Saturday
21
July 2018

തോല്‍വിയിലും തോല്ക്കാത്തവരാകാം

ഐനു നുഹ

തോറ്റ കുട്ടി പുറത്തേക്കിറങ്ങി
തോട്ടു വെള്ളത്തില്‍ പുസ്തകം വിട്ടു
കാറ്റിലേക്കു കുടയും കൊടുത്തു
തുണ്ടു പെന്‍സിലെറിഞ്ഞു കളഞ്ഞു
കണ്ട കാട്ടു വഴിയില്‍ നടന്നു…

പരീക്ഷയില്‍ തോറ്റ നിഷ്‌കളങ്കനായ ഒരു കുഞ്ഞു വിദ്യാര്‍ഥിയുടെ വികാര വിക്ഷോഭങ്ങളെ തീവ്രമായി ആവിഷ്‌കരിക്കുകയാണ് ഈ അഞ്ചു വരിയിലൂടെ കവി. ഉറപ്പായും പരീക്ഷയില്‍ തോറ്റു എന്നറിഞ്ഞപ്പോള്‍ ആ കുരുന്നു ഹൃദയം നൊന്തിട്ടുണ്ടാകണം. ജയിച്ച കുട്ടികളുടെയും പഠിപ്പിച്ച മാഷമ്മാരുടെയും ടീച്ചര്‍മാരുടെയും മുന്നിലൂടെ തല താഴ്ത്തി നടക്കേണ്ടി വന്നപ്പോള്‍ അപമാനം തോന്നിയിരിക്കണം. തോറ്റു പോയതില്‍ തന്നോടു തന്നെയും പിന്നെ ചുറ്റും കാണുന്ന പൂവിനോടും കല്ലിനോടും വീട്ടുകാരോടും എന്തിന് ലോകത്തോടു തന്നെയും ദേഷ്യം തോന്നിയിരിക്കണം.
ഒഴുക്കുവെള്ളത്തിലേക്ക് പുസ്തകമെറിയുമ്പോള്‍ പഠിച്ച പാഠങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തിയിരിക്കണം. കുട കാറ്റിനു കൊടുക്കുമ്പോള്‍ നെഞ്ച് പിടഞ്ഞിരിക്കണം. ആകെയുള്ള തുണ്ടു പെന്‍സില്‍ നിര്‍വികാരനായി എറിഞ്ഞു കളയുമ്പോള്‍ പൊട്ടിക്കരഞ്ഞിരിക്കണം. എന്നിട്ടും കണ്ട കാട്ടുവഴിയിലൂടെ സധൈര്യം നടന്നുപോകുമ്പോള്‍ പരീക്ഷയില്‍ തോറ്റു എന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ് കവിതയിലെ ചെറിയ കുട്ടി.
ഈ പുതിയ കാലത്ത് ഒരുപക്ഷേ ഇതിനെ ഒരു കാല്‍പനിക തോല്‍വിയെന്ന് ചിരിച്ചു തള്ളുമായിരിക്കും. കാരണം ഇന്ന് തോറ്റാല്‍ ഏത് ക്ലാസുകാരനും ആത്മഹത്യയെക്കുറിച്ചൊക്കെയാണല്ലോ ആദ്യം ചിന്തിക്കുന്നത്.

തോല്‍വിയെ തോല്‍പ്പിക്കാം
ഓരോ മുറിവുമുണക്കാന്‍ ശരീരത്തില്‍ ചില ജൈവിക സംവിധാനങ്ങളുള്ളതു പോലെ ഓരോ വീഴ്ചയെയും മറികടക്കാനുള്ള മാര്‍ഗങ്ങളും ഓരോരുത്തരുടെയും ബുദ്ധിയിലും ചിന്തയിലുമുണ്ട്. അത് തിരിച്ചറിയണമെന്ന് മാത്രം. തോല്‍വിയുടെ ആഴവും ഗൗരവവുമനുസരിച്ച് പരിഹാരങ്ങള്‍ കണ്ടു പിടിക്കാന്‍ ചിലപ്പോള്‍ അല്‍പം സമയമെടുത്തേക്കാം. ചിലപ്പോള്‍ മറ്റുള്ളവരുടെ സഹായം ആവശ്യമായി വരും. ചില സന്ദര്‍ഭങ്ങില്‍ ഉചിതമായ മാര്‍ഗങ്ങള്‍ നാം സ്വയം അന്വേഷിച്ച് കണ്ടുപിടിക്കേണ്ടി വരുമെന്നിരിക്കും. എന്തായാലും പരാജയങ്ങളെ അതിജയിക്കാനുള്ള തന്ത്രങ്ങള്‍ വിളിപ്പാടകലെത്തന്നെയുണ്ട്. ‘തീര്‍ച്ചയായും ഓരോ പ്രയാസത്തോടൊപ്പം ഒരെളുപ്പവുമുണ്ട്’ എന്ന ഖുര്‍ആനിന്റെ ഉറപ്പു മാത്രം മതി ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍.
ഒരു തോല്‍വിയും ശാശ്വതമല്ലെന്ന് തിരിച്ചറിയാനുള്ള ധൈര്യമാണ് ഓരോ പരീക്ഷയെ നേരിടുമ്പോഴും ഒരു വിദ്യാര്‍ഥിക്ക് വേണ്ടത്. പരീക്ഷയെഴുതുന്നതും ജയിക്കുന്നതും നല്ല കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കുന്നതും മാത്രമാണ് ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെന്ന് ആരും കരുതേണ്ടതില്ല. ജീവിതത്തിന്റെ ലക്ഷ്യം അതിനുമൊക്കെ എത്രയോ അപ്പുറത്തുള്ള മഹത്തായ ഒന്നാണെന്ന ചിന്ത ആത്മവിശ്വാസം പകരണം. അപ്പോള്‍ മാത്രമാണ് ഒരു തോല്‍വിക്ക് അല്ലെങ്കില്‍ തോല്‍വികള്‍ക്ക് എന്റെ ജീവിതത്തെ തകിടം മറിക്കാനാവുകയില്ലെന്ന് ധൈര്യപ്പെടാന്‍ കഴിയൂ.
തോല്‍വി നിസ്സാരമാണെന്ന് ഇതിനര്‍ഥമില്ല. ജയിച്ചു മാത്രം ശീലമുള്ളവനും തോറ്റും ജയിച്ചും പൊരുതി വന്നവനും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ചുറ്റുമുള്ളവരുടെ ജീവിതം പറഞ്ഞുതരും. ഇതൊന്നും തിരിച്ചറിയാനാകാതെ ജീവിതത്തില്‍നിന്ന് ഒളിച്ചോടുന്നവര്‍ ഈ ലോകത്തിലെയും പരലോകത്തിലെയും പരീക്ഷകള്‍ തോല്‍ക്കുകയാണെന്ന ജാഗ്രത മനസ്സിലുണ്ടാകണം.
കേരളത്തില്‍ ഒരു നിസ്‌ലയില്‍ തുടങ്ങുന്നതോ അവസാനിക്കുന്നതോ അല്ല പരീക്ഷതോല്‍വിയും ആത്മഹത്യയും. ഈ സംഭവത്തിനു മുമ്പും പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ ചെയ്ത കുട്ടികള്‍ (പ്രത്യേകിച്ചും പെണ്‍കുട്ടികള്‍) ഉണ്ടായിട്ടുണ്ട്. തോല്‍ക്കുമെന്ന് ഭയന്ന് റിസള്‍ട്ടറിയും മുമ്പേ ആത്മഹത്യ ചെയ്ത് ഫലമറിഞ്ഞപ്പോള്‍ വിജയിച്ച സംഭവങ്ങളും നാം വായിച്ചിട്ടുണ്ട്. തോറ്റ കുട്ടിയുടെ അപക്വമായ തീരുമാനത്തെയോ തോല്‍പിച്ച സ്‌കൂളിനെയോ കുറ്റം പറഞ്ഞാല്‍ തീരുന്നതല്ല പ്രശ്‌നങ്ങള്‍.
വര്‍ഷങ്ങളായി അവരെ പഠിപ്പിക്കുന്ന അധ്യാപകരും അതില്‍ മുഖ്യ പ്രതികളല്ലേ. ഓരോ കുട്ടിയുടെയും കഴിവും സാമൂഹ്യ സാഹചര്യങ്ങളും മറ്റനേകം ഘടകങ്ങളുമനുസരിച്ച് അവരുടെ പഠനമികവിലും ഒരുപാട് വിത്യസ്തതകളുണ്ടാകുക സ്വാഭാവികം. അതിനെയൊക്കെ മറികടക്കാന്‍ വിദ്യാര്‍ഥിയെ സഹായിക്കുന്നയാളാണ് യഥാര്‍ഥ ത്തില്‍ ഒരധ്യാപകന്‍. പുതിയ പാ ഠ്യപദ്ധതി അധ്യാപകനെ നിര്‍വചിക്കുന്നതും അങ്ങനെയാണല്ലോ.
നന്നായി പഠിക്കുന്ന വിദ്യാര്‍ഥിയെ വിജയിപ്പിക്കുന്നതില്‍ അധ്യാപകന് കാര്യമായ പങ്കൊന്നുമില്ലെന്ന് പറയാം. എന്നാല്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഒരു കുട്ടിയെയെങ്കിലും വിജയിപ്പിക്കാന്‍ കഴിയുക എന്നത് ഏതൊരധ്യാപകനെ സംബന്ധിച്ചും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.

ഒമ്പതാം ക്ലാസ്
അരിപ്പകളും നൂറുമേനിയും
നൂറുമേനി കൊയ്യുന്ന സ്‌കൂളുകളെ അതിരുവിട്ട് പ്രശംസിക്കുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണ് ഒമ്പതാം ക്ലാസിലെ കൂട്ടത്തോല്‍വിയും മറ്റും. തെറ്റും ശരിയും നോക്കാതെ സ്‌കൂളുകള്‍ തമ്മിലുള്ള മത്സരങ്ങളുടെ ഭാഗമാണ് ഇതും. ആ പ്രശസ്തി കിട്ടാന്‍ വേണ്ടി മാര്‍ക്കുള്ളവര്‍ക്ക് മാത്രം ഹൈസ്‌ക്കൂളിലേക്ക് പ്രവേശനം നല്‍കുകയും ഒമ്പതാം ക്ലാസിലെത്തുമ്പോള്‍ വീണ്ടും തരംതിരിക്കുകയും ട്യൂഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്ന സ്‌കൂളുകള്‍ ധാരാളമുണ്ട്.
പത്തോ നൂറോ കുട്ടികളെ തിരഞ്ഞെടുത്ത് പഠിപ്പിച്ച് നൂറുമേനിയുണ്ടാക്കുന്ന സ്‌കൂളുകളും ആയിരത്തോളം കുട്ടികളെ പരീക്ഷക്കിരുത്തി കുറച്ചു പേരുടെ തോല്‍വികൊണ്ട് നൂറുമേനികിട്ടാതെ പോകുകയും ചെ യ്യുന്ന സ്‌കൂളുകളും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് മനസ്സിലാക്കാനുള്ള ആര്‍ജവം രക്ഷിതാക്കള്‍ക്കും വേണം. ഇത്തരത്തിലുള്ള മാനേജ്‌മെന്റിന്റെയും പി ടി എയുടെയും അനാരോഗ്യസ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥല ക്ഷ്യം പാടെവിസ്മരിക്കപ്പെടുന്നുണ്ട്.
തോല്‍വിയുടെ ആഘാതം കുറക്കാനും മത്സരം ഇല്ലാതാക്കാനുമൊക്കെയാണ് ഗ്രേഡിംഗ് സംവിധാനം കൊണ്ടുവന്നത്. ഇംഗ്ലീഷ് അക്ഷരക്കുപ്പായമിട്ട ഒരു മാര്‍ക്ക് തന്നെയാണല്ലോ ഗ്രേഡും. ഒരു പ്രത്യേക ഗ്രേഡ് കിട്ടി എന്നാല്‍ തോറ്റു എന്നാണര്‍ഥമെങ്കില്‍, നേര്‍ക്കുനേരെ പറയുന്നതിനുപകരം വള ച്ചുകെട്ടിപ്പറഞ്ഞു എന്നല്ലാതെ തോറ്റകുട്ടി അപ്പോഴും തോറ്റു തന്നെ.

മാറരുത് ലക്ഷ്യങ്ങള്‍
പഠനരീതിക്കോ സിലബസിനോ മൂല്യനിര്‍ണയത്തിനോ അല്ല ആദ്യം മാറ്റം വരേണ്ടത്. മറിച്ച് മാറേണ്ടത് നമ്മുടെയൊക്കെ ചില ധാരണകളാണ്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വാങ്ങുക എന്നതാണ് പത്താം ക്ലാസിന്റെ ലക്ഷ്യമെന്നും പരീക്ഷയില്‍ തോറ്റു എന്നാല്‍ വട്ടപ്പൂജ്യമാണെന്നുമുള്ള അന്ധവിശ്വാസങ്ങളുണ്ട് നമുക്ക്. അതിനു വേണ്ടി ഏത് വൃത്തികെട്ട മത്സരത്തിനും തയ്യാറാകുന്നു നമ്മള്‍. എന്നിട്ട് ലക്ഷങ്ങള്‍ കൊടുത്ത് എന്‍ട്രന്‍സ് കോച്ചിംഗിനു നിര്‍ബന്ധിച്ചും അല്ലാതെയും ചേര്‍ത്തി അഹങ്കരിക്കാന്‍ മടിയില്ലാത്തവരായി.
ഈ വിദ്യാര്‍ഥികളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിക്കാത്തവരും ലഭിച്ചിട്ട് പോകാത്തവരും(പ്രത്യേകിച്ചും പെണ്‍കുട്ടികള്‍) നമുക്കു ചുറ്റും ധാരാളമുണ്ട്. ഓരോ വര്‍ഷവും ഇങ്ങനെ പാഴാക്കിക്കളയുന്ന ലക്ഷങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. സ്വന്തം പണമാണെന്ന് ന്യായീകരിക്കാമെങ്കിലും ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അതൊരനീതി തന്നെയാണ്. നിറപ്പകിട്ടുള്ള ജോലിയും ശമ്പളവും അവസാനം ‘അങ്ങനെ രാജകുമാരിയും രാജകുമാരനും സുഖമായി ജീവിച്ചു’ എന്ന പോലെയുള്ള സങ്കുചിതമായ സ്വപ്‌നങ്ങള്‍ നമുക്കുവേണ്ട.
വിദ്യാഭ്യാസം ഒരു ശക്തിയാണ്. ആഗ്രഹിച്ച മാര്‍ക്കോ ജോലിയോ ലഭിച്ചില്ലയെന്നാലും അറിഞ്ഞ ഓരോ അക്ഷരത്തിനും മനസ്സിലിടമുണ്ടെന്നും അവയ്ക്ക് വിശാലമായ ചിന്തകള്‍ സമ്മാനിക്കുന്നതോടൊപ്പം ജീവിതത്തിലൊരിടത്തും അപമാനിക്കപ്പെടാതിരിക്കാനുള്ള ആര്‍ജവം പകര്‍ന്നു തരാന്‍ പ്രാപ്തിയുണ്ടെന്നും അറിയുക. ഹ