Sunday
21
January 2018

അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം വേണം ആത്മീയ ചൂഷകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം: ഐ എസ് എം ജനകീയ സംഗമം

admin

കോഴിക്കോട്: അന്ധവിശ്വാസങ്ങള്‍ വഴിയുണ്ടാകുന്ന സകല ചൂഷണങ്ങളും തടയാന്‍ ബോധവല്ക്കരണത്തോടൊപ്പം കര്‍ശന വകുപ്പുകളോടെയുള്ള നിയമം നിര്‍മിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്ന് ഐ എസ് എം സംസ്ഥാനസമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ജനകീയ സമ്മേളനം ആവശ്യപ്പെട്ടു. ആത്മീയതയുടെ മേലങ്കിയണിഞ്ഞ് സാമ്പത്തിക-ലൈംഗിക ചൂഷണങ്ങള്‍ നടത്തുന്ന ചൂഷകര്‍ സംസ്ഥാനത്ത് പിടിമുറുക്കിയിരിക്കുകയാണ്. പണവും ആള്‍ബലവുംവെച്ച് വിലപേശുന്നതിനാല്‍ ഈ അധോലോക മാഫിയകളെ തൊടാന്‍ അധികാരിക ളും രാഷ്ട്രീയ നേതൃത്വവും ഭയക്കുകയാണ്. അന്ധവിശ്വാസങ്ങള്‍ക്ക് ബലിയാടാകുന്ന ഹതഭാഗ്യരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൗരസമൂഹവും അധികാരികളും ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സംഗമം ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന അന്ധവിശ്വാസ മന്ത്രവാദ നിരോധന നിയമത്തിന് സമാനമായ നിയമങ്ങള്‍ നിര്‍മിച്ച്, കേരളത്തിന്റെ പ്രബുദ്ധമായ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കണം. മാനസികവും ശാരീരികവുമായ സ്വസ്ഥതയും ശാന്തിയുമാണ് ആത്മീയ വിശ്വാസം പകര്‍ന്നു നല്കുന്നതെന്നിരിക്കെ, വിശ്വാസസ്വാതന്ത്ര്യം അന്ധവിശ്വാസ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുന്നത് ഗൗരവമമായി കാണണം. കേരളം കുഴിച്ചുമൂടിയ ജീര്‍ണവിശ്വാസാചാരങ്ങള്‍ പുനരുദ്ധരിക്കാന്‍ നടത്തുന്ന ഏത് ശ്രമങ്ങളെയും സമൂഹം ഒന്നായി നിന്ന് ചെറുക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി ജനകീയസംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. നിയമങ്ങളുടെ നീതിബോധം ആത്മീയ ചൂഷകരുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്ന് പ്രമുഖ പണ്ഡിതനും ചിന്തകനുമായ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. എല്ലാ തിന്മകളെയും ഒരേ കണ്ണോടെ കാണണം. ആത്മീയ തട്ടിപ്പുകാര്‍ നിയമത്തിന്റെ പിടിയില്‍ പെടാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം ഒരു സമരമായി വളര്‍ത്തിയെടുക്കണമെന്ന് മാധ്യമം എഡിറ്റര്‍ ഒ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ന്യൂജനറേഷന് വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അതിര്‍വരമ്പുകള്‍ കൃത്യമായി നിര്‍വചിച്ചുനല്‍കേണ്ടതുണ്ട്.
കോര്‍പറേറ്റ് ദൈവങ്ങളെ തൊടാന്‍ ഭരണകൂടം ഭയക്കുന്നത് ചില പങ്കുപറ്റലുകളുടെ ഫലമായാണെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ഭരണകൂടങ്ങള്‍ തന്നെ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടുന്ന ഭീകരസാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്.
അന്ധവിശ്വാസങ്ങളുടെ പ്രചാരണത്തിനുള്ള യഥാര്‍ഥ കാരണം സാമ്പത്തിക നേട്ടങ്ങളാണെന്ന് എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
ആത്മീയ ചൂഷണങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോല്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി എ അസീസ് പറഞ്ഞു.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജഅ്ഫര്‍ വാണിമേല്‍, ശുക്കൂര്‍ കോണിക്കല്‍ എന്നിവരും പ്രസംഗിച്ചു.