Sunday
21
January 2018

അതിരുകളിലൂടെ മേയാതിരിക്കുക

admin

അബൂമാജിദ

മനുഷ്യനെ സംസ്‌കൃതനും ഇഹപരജീവിതത്തില്‍ വിജയിക്കുന്നവനുമാക്കുക എന്നതാണ്‌ ഇസ്‌ലാമിന്റെ ഉദ്ദേശ്യം. വിശുദ്ധിയുള്ള ഓരാദര്‍ശത്തിനും വൃത്തിയുള്ള ഒരു ജീവിതരീതിക്കും മാത്രമേ ഇത്തരം മനുഷ്യരെ രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. വൃത്തിയും വിശുദ്ധിയുമുള്ള ഒരു ജീവിതരീതി സ്വീകരിക്കണമെങ്കില്‍ ചില നിയമനിര്‍ദേശങ്ങളും വിധിവിലക്കുകളും പാലിച്ചേ മതിയാകൂ. മതം മനുഷ്യന്റെ മേല്‍ ഇത്തരം വിധിവിലക്കുകള്‍ ചുമത്തുന്നുണ്ട്‌. ഇവയോട്‌ ക്രിയാത്മകമായി പ്രതികരിക്കുകയെന്നത്‌ മനുഷ്യന്റെ ബാധ്യതയാണ്‌.

മൂന്ന്‌ അടിസ്ഥാനങ്ങള്‍ ഇവയ്‌ക്കുണ്ട്‌. ഹലാല്‍, ഹറാം, മുശ്‌തബിഹാത്‌ എന്നിവയാണത്‌. അല്ലാഹു അനുവദിച്ച കാര്യങ്ങളാണ്‌ ഹലാലുകള്‍. ഇവയേതെന്ന കാര്യത്തില്‍ സംശയമില്ല. ഹറാമുകള്‍ ഏതെന്നും സ്‌പഷ്‌ടം. ഹലാല്‍ ഹറാമുകളില്‍ ഏതെന്ന്‌ കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്ത, രണ്ടിനോടും സാദൃശ്യം തോന്നുന്ന ചില കാര്യങ്ങളുമുണ്ട്‌. ഇവയാണ്‌ മുശ്‌തബിഹാത്‌. മേല്‍ കാര്യങ്ങളില്‍ ഹറാമുകള്‍ പൂര്‍ണമായും വര്‍ജിക്കേണ്ടവയാണ്‌. ഏതില്‍ പെടുന്നുവെന്ന്‌ സംശയാസ്‌പദമായവ സൂക്ഷ്‌മതയ്‌ക്കു വേണ്ടി ഒഴിവാക്കുകയാണ്‌ നല്ലതെന്ന്‌ നബിവചനം പഠിപ്പിക്കുന്നു.

ഒരു കാര്യം ഹലാലാണോ ഹറാമാണോ എന്ന്‌ ഖണ്ഡിതമായി പറയുന്നതിന്‌ തടസ്സമാകുന്ന പല കാരണങ്ങളുമുണ്ടാകാം. ഹലാലാണോ ഹറാമാണോ എന്ന്‌ പറയുന്നതിനവലംബിക്കാവുന്ന നസ്സ്വ്‌ അഥവാ ഖണ്ഡിതമായ രേഖ ലഭ്യമല്ലാതിരിക്കുകയെന്നത്‌ ഇതിലൊന്നാണ്‌. ലഭ്യമായാല്‍ തന്നെ പ്രസ്‌തുത രേഖ മുന്നിലുള്ള വിഷയത്തെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ടോ ഇല്ലേ എന്നത്‌ മറ്റൊരു വിഷയമാണ്‌. നബിവചനത്തിന്റെ അടിസ്ഥാനത്തിലാണ്‌ വിധിയെങ്കില്‍ അതിന്റെ സ്ഥിരീകരണത്തെക്കുറിച്ച്‌ പല വശങ്ങളിലൂടെയുള്ള സംശയങ്ങളുണ്ടാകാം. കൂടാതെ, നബി(സ)യുടെ കാലത്തൊന്നുമില്ലാത്ത ആധുനികമായ ചില വിഷയങ്ങള്‍ നസ്സ്വുമായി യോജിപ്പിച്ച്‌ ഒരു തീരുമാനത്തിലെത്തുന്നത്‌ പ്രയാസകരമാകുന്ന സന്ദര്‍ഭങ്ങളിലും വിഷയം സംശയാസ്‌പദമായി മാറുന്നു. ഹലാലിന്റെയും ഹറാമിന്റെയും അംശങ്ങള്‍ ഒരുപോലെ കൂടിച്ചേര്‍ന്ന്‌ നില്‍ക്കുന്ന കാര്യങ്ങളുള്ളതു കൊണ്ട്‌ ഏതെന്ന്‌ ഉറപ്പ്‌ പറയാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളുമുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം സൂക്ഷ്‌മതയ്‌ക്കും പരലോകരക്ഷയ്‌ക്കും ഉതകുന്നത്‌ അത്തരം കാര്യങ്ങളുമായി അടുക്കാതിരിക്കുക എന്നതാണ്‌. ഇഹലോകത്ത്‌ ചില്ലറ നഷ്‌ടങ്ങള്‍ സംഭവിച്ചാല്‍ തന്നെയും പരലോകത്തെ സംബന്ധിച്ച്‌ ഇത്‌ വിജയമായിരിക്കും.

ഇത്തരം കാര്യങ്ങള്‍ നിരന്തരം ചെയ്‌തുകൊണ്ടിരുന്നാല്‍ മനസ്സില്‍ നിന്ന്‌ ഭക്തിയും സൂക്ഷ്‌മതാബോധവും അല്‍പാല്‍പമായി കുറഞ്ഞുവരികയും ഹറാമുകളിലേക്ക്‌ ചെന്നുചാടുന്നത്‌ പ്രയാസകരമായി അനുഭവപ്പെടാത്ത അവസ്ഥയുണ്ടായിത്തീരുകയും ചെയ്യും. അതിനാലാണ്‌ ഇത്തരം കാര്യങ്ങളില്‍ നിന്ന്‌ അകന്നുനില്‍ക്കാന്‍ മതം കല്‌പിക്കുന്നത്‌. അതിര്‍ത്തി പ്രദേശങ്ങളിലൂടെ തന്നെ കന്നുകാലികളെ മേയ്‌ക്കുന്നത്‌, അതിര്‍ത്തിക്കപ്പുറം കാണുന്ന `പച്ചപ്പു’കളിലേക്ക്‌ കഴുത്തുനീട്ടാന്‍ പ്രേരണയുണ്ടാക്കും. അങ്ങനെ കഴുത്തു നീളുന്നതിനെ ഭയന്നുകൊണ്ട്‌ അതിര്‍ത്തികളില്‍ നിന്ന്‌ അകന്നുമേയുന്നതാണ്‌ ഗുണകരം. അഭിമാന സംരക്ഷണത്തിനും സംസ്‌കാരത്തിനും അതാണ്‌ സുരക്ഷിതം.

വ്യഭിചാരം നിഷിദ്ധമാക്കിയപ്പോള്‍ അതിലേക്കെത്തിച്ചേരാന്‍ സാധ്യതയുള്ള നോട്ടവും സ്‌പര്‍ശവും സംസാരവും ഇടപഴകലുമെല്ലാം ഇസ്‌ലാം നിയന്ത്രിക്കുകയുണ്ടായി (വി.ഖു 17:32). അനാഥകളുടെ സ്വത്ത്‌ കൈകാര്യം ചെയ്യുമ്പോള്‍ സ്വന്തം സ്വത്തുമായി കൂടിക്കലരാതിരിക്കാന്‍ അതിനോട്‌ സൂക്ഷ്‌മതയോടു കൂടി മാത്രമേ സമീപിക്കാവൂ എന്ന്‌ പറഞ്ഞു (6:152). നോമ്പുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍ പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുന്നു: ഇതെല്ലാം അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്‌. അതിനോട്‌ നിങ്ങള്‍ സമീപിക്കരുത്‌ (2:187). പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ സമീപിക്കരുതെന്ന്‌ മറ്റൊരു സ്ഥലത്തും പരാമര്‍ശിക്കുന്നു (6:151). നിയമലംഘനം മാത്രമല്ല, അതിലേക്ക്‌ എത്തിച്ചേരാനുള്ള സാധ്യതകളും ഒഴിവാക്കണമെന്നാണ്‌ ഇവയുടെയെല്ലാം പൊതുതത്വം.

ആധുനിക കാലഘട്ടത്തില്‍ ഹലാല്‍-ഹറാം തീരുമാനിക്കാന്‍ ഒറ്റയടിക്ക്‌ കഴിയാത്ത ഒട്ടനവധി പ്രശ്‌നങ്ങള്‍ മനുഷ്യജീവിതത്തില്‍ നിത്യേനയെന്നോണം കടന്നുവരുന്നുണ്ട്‌. സാമ്പത്തികമേഖല ഈ രംഗത്ത്‌ വളരെ പ്രസിദ്ധമാണ്‌. കച്ചവടം, കൃഷി, വ്യവസായം, ഔദ്യോഗികതലങ്ങള്‍, ഭരണമേഖലകള്‍ തുടങ്ങി പല മേഖലകളിലുമുള്ള സാധാരണമായ ഹലാല്‍-ഹറാമുകള്‍ വളരെ വ്യക്തമാണ്‌. എല്ലാവര്‍ക്കും അവയെല്ലാം പൊതുവെ അറിയാം. എന്നാല്‍, ഇതൊന്നുമല്ലാത്ത പുതിയ പുതിയ സാമ്പത്തിക ഇടപാടുകളും സംവിധാനങ്ങളും ഇന്ന്‌ രംഗത്തുവന്നുകൊണ്ടിരിക്കുന്നു. അവയില്‍ പലതും ഹലാലിന്റെയും ഹറാമിന്റെയും ഭാഗങ്ങള്‍ കലര്‍ന്നവയും ഇവയില്‍ ഏതെന്ന്‌ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തവയുമാണ്‌. ഇത്തരം കാര്യങ്ങളില്‍ ചെന്ന്‌ ചാടുന്നത്‌ ഹറാമില്‍ തന്നെ ചെന്നുചാടാന്‍ ഇടയാക്കും. ഏറെ ജാഗ്രതയും ശ്രദ്ധയും ആവശ്യമുള്ള രംഗമാണിത്‌. പ്രവാചകപൗത്രന്‍ ഹസനോട്‌(റ) കുട്ടിയായിരിക്കെ അദ്ദേഹം കഴിച്ച ഈത്തപ്പഴം സ്വദഖയുടെ സ്വത്തായിരിക്കും എന്ന്‌ ഭയന്ന്‌ വായില്‍ നിന്ന്‌ ഒഴിവാക്കിയ തിരുദൂതരുടെ സൂക്ഷ്‌മത ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമാണ്‌.

സംശയമുള്ളത്‌ ഒഴിവാക്കി സംശയമില്ലാത്തത്‌ സ്വീകരിക്കുകയെന്ന പ്രവാചക കല്‌പന ഏറെ പ്രസക്തമാണ്‌. മനസ്സമാധാനത്തോടെ ചെയ്യാന്‍ കഴിയുന്നതാണ്‌ പുണ്യമെന്നും മനസ്സില്‍ അസ്വസ്ഥത സൃഷ്‌ടിക്കുന്നതാണ്‌ പാപമെന്നുമുള്ള പ്രവാചക പ്രസ്‌താവവും ഇതുമായി ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌. അതിമോഹവും ആഡംബര ജീവിതത്തോടുള്ള അഭിനിവേശവും ആധുനിക ജീവിതശൈലിയും ഹലാല്‍-ഹറാം പരിഗണിക്കാതെ പണത്തിന്റെ പിന്നാലെ പായാന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയാണ്‌. എത്ര മോഹിച്ചാലും ഇല്ലെങ്കിലും ഓരോരുത്തര്‍ക്കും വിധിച്ചത്‌ മാത്രമേ ഓരോരുത്തര്‍ക്കും അനുഭവിക്കാനാകുകയുള്ളൂ. ഒരാള്‍ക്ക്‌ വിധിച്ച വിഹിതം കഴിക്കാതെ ഒരാളും ഇവിടെ നിന്ന്‌ യാത്ര തിരിക്കുകയില്ലെന്ന സത്യം നബി(സ) അറിയിക്കുന്നത്‌ മനസ്സമാധാനത്തോടെയുള്ള ജീവിതത്തിന്‌ ഏറെ സഹായകമാണ്‌.

മനുഷ്യ മനസ്സ്‌ സംശുദ്ധമാകുമ്പോള്‍ മാത്രമേ ഇതെല്ലാം സാധിക്കുകയുള്ളൂ. മനസ്സിനാണ്‌ ശരീരാവയവങ്ങളില്‍ സ്വാധീനവും നിയന്ത്രണവുമുള്ളത്‌. മനസ്സിന്റെ ഇച്ഛകളെ വിശ്വാസത്തിന്റെ ശക്തികൊണ്ട്‌ നിയന്ത്രിക്കാനും ശുദ്ധീകരിക്കാനും സാധിച്ചാല്‍ മനുഷ്യന്‌ ജീവിത വിശുദ്ധി സ്വീകരിക്കാനാവും. അങ്ങനെ പരലോകത്ത്‌ വിജയം വരിക്കാനും ഐഹികജീവിതത്തില്‍ അഭിമാനം സംരക്ഷിച്ചു ജീവിക്കാനും സാധിക്കും.