Saturday
21
July 2018

സൗഭാഗ്യവാന്‍

admin

അബൂനശ്വ

നബി(സ) പറഞ്ഞു: അറിവ്‌ ആഗ്രഹിച്ച്‌ ആരെങ്കിലും ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അതുവഴി അല്ലാഹു സ്വര്‍ഗത്തിലേക്കുള്ള അയാളുടെ വഴി എളുപ്പമാക്കിക്കൊടുക്കും. വിദ്യാര്‍ഥിക്ക്‌ അവന്റെ പരിശ്രമത്തിന്റെ സംതൃപ്‌തിയാല്‍ മലക്കുകള്‍ അവരുടെ ചിറകുകള്‍ വിരിച്ചുകൊടുക്കും. വെള്ളത്തിലെ മത്സ്യമുള്‍പ്പെടെ ആകാശഭൂമികളിലുള്ള സകലതും അറിവുള്ളവന്റെ പാപമോചനത്തിനായി പ്രാര്‍ഥിക്കും. ചന്ദ്രന്‌ ഇതര നക്ഷത്രങ്ങള്‍ക്കിടയില്‍ ശ്രേഷ്‌ഠതയുള്ളതു പോലെ അറിവുള്ളവന്‌ (അറിവില്ലാത്ത) ആരാധകനെക്കാള്‍ ശ്രേഷ്‌ഠതയുണ്ട്‌. തീര്‍ച്ചയായും പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്‌. ദൈവദൂതന്മാര്‍ ദിര്‍ഹമും ദീനാറും അനന്തരം നല്‌കിയിട്ടില്ല. അറിവ്‌ മാത്രമാണവര്‍ അനന്തരമായി വിട്ടേച്ച്‌ പോയത്‌. അതിനാല്‍ അറിവ്‌ ആര്‍ജിക്കുന്നവന്‍ അതീവ സൗഭാഗ്യവാന്‍.” (അബൂദാവൂദ്‌, തിര്‍മിദി)

അറിവ്‌ സമ്പാദിക്കാനായി ഒരാള്‍ ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അല്ലാഹു അവന്‌ എളുപ്പമാക്കിക്കൊടുക്കുമെന്നാണ്‌ തിരുമേനി പറയുന്നത്‌. `അറിവുള്ളവരും അറിവില്ലാത്തവരും സമമാവുമോ? ബുദ്ധിമാന്മാര്‍ മാത്രമേ കാര്യങ്ങള്‍ വേണ്ട വിധം മനസ്സിലാക്കുകയുള്ളൂ’വെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്‌ (വി.ഖു 39:9). അറിവ്‌ സമ്പാദിക്കുന്നതോടു കൂടി അവന്‍ അല്ലാഹുവിനെ കണ്ടെത്തുകയും അങ്ങനെ സ്വര്‍ഗപ്രവേശം നേടുകയും ചെയ്യുന്നു. അറിവിന്റെ ആത്യന്തികമായ ലക്ഷ്യവും അതാണല്ലോ. ദൈവത്തെ കണ്ടെത്തുക, അവനെ അറിയുക -അവിടെയാണ്‌ അറിവ്‌ പൂര്‍ണമാവുന്നത്‌. അല്ലാത്തവന്റെ വിജ്ഞാനം പൂര്‍ണമല്ല; അവനെന്തൊക്കെ അവകാശവാദങ്ങളുന്നയിച്ചാലും ശരി.

ആരെങ്കിലും അറിവ്‌ നേടാന്‍ ഇറങ്ങിത്തിരിച്ചാല്‍ തിരിച്ചു വരുന്നതുവരെ അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണെന്നാണ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌. (തിര്‍മിദി)

വിദ്യാര്‍ഥിയുടെ എല്ലാ പരിശ്രമങ്ങള്‍ക്കും അല്ലാഹുവിന്റെ സഹായം തീര്‍ച്ചയായും ലഭിച്ചുകൊണ്ടിരിക്കും. അവന്റെ ഉദ്ദേശശുദ്ധിയനുസരിച്ച്‌ അവന്‌ അറിവ്‌ സമ്പാദിക്കാനാവശ്യമായ എല്ലാ ചുറ്റുപാടും അല്ലാഹു ഒരുക്കിക്കൊടുക്കും. അറിവ്‌ സമ്പാദിക്കാനായി ഇറങ്ങിത്തിരിച്ചവരാരും നിരാശരായിട്ടില്ല. അവര്‍ വിജയം കണ്ടെത്തുകതന്നെ ചെയ്യും. അറിവിനായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യാന്‍ മെനക്കെടാത്തവന്‍ അറിവ്‌ കണ്ടെത്തുകയോ അതുവഴി അല്ലാഹുവിനെ യഥാവിധം അടുത്തറിയുകയോ ചെയ്യില്ല. അറിവിന്നായി പ്രയത്‌നിക്കുന്നവന്‌ മലക്കുകളുടെ പ്രാര്‍ഥനയും അല്ലാഹു നിശ്ചയിക്കപ്പെട്ട രീതിയില്‍ മലക്കുകളുടെ ശ്രദ്ധയുമുണ്ടാവുമെന്നതാണ്‌ വിദ്യാര്‍ഥിക്ക്‌ അവന്റെ പരിശ്രമത്തെ സംബന്ധിച്ച സംതൃപ്‌തിയാല്‍ മലക്കുകള്‍ അവരുടെ ചിറകുകള്‍ താഴ്‌ത്തിക്കൊടുക്കുമെന്ന തിരുവാക്യത്തില്‍ നിന്നും മനസ്സിലാകുന്നത്‌. അതെങ്ങനെയെന്ന്‌ മനസ്സിലാക്കാന്‍ തെളിവുകളില്ല. അറിവിന്റെ പൂര്‍ണത അല്ലാഹുവിന്റെ പക്കല്‍ മാത്രമാണല്ലോ.

അറിവ്‌ അവന്ന്‌ സംതൃപ്‌തിയും സമാധാനവും മനശ്ശാന്തിയും നല്‌കുന്നുവെന്നും ഇതില്‍നിന്ന്‌ മനസ്സിലാക്കാം. അത്‌ അനുഭവവുമാണല്ലോ.

അറിവുള്ളവന്‌ അല്ലാഹു ഉന്നതമായ സ്ഥാനമാണ്‌ നല്‌കുന്നത്‌. അറിവുള്ളവന്‌ വേണ്ടി അല്ലാഹുവിന്റെ സകല സൃഷ്‌ടികളും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു, അവന്റെ പാപമോചനത്തിന്നായി സദാ അല്ലാഹുവോട്‌ കേണുകൊണ്ടിരിക്കുന്നു. ഇതിലും വലിയ സൗഭാഗ്യം മറ്റെന്തുണ്ട്‌? ഇത്‌ ഉത്തമനായ തന്റെ ദാസന്‌ അല്ലാഹു നല്‌കുന്ന അംഗീകാരവും പ്രതിഫലവുമാണ്‌. അറിവ്‌ വര്‍ധിക്കുന്തോറും വിനയാന്വിതനായിത്തീരുന്ന സാത്വികനായ പണ്ഡിതന്‌ മാത്രമേ ഈ അനുഗ്രഹം ലഭിക്കുകയുള്ളൂ എന്നതില്‍ സംശയത്തിന്‌ പഴുതില്ല. ചെറിയ ചില കാര്യങ്ങള്‍ ഗ്രഹിച്ചു തുടങ്ങുമ്പോഴേക്കും താന്‍ വലിയ പണ്ഡിതനായി എന്നഹങ്കരിക്കുന്നവന്‌ ഭയാനകമായ നാശം മാത്രമേ ലഭിക്കൂ.

“പക്വമായ പാണ്ഡിത്യം പ്രാപിച്ചവന്‍ പറയും: `ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ളതാണ്‌’. ബുദ്ധിയുള്ളവരല്ലാതെ ചിന്തിക്കുകയില്ല.” (വി.ഖു 3: 7)

പ്രാര്‍ഥനയും ആരാധനയുമായി മുഴുവന്‍ സമയം ചെലവഴിക്കുന്നവനേക്കാള്‍ ശ്രേഷ്‌ഠത അറിവുള്ളവന്‌ അല്ലാഹു നല്‌കുന്നു. നക്ഷത്രങ്ങള്‍ക്കിടയില്‍ ചന്ദ്രനുള്ള ശ്രേഷ്‌ഠത പോലെയെന്നാണ്‌ തിരുമേനി ഉപമിച്ചിരിക്കുന്നത്‌. എത്ര നല്ല ഉപമ! അറിവുള്ളവന്റെയും അറിവില്ലാത്തവന്റെയും കര്‍മങ്ങള്‍ തമ്മിലുള്ള അന്തരമാണിവിടെ വ്യക്തമാവുന്നത്‌. അറിഞ്ഞ്‌ചെയ്യുന്നതും അറിയാതെ ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതായിരിക്കും. അറിവിന്റെ അടിസ്ഥാനത്തില്‍ കര്‍മമനുഷ്‌ഠിക്കുന്നവന്‌ നബി(സ) ഭാവുകം നേരുന്നു.

ഒരൊറ്റ പണ്ഡിതന്‍ ആയിരം ആരാധകരെക്കാള്‍ പിശാചിന്‌ പ്രയാസകരമാണെന്ന്‌ പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്‌ (ബുഖാരി, മുസ്‌ലിം). അറിവില്ലാത്തവനെ പിശാചിന്‌ വളരെ വേഗത്തില്‍ ആശയക്കുഴപ്പത്തിലാക്കാനും വഴി തെറ്റിക്കാനും കഴിയും. എന്നാല്‍ അറിവുള്ളവനെ ആശയക്കുഴപ്പത്തിലാക്കാനും വഴിതെറ്റിക്കാനും വളരെയേറെ പ്രയാസപ്പെടേണ്ടി വരും. ആശയക്കുഴപ്പത്തിലാക്കിയവരെയും വഴിപിഴച്ചവരെയും അവരുടെ സംശയങ്ങള്‍ ദൂരീകരിച്ച്‌ നേര്‍മാര്‍ഗത്തിലേക്ക്‌ കൊണ്ടുവരാന്‍ അറിവുള്ളവന്നേ കഴിയൂ.

പ്രവാചകന്മാരുടെ അനന്തരാവകാശികളായിട്ടാണ്‌ പണ്ഡിതന്മാരെ തിരുമേനി(സ) പരിചയപ്പെടുത്തുന്നത്‌. ഇതിലും വലിയ ഭാഗ്യം മറ്റെന്തുണ്ട്‌? അറിവുള്ളവന്‌ ഇസ്‌ലാം നല്‌കുന്ന അംഗീകാരവും ബഹുമതിയും എത്ര മഹോന്നതം!

ദിര്‍ഹമും ദീനാറും മറ്റു ഭൗതിക വിഭവങ്ങളും ഇഹലോക സുഖസൗഖ്യങ്ങളും നഷ്‌ടപ്പെട്ടാലും ആത്യന്തികമായ വിജയവും സമ്പത്തും സുഖാഡംബരങ്ങളും പണ്ഡിതനെ കാത്തിരിക്കുന്നു. വിജ്ഞാനം മാത്രം അനന്തരമായി വിട്ടേച്ചു പോവുന്ന പ്രവാചകന്‍മാരുടെ അനന്തരാവകാശികളായിത്തീരാനുള്ള കഠിന പരിശ്രമങ്ങളിലേര്‍പ്പെടുന്നതിലൂടെ അതീവ സൗഭാഗ്യവാന്മാരായിത്തീരാനാണ്‌ റസൂല്‍(സ) വിശ്വാസികളോടാവശ്യപ്പെടുന്നത്‌.

“നബി(സ) പറയുന്നു: എന്നിലൂടെ അല്ലാഹു അവതരിപ്പിച്ച അറിവിന്റെയും സന്മാര്‍ഗത്തിന്റെയും ഉദാഹരണം ഭൂമിയില്‍ പതിക്കുന്ന മഴ പോലെയാണ്‌. അതിലെ ചില ഭാഗങ്ങള്‍ നല്ലതായിരിക്കും. അവ വെള്ളം വലിച്ചെടുക്കുകയും അങ്ങനെ ധാരാളമായി പുല്ലും പച്ചപ്പും ഉണ്ടാക്കുകയും ചെയ്യുന്നു. അതേപോലെ തന്നെ ചെടി മുളക്കാത്ത സ്ഥലങ്ങളും അതിലുണ്ട്‌. അത്‌ വെള്ളം ശേഖരിച്ചുവെക്കുകയും ആ വെള്ളം ജനങ്ങള്‍ക്ക്‌ കുടിക്കാനും കുടിപ്പിക്കാനും നനയ്‌ക്കാനും ഉപകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ മഴ പതിക്കുന്ന വേറെ ചില സ്ഥലങ്ങള്‍ മരുപ്രദേശങ്ങളാണ്‌. അവ വെള്ളം ശേഖരിക്കുകയോ ചെടി മുളപ്പിക്കുകയോ ഇല്ല. അല്ലാഹുവിന്റെ മതവിജ്‌ഞാനം നേടുകയും ഞാന്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്‌തവന്റെയും അതുവഴി ഔന്നത്യം പ്രാപിക്കാനും എന്നിലൂടെ അവതീര്‍ണമായ ദൈവിക സന്ദേശം സ്വീകരിക്കാനും സാധിക്കാത്തവന്റെയും ഉദാഹരണമാണിത്‌.” (ബുഖാരി, മുസ്‌ലിം)

“നാഥാ, നീ എനിക്ക്‌ അറിവ്‌ അധികരിപ്പിച്ച്‌ തരണേ എന്ന്‌ നീ പ്രാര്‍ഥിക്കുക.” (വി.ഖു 20:114)