Thursday
19
October 2017

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

admin

മാനവ വംശത്തിന്റെ മാതാപിതാക്കളായ ആദം(അ)നെയും ഹവ്വാബീവിയെയും അല്ലാഹു ആദ്യം പാര്‍ പ്പിച്ചത് സ്വര്‍ഗത്തിലായിരുന്നു. ഒരു പരീക്ഷണാര്‍ത്ഥമായിരുന്നു ഈ താമസം. പിശാചിന്റെ പ്രേരണകള്‍ക്കും പ്രലോഭനങ്ങള്‍ ക്കുമെതിരെ സ്രഷ്ടാവിന്റെ കല്പന അനുസരിക്കുന്നതില്‍ മനുഷ്യന്‍ എത്രത്തോളം അടിയുറച്ച് നില്ക്കും എന്ന പരീക്ഷണമായിരുന്നു അത്.
അല്ലാഹുവിന്റെ കല്പനയനുസരിച്ച് ജീവിച്ചാല്‍ ശാശ്വതമായ സുഖങ്ങള്‍ നിലനിര്‍ത്താമെന്നും ഇബ്‌ലീസിന്റെ പിന്നാലെയാണ് പോകുന്നതെങ്കില്‍ സ്വര്‍ഗീ യ സുഖം നഷ്ടമാകുമെന്നും അവരെ ബോധ്യപ്പെടുത്തലായിരുന്നു പരീക്ഷണം.
പിശാചിന്റെ പ്രലോഭനങ്ങളില്‍ വീണുപോയപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിപ്പോകാന്‍ അല്ലാഹു അവരോട് പറഞ്ഞു. എന്നാല്‍ കാരുണ്യവാനായ നാഥന്‍ അവരെ ശാശ്വതമായി കഷ്ടപ്പെടുത്താനല്ല ഉദ്ദേശിച്ചത്. നന്മയുടെ വഴി തെരഞ്ഞെടുക്കുന്ന വര്‍ക്കും പശ്ചാത്താപ മനസ്ഥിതിയുള്ളവര്‍ക്കും രക്ഷമാര്‍ഗവും അവന്‍ വിവരിച്ചുകൊടുത്തത് അവന്റെ കാരുണ്യത്തിന്റെ ഭാഗമായാണ്.
ചിന്താശക്തിയും അഭിപ്രായ സ്വാതന്ത്ര്യവും നല്കിയശേഷം മനുഷ്യന്റെ മുമ്പില്‍ നന്മ തിന്മകളുടെ വഴികളും അവന്‍ തുറന്നുകൊടുത്തു. നന്മകളിലൂടെ മുന്നേറിയാല്‍ ലഭിക്കുന്ന നേട്ടങ്ങളുടെ പട്ടികയും തിന്മയിലുറച്ച് നില്ക്കുന്നവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളും അല്ലാഹു മനുഷ്യനെ അറിയിച്ചു.
ഇനി സദ്പാന്ഥാവിലൂടെ സഞ്ചരിച്ച് സമാധാന ചിത്തരാവാനും ദുര്‍വഴി തെരഞ്ഞെടുത്ത് ദുരിതക്കയത്തിലെത്താനും അവന് സ്വാതന്ത്ര്യമുണ്ട്.
അല്ലാഹു കാണിച്ചുകൊടുത്ത മാര്‍ഗദര്‍ശനം ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ക്ക് വലിയ രണ്ട് നേട്ടങ്ങള്‍ ലഭിക്കുന്നു എന്ന് അല്ലാഹു ഈ വചനത്തില്‍ വിവരിക്കുന്നു. ഒന്ന്, അവര്‍ക്ക് ഭയപ്പെടാന്‍ ഒന്നുമില്ല. രണ്ട്, അവര്‍ക്ക് ദു:ഖിക്കേണ്ടി വരികയേ ഇല്ല. വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് മനുഷ്യന് ഭയമുണ്ടാവുക. കഴിഞ്ഞുപോയ കാര്യങ്ങളായിരിക്കും ദു:ഖത്തിന്റെ കാരണങ്ങള്‍. ഭാവിയെക്കുറിച്ച് ആശങ്കയും ഭയവുമില്ലാത്ത ജീവിതം സന്തോഷം നിറഞ്ഞത് തന്നെയാണ്. കഴിഞ്ഞ കാര്യങ്ങളിലൊന്നും ദു:ഖിക്കേണ്ടതില്ലാത്തവന്റെ സന്തോഷവും വലുത് തന്നെ.
മരണാനന്തര ജീവിതത്തിലാണ് യഥാര്‍ഥ സുഖവും ദു:ഖവും അനുഭവിക്കാന്‍ പോകുന്നത്. സ്രഷ്ടാവ് കാണിച്ചുതരുന്ന വഴിയിലൂടെ നടന്ന് നീങ്ങിയവനാണെങ്കില്‍ പരലോകത്ത് അവന് യാതൊരു തരം ആശങ്കകള്‍ക്കും ആകുലതകള്‍ക്കും സ്ഥാനമില്ല. മറിച്ച് പിശാചിന്റെ പ്രേരണക്കൊത്ത് ജീവിച്ചാല്‍ അവന്റെ ജീവിതം ഭയപ്പാടിന്റെയും ദു:ഖത്തിന്റെയും ലോകമാവും. സ്രഷ്ടാവ് കാണിച്ചുതന്ന ഹിദായത്തിന്റെ പാത സ്വീകരിക്കല്‍ മാത്രമാണ് വിജയത്തിന്റെയും സമാധാനത്തിന്റെയും ഏക വഴി.