, കസാകിസ്ഥാന്‍, അസര്‍ബൈജാന്‍, സോവിയറ്റ് യൂനിയന്‍, തുര്‍ക്കി… ആ പട്ടിക പിന്നെയും നീളുന്നു. ഇസ്തംബൂളിലെ കോളേജില്‍ ചേര്‍ന്ന് ചരിത്രവും തുര്‍ക്കി ഭാഷയും പഠിക്കാനും ഇതിനിടയില്‍ സമയം വിനിയോഗിച്ചു. യാത്രാവേളകളില്‍ അടിമപ്പണി ചെയ്തും ടൂറിസ്റ്റുകള്‍ക്ക് ഗൈഡായി നിന്നും പത്രപ്രവര്‍ത്തനം നടത്തിയുമൊക്കെയാണ് പണം കണ്ടെത്തിയത്. ചാരനാണെന്ന് തെറ്റുധരിച്ച് പല രാജ്യങ്ങളിലെയും ജയിലുകളില്‍ കഴിയേണ്ടിവന്നു. ബലൂചിസ്ഥാന്‍ മരുഭൂമിയിലെ ചുഴലിക്കാറ്റും കോക്കസ് പര്‍വതനിരകളിലെ ശീതക്കാറ്റും യാത്രകളില്‍ കൂട്ടുകാരായെത്തി. മധ്യേഷ്യയിലെ ആമുദാരിയ നദിയിലൂടെ പായക്കപ്പലില്‍ സഞ്ചരിക്കവേ കാറ്റിലും കോളിലും പെട്ടു. ഹോര്‍മുസ് ഉള്‍ക്കടലിന്റെ കയങ്ങളിലൂടെ ചെങ്കടലും സൂയസ് കനാലും മധ്യധരണ്യാഴിയും പിന്നിട്ടു ആ യാത്ര പിന്നെയും തുടര്‍ന്നു. യൂഫ്രട്ടീസിന്റെ കുത്തൊഴുക്കില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു മൊയ്തു. ജോര്‍ദാന്‍ നദി നീന്തിക്കടന്നു. കൊടുംകാട്ടില്‍ അന്തിയുറങ്ങി. ഇസ്രയേല്‍ സൈനികരുടെ കണ്ണുവെട്ടിച്ച് മൂന്ന് വന്‍കരകളിലെ ഇരുപത്തിനാല് രാജ്യങ്ങള്‍ താണ്ടിയ അപൂര്‍വ യാത്രയായിരുന്നു ഈ കിഴിശ്ശേരിക്കാരന്റേത്!
ഏതെല്ലാം വേഷങ്ങള്‍? എന്തെല്ലാം പരീക്ഷണങ്ങള്‍? വിസയില്ലാതെ പാകിസ്ഥാന്‍ അതിര്‍ത്തി നുഴഞ്ഞുകയറി. ലാഹോറിന്റെ തെരുവിലൂടെ അലസമായി നടക്കുമ്പോള്‍ അവിചാരിതമായി പരിചയപ്പെട്ട നാല്‍പതുകാരനായ നൗറാസ് ഖാനും കുടുംബവും പിന്നീട് അനുഭവങ്ങളുടെ വലിയൊരു ഭാണ്ഡം തന്നെയാണ് മൊയ്തുവിന്റെ ജീവിതത്തിലേക്ക് സമ്മാനിച്ചത്. മാതാവും ഭാര്യയും മകളുമടങ്ങിയ നൗറാസ് ഖാന്റെ നാലംഗ കുടുംബത്തിന്റെ മനസ്സില്‍ മൊയ്തു എല്ലാമെല്ലാമായിത്തീര്‍ന്നത് അതിവേഗതയിലായിരുന്നു. പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന ഫിദയെന്ന് പേരുള്ള നൗറാസ് ഖാന്റെ ഏകമകളെ വിവാഹം ചെയ്തുകൊടുക്കാമെന്ന തീരുമാനത്തിലേക്ക് വരെ കാര്യങ്ങളെത്തി. മൊയ്തുവെന്ന ഇന്ത്യക്കാരന്‍ ഈ കുടുംബത്തിലെ കണ്ണിയാവാന്‍ അവരൊന്നടങ്കം വല്ലാതെ കൊതിച്ചു.
ആ കുടുംബത്തിന്റെ സുഖദു:ഖങ്ങളില്‍ ഒരു വര്‍ഷത്തോളം മൊയ്തുവും പങ്കാളിയായി. ചുറ്റും മതിലുകള്‍ തീര്‍ത്ത ഒരു താഴ്‌വാരത്തിലായിരുന്നു നൗറാസ് ഖാന്റെ വീട്. പ്രകൃതി ദൃശ്യങ്ങളാല്‍ മനോഹരമായ പ്രദേശം. മനസ്സില്ലാമനസ്സോടെ മൊയ്തു അവിടെ നിന്ന് യാത്ര ചോദിച്ചപ്പോള്‍ അവര്‍ക്കത് ജീവിതത്തില്‍ താങ്ങാനാവാത്ത പ്രഹരമായി.
മടക്കയാത്രയില്‍ ഇതുവഴി തിരിച്ചുവരണമെന്ന സ്‌നേഹാഭ്യര്‍ത്ഥന മൊയ്തു പാലിച്ചു. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ മടക്കയാത്രയില്‍ നൗറാസ് ഖാന്റെ വീട് കണ്ടെത്താന്‍ ഏറെ പാടുപെടേണ്ടിവന്നു. നൗറാസ് ഖാനും ഭാര്യയും ലാഹോറില്‍ പോയതായിരുന്നു. ഉമ്മാമ രണ്ടര വര്‍ഷം മുമ്പ് മരണപ്പെട്ടു.. ഫിദ മൊയ്തുവിനെ അത്ഭുതത്തോടെ സ്വീകരിച്ചു. കൂടെ മൂന്നര വയസ്സുള്ള മകനുമുണ്ട്. മൊയ്തുവിന്റെ ഓര്‍മയ്ക്ക് വേണ്ടി മുഹ്‌യുദീന്‍ എന്നാണ് ഫിദ മകന് പേരിട്ടത്. എഞ്ചിനിയര്‍ ബിരുദധാരിയായ ഫൈറൂസ് എന്ന യുവാവായിരുന്നു ഫിദയുടെ ഭര്‍ത്താവ്. മകന് ആറ് മാസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തെ മരണം കൊണ്ടുപോയി. അതിര്‍ത്തിയില്‍ കശ്മീര്‍ പ്രദേശത്ത് കെട്ടിടത്തിന്റെ എഞ്ചിനിയറിംഗ് ജോലികള്‍ നടക്കുന്നതിനിടയില്‍ തീവ്രവാദികളുടെ വെടിയേറ്റാണ് ഫൈറൂസ് കൊല്ലപ്പെട്ടത്.
എട്ടു വര്‍ഷത്തെ യാത്രയ്ക്കു ശേഷം 1984 ഡിസംബറില്‍ മൊയ്തു കോഴിക്കോട് റെയില്‍വെസ്റ്റേഷനില്‍തന്നെ തിരിച്ച് വണ്ടിയിറങ്ങി. അനുഭവപാഠങ്ങള്‍ മാത്രമായിരുന്നു കൈനിറയെ. നാട്ടിലെത്തി ജന്മനാടിന്റെ ശ്വാസോഛ്വാസങ്ങളിലേക്ക് വീണ്ടും ഇഴകിച്ചേര്‍ന്നു. പാകിസ്ഥാനിലെ സ്ത്രീവേഷം ഇഷ്ടമായതിനാല്‍, വിവാഹിതനായപ്പോള്‍ ഭാര്യയ്ക്ക് രണ്ടു ജോഡി ചുരിദാര്‍ തയ്പിച്ചു. രണ്ട് മാക്‌സിയും വാങ്ങി. നാട്ടുകാര്‍ക്ക് അതൊരു കൗതുക കാഴ്ചയായിരുന്നു. അമുസ്‌ലിം വേഷമാണിതെന്ന് പറഞ്ഞ് പലരും പരിഹസിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും മൊയ്തുവും ഭാര്യയും പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. പരിഹസിച്ചവര്‍ ചുരിദാര്‍ അണിയാന്‍ തുടങ്ങി. പുള്ളിത്തുണിയും കുപ്പായവുമിട്ട വീട്ടമ്മമാര്‍ മാക്‌സിയിലേക്ക് ചുവടുമാറി. നാല് വര്‍ഷത്തിന് ശേഷം ആ നാട്ടില്‍ ആദ്യമായി പര്‍ദ ധരിച്ചതും മൊയ്തുവിന്റെ ഭാര്യയായിരുന്നു.
മൊയ്തു വീണ്ടും ദേശാടനയാത്രകള്‍ തുടര്‍ന്നു. ആ രക്തത്തിലലിഞ്ഞു ചേര്‍ന്ന യാത്രയെന്ന വികാരം പിന്നെയും സജീവമായി. 1989ല്‍ മക്കയും മദീനയും സന്ദര്‍ശിച്ചു. സുദീര്‍ഘമായ യാത്രകള്‍ക്കിടില്‍ വിവിധ രാജ്യങ്ങളിലായി പലവിധ ജോലികള്‍ ചെയ്തു. ഇതിനിടില്‍ ഇരുപതോളം ഭാഷകള്‍ സ്വായത്തമാക്കി. അവസാനം ജോലി ചെയ്യാനെത്തിച്ചേര്‍ന്നത് യു എ ഇയിലാണ്. അബുദാബിയിലെ ഒരു അമേരിക്കന്‍ കമ്പനിയില്‍ ടെലഫോണ്‍ ഓപ്പറേറ്ററായി സേവനം ചെയ്തു. 2005ല്‍ ജോര്‍ദാനിലേക്കായിരുന്നു മൊയ്തു നടത്തിയ അവസാന യാത്ര. അന്നവിടെ ആഭ്യന്തര കലാപമായിരുന്നതിനാല്‍ വളരെനാള്‍ അതിര്‍ത്തിയില്‍ ചുറ്റിക്കറങ്ങി തിരിച്ചുപോരേണ്ടിവന്നു. യാത്രകളില്‍ ചിലത് മൊയ്തുവിന് തിക്താനുഭവങ്ങളുടെ പൊള്ളുന്ന കഥകളാണ്. മറ്റു ചിലത് വിജയത്തിന്റെയോ ആത്മനിര്‍വൃതിയുടെയോ നിമിഷങ്ങളും.
വമൃീീിസമസസമറ@ഴാമശഹ.രീാ